47 നാടോടി യോദ്ധാക്കളുടെ പ്രതികാരം (47 Ronins )

Share the Knowledge
വ്യവസായവത്കരത്തിനു മുന്പുള്ള ജപ്പാൻ യോദ്ധാക്കളുടെയും യുദ്ധപ്രഭുക്കളുടെയും നാടായിരുന്നു. സമുറായ് യോദ്ധാക്കളുടെ വീര കഥകളും യുദ്ധ പ്രഭുക്കന്മാരുടെ കുടിപ്പകകളും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ജപ്പാന്റെ മധ്യകാല ഫ്യുഡൽ ചരിത്രം. ഷോഗൻ എന്ന സർവ സൈന്യാധിപനായ ചക്രവർത്തിയുടെ കീഴിൽ പരസ്പരം പോരടിക്കുന്ന യുദ്ധ പ്രഭുക്കന്മാർ പരസ്പര വൈരാഗ്യത്തോടെയും എന്നാൽ പലവിധ യുദ്ധ നിയമങ്ങൾക്കും വിധേയരായി ജീവിച്ചിരുന്നു. ഓരോ പ്രഭുക്കന്മാരും സമുറായികൾ എന്നറിയപ്പെടുന്ന ഒരു സംഘം ധീരന്മാരും വിശ്വസ്തരും ആയ യോദ്ധാക്കളുടെ സംഘത്തെ പരിപാലിച്ചിരുന്നു. ഈ സമുറായികൾ മധ്യകാല യുറോപ്പിലെ നൈറ്റ്സ് (knights ) എന്ന ഫ്യൂഡൽ യോദ്ധാക്കളെ പലപ്പോഴും ഓർമിപ്പിച്ചിരുന്നു . സമുറായികളും യുദ്ധപ്രഭുക്കന്മാരും ഷോഗന്റെ അധീശത്തിൽ “ബുഷുഡോ” എന്ന യുദ്ധ ശാസ്ത്ര നീതികൾ അനുസരിച്ചാണ് നൂറ്റാണ്ടുകളോളം ജീവിച്ചു പോന്നത്. സമുറായികളുടെ ജീവിതവും മരണവും പൂർണമായും തങ്ങളുടെ പ്രഭുക്കന്മാരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. തങ്ങളുടെ പ്രഭു ഏതെങ്കിലും വിധേനെ തോൽപ്പിക്കപ്പെടുകയോ മരണപ്പെടുകയോ ചെയയുകയാണെങ്കിൽ അതോടെ പിന്നെ ആ സമുറായികളുടെ മുന്നിൽ 3 വഴികളെ ഉണ്ടായിരുന്നുള്ളൂ. യജമാനന് വേണ്ടി പകരം വീട്ടാൻ നോക്കുന്ന ചാവേർ ആകുക , സ്വയം വീര മരണം വരിക്കുന്ന “സെപ്പുക്കു” അനുഷ്‌ഠിക്കുക അതുമല്ലെങ്കിൽ “നാടോടി യോദ്ധാവ് ” എന്ന നിലയിലേക്ക് തരം താഴുന്ന “റൊണിൻ” ആയി മാറുക. ഈ നാടോടി യോദ്ധാക്കൾ പിന്നീടു വ്യാപാരികളുടെ അംഗ രക്ഷകരായൊ വേശ്യാലയങ്ങളിലെ കാവൽക്കാരായോ സാദാ കൂലിതല്ലുകാരുടെ നിലവാരത്തിൽ ഒരു യോദ്ധാവിനു ഒരിക്കലും ചിന്തിക്കാൻ പറ്റാത്തവിധം തരം താഴ്ന്ന ജീവിതത്തിലേക്ക് തള്ളി വിടപ്പെട്ടിരുന്നു.

