ജീവനുള്ള കല്ലുകള്‍ !

Share the Knowledge

റുമേനിയയിലെ ഒരു  ചെറുഗ്രാമമാണ്  Costesti. എന്നാല്‍  ഈ ഗ്രാമം  ഇപ്പോള്‍  ഒരു പ്രധാന  വിനോദ സഞ്ചാര കേന്ദ്രമായി  മാറിയിരിക്കുന്നു .ഇവിടെയുള്ള  കുറച്ചു  കല്ലുകള്‍  കാണുവാനായി  ആണ്  ഇപ്പോള്‍  ആളുകള്‍  ഇങ്ങോട്ട്  ഒഴുകുന്നത്‌ .  എന്താണ്  ഈ കല്ലുകളുടെ  പ്രത്യേകത ?  മറ്റൊന്നുമല്ല , ഇവയ്ക്ക്  ജീവനുണ്ട്  എന്നാണ്  ചിലര്‍  അവകാശപ്പെടുന്നത് ! നെറ്റി  ചുളിക്കേണ്ട ….  അവര്‍  ഇത് പറയുവാനുള്ള  കാരണം  ഇതൊക്കെയാണ് ….  ഒന്ന്  ഈ കല്ലുകള്‍  വളരുന്നുണ്ട്‌ ! …. മറ്റൊന്ന്  ….  ഈ കല്ലുകള്‍  പെരുകുന്നുമുണ്ട് !  ഇത്രയും  പോരെ കാരണം .  ജീവനുള്ള  കല്ലുകള്‍  എന്ന തലക്കെട്ടോടെ  റുമേനിയന്‍  വിനോദ സഞ്ചാര വകുപ്പിലെ  ചില  ബുദ്ധിജീവികള്‍  ഒരു  ആര്‍ട്ടിക്കിള്‍  എഴുതി .  ഇപ്പോള്‍  ഈ കല്ലുകളെ  കെട്ടിപ്പിടിച്ച്  ഫോട്ടോ  എടുക്കാന്‍  തിരക്കോട്  തിരക്ക് !   ഒരു  വിനോദ  സഞ്ചാരിക്ക്  ഇത്രയും മതി …  പക്ഷെ  നമ്മുക്ക്  പോരല്ലോ ….. ഇതെന്താണ്  സംഭവം  എന്നറിയേണ്ടേ ?

മണ്ണും  കല്ലുകളും  പാറകളും ഒട്ടനവധി  തരം  ഉണ്ടെന്ന്  അറിയാമല്ലോ .  രൂപപ്പെടുന്ന  രീതിയനുസരിച്ചും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വൈവിധ്യത്തിനനുസരിച്ചും  ഇവയെ  പലതായി  തരം  തിരിച്ചിരിക്കുന്നു .  അവയൊക്കെ  നാം സ്കൂളുകളില്‍  പഠിച്ചവയായതിനാല്‍  വീണ്ടും വിവരിക്കുന്നില്ല .  പകരം  നമ്മുക്ക്  ഒരൊറ്റ  പാറയില്‍ നിന്നും  കഥ  തുടങ്ങാം . കനത്ത മഞ്ഞും  കാറ്റും  മഴയും ഏറ്റു  കിടക്കുന്ന  ഒരു  പാറയില്‍  എന്തൊക്കെ  മാറ്റം  ഉണ്ടാവാം . പ്രകൃതിയുടെ  മേല്‍പ്പറഞ്ഞ    ആക്രമങ്ങളില്‍  പാറയുടെ ഏറ്റവും പുറത്തെ  പാളികളില്‍   നിന്നും  ചെറുതരികള്‍ ( കണ്ണില്‍  കാണാന്‍  പോലും പറ്റാത്തവ ) പാറയില്‍ നിന്നും  വേര്‍പെടുന്നു . കാറ്റിലും  കനത്ത  വെള്ളപ്പാച്ചിലിലും ഇവ  ഒട്ടനവധി ദൂരം  സഞ്ചരിച്ചേക്കാം .  ജലത്തില്‍   ചിലപ്പോള്‍  അയോണ്‍  രൂപത്തില്‍  ആവാം  ഇവ കെട്ടുപിണഞ്ഞു  കിടക്കുന്നത് . ജലത്തിന്‍റെ  ഒഴുക്കിനെ  ആരെങ്കിലും  എതിരിടുമ്പോള്‍ (  മറ്റു  പാറകള്‍ , നദിയിലെ വളവ് ,  ആഴം കൂടി  ഒഴുക്ക്  കുറഞ്ഞ  സ്ഥലം ) ഇവ  അവിടെ  അടിഞ്ഞു  കൂടുന്നു . കാലക്രെമേണ തരികല്‍ക്കിടയിലെ ജലാംശം വറ്റുകയും അവയുടെ  കാഠിന്യം  കൂടുകയും  ചെയ്യും .   ഇങ്ങനെ  അനേകം തരികള്‍  ഒരേ സ്ഥലത്ത്  അടിഞ്ഞു  കൂടി  അവിടെ മറ്റൊരു  ശില  ജനിക്കും . അവയാണ്  അവസാദശിലകള്‍ .

