ഉണ്ണുനീലിസന്ദേശപാത കടന്നുപോകുന്ന വേദഗിരി

Share the Knowledge

കോട്ടയം ജില്ലയില്‍ അതിരമ്പുഴയ്ക്കും കോതനല്ലൂരിനും മദ്ധ്യേ പഴയ
ഉണ്ണുനീലിസന്ദേശപാത കടന്നുപോകുന്ന വേദഗിരി എന്ന ഒരു പ്രദേശമുണ്ട്. പഴയ തെക്കുംകൂര്‍, വടക്കുംകൂര്‍ രാജ്യങ്ങളെ വേര്‍തിരിച്ചുള്ള മണ്‍കോട്ട കടന്നുപോയിരുന്നത് വേദഗിരിയുടെ തെക്കുഭാഗത്ത്‌ കൂടിയായിരുന്നു. കോട്ടയെ വഴി മുറിച്ചുകടക്കുന്ന സ്ഥലത്തെ കോട്ടമുറി എന്നാണ് ഇന്നും പറഞ്ഞുവരുന്നത്. മൂന്നു ദിക്കിലും ഉയര്‍ന്ന കുന്നുകളും തെക്കുപടിഞ്ഞാറു ഭാഗം താഴ്ന്ന വയലുകളും ചേര്‍ന്ന ഒരു താഴ്വരപ്രദേശമാണ് വേദഗിരി. മധ്യഭാഗത്തായി ഒരു പൊയ്ക! അതിന്‍റെ കരയില്‍ പുരാതനമായ ഒരു ശാസ്താക്ഷേത്രം. വേദവ്യാസനെ ഉപദേവനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് പിതൃ തര്‍പ്പണത്തിനായി ആയിരങ്ങള്‍ ഇവിടെ തടിച്ചുകൂടുന്നു.

പടിഞ്ഞാറ് വശത്തുള്ള ഉയര്‍ന്ന കുന്നിനു മുകളിലായി കാണപ്പെടുന്ന പ്രാചീന മനുഷ്യന്‍റെ സാംസ്കാരിക അവശേഷിപ്പുകളാണ് ചരിത്രഗവേഷകര്‍ക്ക് താല്‍പ്പര്യമുള്ള വിഷയം. കുന്നിന്‍നിറുകയില്‍ പരന്ന ഒരു സ്ഥലം. അവിടവിടായി നീരുറവകള്‍! മരങ്ങളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് സമ്പന്നമായ ഒരു ചെറിയ കാവ്. അതിനോട് ചേര്‍ന്ന് വലിയ ശിലാഖണ്ഡങ്ങള്‍ നാട്ടിനിര്‍ത്തിയിരിക്കുന്നു. ഇവയെല്ലാം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളവയാണെന്നു പെട്ടെന്നുതന്നെ തോന്നും. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ചതുരത്തില്‍ കരിങ്കല്‍പാളികള്‍ കൊണ്ട് കെട്ടിത്തിരിച്ചിരിക്കുന്ന ഇടം. വളരെ വിദഗ്ദമായി കരിങ്കല്‍ ഫലകരൂപത്തില്‍ കൊത്തിയെടുത്ത വലയങ്ങള്‍ ആണിത്. ഒരു അരമതില്‍പോലെ ഇത് കാണപ്പെടുന്നു.