ഇതോടൊപ്പം തന്നെ ഇവരുടെ ചരിത്രത്തിൽ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു പദം ആണ് “സെപ്പുക്കു” അഥവാ “ഹിരാ കിരി” എന്നറിയപ്പെട്ടിരുന്ന സ്വയം വരിക്കുന്ന വീര മരണം . സെപ്പുക്കു അനുഷ്ഠിക്കുന്ന യോദ്ധാവ് ആദ്യം ഒരു കത്തി ഉപയോഗിച്ച് ഇംഗ്ലിഷിലെ Z എന്ന അക്ഷരത്തിന്റെ മാതൃകയിൽ വയറു കുത്തിക്കീറി സ്വയം മാരകമായി പരിക്കേൽപ്പിക്കുന്നു . ചില സമയങ്ങളിൽ ഇതനുഷ്ഠിക്കുന്ന യോദ്ധാവിന്റെ സഹായി ഇതേതുടർന്ന് യോദ്ധാവിന്റെ തല വെട്ടി മാറ്റി മരണം പൂർത്തിയാക്കുന്നു. സഹായി ഇല്ലാത്ത അവസരങ്ങളിൽ ആ യോദ്ധാവ് വയറു കീറിയതിനു ശേഷം കത്തി സ്വയം കഴുത്തിൽ കുത്തി ഇറക്കുകയോ വാൾ കുത്തി നിറുത്തിയതിന് ശേഷം ഹൃദയം വാളിനു നേരെ വരുന്ന വിധത്തിൽ വാളിലേക്ക് വീണ് സ്വയം മരണം വരിക്കുകയും ചെയയുമായിരുന്നു.ഇത് കൊണ്ട് ഈ യോദ്ധാക്കൾ കൊടുക്കുന്ന സന്ദേശം ഇതായിരുന്നു. ” ഞാൻ തോറ്റിരിക്കുന്നു .ഈ തോൽവിയുമായി ഞാൻ ഇനി ജീവിച്ചിരിക്കില്ല.എന്നാൽ ഞാൻ ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്‌യുന്നില്ല . മരണത്തിന്റെ എല്ല്ലാ വേദനകളും അനുഭവിച്ചു കൊണ്ട് ഏറ്റവും വേദനാജനകമായ മരണം തന്നെ ഞാൻ വരിക്കുന്നു”.

നമ്മുടെ 47 നാടോടി യോദ്ധാക്കളുടെയും അവരുടെ പ്രഭുവിന്റെയും ചരിത്രം തുടങ്ങുന്നത് 1701 ആം ആണ്ടിൽ ഹിഗാഷിയാമ എന്ന ഷൊഗന്റെ (ചക്രവർത്തി) കാലത്താണ് . ഇക്കാലത്ത് അകോ എന്ന നാട്ടുരാജ്യത്തെ അസാനോ നാഗനോറി , സുമാനോ എന്ന നാട്ടുരാജ്യത്തെ കമേയി സാമ എന്നീ നാടുവാഴികൾ ഇഡോയിലെ (ഇന്നത്തെ ടോക്യോ ) രാജ സദസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് രാജകീയ മര്യാദകൾ പഠിപ്പിച്ച് കൊടുക്കാനായി കിരാ യോഷിനാക എന്ന മുതിർന്ന രാജസഭാംഗം നിയുക്തനായി . അസനോയും കമേയിയും നേരെ വാ നേരെ പോ രീതിയിലുള്ള നാട്ടുമ്പുറത്തുകാരായ യോദ്ധാക്കൾ ആയിരുന്നു .കിരാ തനി പരിഷ്കാരിയും നഗരവാസിയും ബുദ്ധിപരമായി മാത്രം കാര്യങ്ങൾ നീക്കുന്ന നയതന്ത്രജ്ഞനും . അതു കൊണ്ട് തന്നെ ഇവർ തമ്മിൽ തുടക്കം മുതൽ തന്നെ യോജിച്ചു പോകാൻ ബുദ്ധിമുട്ടായി. കിരായെ കൊല്ലാനുള്ള ആശയം ആദ്യം കമേയി മുന്നോട്ടു വച്ചപ്പോഴും സമാധാനത്തിന്റെ മാർഗം ആണ് അസാനോ സ്വീകരിച്ചത് .