ടർക്കി മാംസ വിപണിയിലെ പുതുരുചി

Share the Knowledge
turkey-580

ഇറച്ചിക്കുവേണ്ടി ഏറെ പ്രാധാന്യം ടർക്കി വളർത്തലിനുണ്ട്‌. കുറഞ്ഞ മുതൽ മുടക്ക്‌, കൂടിയ തീറ്റ പരിവർത്തന ശേഷി, ടർക്കിയിറച്ചിയിൽ മാംസ്യത്തിന്റെ അളവ്‌ കൂടുതൽ, ഇറച്ചിക്ക്‌ അധിക വില, വലിപ്പമുള്ള മുട്ട, ഉയർന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളർത്താം, വീട്ടു വളപ്പിൽ അഴിച്ചുവിട്ടും, വേലികെട്ടി തിരിച്ച സ്ഥലത്തും കൂടുകളിൽ ഡീപ്‌ ലിറ്റർ രീതിയിൽ വളർത്തുമ്പോൾ സമീകൃതാഹാരം നൽകേണ്ടതുണ്ട്‌.

പ്രധാന ഇനങ്ങൾ
ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസ്‌
ഇവയ്ക്ക്‌ കറുത്ത നിറമാണ്‌. പിടക്കോഴികളുടെ നെഞ്ചിലുള്ള തൂവൽത്തുമ്പുകൾക്ക്‌ വെളുത്ത നിറമാണ്‌. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തിൽ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തിൽ ഇവ ഏകദേശം 9-10 കിലോഗ്രാം വരെ തൂക്കം വയ്ക്കും. ഈ സമയത്ത്‌ ഇറച്ചിക്കായി വിൽക്കാം.

ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ലാർജ്ജ്‌ വൈറ്റ്‌
ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസും, വൈറ്റ്‌ ഹോളണ്ട്‌ എന്ന ഇനവും തമ്മിൽ സങ്കര പ്രജനനം നടത്തി ഉണ്ടായതാണിത്‌. വെളുത്ത നിറമുള്ള ഇവയ്ക്ക്‌ മറ്റുള്ള ടർക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാൻ കഴിവുണ്ട്‌. പിടകളെ 18-20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വിൽക്കാം.

