ജീവസിദ്ധി-ലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ചാരൻ

Share the Knowledge

(JeevaSidhi (320-283 BCE ) – First ever known undercover spy )

ഒരു രാജ്യത്തിൻ്റെ ഭാവിയും രാജാവിൻ്റെ ജീവനും സംരക്ഷിക്കുന്ന ഒരു സംഘം ചാരന്മാരും ഈ സംഘത്തിൻ്റെ തലച്ചോറായി കഴിവുറ്റ ഒരു നേതാവും. പരസ്പരസമ്പർക്കം ഇല്ലാത്ത ഈ ചാര ശൃഖലയുടെ കണ്ണികളായി ചാരന്മാരെ നിരീക്ഷിക്കുന്ന മറു ചാരന്മാരും (counter spies) , പ്രത്യേകം ഉണ്ടാക്കിയെടുത്ത ചാര ആയുധങ്ങളും , അവരുടെ ഏകീകൃത നേതൃത്വവും. പറഞ്ഞു വരുന്നത്‌ ആധുനിക ലോകത്തിലെ വൻ ശക്തികളെ പറ്റി ഒന്നും അല്ല, മഹാനായ അലക്സാണ്ടറിൻ്റെ കാലഘട്ടത്തിലെ ശക്തിശാലിയായ ഒരു നാട്ടു രാജ്യത്തെ പറ്റിയാണ് . മറ്റെങ്ങുമല്ല നമ്മുടെ ഭാരതത്തിൽ. നാട്ടു രാജ്യത്തിൻറെ പേര് മഗധം , രാജാവ് ചന്ദ്രഗുപ്‌ത മൗര്യൻ , രാജ്യത്തിനെയും രാജാവിനെയും സംരക്ഷിച്ചു നിർത്തിയ ചാര സംഘടനയുടെ തലച്ചോറ് മറ്റാരുമല്ല സാക്ഷാൽ ചാണക്യൻ. ഭാരതത്തിലെ പരസ്പരം പോരടിച്ചു വിഘടിച്ചു നിൽക്കുന്ന 16 നാട്ടുരാജ്യങ്ങളെയും ഏകീകരിക്കാം എന്ന ആശയവുമായി വിഷ്ണു ഗുപ്തൻ ,കൗടില്യൻ എന്നീ പേരുകളിൽ കൂടെ അറിയുന്ന ചാണക്യൻ ആദ്യം എത്തിയത് മഗധത്തിലെ ധന നന്ദ രാജാവിന് മുൻപിലായിരുന്നു.എന്നാൽ വിഷയ തല്പരനായ നന്ദൻ ചാണക്യനെ ആട്ടിപ്പുറത്താക്കുകയും, ചാണക്യൻ ചന്ദ്രഗുപ്ത മൗര്യൻ എന്ന മിടുക്കനായ യുവാവിനെ കൂട്ട് പിടിച്ചു നന്ദൻമാരെ വധിച്ചു മഗധത്തിൻ്റെ ഭരണം പിടിച്ചെടുത്തതുമായ കഥകൾ നമുക്കെല്ലാവർക്കും അറിയാം .നന്ദന്മാരുടെ കുട്ടികളെയും വൃദ്ധരായ മാതാപിതാക്കളെയും ഉൾപ്പടെ സകല ബന്ധുക്കളെയും ചാരന്മാരുടെ സഹായത്താൽ വധിച്ച ചാണക്യൻ ചന്ദ്രഗുപ്ത മൗര്യന് നേരെ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള സകല ഭീഷണികളും ഇല്ലാതാക്കി. അപ്പോഴും ചാണക്യന് വെല്ലുവിളിയായി ചന്ദ്ര ഗുപ്തൻ്റെ വധം ജീവിത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ശക്തി നിരന്തരം ചാണക്യൻ്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. നന്ദന്മാരുടെ കൂട്ടക്കൊലകൾക്കിടയിലും സ്വന്തം കുടുംബവുമായി മഗധ വിട്ടോടിയ രാക്ഷസൻ എന്നറിയപ്പെടുന്ന നന്ദന്മാരുടെ പ്രധാന മന്ത്രി അമാത്യ രാക്ഷസൻ .