കമേയിയുടെ ഉദ്ദേശത്തെ കുറിച്ചറിഞ്ഞ അയാളുടെ സഹായികൾ ഭയന്ന് പോയി. കാരണം രാജകോപത്തിനു ഇരയായാൽ നാടുവാഴിയെയും ഉറ്റവരെയും ഷോഗൻ പിന്നെ വച്ചേക്കില്ല. അതുകൊണ്ട് തന്നെ കമേയിയുടെ ആൾക്കാർ ഒരു വൻ തുക കിരാക്കു കയ്കൂലി കൊടുത്ത് പ്രശ്നം ഒതുക്കി തീർത്തു. അസനോയുടെ കയിൽ നിന്നും അതേ കയ്കൂലി പ്രതീക്ഷിച്ചായിരിക്കും കിരായുടെ അസനോയുടെ നേര്ക്കുള്ള പെരുമാറ്റം കൂടുതൽ പരുഷമായി തുടങ്ങി. ഒരു ദിവസം തുറന്ന സദസ്സിൽ വച്ച് അസനോയെ ” വിവരം കെട്ട നാട്ടുമ്പുറത്തുകാരൻ” എന്നു കിരാ വിളിച്ചതോടെ അഭിമാനിയായ അസനോയുടെ സകല നിയന്ത്രണവും നഷ്ടമായി. തന്റെ വാൾ വലിച്ചൂരി സദസ്സിന്റെ ഇടനാഴിയിൽ അയാൾ കിരായെ ആക്രമിച്ചു . അസനോയുടെ ആദ്യ വെട്ട് കിരായുടെ മുഖത്തു തന്നെ കൊണ്ടു . രണ്ടാമത്തെ വെട്ടിൽ നിന്നു കിരാ ഒഴിഞ്ഞു മാറിയപ്പോഴേക്കും രാജഭടന്മാർ വന്നു അസാനോയെ പിടിച്ചു മാറ്റി.

രാജകൊട്ടാരത്തിൽ വാൾപ്രയോഗം നടത്തുക എന്ന അക്ഷന്തവ്യമായ തെറ്റാണ് അസാനോ ചെയ്തിരിക്കുന്നത് , അതും ഒരു തല മുതിർന്ന രാജസഭാംഗത്തിന് നേരെ . നിയമം അനുസരിച്ച് വധ ശിക്ഷ കിട്ടേണ്ട കുറ്റം. പക്ഷെ ഷൊഗൻ അസനോയോട് കരുണ കാണിച്ചു. അദ്ദേഹത്തിന് അസാമാന്യ യോദ്ധാവായുള്ള അസാനോയുടുള്ള മമത കാരണം വധ ശിക്ഷക്കു പകരം “സെപ്പുക്കു” അനുഷ്ടിക്കാനുള്ള അനുവാദം കൊടുത്തു. തന്റെ പ്രവൃത്തിയിൽ ദുഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കിരായെ കൊല്ലാൻ കഴിയാത്തതാണ് തന്റെ ഏക ദുഃഖം എന്ന് അസാനോ മറുപടി കൊടുത്തു .അങ്ങനെ തന്റെ 34-ആം വയസ്സിൽ അസാനോ ഇഡോയിലെ കൊട്ടാരത്തിൽ സെപ്പുക്കു അനുഷ്ടിച്ച് വീര മരണം വരിച്ചു. അദ്ദേഹത്തിനെ ശരീരം ഇഡോയിൽ തന്നെയുള്ള സേങ്ങാകുജി എന്ന ക്ഷേത്രത്തിൽ ദഹിപ്പിച്ചു. അന്നത്തെ നിയമം അനുസരിച്ച്‌ അസനോയുടെ സ്വത്തുക്കൾ ഷോഗൻ പിടിച്ചെടുക്കകയും അതുവഴി അസാനോയുടെ കുടുംബത്തെ മുഴുവൻ ദാരിദ്രത്തിലേക്ക് തള്ളിവിടുകയും ചെയ്തു. അസനോക്ക് കീഴിലുള്ള 300 സമുറായികളെയും നാടോടികൾ (റൊണിൻ ) ആയി പ്രഖ്യാപിക്കുകയും അവരുടെ പ്രതികാരം വിലക്കുകയും ചെയ്തു. സമുറായികളുടെ പ്രതികാര വാഞ്ചയെപ്പറ്റി നന്നായി അറിവുള്ള ഷോഗൻ അവരുടെ പ്രതികാരം വിലക്കുക വഴി എന്നെങ്കിലും അവർ പ്രതികാരത്തിനു ശ്രമിക്കുകയാണെങ്കിൽ അവരെ കൊല്ലാനുള്ള അധികാരം മറ്റു സമുറായികൾക്ക് കൊടുക്കുകയായിരുന്നു .

