ലിംഗനിർണയം

Share the Knowledge
12743669_1039806462708865_7152251767211879951_n

ലൈംഗികതയുടെയും സ്വവർഗാനുരാഗത്തിന്റെയും ജീവശാസ്ത്രം

നമ്മുടെ നാട്ടിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയം ആണ് ലൈംഗികത. ലൈംഗികത എന്ന വിഷയത്തോട് പൊതുവിലും സ്വവർഗാനുരാഗം/transgender എന്നിവയോട് വിശേഷിച്ചും ഉള്ള മാനസികമായ അവജ്ഞയും ധാർമികമായ എതിർപ്പും നിലനിൽക്കുന്നത് ശാസ്ത്രവിരുദ്ധമായ പരമ്പരാഗത അബദ്ധധാരണകൾ ഈ വിഷയത്തിൽ നിലനിൽക്കുനത് കൊണ്ടാണ്. സ്ത്രീക്കും പുരുഷനും പ്രത്യുല്പാദനം നടത്താൻ ഉള്ള ഉപാധി എന്ന സങ്കുചിതമായ നിർവചനം ആണ് ഇന്നും പൊതുബോധത്തിൽ ആഴത്തിൽ വേരുറച്ചിരിക്കുന്നത്.

അണ്ഡവും ബീജവും കൂടിച്ചേർന്ന് സിക്താണ്ഡം ഉണ്ടാവുന്നത് മുതൽ തുടങ്ങുന്ന സങ്കീർണമായ ജൈവപ്രക്രിയയാണ് ലൈംഗികത എന്നത് ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് പോലും (വൈദ്യശാസ്ത്രബിരുദധാരികൾ വരെ) അജ്ഞമായ വസ്തുത ആണെന്നത് അത്ഭുതപെടുതുന്നതാണ്.

പുരുഷബീജം സ്ത്രീജനനേന്ദ്രിയത്തിൽ നിക്ഷേപിക്കുന്ന ദമ്പതിക്രിയ മാത്രം അല്ല ലൈംഗികത. ജനിതകലിംഗനിർണയം, ശാരീരികലിംഗനിർണയം, ലൈംഗികചായ്‌വ്, ലൈംഗിക സ്വത്വബോധം, ലൈംഗികക്രിയകൾ എന്നിങ്ങനെ പല തലങ്ങളിൽ മനസിലാക്കേണ്ട വളരെ സങ്കീർണമായ ഒരു വിഷയം ആണിത്.

ജനിതക ലിംഗനിർണയം

ലിംഗനിർണയം എന്നത് തന്നെ പല തലങ്ങളിൽ നടക്കുന്ന പ്രക്രിയകളാണ്..ബീജസങ്കലനം തൊട്ട് തുടങ്ങാം. 22 ഒടോസോം ക്രോമസോമുകളും ഒരു X ക്രോമസോമും വഹിക്കുന്ന അമ്മയുടെ അണ്ഡവും, 22 ഒടോസോം ക്രോമസോമുകളും ഒരു X ക്രോമസോമോ ഒരു Y ക്രോമസോമോ വഹിക്കുന്ന അച്ഛന്റെ ബീജവും ചേർന്നാണ് സിക്താണ്ഡം ഉണ്ടാവുനത്. ഇതിൽ അച്ഛന്റെ ബീജം വഹിക്കുനത് X ക്രോമസോം ആണോ Y ക്രോമസോം ആണോ എന്നതനുസരിച്ചാണ് കുഞ്ഞിന്റെ ‘ജനിതകലിംഗം’ നിർണയിക്കപെടുനത്. XX ക്രോമസോമുകൾ ഉള്ളവ ജനിതകമായി സ്ത്രീകളും XY ക്രോമസോമുകൾ ഉള്ളവ ജനിതകമായി പുരുഷന്മാരും ആയി തീരുന്നു.