രാക്ഷസൻ്റെ യഥാർത്ഥ പേര് കാത്യാനൻ എന്നായിരിക്കണം എന്നാണ് ചരിത്രകാരുടെ അഭിപ്രായം . ഇദ്ദേഹം തൻ്റെ ധൈര്യം , ശക്തി, കൗശലം എന്നീ രാക്ഷസഃ ഗുണങ്ങൾ കാരണം രാക്ഷസൻ എന്ന പേരിൽ നന്ദന്മാരുടെ പ്രധാന മന്ത്രിയായി അറിയപ്പെട്ടു . നന്ദമാരുടെ മരണത്തിനു ശേഷവും അവരോടു അതിയായ വിശ്വസ്തതയും കൂറും പുലർത്തിയിരുന്ന രാക്ഷസൻ, നന്ദന്മാർക്കു വേണ്ടി ചന്ദ്രഗുപ്ത മൗര്യനെ വധിക്കും എന്ന ദൃഢ പ്രതിജ്ഞ ചെയ്യുക മാത്രമല്ല പല പ്രാവശ്യം അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. ബുദ്ധി കൂർമതയിലും , നയതന്ത്രജ്ഞതയിലും , കൗശലതയിലും , രാജാവിനോടുള്ള ഒടുങ്ങാത്ത വിശ്വസ്തതയിലും ചാണക്യനോടൊപ്പം തന്നെ നിൽക്കുന്ന രാക്ഷസൻ ചാണക്യനൊത്തൊരു എതിരാളി തന്നെയായിരുന്നു. രാക്ഷസനെ സംബന്ധിച്ചിടത്തോളം ചാണക്യൻ്റെ പദ്ധതി പക്ഷെ മറ്റൊന്നായിരുന്നു . മഹാബുദ്ധിമാനും അതി വിശ്വസ്തനും ആയ രാക്ഷസനെ തങ്ങളുടെ പക്ഷത്തേക്കെത്തിച്ചാൽ മഗധ സാമ്രാജ്യം അതിശക്തവും സുരക്ഷിതവും ആകുമെന്നറിയാവുന്ന ചാണക്യൻ അതിനായുള്ള കരുക്കൾ നീക്കിത്തുടങ്ങി . രാക്ഷസനെ കൊല്ലുക അല്ല ജയിക്കുക ആയിരുന്നു ചാണക്യൻ്റെ ലക്‌ഷ്യം.

മഗധക്ക് വെളിയിൽ ഏതോ ഒളിത്താവളത്തിൽ തൻ്റെ സൈനികരോടൊത്തു താമസിക്കുന്ന രാക്ഷസൻ്റെ ഒളിത്താവളത്തിലേക്ക് ഒരു രഹസ്യ ചാരനെ തിരുകി കയറ്റുകയായിരുന്നു രാക്ഷസനെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ആദ്യ പടി. ഇതിനു വേണ്ടി ചാണക്യൻ തൻ്റെ സുഹൃത്തും ശിഷ്യനുമായ ഇന്ദു ശർമനെ തിരഞ്ഞെടുത്തു .രാക്ഷസൻ്റെ ഒളിത്താവളത്തിലേക്കു നുഴഞ്ഞു കയറാൻ വേണ്ടി ഒരു ജൈന സന്യാസിയായി വേഷം മാറിയ ഇന്ദു ശർമൻ ജീവസിദ്ധി എന്ന പുതിയ പേര് സ്വീകരിച്ചു. ഏതു വീട്ടിലും ഒരു ജൈന സന്യാസിക്ക് ധൈര്യമായി ചെന്ന് കയറി ഭിക്ഷ ചോദിക്കാം എന്ന സൗകര്യം ഉപയോഗിച്ച് രാക്ഷസൻ്റെ ഒളിത്താവളത്തിൽ ചെന്ന് കയറാം എന്നായിരുന്നു ജീവസിദ്ധിയുടെ പദ്ധതി. ഇന്നത്തെ ആധുനിക ചാരന്മാരെ പോലെത്തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള മയക്കു പൊടികൾ പോലുള്ള “ഒളിയായുധങ്ങൾ ” ജീവ സിദ്ധി കൈവശം വച്ചിരുന്നു . രാജ്യം മൊത്തം തൻ്റെ ചാര ശൃംഖല സജീവമാക്കിയിരുന്ന ചാണക്യൻ ജീവ സിദ്ധിയുടെ പുറകെ അദ്ദേഹത്തിനെ നിരീക്ഷിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ സംരക്ഷിക്കാനും മറു ചാരന്മാരെ ( counter spies ) ജീവ സിദ്ധി പോലും അറിയാതെ നിയോഗിച്ചു . വേഗ ശർമ്മ , സിദ്ധാർത്ഥ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ ചാരന്മാർ രാക്ഷസൻ്റെ സൈന്യത്തിൽ കയറി പ്പറ്റി. ഈ മൂന്നുപേർക്കും പരസ്പരം ഒരു സമ്പർക്കവും ഇല്ലായിരുന്നു എന്ന് മാത്രമല്ല ചാണക്യന് മാത്രമേ ഇവരുടെ പ്രവർത്തികളുടെ പൂർണ രൂപം ഉണ്ടായിരുന്നുള്ളു .ജീവസിദ്ധി എന്ന ജൈന സന്യാസിയെപ്പറ്റിയും അദ്ദേഹത്തിൻ്റെ ജ്യോതിഷത്തിലുള്ള അപാര കഴിവുകളെപറ്റിയും ചാണക്യൻ്റെ ചാരന്മാർ രാജ്യമൊട്ടുക്കും കള്ള കഥകൾ ചമച്ചു വിട്ടു. ജ്യോതിഷത്തിൽ അതിരു കടന്നു വിശ്വസിച്ചിരുന്ന രാക്ഷസൻ ചാണക്യൻ വരച്ച വലയിൽ കൃത്യമായി തന്നെ വീണു.