വയ്കാതെ തന്നെ ഈ വാർത്തകൾ അസനോയുടെ നാടായ അകോയിൽ എത്തി. അസാനോയുടെ വലം കൈ ആയിരുന്ന ഒയിഷി യോഷിയോ ഉടൻ തന്നെ അസാനോയുടെ കുടുംബത്തെ അവിടെ നിന്നു മാറ്റി കൂടുതൽ രാജകോപത്തിൽ നിന്നും അവരെ രക്ഷിച്ചു . നാടോടികൾ ആകാൻ വിധിക്കപ്പ്റെട്ട 300 പേരിൽ 47 പേർ ഒയിഷിയുടെ നേതൃത്വത്തിൽ തങ്ങളുടെ യജമാനനു വേണ്ടി എല്ലാത്തിനും കാരണക്കാരനായ കിരായോടു പകരം വീട്ടാൻ തീരുമാനമെടുത്തു. വിലക്കപ്പെട്ടതു കൊണ്ടും കിരാ കരുതി ഇരിക്കുന്നതു കൊണ്ടും ഉടനുള്ള തിരിച്ചടി തങ്ങളുടെ നാശത്തിലെ കലാശിക്കുകയുള്ളൂ എന്നറിയാവുന്ന ഒയിഷി തന്റെ കൂട്ടാളികളോടൊത്ത് യജമാനന് വേണ്ടി പ്രതികാര പ്രതിജ്ഞ എടുത്ത ശേഷം നാടോടികളായി പല വഴിക്ക് പിരിഞ്ഞു . പ്രതികാരം പ്രതീക്ഷിച്ചിരുന്ന കിരായും തന്റെ സുരക്ഷ ശക്തിപ്പെടുത്തി. പല വഴിക്കായി പിരിഞ്ഞ അസനോയുടെ നാടോടി യോദ്ധാക്കൾ പല തരം താണ ജോലികളിലും ഏർപ്പെട്ടു.ചിലർ കച്ചവടക്കാരും സന്യാസികളും ഒക്കെ ആയി മാറി . തങ്ങളെ കിരായുടെയും രാജാവിന്റെയും ചാരക്കണ്ണുകൾ പിന്തുടരുന്നു എന്നറിയാവുന്ന ഇവർ തങ്ങൾ പൂർണമായും നാടോടികൾ ആയി മാറി എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒയിഷി ആയിരുന്നു ഏറ്റവും അധികം നിരീക്ഷിക്കപ്പെട്ടത് . അതു കൊണ്ട് തന്നെ ഇയാൾ 20 വർഷം തന്റെ ജീവിത സഖിയായിരുന്ന ഭാര്യയെയും , തന്റെ കുട്ടികളെയും ഭാര്യ വീട്ടിൽ കൊണ്ട് ചെന്നാക്കി ബന്ധം വേർപെടുത്തിയതായി എല്ലാവരെയും ബോധിപ്പിച്ചു. 