ബെൽസ്‌വിൽ സ്മാൾ വൈറ്റ്‌
താരതമ്യേന ചെറിയ ടർക്കികളാണിവ. മുട്ടയുൽപാദനത്തിൽ മുന്നിലാണ്‌. വർഷത്തിൽ 70-120 മുട്ടകൾവരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്‌. മെച്ചപ്പെട്ട പരിചരണം നൽകിയാൽ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തിൽ കമ്പോളത്തിലിറക്കാം.
കൂട്ടിലിട്ടും അഴിച്ചു വിട്ടും വളർത്താം. വീട്ടുപറമ്പിൽ വേലികെട്ടി അഴിച്ചുവിട്ട്‌ വളർത്തുന്നതാണ്‌ ലാഭകരം. അഴിച്ചുവിട്ടു വളർത്തുമ്പോൾ തീറ്റച്ചിലവ്‌ 20 മുതൽ 25 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. കൂട്ടിലിട്ടു വളർത്തുമ്പോൾ ഉയർന്ന തീററ പരിവർത്തനശേഷിയും വളർച്ച നിരക്കും ലഭിക്കും. കശുമാവിൻ തോപ്പിലും, തെങ്ങിൻതോട്ടത്തിലും അഴിച്ചുവിട്ട്‌ വളർത്താം. ചുറ്റും വേലികെട്ടണം ഇങ്ങനെ വളർത്തുമ്പോൾ രാത്രി സമയത്ത്‌ പാർപ്പിക്കാനായി ചെലവ്‌ കുറഞ്ഞ കൂട്‌ ഉണ്ടാവണം. ഒരു ടർക്കിക്ക്‌ 0.37 ചതുരശ്ര മീറ്റർ സ്ഥല ലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങൾ കൂട്ടിൽ മാത്രം വയ്ക്കണം. പകൽ സമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീർവാർച്ചയുള്ളതുമായ പ്രദേശത്ത്‌ മാത്രമേ ഈ രീതി നടപ്പിലാക്കാൻ സാധിക്കൂ. കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക്‌ ഉയരത്തിൽ പറന്നിരിക്കാനുള്ള സൗകര്യം (റുസ്റ്ററുകൾ) നൽകണം. 2-3 ഇഞ്ച്‌ വ്യാസമുള്ള തടികൾ ഇതിനായി സ്ഥാപിക്കണം.
ഡീപ്പ്‌ ലിറ്റർ സമ്പ്രദായത്തിലും ടർക്കികളെ വളർത്താം. ഡീപ്പ്‌ ലിറ്റർ രീതിയിൽ ഇണചേരാൻ പാകത്തിനാണ്‌ ടർക്കികളെ പാർപ്പിക്കുന്നതെങ്കിൽ ഒരെണ്ണത്തിന്‌ 0.93 ചതുരശ്രമീററർ എന്ന നിരക്കിൽ സ്ഥലം നൽകണം. പിടകളെ മാത്രമാണ്‌ പാർപ്പിക്കുന്നതെങ്കിൽ 0.51 ചതുരശ്ര മീറ്റർ മതിയാകും. കൂടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.
ഉയർന്ന വളർച്ചനിരക്കുള്ളതിൽ ടർക്കി തീറ്റയിൽ മാംസ്യവും, ജീവകങ്ങളും, ധാതുലവണങ്ങളും കൂടുതൽ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങൾ, വളരുന്ന ടർക്കികൾ, മുതിർന്നവ എന്നിവയ്ക്ക്‌ പ്രത്യേക തീറ്റ നൽകേണ്ടതാണ്‌. കുഞ്ഞുങ്ങൾക്ക്‌ – എട്ട്‌ ആഴ്ച പ്രായംവരെ 29% മാംസ്യം, 1.1% കാത്സ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ സ്റ്റാർട്ടർ തീറ്റ നൽകണം. വളരുന്നവയ്ക്ക്‌ എട്ടാഴ്ച പ്രായം മുതൽ 20% മാംസ്യം, 1% കാത്സ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ ഗ്രോവർ തീറ്റ നൽകണം. അരിയും, ഗോതമ്പും എട്ട്‌ ആഴ്ച കഴിഞ്ഞാൽ തിന്നു തുടങ്ങും. പ്രജനനത്തിനുള്ള ടർക്കികൾക്കുള്ള തീറ്റ – പ്രജനനത്തിനുപയോഗിക്കുന്ന ടർക്കികൾക്ക്‌ മുട്ടയിടുന്നതിന്‌ ഒരു മാസത്തിന്‌ മുമ്പേ പോഷക സമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയിൽ 16-18% മാംസ്യം, 2.3% കാത്സ്യം, 1% ഫോസ്ഫറസ്‌ എന്നിവ ഉണ്ടായിരിക്കും.
ടർക്കി ഒരു വർഷം 70-120 മുട്ടകൾ ഇടും. മുട്ടയുടെ തൂക്കം 70-90 ഗ്രാം ആണ്‌. മുട്ടയുടെ തോടിൽ ഇളംതവിട്ടു മുതൽ കടുംതവിട്ടുവരെ നിറത്തിലുള്ള പുള്ളികൾ കാണുന്നു.

മനുഷ്യശരീരത്തിന്‌ അത്യന്താപേക്ഷിതമായ എട്ട്‌ അമിനോ അമ്ലങ്ങൾ ടർക്കിമുട്ടയിലും ഇറച്ചിയിലും ഉണ്ട്‌. കൊഴുപ്പമ്ലങ്ങൾ നല്ലൊരുഭാഗവും അപൂരിതങ്ങളാണ്‌. ടർക്കിയിറച്ചി പോഷക സമൃദ്ധവും സ്വാദേറിയതുമായ ഒരു സമീകൃതാഹാരമാണ്‌. ടർക്കിമുട്ടയിലെ മാംസ്യവും കൊഴുപ്പും എളുപ്പം ദഹിക്കുന്നു. നമ്മുടെ നാട്ടിൽ ടർക്കി ഇറച്ചി ആവശ്യത്തിനനുസരിച്ച്‌ കിട്ടുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കൊല്ലം കുരീപ്പുഴയിലുള്ള ഫാമാണ്‌ കേരളത്തിൽ ഈ മേഖലയിൽ ടർക്കികളെ വളർത്തുന്ന കേന്ദ്രങ്ങളിലൊന്ന്‌.