ശാരീരിക-ലിംഗനിർണയം

ജനിതകം മാത്രം ആയ ഒരു ലിംഗ നിർണയം ആണ് ഇത്തരത്തിൽ ബീജസങ്കലനസമയത്ത് നടക്കുനത്. ‘ശാരീരികമായി’ കുഞ്ഞിന്റെ ലിംഗനിർണയം നടക്കുനത് ഗർഭസ്ഥശിശുവിന് 6-12 ആഴ്ച പ്രായം എത്തുമ്പോഴാണ്. യൂറോജെനൈറ്റൽ റിഡ്ജ് (urogenital ridge) എന്ന ഭ്രൂണാവസ്ഥയിലെ ഒരു അവയവം ആണ് സ്ത്രീ/പുരുഷ ജനനേന്ദ്രിയം ആയി പരിണമിക്കുന്നത്. Y ക്രോമസോമിലെ SRY ജീൻ (Sex determining Region-Y) നിർമിക്കുന്ന TDF പ്രോടീൻ (Testis Determining Factor) എന്ന പ്രോടീൻ യൂറോജെനൈടൽ റിട്ജിൽ പ്രവർത്തിച്ചാൽ യൂറോജെനൈടൽ റിട്ജ Wolfian Duct എന്ന സിസ്റ്റം ആയി പരിവർത്തനം ചെയ്യപെടുന്നു. ഇതിൽ നിന്നാണ് പുരുഷജനനെന്ദ്രിയങ്ങൾ വികാസം പ്രാപിക്കുനത്. ഈ പ്രക്രിയയെ ജനനേന്ദ്രിയ പുരുഷവല്കരണം (genital masculanisation) എന്നു പറയുന്നു. Y ക്രോമസോം ഇല്ലാത്ത സ്ത്രീകളിൽ ഇത്തരത്തിൽ പുരുഷവല്കരണം നടക്കാതിരിക്കുകയും യുറോജനൈടൽ റിഡ്ജ് Mullerian duct എന്ന സിസ്റ്റെം ആയി മാറുയും ചെയ്യുന്നു. ഇതിൽ നിന്ന് പിനീട് സ്ത്രീജനനെന്ദ്രിയങ്ങൾ ഉണ്ടാവുന്നു. ഇതിനാലാണ് Y ക്രോമോസോം ഉണ്ടോ ഇല്ലയോ എന്നതിനെ അടിസ്താനപെടുതിയാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കപെടുന്നത് എന്ന് പറയുന്നത്. എന്നാൽ ഇത് പോലും പൂര്ണമായും ശരി അല്ല. സ്വെയെർ സിൻഡ്രോം(Swyer syndrome) പോലുള്ള അസുഖങ്ങളിൽ Y ക്രോമോസോം ഉണ്ടായിരിക്കുകയും എന്നാൽ SRY ജീൻ ഇല്ലാതിരിക്കുകയോ പ്രവര്തനരഹിതം ആവുകയോ ചെയ്യാറുണ്ട്. അത്തരം ഭ്രൂണങ്ങൾ XY ആയിരിക്കെ തന്നെ സ്ത്രീജനനെന്ദ്രിയങ്ങളുമായി ജനിക്കാം. അതായത് ജനിതകം ആയി XY ഉള്ള പുരുഷനു പോലും ശാരീരികം ആയി പുരുഷഅവയവങ്ങൾ വളരണം എന്ന് നിര്ബന്ധം ഇല്ല.