15 വയസ്സുകാരനായ മൂത്ത മകൻ മാത്രം അച്ഛന്റെ പ്രതികാരത്തിൽ സഹായിക്കാനായി നാടോടി യോദ്ധാക്കളോടൊപ്പം കൂടി. തുടർന്ന് ഒയിഷി തീർത്തും മദ്യപാനിയും സ്ത്രീജിത്തനുമായ ഒരു അസാന്മർഗവാദി ആയി മാറി . ഒയിഷിയുടെ ആൾക്കാർ ഒരു വേശ്യയെ കൂട്ടി കൊണ്ട് വന്നു ഒയിഷിയോടൊപ്പം താമസിപ്പിക്കുക കൂടെ ചെയ്തു. മദ്യപിച്ചു വഴിയോരത്ത് കിടക്കുക എന്നത് ഒയിഷിയുടെ ദിനചര്യ ആയി മാറി. ആയിടക്ക്‌ ഒരിക്കൽ മദ്യപിച്ചു വഴിയിൽ കിടന്ന ഒയിഷിയെ തിരിച്ചറിഞ്ഞ സത്സുമയിൽ നിന്നുള്ള ഒരു സമുറായി ഒയിഷിയുടെ മുഖത്ത് ആഞ്ഞു തൊഴിക്കുകയും തുപ്പുകയും ചെയ്തു. ഒരു യോദ്ധാവിന് പോകാവുന്നതിൽ ഏറ്റവും താഴെക്കിടയിൽ എത്തിപ്പെട്ടു ഒയിഷി. ചാരന്മാർ വഴി ഈ വിവരങ്ങൾ കൃത്യമായി കിരാ അറിയുന്നുണ്ടായിരുന്നു . അസാനോയുടെ സമുറായികൾ എല്ലാം പൂർണമായും നാടോടികൾ ആയി മാറി എന്നറിഞ്ഞ കിരാ തന്റെ സുരക്ഷാ മുൻകരുതലുകൾ കുറക്കാൻ തുടങ്ങി . ഒയിഷിയും കൂട്ടരും കാത്തിരുന്നതും അതിനായിരുന്നു .

1702 ഡിസംബർ 14 ന് ഒയിഷിയും കൂട്ടരും ഇഡോക്ക് വെളിയില ഉള്ള ഹോഞ്ഞോ എന്ന സ്ഥലത്ത് ഒത്തുകൂടി . ഒയിഷിയുടെ നാടോടി യോദ്ധാക്കളിലൊരാൾ കിരായുടെ വീടിന്റെ രൂപരേഖ മനസ്സിലാക്കാനായി അവിടുത്തെ ഒരു വേലക്കാരിയെ വിവാഹം കഴിച്ചിരുന്നു. അങ്ങനെ വീടിന്റെ രൂപരേഖ മനസ്സിലായ ഒയിഷിയും കൂട്ടരും തങ്ങളുടെ ആക്രമണ പദ്ധതി തയയാറാക്കി. ഒയിഷിയും കൂട്ടരും വീടിന്റെ മുന്പിലത്തെ കതകു വഴി ആക്രമിച്ചു കയറുമ്പോൾ ഒയിഷിയുടെ മകന്റെ നേതൃത്വത്തിൽ ഉള്ള സംഘം വീടിന്റെ പുറകു വശത്ത് നിന്നും ആക്രമിക്കും . ബുഷുഡോ ധാർമികത പാലിക്കാനും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരേയും അക്രമിക്കാതിരിക്കാൻ ശ്രദ്ധിക്കാനും ഒയിഷി കൂട്ടരെ ഉപദേശിച്ചു തങ്ങളുടെ കൂട്ടത്തിലെ ഓട്ടക്കാരനായ തെരസാക എന്ന