ഭിക്ഷക്കെന്ന വ്യാജേനെ രാക്ഷസൻ്റെ സങ്കേതത്തിൽ എത്തിപ്പെട്ട ജീവസിദ്ധിയെന്ന “മഹാജ്യോതിഷിയെ” രാക്ഷസൻ തിരിച്ചറിഞ്ഞു. രാക്ഷസൻ്റെ വിശ്വാസം ആദ്യം തന്നെ പിടിച്ചു പറ്റുന്നത് എത്രത്തോളം പ്രധാനമാണ് എന്ന് നന്നായറിയാവുന്ന ജീവസിദ്ധി രാക്ഷസൻ്റെ ഗൃഹ നില ഗണിച്ചു പറയുന്നതിനിടയിൽ തൻ്റെ തുറുപ്പു ചീട്ടിറക്കി. വർഷങ്ങൾക്കു മുൻപ് ധന നന്ദ രാജാവിനെ എതിർത്ത ഒരു ബ്രാഹ്മണനെ കൊട്ടാരത്തിൻ്റെ ഇപ്പോഴും അടച്ചിട്ടിരിക്കുന്ന ഒരു മുറിയിൽ വച്ച് വധിച്ചിട്ടുണ്ടെന്നും രാക്ഷസൻ്റെ യും നന്ദന്മാരുടെയും പരാജയത്തിന് ഒരു കാരണം ഈ ഹത്യയുടെ പാപം ആണെന്നും രാക്ഷസൻ്റെ ഗൃഹ നില നോക്കി ജീവസിദ്ധി പറഞ്ഞു . കൊട്ടാരത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവം നന്ദന്മാർക്കും രാക്ഷസനും മാത്രമേ അറിവുണ്ടായിരുന്നുള്ളു. ചാണക്യൻ രഹസ്യമായറിഞ്ഞ ഈ വിവരം അദ്ദേഹം ജീവ സിദ്ധിക്ക് കൈമാറിയിരുന്നു .ചകിതനായ പോയ രാക്ഷസനു ഈ മഹാരഹസ്യം ഗണിച് പറഞ്ഞ ജൈന ഭിക്ഷുവിനെ പൂർണ വിശ്വാസമാകുകയും തൻ്റെ ഉപദേശകനായി കൂടെ താമസിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു . മാത്രമല്ല തൻ്റെ എല്ലാ ഗൂഢാലോചനകളിലും പങ്കെടുപ്പിക്കുകയും ചെയ്തു .