ഡോ. സാബിൻ ജോർജ്ജ്‌

(ലേഖകൻ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

=================================================

ആഹാരത്തിലുള്‍പ്പെടുത്തുന്ന മാംസം ഇതര ഇറച്ചികളേക്കാള്‍ ആരോഗ്യത്തിന് വേണ്ടുന്നതിലധികം ജീവകങ്ങളും ധാതുലവണങ്ങളും നല്‍കുന്നതാണെങ്കില്‍ അത്തരം ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടും. ഇതാണ് ടര്‍ക്കിയിറച്ചിയുടെ പ്രത്യേകത. ടര്‍ക്കിയിറച്ചിക്കു മാത്രം അവകാശപ്പെടാന്‍ ഇനിയും സവിശേഷതകളേറെ. മാംസ്യ (പ്രോട്ടീന്‍) കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്‌ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം. ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ടര്‍ക്കി ഇറച്ചിക്ക് മറ്റേത് പൗള്‍ട്രി ഇറച്ചിയേക്കാളും കമ്പോളത്തില്‍ വിലയുണ്ട്. ശരീരത്തിനാവശ്യമായ ജീവകം എ,ബി, 2 സി എന്നിവയും കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ധാതുക്കളും ഇറച്ചിയിലടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങള്‍ നല്‍കുന്ന രുചികരമായ ഒരു സമീകൃതാഹാരമാണ് ടര്‍ക്കിയിറച്ചി. turkeyടര്‍ക്കി മുട്ടയ്ക്കും സവിശേഷതകളുണ്ട്. മുട്ടയിലെ പ്രോട്ടീന്‍ അതിവേഗം ദഹിക്കും. കൊഴുപ്പമ്ലങ്ങള്‍ നല്ലൊരു ശതമാനവും അപൂരിതങ്ങളാണ്. എളുപ്പം ദഹിക്കുമെന്നതിനാല്‍ ഇതര ഇറച്ചികളേക്കാള്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം. നമ്മുടെ നാട്ടില്‍ കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. തുടക്കത്തില്‍ വിനോദത്തിനും ക്രമേണ ഒരു തൊഴിലോ ഉപതൊഴിലോ ആയും ടര്‍ക്കികളെ വളര്‍ത്താം. കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടര്‍ക്കികള്‍ക്കു ഏറെ പ്രത്യേകതകളുണ്ട്. തീറ്റപരിവര്‍ത്തനശേഷി ഇതിന് വളരെ കൂടുതലാണ്. കോഴികളെ സാധാരണ ബാധിക്കുന്ന രോഗങ്ങള്‍ ടര്‍ക്കിയില്‍ കാണാറില്ല. രോഗപ്രതിരോധശേഷിയും ഇവയ്ക്കു കൂടുതല്‍. ഏതു കാലാവസ്ഥയും അതിജീവിക്കും. വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ചും കൂടുകളില്‍ ഡീപ്പ് ലിറ്റര്‍ രീതിയിലും ടര്‍ക്കി വളര്‍ത്താം. എളുപ്പത്തില്‍ ദഹിക്കുമെന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും ടര്‍ക്കികളെ വളര്‍ത്തുന്നത്. ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രസ്റ്റഡ് ലാര്‍ജ് വൈറ്റ്, ബെല്‍സ്‌വില്‍ സ്മാള്‍ വൈറ്റ്, ബ്ലാക്ക് നോര്‍ഫോക്ക്, അബേണ്‍ ബോര്‍ബണ്‍ റെഡ്, ആഴ്‌സിബഫ് എന്നിവ അംഗീകൃത ഇനങ്ങളാണ്. അംഗീകരിക്കപ്പെടാത്ത ഇനങ്ങളും വേറെയുണ്ട്. ഇവ 78 ആഴ്ച യാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. 80 മുതല്‍ 100 മുട്ടവരെ ശരാശരി ലഭിക്കും. 