യോദ്ധാവിനെ തങ്ങൾ പകരം വീട്ടാൻ പോകുന്ന വിവരം അകോയിൽ അറിയിക്കാൻ അയച്ചു . അങ്ങനെ ബാക്കിയുള്ള 46 യോദ്ധാക്കൾ 1703 ജനുവരി 30 ലെ രാത്രിയിൽ കിരായുടെ കൊട്ടാരം ആക്രമിച്ചു. വാളുകളും അമ്പും വില്ലും ആയിരുന്നു ഉപയോഗിച്ച ആയുധങ്ങൾ .രാത്രി കാവൽക്കാരെയും മറ്റു സമുറായികളെയും ഉൾപ്പടെ 40 പേരെ വധിച്ച സംഘം കൊട്ടാരം പിടിച്ചെടുത്തു .ഉണർന്നെണീറ്റ അയല്പക്കകാരെ തങ്ങൾ അസാനോക്ക് വേണ്ടി പകരം വീട്ടാൻ വന്നവരാണെന്നും കിരാ അല്ലാതെ മറ്റാരും ഭയപ്പെടേണ്ട കാര്യം ഇല്ല എന്നും അറിയിച്ചു. അപ്പോഴേക്കും ഭയന്ന് പോയ കിരാ നിലവറയിൽ ഒളിച്ചിരിക്കുകയായിരുന്നു . ഏകദേശം ഒരു മണിക്കൂറോളം വീട് അരിച്ചു പെറുക്കിയ സംഘം നിലവറയിൽ നിന്ന് കിരായെ കണ്ടു പിടിച്ചു. കിരായെ തിരിച്ചറിയാൻ സഹായമായതോ , അസാനോ കിരായുടെ മുഖത്തേൽപ്പിച്ച ആ പരിക്കും . കൊട്ടാരത്തിന്റെ മുൻവശത്തെത്തിച്ച കിരയെ മുട്ടുകുത്തി നിർത്തിച്ച് ശേഷം അസാനോ സെപ്പുക്കു അനുഷ്ഠിച്ച അതേ കത്തി ഒയിഷി കിരായുടെ കയിലേക്ക് വച്ച് കൊടുത്തു. കിരായുടെ അടുത്തേക്ക് അദ്ദേഹത്തിന്റെ പദവിയെ ബഹുമാനിച്ചിരുന്ന ഒയിഷി മുട്ടേൽ ഇഴഞ്ഞെത്തി . തങ്ങൾ വന്നത് ബുഷുഡോ ധർമപ്രകാരം അസാനോയുടെ മരണത്തിനു പകരം വീട്ടാനാണെന്ന് ബഹുമാനപൂർവം ഉണർത്തിച്ചു. തങ്ങൾ ചെയ്‌യുന്നത് യാതൊരു സമുറായിയും ചെയ്‌യേണ്ടതാണെന്നും കിരാ യഥാർത്ഥ സമുറായിയെ പോലെ സെപ്പുക്കു അനുഷ്ഠിക്കുകയാണ് വേണ്ടെതെന്നും അറിയിച്ചു. ഒരു യോദ്ധാവിന്റെ ചങ്കൂറ്റം ഇല്ലാത്ത നയതന്ത്രജ്ഞനായ കിരാ മടിച്ചു നിന്നു. തുടർന്ന് കിരായുടെ തല വെട്ടി മാറ്റി ഒയിഷി തങ്ങളുടെ ദൌത്യം പൂർത്തിയാക്കി .