മസ്തിഷ്ക-ലൈംഗിക-ചായ്‌വ്

അടുത്ത പടി ആണ് മസ്തിഷ്കത്തിന്റെ ‘ലിംഗവത്കരണം’. വളരെയേറെ സങ്കീര്ണ്ണമായ ഈ മസ്തിഷ്കവികാസം ആണ് ലൈംഗികചായ്‌വിന്റെ കാരണം. യുരോജെനൈടൽ റിഡ്ജ് പുരുഷജനനെന്ദ്രിയമോ സ്ത്രീജനനെന്ദ്രിയമോ ആവുന്നത് പോലെ പല മസ്തിഷ്കഭാഗങ്ങളിലും സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ടാവാറുണ്ട്.
ഈ വിഷയത്തിൽ നടത്തിയ തുടർപഠനങ്ങൾ കാണിക്കുനത്, പുരുഷസ്വവർഗാനുരാഗികളുടെ മസ്തിഷ്കത്തിലെ ഈ ഭാഗങ്ങൾ സ്ത്രീസമാനം ആണെന്നും സ്ത്രീസ്വവർഗാനുരാഗികളുടെത് പുരുഷസമാനം ആണെന്നും ആണ്. അത് കൊണ്ട് തന്നെ ജനിതകമായി പുരുഷൻ ആയ പുരുഷ അവയവങ്ങൾ ഉള്ള വ്യക്തിക്ക് സ്ത്രീയോട് തന്നെ ആകര്ഷണം തോനുന്ന മസ്തിഷ്ക-ലൈംഗികചായ്‌വ് വേണം എന്ന ‘പ്രകൃതി നിയമം’ ഒന്നും ഇല്ല. ഇവ വ്യത്യസ്തമായി തന്നെ വികാസം പ്രാപിക്കുന്ന വ്യത്യസ്ത തലങ്ങൾ ആണ് എന്ന് നാം തിരിച്ചറിയണം.

ഒരു പ്രഹേളിക പോലെ ഒരു കാലത്ത് നിലനിന്നിരുന്ന മസ്തിഷ്ക-ലൈംഗികചായ്‌വിന്റെ കാരണം കുറെയൊക്കെ ശാസ്ത്രം ഇന്ന് ഉരുക്കഴിച്ചിട്ടുണ്ട്. ജനിതകം, ഗർഭാവസ്ഥയിലെ ഹോർമോണ്‍ നില, മനശാസ്ത്രം, വളരുന്ന സാഹചര്യം എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ഇതിന് കാരണം ആണ്.

ജനിതകപരമായ കാരണങ്ങൾ
പ്രധാനമായും സ്റ്ററ്റിസ്റ്റികൽ ആയ പഠനങ്ങൾ ആണ് സ്വവർഗാനുരാഗത്തിന് ജനിതകം ആയ ഒരു ഘടകം ഉണ്ടെന്ന നിഗമനത്തിൽ എത്തിച്ചത്. 1991ൽ ബെയലീ, പില്ലാട് എന്നീ ഗവേഷകർ ഇരട്ടകുട്ടികളിൽ നടത്തിയ പഠനം ഇരട്ടകുട്ടികളിൽ ഒരു കുട്ടി സ്വവര്ഗനുരാഗി ആണെങ്കിൽ മറ്റേ സഹോദരൻ 50% വരെ സ്വവർഗാനുരാഗി ആവാൻ സാധ്യത ഉണ്ടെന്നു കണ്ടെത്തി. അതിന് ശേഷം നടന്ന നിരവധി പഠനങ്ങൾ സമാനമായ കണ്ടെത്തലുകൾ നടത്തി. ഒരു സർവ്വേ രൂപത്തിൽ നടത്തിയ ഇത്തരം സ്റ്ററ്റിസ്റ്റികൽ പഠനങ്ങളിൽ സാങ്കേതികമായ ന്യൂനതകൾ ഉണ്ടെന്നിരിക്കിലും തള്ളികളയാനാവാത്ത ഒരു ജനിതകഘടകം സ്വവർഗാനുരാഗത്തിന് ഉണ്ടെന്നതിലേക്ക് അവ വിരൽ ചൂണ്ടുന്നു.
ജനിതകമായ അടിസ്ഥനതിനുള്ള ഏറ്റവും ശക്തമായ തെളിവ് ലഭിക്കുനത് 1993ൽ ഹാമർ(Hamer) നടത്തിയ പഠനങ്ങളിൽ നിന്നാണ്. സ്വവർഗാനുരാഗികൾ തലമുറകളായി നിലനില്കുന്ന 114 കുടുംബങ്ങളിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ X ക്രോമസോമിലെ Xq28 എന്ന ജീൻ പ്രദേശത്ത് ഒരു പ്രത്യേക ജീൻ അല്ലെൽ (gene allele) ഉണ്ടെന്ന് കണ്ടെത്തി. ‘ഗേ ജീൻ (gay gene)’ എന്നാണ് ഇത് മാധ്യമലോകത്ത് അറിയപെട്ടത്. എന്നാൽ സ്വവർഗാനുരാഗം പൂർണമായും ജനിതകം ആയ ഒരു പ്രതിഭാസം അല്ല. ചില ജനിതകമായ ഘടകങ്ങൾ ഉണ്ടാവാം എന്ന് മാത്രം.