ചന്ദ്ര ഗുപ്ത മൗര്യനെ വിഷം കൊടുത്തു കൊല്ലാനുള്ള ഗൂഢാലോചന നടത്തിയ രാക്ഷസൻ ഇതിനു പറ്റിയ സമയം ഗണിച്ചു പറയാൻ ജീവ സിദ്ധിയോടാവശ്യപ്പെട്ടു . ചൊവ്വയുടെ ദിശമാറ്റം അനുസരിച് കാര്യം നടത്തിയാൽ ഒരു മരണം ഉറപ്പാണെന്ന് ജീവസിദ്ധി ഗണിച്ചു പറഞ്ഞോതോടൊപ്പം തന്നെ ചാണക്യനെ വിവരവും അറിയിച്ചു. അഭയദത്തൻ എന്ന കൊട്ടാരം വൈദ്യനെ വിലക്കെടുത്ത രാക്ഷസൻ ഒരു ആയുർവേദ മരുന്നെന്ന വ്യാജേനെ ചന്ദ്ര ഗുപ്തന് വിഷം നിറഞ്ഞ മരുന്ന് കൊടുത്തു. ജീവസിദ്ധി വഴി വിവരം ലഭിച്ച ചാണക്യൻ തക്ക സമയത്തു ഇടപെട്ട് വൈദ്യനെ കൊണ്ട് തന്നെ വിഷം കുടിപ്പിച്ചു. അങ്ങനെ ജീവ സിദ്ധിയുടെ പ്രവചനവും സത്യമായി രാജാവിൻ്റെ ജീവനും രക്ഷപ്പെട്ടു.

വിഷ പ്രയോഗം പരാജയപ്പെട്ട രാക്ഷസൻ്റെ അടുത്ത പ്രയോഗം ആയിരുന്നു വിഷ കന്യക. വിഷ കന്യകമാർ ചെറുപ്പത്തിലേ അല്പം വിഷം സേവിച്ചു തുടങ്ങും എന്നും യൗവന യുക്തകളാകുമ്പോൾ ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ മരിച്ചു പോകും എന്നൊക്കെയാണ് കേട്ട് കേൾവി എങ്കിലും , യഥാർത്ഥത്തിൽ ഇവർ തങ്ങളുടെ ലൈംഗിക അവയത്തിനുള്ളിൽ വിഷം ഒളിപ്പിച്ചു വച്ച് തരം കിട്ടുമ്പോൾ ഈ വിഷപ്രയോഗത്തിലൂടെ ശത്രുവിനെ കൊന്നൊടുക്കുന്നവർ ആകാനാണ് സാധ്യത. ജീവസിദ്ധിയിൽ നിന്നും കൃത്യമായി വിവരം കിട്ടിയ ചാണക്യൻ രാക്ഷസൻ്റെ വിഷ കന്യകാ പ്രയോഗത്തിനെ മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ തീരുമാനിച്ചു . നന്ദന്മാരെ തോൽപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ മഗധത്തിൻ്റെ പകുതി വാഗ്ദാനം കൊടുത്ത്‌ പർവ്വതകൻ എന്ന അയൽ രാജാവിൻ്റെ സഹായം തേടിയിരുന്നു. കാര്യം സാധിച്ചതോടെ പർവ്വതകാനെ ഒഴിവാക്കാൻ കാത്തു നിന്ന ചാണക്യൻ , രാക്ഷസൻ അയച്ച വിഷ കന്യകയെ പർവതകന് സമ്മാനിച്ചു . വിഷകന്യകയാൽ പർവതകൻ കൊല്ലപ്പെട്ടതോടെ പർവതകൻ്റെ പുത്രനായ മലയകേതുവും രാക്ഷസൻ്റെ ശത്രുവായി. എന്നിട്ടും രാക്ഷസൻ പിന്തിരിഞ്ഞില്ല. തൻ്റെ ചില സുഹൃത്തുക്കൾ വഴി ചന്ദ്രഗുപ്‌ത മൗര്യന് ഒരു കണ്ണാടി മാളിക സമ്മാനിച്ച് അതിൽ തൻ്റെ പടയാളികളെ ഒളിപ്പിച്ചു വയ്പ്പിച്ചു. ഈ വിവരവും ജീവ സിദ്ധിയിൽ നിന്നറിഞ്ഞ ചാണക്യൻ വീട് പരിശോധിക്കാനെന്ന വ്യാജേന വീട്ടിൽ കയറി ചില അറ്റകുറ്റ പണികൾ ഉടൻ നടത്താൻ നിർദ്ദേശിച്ചു . പണികൾ നടത്താൻ വന്ന ആശാരിമാർ ഒളിച്ചിരിക്കുന്ന പടയാളികളെ കണ്ടു പിടിച്ചതോടെ ആ ശ്രമവും വിഫലം ആയി. പക്ഷെ രാക്ഷസൻ എളുപ്പം തോൽവി സമ്മതിക്കുന്നവൻ അല്ലായിരുന്നു. അയാളുടെ അടുത്ത പ്രയോഗം കുറച്ചു കടുത്തതായിരുന്നു . യുദ്ധം ജയിച്ചു ആനപ്പുറത്തേറി നഗരത്തിൽ പ്രവേശിക്കുന്ന ചന്ദ്രഗുപ്ത മൗര്യന് മേൽ സ്വീകരണ ഗോപുരം മറിച്ചിട്ടു കൊലപ്പെടുത്തുക. വീണ്ടും ജീവസിദ്ധി രക്ഷകനായി . കൃത്യ സമയത്തു വിവരം അറിഞ്ഞ ചാണക്യൻ ഗോപുരംകുറച്ചു നേരത്തെ മറിച്ചിട്ടു രാക്ഷസൻ്റെ പിണിയാളായ ആന പാപ്പാനെ തന്നെ കൊലപ്പെടുത്തി.ഇങ്ങനെ ചന്ദ്ര ഗുപ്തനെ ഓരോ ആപത്തിൽ നിന്നും രക്ഷപ്പെടുത്തുമ്പോഴും എങ്ങും തൊടാതെ ശരിയാവുന്ന ചില പ്രവചനങ്ങൾ നടത്തി ജീവസിദ്ധി രാക്ഷസൻ്റെ കൂടുതൽ വിശ്വസ്തനായി മാറിക്കൊണ്ടിരുന്നു . പിടിക്കപ്പെടും എന്നുറപ്പായ പല സന്ദർഭങ്ങളിലും ചാണക്യൻ തന്നെ അയച്ച വേഗ ശർമ്മയും സിദ്ധാർത്ഥനും ജീവസിദ്ധിയെ രക്ഷിച്ചു കൊണ്ടേയിരുന്നു. പോകപ്പോകെ രാക്ഷസൻ്റെ സംഘത്തിലെ രണ്ടാമനായി മാറി ജീവസിദ്ധി .