എല്ലാം ആസൂത്രണം ചെയ്തതു പോലെ തന്നെ അവസാനിച്ചതോടെ 46 യോദ്ധാക്കളും കിരായുടെ വീടിന്റെ അംഗണത്തിൽ ഒത്തു കൂടി. കിരായുടെ 40 അംഗരക്ഷകർ വധിക്കപ്പെട്ടപ്പ്പോൾ ഒയിഷിയുടെ സംഘത്തിലെ 4 പേർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരം വെളുത്തതോടെ ഛേദിക്കപ്പെട്ട കിരായുടെ ശിരസ്സുമായി സംഘം പത്തു കിലോമീറ്റർ അകലെയുള്ള തങ്ങളുടെ യജമാനന്റെ ശവ കുടീരം സ്ഥിതി ചെയയുന്ന സേങ്ങാകുജി ക്ഷേത്രം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. ഈ സമയം ഒയിഷിയുടെ നേതൃത്വത്തിൽ ഉള്ള നാടോടി യോദ്ധാക്കളുടെ പ്രതികാര കഥ നാട് മുഴുവൻ പരന്നു. റൊണിൻ വീരന്മാരെ ഒരു നോക്ക്‌ കാണാൻ കിരായുടെ കൊട്ടാരം മുതൽ സേങ്ങാകുജി ക്ഷേത്രം വരെയുള്ള വഴിനീളെ ആളുകൾ നിറഞ്ഞു . ആർപ്പു വിളികലോടെ സമുറായ് വീരന്മാരെ വരവേറ്റ നാട്ടുകാർ അവർക്ക് ആഹാരവും ലഘു പാനീയങ്ങളും നൽകി ആദരിച്ചു. അസനോയുടെ ശവകുടീരത്തിൽ എത്തിയ ഒയിഷിയും സംഘവും കിരായുടെ അറുത്തെടുത്ത ശിരസ്സും അസാനോയുടെ കത്തിയും ശവകുടീരത്തിൽ വച്ചു തങ്ങളുടെ യജമാന് വേണ്ടി പ്രതികാരം പൂർത്തിയാക്കി . സേങ്ങാകുജി ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച് തങ്ങളുടെ കയിലുള്ള പണമെല്ലാം ക്ഷേത്രത്തിൽ കൊടുക്കുകയും തങ്ങൾക്കു നല്ലൊരു ശവദാഹം പ്രത്യുപകാരം ആയി ആവശ്യപ്പെടുകയും ചെയ്ത ശേഷം തങ്ങളുടെ അന്ത്യ വിധി കാത്ത് സംഘം അവിടെ തന്നെ ഇരിപ്പായി. തടവിലാക്കപ്പെട്ട നാടോടി യോദ്ധാക്കൾ അവരുടെ ശിക്ഷ വിധിക്ക് വേണ്ടി ഇഡോയിൽ തന്നെ ഉള്ള നാല് കൊട്ടാരങ്ങളിൽ താമസിക്കപ്പെട്ടു.

തങ്ങളുടെ ധീരത , യജമാന സ്നേഹം , പ്രതികാരം ചെയ്യാനുള്ള നിശ്ചയദാർഡ്യം എന്നിവ കാരണം ഈ നാടോടി യോദ്ധാക്കൾ പൊടുന്നനെ ദേശീയ നായകരും ബുഷുഡോ ധർമത്തിന്റെ പതാക വാഹകരും മാറി . പലരും ഇവർക്ക് മാപ്പ് കൊടുക്കണം എന്നു വാദിച്ചു. ഷോഗനും ഇവർക്ക് മാപ്പ് കൊടുക്കണം എന്ന പക്ഷക്കാരൻ ആയിരുന്നു . പക്ഷെ തങ്ങളിൽ ഒരുത്തനെ വധിക്കുകയും അതു വഴി രാജാജ്ഞ തന്നെ ധിക്കരിച്ച ഇവരെ വെറുതെ വിടാൻ രാജസഭ തയ്‌യാറായിരുന്നില്ല . അവർ 47 നാടോടി യോദ്ധാക്കൾക്കും വധശിക്ഷ വിധിച്ചു .