കൂവളത്തിന്റെ ഔഷധഗുണങ്ങൾ

Share the Knowledge
koovalam

കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്ക് മികച്ച ഔഷധമാണ് കൂവളം.അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.കൂവളത്തിന്റെ വേര്‌ ദശമൂലാരിഷ്ടം , വില്വാദി കഷായം , വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത്‌ കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്‌. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും. അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ കൂവള സത്ത് ആസ്ത്മരോഗത്തിനും ഉപയോഗിക്കുന്നു.തേള്‍, പാമ്പ്, പഴുതാര മുതലായവ കടിച്ചാലുണ്ടാവുന്ന വിഷം ശമിപ്പിക്കുന്നതിന് കൊടുക്കുന്ന വില്വാദി ഗുളികയിലെ പ്രധാന ഘടകമാണ് കൂവളവേര്, ഛര്‍ദിക്ക് വളരെയേറെ ഗുണം ചെയ്യുന്നു. ഗര്‍ഭത്തിന്റെ ആരംഭത്തില്‍ യുവതികള്‍ക്കുണ്ടാവുന്ന ഛര്‍ദിക്ക് (മോണിങ് സിക്ക്‌നെസ്) കൂവളവേരും രാമച്ചം, മലര്‍ എന്നിവ 15 ഗ്രാം വീതം എടുത്ത് കഷായംവച്ച് കഴിച്ചാല്‍ മാറിക്കിട്ടും. ദശമൂലാരിഷ്ടത്തിനും തലയില്‍ തേച്ചുകുളിക്കുന്ന അസനവില്വാദി എണ്ണ എന്നിവയിലും കൂവളവേര് ഉപയോഗിക്കുന്നു. അഗ്നിമാന്ദ്യത്തിനും അസിഡിറ്റിക്കും കഴിക്കുന്ന വില്വാദി ലേഹ്യത്തിലെ പ്രധാന ചേരുവ കൂവളവേരാണ്.ചെങ്കണ്ണിന് കൂവളത്തില കണ്ണില്‍ വെച്ച് കെട്ടുന്നത് നല്ലതാണ്. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌.സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌. ഉഷ്ണവീര്യവും കൃമിഹരവും അതീവവിഷശമന ശക്തിയുമുള്ളതാണ് കൂവളം. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത്‌ സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. കൂവളത്തിലനീര് ചുക്കും തിപ്പലിയും പൊടിച്ചുചേര്‍ത്ത് കഴിച്ചാല്‍ കാമല (മഞ്ഞപ്പിത്തം) മാറുമെന്ന് ചരകസംഹിത.കൂവളത്തിലനീര് ദേഹത്ത് പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും. തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കള്‍ മാറുമെന്ന് ഭാവപ്രകാശം. ശരീരത്തിന് ദുര്‍ഗന്ധം, വിയര്‍പ്പുനാറ്റം ഒക്കെ ഉള്ളവര്‍ പതിവായി ഇതു മാത്രം ചെയ്താല്‍ മതിയാകും. അങ്ങനെയങ്ങനെ പറഞ്ഞാലും എഴുതിയാലും തീരാത്ത ഔഷധക്കലവറയാണു കൂവളമെന്ന ഈ മരം .

article_img600

ഇക്കാരണങ്ങളൊക്കെക്കൊണ്ടാകണം വൈദ്യനാഥൻ എന്നു പേരുള്ള ശിവന് കൂവളം അതിപ്രിയമായ വൃക്ഷമായത് . ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. ഇലയുടെ മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യവൃക്ഷമായി കൂവളത്തെ കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നു പറയുന്നത് ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് . ഔഷധസംബന്ധമായ ഇക്കാര്യങ്ങളിൽ വിശ്വാസം ചേർത്തുവെച്ചത് ആളുകൾ അതിനെ അനുസരിച്ചോളും എന്നതിനാലാകണം . പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നടീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്ത ശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുണം . പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. ചിത്തിര നക്ഷത്രത്തിന്റെ ജന്മവൃക്ഷമാണ് കൂവളം .

By : Greenvein

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