ഹോർമോണുകളുടെ പ്രഭാവം
ലൈംഗികചായവിനെ പ്രധാനമായും നിശ്ചയിക്കുന്നത് ഗർഭാവസ്ഥയിൽ മസ്തിഷ്കം അഭിമുഖീകരിക്കുന്ന ഹോർമോണുകളുടെ അളവ് ആണ്. യുരോജെനൈടൽ റിഡ്ജ്ന് TDF പ്രോട്ടീൻ മൂലം ഉണ്ടായതിന് സമാനമായ മാറ്റം ആണ് അന്ട്രാജൻ(androgen) ടെസ്ടോസടീരോണ്‍(testosterone) എന്നീ ഹോർമോണുകൾ മസ്തിഷ്കത്തിൽ സൃഷ്ടിക്കുനത്.

ജനനേന്ദ്രിയവികാസത്തിന് ശേഷം പുരുഷശരീരങ്ങളിൽ കൂടിയ അളവിൽ ഉണ്ടാവുന്ന ഈ ഹോർമോണുകൾ തലച്ചോറിനെ ‘പുരുഷവൽകരിക്കുന്നു’. androgenന്റെ പ്രവർത്തനം കുറഞ്ഞ സ്ത്രീകളിൽ മസ്തിഷ്കം സ്ത്രീവല്കരിക്കപെടുകയും ചെയുന്നു.

എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് ഇതിൽ നിന്ന് ഭിന്നമായി കാര്യങ്ങൾ നടക്കാം. ഉദാഹരണത്തിന്, androgenു എതിരെ ചില ആന്റിബോഡികൾ ചില സ്ത്രീകളിൽ ഉണ്ടാവാറുണ്ട്. മാതാവിന്റെ ശരീരത്തിലെ ഇത്തരം ആന്റിബോഡികൾ കുഞ്ഞിന്റെ ശരീരത്തിലെ androgenുമായി പ്രതിപ്രവർതിച് അളവ് കുറയ്ക്കാം. ഇത്തരം മസ്തിഷ്കം വേണ്ടത്ര പുരുഷവൽകരിക്കപെടാതെ പോവുകയും സ്ത്രൈണത ഉള്ളതായിത്തീരുകയും ചെയ്യാം.ഇത്തരക്കാർ സ്വവർഗനുരാഗികളായ പുരുഷന്മാർ ആവാൻ സാധ്യത കൂടുന്നു.
സമാനമായ മറ്റൊരു അവസ്ഥ ആണ് androgen വേണ്ട വിധത്തിൽ പ്രവർത്തിക്കാത്ത അവസ്ഥ. ആന്ട്രാജൻ പ്രവർതിക്കുനത് androgen receptor ഇന്ന പ്രോട്ടീനുകൾ വഴി ആണ്. ഈ പ്രോട്ടീനുകൾ നിർമിക്കുന്ന ജീനുകളിൽ ഉല്പരിവർതനം നടക്കുകയോ അവയുടെ നിയന്ത്രണത്തിലുള്ള പാളിച്ചകൾ കാരണം പ്രവർത്തനരഹിതം ആവുകയോ ചെയ്താലും അന്ദ്രജൻ ചെലുത്തേണ്ടുന്ന സ്വാധീനം ഇല്ലാതെ വരും.