തൻ്റെ എല്ലാ ശ്രമവും പരാജയപ്പെട്ടു എന്നറിയപ്പെട്ട രാക്ഷസൻ ചന്ദ്രഗുപ്ത മൗര്യനുമായി തുറന്ന യുദ്ധത്തിനു തയ്യാറായി. അതോടെ ജീവ സിദ്ധി തൻ്റെ തന്ത്രങ്ങൾ മാറ്റിത്തുടങ്ങി . ഇതിനകം രാക്ഷസൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ ജീവ സിദ്ധി ഗൃഹങ്ങൾ നമുക്ക്‌ പ്രതികൂലം ആണെന്നും ചന്ദ്രഗുപ്തൻ്റെ ഗൃഹനില കൂടുതൽ സുരക്ഷിതം ആണെന്നും ജ്യോതിഷ പ്രവചനം നടത്തി. അതിനോടൊപ്പം തന്നെ ചന്ദ്രഗുപ്തനെ പുകഴ്ത്താനും അദ്ദേഹം ധന നന്ദനെക്കാൾ എന്ത് കൊണ്ടും ശ്രേഷ്ഠൻ ആണെന്നും മഗധം അദ്ദേഹത്തിൻ്റെ കൈകളിൽ സുരക്ഷിതം ആണെന്നും ഒക്കെ പറഞ്ഞു രാക്ഷസൻ്റെ മനസ്സു മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു ചന്ദ്രഗുപ്തനുമായി സന്ധി ശ്രമങ്ങൾ തുടങ്ങുന്നതാവും മെച്ചം എന്ന ചില സ്വന്തം നിലയിലുള്ള അഭിപ്രായങ്ങളും പറഞ്ഞു . ഈ ശ്രമങ്ങൾക്കുള്ളിൽ ഒരു വിലപ്പെട്ട രഹസ്യം അദ്ദേഹത്തിന് ലഭിച്ചു . രാക്ഷസന്റെ ഭാര്യയും മക്കളും മഗധത്തിൽ തന്നെ ജീവിച്ചിരുപ്പുണ്ടെന്നും ചന്ദന ദാസൻ എന്ന് പേരുള്ള രാക്ഷസൻ്റെ സുഹൃത്താണ് ഇവരെ സംരക്ഷിക്കുന്നതെന്നും അറിഞ്ഞ ജീവസിദ്ധി ചൂടോടെ ഈ വിവരം ചാണക്യന് കൈമാറി . ചന്ദന ദാസൻ തടവിലാക്കപ്പെട്ടെങ്കിലും രാക്ഷസൻ്റെ കുടുംബത്തിനെ ഒറ്റിക്കൊടുക്കുന്നതിനേക്കാളും മരണം വരിക്കാൻ തയ്യാറാണ് എന്ന് അദ്ദേഹം ചാണക്യനെ അറിയിച്ചു. രാക്ഷസനെ പാടലീപുത്രത്തെത്തിക്കാൻ (മഗധത്തിൻ്റെ തലസ്ഥാനം ) ഏറ്റവും നല്ല വഴി ചന്ദന ദാസൻ ആണെന്നറിയാമായിരുന്ന ചാണക്യൻ ചന്ദന ദാസനെ ശിരച്ഛേദം നടത്താൻ ഉത്തരവിട്ടു. മാത്രമല്ല ഈ വാർത്ത നാട് നീളെ പ്രചരിപ്പിക്കുകയും ചെയ്തു .