കേരളത്തില്‍ നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നിലനിന്നിരുന്ന മഹാശിലാസംസ്കാരത്തിന്‍റെ അവസാന കാലഘട്ടത്തില്‍, ഇരുമ്പുയുഗത്തില്‍ ഗോത്രസമൂഹമായി കഴിഞ്ഞുവന്ന നമ്മുടെ പൂര്‍വികര്‍ അവശേഷിപ്പിച്ച ഏക അടയാളങ്ങളാണ് ഈ ശിലാഖണ്ഡങ്ങള്‍ എന്നാണ് പുരാവസ്തുവകുപ്പിലെ വിദഗ്ദര്‍ പറയുന്നത്. അക്കാലത്ത് സമതലപ്രദേശങ്ങള്‍ കൊടുംകാടുകളായിരുന്നു. അവിടെ മനുഷ്യവാസം പ്രായേണ അപ്രാപ്യമായിരുന്നു. വറ്റാത്ത ഉറവകളുള്ള കുന്നിന്‍പുറങ്ങള്‍ കൂട്ടംകൂട്ടമായി കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് വാസഗേഹങ്ങളായിരുന്നു. പ്രകൃതിശക്തികളെക്കാള്‍ മരിച്ചുപോയ പൂര്‍വികരെയാണ് അവര്‍ ആരാധിച്ചിരുന്നത്. പൂര്‍വികരുടെ ആത്മാക്കളെ പ്രീതിപ്പെടുത്താനുള്ള ഉപാസനാരീതികളായിരുന്നു ആ പ്രക്തനഗോത്രത്തിന്‍റെത്. പൂര്‍വികരുടെ ഓര്‍മ്മക്കായി അവര്‍ വലിയ ശിലാസ്മാരകങ്ങള്‍ നാട്ടി. ഇവയെ പൊതുവായി നടുകല്ല്, നാട്ടുകല്ല്, പുരച്ചിക്കല്ല്,വീരക്കല്ല് എന്നെല്ലാം പറയാറുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം ശിലാസ്മാരകങ്ങളുണ്ട്. വള്ളിപ്പടര്‍പ്പിനിടയിലെ കല്‍വലയങ്ങള്‍ക്കിടയിലായി ആ സമൂഹത്തിലെ മറ്റുള്ളവരെ അടക്കം ചെയ്തിരുന്നതായും കരുതപ്പെടുന്നു.

ഇത്തരത്തിലുള്ള മറ്റൊരു ശിലായുഗ അവശേഷിപ്പുകള്‍ കോട്ടയം മെഡിക്കല്‍ കോളെജിനു അര കിലോമീറ്റര്‍ കിഴക്കായി ചാത്തുണ്ണിപ്പാറ എന്ന പേരില്‍ രണ്ടുപതിറ്റാണ്ട് മുമ്പുവരെ ഉണ്ടായിരുന്നു. ആ പ്രദേശം കൈവശം വെച്ചിരുന്ന ആള്‍ പാറകള്‍ പൊട്ടിച്ച് നശിപ്പിച്ചതോടെ ആ സ്മാരകങ്ങള്‍ ഓര്‍മ്മയിലേയ്ക്ക് മാത്രമായി.

വേദഗിരിയില്‍ പൌരാണികകാലത്ത് വേദവ്യാസമുനി തപസ്സ് അനുഷ്ടിച്ചിരുന്നതായാണ് നാട്ട്കാര്‍ പൊതുവേ വിശ്വസിക്കുന്ന പുരാവൃത്തം. ഇവിടുത്തെ മുഖ്യ നീരുരവയ്ക്ക് വ്യാസതീര്‍ത്ഥമെന്നാണ് പറയുന്നത്. വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ ഇവിടെ വസിച്ചിരുന്നത്രേ!? ഈ പ്രദേശം പുണ്യസ്ഥലമായി അതിനാല്‍തന്നെ നാട്ടുകാര്‍ കരുതിവരുന്നു. എന്നാല്‍ യുഗങ്ങളോളം പഴക്കമുള്ള മഴയും വെയിലുമേറ്റു നിന്നിട്ടും നശിക്കാത്ത പ്രധാന ശിലാഖണ്ഡത്തിനു മുകളില്‍ ഷീറ്റിട്ട്‌ ഒരു പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നു. അതുകൊണ്ട് ഇതിന്‍റെ സ്വാഭാവികഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. ഈ ശിലകളെ പട്ടു പുതപ്പിച്ച് ആരാധിക്കാനും തുടങ്ങിയിരിക്കുന്നു!

പൂര്‍വികാരാധന കേരളത്തില്‍ പുരാതനകാലംമുതലേ നിലനിന്നിരുന്നതായും നമ്മുടെ സംസ്കാരത്തില്‍ ഇന്നും അതിനു വലിയ പ്രധാന്യമുള്ളതായും കാണാവുന്നതാണ്. അതിന്‍റെ തുടര്‍ച്ചയായിട്ടാവാം വാവിനുള്ള ബലിതര്‍പ്പണങ്ങള്‍ വേദഗിരിയില്‍ ഇന്നും നടന്നുവരുന്നത്.

From : കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