അന്ദ്രോഗെന്റെ അളവ് പെണ്‍ഭ്രൂണങ്ങളിൽ കൂടിയാലും ഇതേ പ്രശ്നങ്ങൾ ഉണ്ടാവും. ഗർഭകാലത്ത് മാനസികസമ്മര്ദം (mental stress) അനുഭവിക്കുന്ന സസ്തനികളിൽ അന്ദ്രോഗെന്റെ അളവ് കൂടുതൽ ആയിരിക്കും എന്നും അത് മസ്തിഷ്കവികാസത്തെ സ്വാധീനിക്കുമെന്നും പല പഠനങ്ങളും തെളിയിച്ചതാണ്. ഭ്രൂണാവസ്ഥയിൽ അഡ്രീനൽ ഗ്രന്ഥികൾ(Adrenal glands) ധാരാളമായി അന്ദ്രോഗെൻ ഉത്പാദിപ്പിക്കുന്ന രോഗാവസ്ഥ ആണ് CAH. ഇത്തരക്കരിലും സ്വവർഗാനുരാഗികൾ ആയ സ്ത്രീകൾ കൂടുതൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുനത്.

ലൈംഗിക സ്വത്വബോധം
ഇത്തരത്തിൽ ക്രോമസോം നിർണയിക്കുന്ന ജനിതക ലിംഗവും, അവ നിർമിക്കുന്ന പ്രോടീനുകൾ നിർണയിക്കുന്ന ജനനെദ്രിയങ്ങളും ഹോർമോണുകൾ രൂപപെടുത്തിയ മസ്തിഷ്കവും ആയി ജനിക്കുന്ന കുഞ്ഞിന് അതിന്റെ പരിതസ്ഥിതിയിൽ വളർന്നു വരുന്നതിനനുസരിച് ഒരു സ്വത്വബോധം ഉണ്ടാവുന്നു.

ലൈംഗികതയും ലൈംഗിക ചായവും ആയി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും കാരണം ഈ ഒരു ഘട്ടം ആണ്. കാരണം അന്തർലീനമായ മസ്ഥിഷ്കബോധത്തിൽ നിന്ന് കൊണ്ടാണ് കൊച്ചുകുട്ടികൾ കൂടുകെട്ടുകൾ ഉണ്ടാക്കുനതും സ്വയം ആരെന്നും താൻ മറ്റുള്ളവരുമായി എത്തരത്തിൽ സമാനം ആണെന്നും വ്യത്യാസം ആണെന്നും തിരിച്ചറിഞ്ഞ് സ്വന്തം വ്യക്തിത്വം സൃഷ്ട്ടിക്കുനത്. പാവകളും കാറുകളും നിറഞ്ഞ കളിപ്പാട്ടങ്ങൾക്ക് ഇടയിലേക്ക് ഒരു കൂട്ടം കൊച്ചുകുട്ടികളെ കടത്തിവിട്ടാൽ, കളിപ്പാട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യത്യസ്ത ആണ്‍-പെണ്‍ ഗ്രൂപുകളായി കളിക്കാൻ തയ്യാറാവുന്ന കാര്യം നഴ്സറികളിലും പ്ലേ സ്കൂളുകളിലും കുട്ടികളെ നിരീക്ഷിക്കുന്ന ആര്ക്കും മനസിലാക്കാവുന്ന കാര്യമാണ്.ഇത്തരം കളിക്കൂട്ട് ഗ്രൂപുകളിൽ നിന്നാണ് സ്വത്വബോധത്തിന്റെ ബാലപാഠങ്ങൾ കുട്ടി പടിക്കുനത്. ഒരേ കളികളിലൂടെ ഒരേ മനോഭാവം പുലര്ത്തുന്ന കൂട്ടുകാർ തങ്ങളുടെ ശാരീരികമായ പ്രത്യേകതകളും ‘തങ്ങളുടെ കൂടെ കൂടാത്ത മറ്റേ ഗ്രൂപിലെ’ കുട്ടികളുമായുള്ള വ്യത്യാസവും സ്വയം അറിയാതെ തിരിച്ചറിയുന്നു. ഇത്തരത്തിൽ ഞാൻ ആണ്‍കുട്ടി, നീ പെണ്‍കുട്ടി എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാവുന്നു. പിന്നീടുള്ള ജീവിതം ഈ തിരിച്ചറിവിൽ നിന്ന് കൊണ്ട് അവർ ജീവിക്കുന്നു. ക്രിക്കറ്റ്‌ കളിക്കുന്ന ആണ്‍കുട്ടികളും, വളയും മാലയും ഇഷ്ടപെടുന്ന, പാവയെ ഒരുക്കി അമ്മയും മോളും കളിക്കുന്ന പെണ്‍കുട്ടിയും ഈ സ്വത്വബോധത്തിൽ വളരുന്നവരാണ് .