10 മാസം മുതല്‍ 1 വര്‍ഷം പ്രായത്തില്‍ പൂവനെ ഇറച്ചിയ്ക്ക് വില്‍ക്കാം. ഈ സമയം 12-15 കി.ഗ്രാം തൂക്കമുണ്ടാകും. ടര്‍ക്കിയിറച്ചിക്ക് 220-250 രൂപ വരെ കമ്പോളത്തില്‍ വിലയുണ്ട്. പോഷകസമൃദ്ധമായതിനാല്‍ ഇറച്ചിക്കും മുട്ടയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. രോഗങ്ങള്‍ പൊതുവെ കുറവായതിനാല്‍ രോഗപ്രതിരോധ കുത്തിവയ്പുകള്‍ക്ക് പ്രാധാന്യമില്ല. തീറ്റ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതുകൊണ്ട് തീറ്റയില്‍ പ്രോട്ടീനിന്റെ (മാംസ്യം) അളവ് കൂട്ടണം. മാംസ്യം കുറഞ്ഞ തീറ്റ വളര്‍ച്ചാനിരക്ക് കുറയ്ക്കും. ആദ്യത്തെ 8 ആഴ്ച വരെ കൊടുക്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 2628 ശതമാനം മാംസ്യം, 1.5 ശതമാനം കാത്സ്യം, 1.1 ശതമാനം ഫോസ്ഫറസ് എന്നിവ വേണം. ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ മുട്ട പുഴുങ്ങിപ്പൊടിച്ചു കൊടുക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 10 എണ്ണത്തിന് 1 മുട്ട ഒരു മാസം വരെ. മുരിങ്ങയില കൂടെ ചേര്‍ത്തു നല്‍കിയാല്‍ കാത്സ്യം ലഭിക്കും. കൂടാതെ പോളിബയോണ്‍ പോലുള്ള വിറ്റാമിന്‍ മരുന്നുകളും നല്‍കണം. എട്ടാഴ്ച പ്രായമായാല്‍ വളര്‍ച്ചയ്ക്കുള്ള ഗ്രോവര്‍ തീറ്റയാണ് നല്‍കേണ്ടത്. 20-22 ശതമാനം മാംസ്യവും 1.1 ശതമാനം കാത്സ്യം, 0.7 ശതമാനം ഫോസ്ഫറസ് എന്നിവ ഗ്രോവര്‍ തീറ്റയില്‍ ഉണ്ടായിരിക്കണം. അടച്ചിട്ടു വളര്‍ത്തുന്നവയ്ക്ക് പച്ചപ്പുല്ല് നല്‍കണം. ഏതു പ്രായത്തിലുള്ളവയ്ക്കാണെങ്കിലും ശുദ്ധജലം എപ്പോഴും ഉറപ്പാക്കണം. 16 ആഴ്ചയ്ക്കുമേല്‍ പ്രായമുള്ളവയ്ക്ക് നല്‍കുന്ന തീറ്റയില്‍ 16-18 ശതമാനം മാംസ്യം വേണം. കാത്സ്യം ടോണിക്കോ കക്കത്തോടോ നിര്‍ബന്ധമായും നല്‍കണം. ടര്‍ക്കി വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം ചെറിയ മൂലധനം മാത്രം ആവശ്യമുള്ള ഒരു സംരംഭമാണ് ടര്‍ക്കിവളര്‍ത്തല്‍. ടര്‍ക്കി വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ അതിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുവേണം തുടങ്ങാന്‍. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും ടര്‍ക്കി വളര്‍ത്തലില്‍ പരിശീലനം ലഭിക്കും. ടര്‍ക്കി കുഞ്ഞുങ്ങളെ ലഭിക്കാന്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ക്കിഫാമില്‍നിന്നും ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ 65 രൂപ നിരക്കിലും ഒരു മാസം പ്രായമായവയെ 150 രൂപ നിരക്കിലും രണ്ട് മാസം പ്രായമായവയെ 200 രൂപ നിരക്കിലും ലഭിക്കും. അട മുട്ടയ്ക്ക് 25 രൂപയാണ വില. ഒരു ദിവസം പ്രായമുള്ളവയെ വാങ്ങുമ്പോള്‍ കൃത്രിമ ചൂടു നല്‍കണം .

By :  ഞാന്‍ കര്‍ഷകന്‍ . I am Farmer

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