പക്ഷെ ഷോഗൻ ഇടപെട്ടു ശിക്ഷ ഇളവു ചെയ്തു . അത് 46 നാടോടി യോദ്ധാകൾക്കും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് “സെപ്പുക്കു” ചെയ്യാൻ ഉള്ള അനുവാദം ആയിരുന്നു. അതോടൊപ്പം അസാനോയുടെ കുടുംബത്തിൻറെ പിടിച്ചെടുത്ത സ്വത്തും പദവികളും മടക്കി നല്കി . മാത്രവുമല്ല പ്രതികാര വാർത്ത‍ അറിയിക്കാൻ അകൊയിലേക്ക് അയച്ച തെരസാക എന്ന യോദ്ധാവിനെ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ല എന്ന ന്യായം പറഞ്ഞു വെറുതെ വിടുകയും അയാളുടെ സമുറായി പദവി തിരികെ നല്കി അസാനോയുടെ സമുറായി പാരംബര്യം കാത്തു സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ 1703 മാർച്ച്‌ 20 ന് ആ 46 വീര യോദ്ധാക്കൾ ഇഡോയിലെ രാജ കൊട്ടാരത്തിൽ വച്ച് സെപ്പുക്കു അനുഷ്ടിച്ച് വീരമരണം വരിച്ചു. ഒയിഷിയുടെ മകനായ 16 വയസ്സുകാരൻ ഒയിഷി ചികാര ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ഇളയവൻ . 46 നാടോടി യോദ്ധാക്കളും സേങ്ങാകുജി ക്ഷേത്രത്തിൽ തങ്ങളുടെ യജമാനന്റെ ശവ കുടീരത്തിനടുത്തു അടക്കം ചെയ്യപ്പെട്ടു. വെറുതെ വിടപ്പെട്ട തെരസാക 1747ൽ തന്റെ 87 ആം വയസ്സിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടൊപ്പം സേങ്ങാകുജി ക്ഷേത്രത്തിൽ തന്നെ അടക്കം ചെയ്യപ്പെട്ടു . ഇതു കൂടാതെ ഒരു യോദ്ധാവിന്റെ ശരീരം കൂടെ ഈ കൂട്ടത്തിൽ അടക്കം ചെയ്യപ്പെട്ടു. അത് മറ്റാരുമല്ല , ഒയിഷി മദ്യപിച്ചു വഴിയിൽ കിടന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തൊഴിക്കുകയും തുപ്പുകയും ചെയ്ത സത്സുമയിൽ നിന്നുള്ള ആ സമുറായി ആയിരുന്നു . സേങ്ങാകുജി ക്ഷേത്രത്തിൽ അസനോയുടെയും അദ്ദേഹത്തിന്റെ നാടോടി യോദ്ധാക്കളുടെയും ശവ കുടീരത്തിലെ ആദ്യ സന്ദർശകരിൽ ഒരാളായിരുന്ന ഇയാൾ അവിടെ വച്ച് പശ്ചാത്താപ വിവശനായി മാപ്പിരക്കുകയും തുടർന്ന് സെപ്പുക്കു അനുഷ്ടിക്കുകയും ചെയ്തു . ഇദ്ദേഹതിനെയും സേങ്ങാകുജി ക്ഷേത്രത്തിൽ നാടോടി യോദ്ധാക്കളോടൊപ്പം അടക്കം ചെയ്തു.

വാൽക്കഷ്ണം : കാര്യം തമ്മിൽ തല്ലൊക്കെ ആയിരുന്നു എങ്കിലും എപ്പോഴൊക്കെ ബാഹ്യ ശക്ത്തികളുടെ ആക്രമണം ഉണ്ടായോ അപ്പോളൊക്കെ ഷോഗന്റെ നേതൃത്വത്തിൽ സമുറായികൾ ഒന്നിച്ചു നിന്ന് ശത്രുക്കളെ നേരിട്ടു . അതു കൊണ്ട് തന്നെ ഒരു വിദേശ ശക്തിക്കും ഒരിക്കലും ജപ്പാന്റെ മണ്ണിൽ കാല് കുത്താൻ കഴിഞ്ഞിട്ടില്ല . ഒടുവിൽ അമേരിക്ക പോലൊരു വൻ ശക്തിക്കു പോലും ആണവായുധം വേണ്ടി വന്നു ആ പോരാളികളുടെ മണ്ണിൽ ആദ്യമായി ഒരു വിദേശ ശക്തിക്ക് കാല് കുത്താൻ .

കടപ്പാട് : – Ancient Black Ops – TV Series

 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