പുരവഞ്ചിയില്‍ കയറിവരുന്ന മരണവാറണ്ട്!

Share the Knowledge

വേമ്പനാട്ടുകായലില്‍ പാതിരാമണല്‍ എന്നൊരു വലിയ ദ്വീപ്‌ ഉണ്ട്. ഐതിഹ്യമാണെങ്കിലും ആ തുരുത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഒരു സദുദ്ദേശപരമായ കഥയുണ്ട്. ഏതോ ഒരു ദിവ്യന്‍ (വില്വമംഗലത്ത് സ്വാമിയാര്‍ ആണെന്ന് തോന്നുന്നു) വൈക്കത്ത്നിന്നും കായലിലൂടെ തെക്കോട്ട് വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍ നടുക്കായലില്‍ വച്ച് കലശലായി മൂത്രശങ്ക ഉണ്ടായി. ജലാശയത്തില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ഹീനകൃത്യമായി കരുതിയിരുന്നതിനാല്‍ അദ്ദേഹം ജലത്തില്‍ മൂത്രമൊഴിക്കാന്‍ തയ്യാറായില്ല. കരയടുക്കുംവരെ പിടിച്ചുനില്‍ക്കാനുമാവില്ല. അതിനാല്‍ കായലില്‍ മണ്ണ് അല്‍പ്പം ഉയര്‍ന്നുകണ്ട ഇടത്ത് ഇറങ്ങി ചേറ് വാരിവച്ച് ഒരു തുരുത്ത് ഉണ്ടാക്കി അതിനു മുകളിലായി മൂത്രമൊഴിച്ചു. അത്പില്‍ക്കാലത്ത് പാതിരാമണല്‍ ആയത്രേ!!! തീര്‍ത്തും യുക്തിസഹമല്ലാത്ത അവിശ്വസനീയമായ കെട്ടുകഥ. പക്ഷേ, ജലാശയത്തെയും ജലത്തെയും പരിപാവനമായി കണ്ടിരുന്ന മനുഷ്യസംസ്കാരത്തിന്റെ നന്മ ഈ കെട്ടുകഥയില്‍ ഒളിഞ്ഞിരിക്കുന്നു.

പുരവഞ്ചികള്‍ വന്നതോടെ വിനോദസഞ്ചാരികളുടെ വിഷയാസക്തി ലഘൂകരിക്കാനും വിസര്‍ജ്യങ്ങള്‍ നിക്ഷേപിക്കാനും പറ്റിയ ഇടമായി വേമ്പനാട്ടുകായല്‍ മാറി. വേമ്പനാട്ടുകായലിലെ ജലത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ രൂപാന്തരം പ്രാപിച്ച് കടുകുമണികള്‍ പോലെ കാണപ്പെടുന്നു. അടിത്തട്ടിലേയ്ക്ക് അടിയുന്ന മാലിന്യങ്ങള്‍ കക്കകള്‍ക്ക് ഭക്ഷണമാകുന്നു. കക്കയിറച്ചി സ്ഥിരമായി കഴിക്കുന്നവരില്‍ ഗൌരവതരമായ മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചിയില്‍ വേമ്പനാട്ട്കായലില്‍ കുളിച്ചതുമൂലം അമീബ ശരീരത്തില്‍ കടന്നുകയറി ഒരു കുട്ടി മരണപ്പെട്ടത് അടുത്ത നാളിലാണ്.

കുട്ടനാട്ടില്‍ ഓരോ കൃഷിക്കാലത്തും കലക്കുന്ന കീടനാശിനികള്‍ ആയിരിക്കാം ജൈവമാലിന്യത്തില്‍ നിന്നുള്ള അണുക്കളെ തല്‍ക്കാലമെങ്കിലും നിര്‍വീര്യമാക്കുന്നത് എന്നു തോന്നുന്നു. മീനുകളും കക്കയുമടക്കമുള്ള എല്ലാ ജീവജാലങ്ങളും നാശത്തോട് അടുത്തുകഴിഞ്ഞു. ഏതായാലും പല വഴിക്കും നാം കായലിനെയും അതുമായി ബന്ധപ്പെട്ട നദികളെയും നശിപ്പിച്ചുകഴിഞ്ഞു. കുടിക്കാന്‍ വെള്ളം വേണം!! പക്ഷേ, നദിയും തോടും കായലുമൊക്കെ ഇനി മാലിന്യം തള്ളാനുള്ള ഇടമാക്കിയേ പറ്റൂ എന്ന “പ്രായോഗിക നിലപാടി”നാണ് കൂടുതല്‍പിന്തുണ!!! വരുംകാലത്ത് ഉണ്ടാകാവുന്ന മഹാവിപത്തിനെ കുറിച്ച് കുറെ ആളുകളെങ്കിലും ആശങ്കപ്പെട്ടിരുന്നെങ്കില്‍….

(ചിത്രത്തിന്കടപ്പാട്: പ്രദീപ് അയ്മനം Pradeep Aymanam)

Written by Rajeev Pallikkonam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