ആത്മ സുഹൃത് താൻ കാരണം കൊല്ലപ്പെടാൻ പോകുന്നു എന്നറിഞ്ഞ രാക്ഷസന് തൻ്റെ തോൽവി അടുത്തു എന്നു മനസ്സിയിലായി . തന്നെ സഹായിക്കാൻ ഏറ്റിരുന്നവരെല്ലാം ചാണക്യൻ്റെ കുതന്ത്രങ്ങൾ കാരണം തൻ്റെ ശത്രുക്കൾ ആകുകയും ചെയ്തു .പാടലീപുത്രത്തിലേക്കു പോകാൻ തീരുമാനിച്ച രാക്ഷസനെ സ്വന്തം ജീവൻ ബലി കൊടുത്തും അനുഗമിക്കാൻ ഒരാൾ സ്വമേധയാ തയ്യാറായി – ജീവസിദ്ധി . അങ്ങനെ ദീർഘ കാലത്തിനു ശേഷം പാടലീപുത്രത്തിൽ എത്തിയ രാക്ഷസനും ജീവസിദ്ധിയും ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു . താൻ നന്ദന്മാരോടൊത്തു പാടലീപുത്രത്തിൽ ചിലവഴിച്ച ആ നല്ല നാളുകൾ ഓർത്തു കൊണ്ടിരിക്കെ അദ്ദേഹത്തിൻറെ മുന്നിലൂടെ തന്നെ ചന്ദന ദാസൻ്റെ വധ ശിക്ഷ നടത്താൻ ചന്ദന ദാസനെയും കൊണ്ട് പോകുന്ന പടയാളികളെ രാക്ഷസൻ കണ്ടു .പെട്ടെന്ന് പടയാളികളുടെ അടുത്തേക്കോടിച്ചെന്ന രാക്ഷസൻ താൻ രാക്ഷസൻ ആണെന്നും ചന്ദന ദാസനെ വിട്ടിറ്റു തന്നെ വധിച്ചു കൊള്ളാനും വെളിപ്പെടുത്തി . രാക്ഷസനും ജീവൻസിദ്ധിയും ചന്ദന ദാസനും ചാണക്യൻ്റെ മുന്നിൽ എത്തിക്കപ്പെട്ടു .