ഇത്തരം പരിതസ്ഥിതിയിൽ സ്ത്രൈണമസ്തിഷ്കവും ആയി ജനിച്ച ഒരു ആണ്‍കുട്ടിയുടെ കാര്യമെടുക്കുക. മസ്തിഷ്കം പെണ്‍കുട്ടികളോട് താദാത്മ്യം പ്രാപിക്കുമ്പോൾ ശാരീരികമായി അയാൾ പുരുഷനായി തിരിച്ചറിയപെടുന്നു. ഇത് അവരിൽ ഒരു തരം ‘ഐഡന്റിറ്റി ക്രൈസിസ്’ ഉണ്ടാക്കുന്നു. പുരുഷവൽകരിക്കപെട്ട മസ്തിഷ്കവുമായി ജനിക്കുന്ന പെണ്‍കുട്ടികളും സമാനമായ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ഇത്തരം മനുഷ്യർ ആണ് ‘Transgender’ എന്ന് അറിയപ്പെടുന്നത്.

Third gender/ മൂന്നാം ലിംഗം’ എന്നാണ് ഇവർക്ക് ഇന്ത്യൻ ഭാഷയിലെ മൊഴിമാറ്റം. ശാസ്ത്രവീക്ഷണത്തിൽ തെറ്റായ ഒരു പ്രയോഗം ആണിത്. പല തലങ്ങളിൽ മനസില്ലാക്കേണ്ട ലൈംഗികത ആ രീതിയിൽ മനസില്ലാക്കിയാൽ ഒരാളെ ആണ്‍,പെണ്‍, മൂന്നാം ലിംഗം എന്നിങ്ങനെ തിരിക്കുക അസാധ്യമാവും. ഒരാൾ സ്ത്രീയോ പുരുഷനോ എന്നതിന് പകരം ഒരാൾ ജനിതകമായും ശാരീരികമായും സ്വയം തിരിച്ചറിയുന്നതിലൂടെയും എത്രമാത്രം എത്ര മാത്രം പുരുഷവല്ക്രിതം/ സ്ത്രീവൽക്രിതം ആണ് എന്നതാണ് കൂടുതൽ ശരിയായ ചോദ്യം. അവിടെ ‘Transgender’ എന്ന മൂനാമതൊരു ശപികപെട്ട ലിംഗം ഉണ്ടാവുനില്ല. ഒരു സങ്കീര്ണ്ണമായ ജൈവപ്രക്രിയയിലെ സ്വാഭാവികമായ വ്യതിയാനങ്ങൾ മാത്രമാണ് അവരുടെ നിലനില്പ്പ്.

യാഥാസ്ഥിതികതയുടെ കണ്ണടയിലൂടെ കാണുന്ന സങ്കുചിതമായ ദൃശ്യം അല്ല ശാസ്ത്രബോധതോടെ ഉള്ള ലോകവീക്ഷണം.

(യുക്തിയുഗം മാസിക),  Anand S Manjeri

 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