അങ്ങനെ ചാണക്യനും രാക്ഷസനും ആദ്യമായി പരസ്പരം കണ്ടു മുട്ടി . കണ്ട മാത്രയിൽ തന്നെ ബുദ്ധിമാനും തന്ത്രജ്ഞനും വിനയാന്വിതനുമായ ചാണക്യനോട് രാക്ഷസനു ബഹുമാനം തോന്നി. തൻ്റെ വധശിക്ഷ ചാണക്യൻ രാക്ഷസനെ പാടലീപുത്രത്തിൽ എത്തിക്കാൻ കളിച്ച ഒരു നാടകം ആയിരുന്നു എന്ന് ചന്ദന ദാസൻ രാക്ഷസനോട് വെളിപ്പെടുത്തി. ഏറ്റവും ഒടുവിൽ മഹാ തന്ത്രജ്ഞൻ എന്ന് അഹങ്കരിച്ചിരുന്ന രാക്ഷസൻ്റെ സ്വാഭിമാനത്തെ ഭസ്മീകരിച്ചു കൊണ്ട് സ്വയം വെളിപ്പെടുത്തി ജീവസിദ്ധി മറു കണ്ടം ചാടി .താൻ ചാണക്യൻ്റെ ചാരനായ ഇന്ദു ശർമയാണെന്നും , രാക്ഷസൻ്റെ നീക്കങ്ങൾ എല്ലാം താൻ വഴി ചാണക്യൻ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു എന്നും ജീവൻ സിദ്ധി എന്ന ഇന്ദു ശർമ വെളിപ്പെടുത്തിയതോടെ തനിക്കു ഒരിക്കലും ചാണക്യനെ ജയിക്കാനാകില്ല എന്ന സത്യം രാക്ഷസൻ തിരിച്ചറിഞ്ഞു . താൻ കീഴടങ്ങിയെന്നും തൻ്റെ ജീവൻ ചാണക്യന് എപ്പോൾ വേണെമെങ്കിലും അവസാനിപ്പിക്കാം എന്നും പറഞ്ഞ രാക്ഷസനോട് ചാണക്യൻ ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു. ചന്ദ്രഗുപ്തൻ്റെ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കണം എന്നും ജീവിതകാലം മുഴുവൻ മഗധത്തിനെ സേവിച്ചു കൊള്ളണം എന്നും. ചാണക്യൻ്റെ മഹത്വം മനസ്സിലാക്കിയ രാക്ഷസൻ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. അങ്ങനെ ജീവസിദ്ധി എന്ന ചാരൻ തൻ്റെ ജീവൻ പണയം വച്ച് കളിച്ച കളി രാക്ഷസൻ എന്ന മഹാബുദ്ധിമാനെ മഗധയുടെ വശത്തെത്തിക്കാനും അദ്ദേഹത്തിൻ്റെ വിലപ്പെട്ട സേവനം ആജീവനാന്തം ലഭ്യമാക്കാനും ചാണക്യൻ എന്ന തന്ത്ര ശാലിയെ കണക്കറ്റു സഹായിച്ചു .

വാൽകഷ്ണം : – ചാരന്മാരെ കുറിച്ചും അവരുടെ പ്രവർത്തന രീതികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആദ്യ പുസ്തകം അർത്ഥശാസ്ത്രം ആണെന്നുള്ള വസ്തുത മനസ്സിൽ കണ്ടാണ് ജീവസിദ്ധിയെ ആദ്യ ചാരനായി ചിത്രീകരിച്ചത് . ചാണക്യനെയും ജീവസിദ്ധിയെയും പറ്റിയുള്ള വായിച്ചറിവുകളും ഡോക്യൂമെന്ററികളും മുദ്രാരാക്ഷസം എന്ന നാടകവും ആണ് ആധാരം ആയി ഉപയോഗിച്ചത് . 4 ആം നൂറ്റാണ്ടിനും 8 ആം നൂറ്റാണ്ടിനും ഇടയിൽ വൈശാഖദത്തനാൽ എഴുതപ്പെട്ട മുദ്രാരാക്ഷസം എന്ന സംസ്‌കൃത ചരിത്ര നാടകത്തിലെ ഒരു പ്രധാന കഥാപാത്രം ആണ് ജീവസിദ്ധി .BCE 5 ആം നൂറ്റാണ്ടിൽ സൺ സു എഴുതിയ art of war എന്ന കൃതിയിലും ചാരന്മാരെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും ജീവസിദ്ധിയെ പോലുള്ള ഒരു ചാരൻ്റെ ഉദാഹരണം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല .

By ഞാൻ കാർക്കോടകൻ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