ഇനിയാണ്  കഥയുടെ  തിരിവ് .  മഴ വെള്ളത്തിലും  ഒഴുകുന്ന  ജലത്തിലും  അയോണ്‍ രൂപത്തിലും കൊളോയ്ഡുകളായും   അടങ്ങിയിരിക്കുന്ന സൂക്ഷ്മശിലകള്‍ പരസ്പ്പരം  ഒട്ടിച്ചേരുന്നതിനു  പകരം മറ്റൊരു  വസ്തുവില്‍  ആണ്  പറ്റിപ്പിടിക്കുന്നതെങ്കിലോ ? ആ വസ്തു  ഉള്ളില്‍  കേന്ദ്രമായി  ചുറ്റും ശിലകള്‍  വന്നു  ഒട്ടിപിടിക്കുകയും പുതിയൊരു  ശില  രൂപപ്പെടുകയും  ചെയ്യും .  ഇതിനെ  സംഹതികൾ (Concretions) എന്നാണ്   വിളിക്കുന്നത്‌ .  ഇത്തരം  സംഹിതികളില്‍  ധാരാളം  ധാധുക്കള്‍ (Minerals) ഉണ്ടാവും .  ധാധുക്കള്‍ക്കിടയിലെ  സ്ഥലത്താണ്  സൂക്ഷ്മശിലകള്‍  അടിഞ്ഞുകൂടുന്നത് .  അതായത്  ഇത്തരം സംഹിതികളുടെ  ഉള്ളില്‍  ധാധുക്കള്‍ക്കിടയില്‍  ധാരാളം  ശൂന്യ  സ്ഥലങ്ങള്‍  ഉണ്ടാവും .  നല്ല  മിനുമിനുത്ത  പ്രതലമാവും  ഇത്തരം  ശിലകള്‍ക്ക്‌  ഉണ്ടാവുക .  ഉരുണ്ടും  , സിലിണ്ടര്‍  രൂപത്തിലും  മറ്റുമാണ്  ഇവ  സാധാരണ  കാണപ്പെടുന്നത് .  പ്രത്യേക കണങ്ങൾക്കു ചുറ്റുമായി ഉരുണ്ടുകൂടുന്ന സിമന്റു പദാർഥങ്ങളാണ് സംഹതികളായിത്തീരുന്നത്. കാൽസൈറ്റ്, ഡോളമൈറ്റ്, അയൺ ഓക്സൈഡ് തുടങ്ങിയുള്ള ഏതു സിമന്റു പദാർഥത്തിന്റെയും സംഹതികൾ ഉണ്ടാവാം.

ഇതുപോലുള്ള  സംഹിതികള്‍  ആണ് സത്യത്തില്‍  റുമേനിയയിലെ  “ജീവനുള്ള ” കല്ലുകള്‍ !  മഴ  പെയ്യുമ്പോള്‍  അകത്തെ  ശൂന്യ സ്ഥലത്തിലേക്ക്  ധാരളം  ധാധുക്കള്‍  അടങ്ങിയിട്ടുള്ള  മഴവെള്ളം  ഇറങ്ങിചെല്ലുകയും  തല്ഫലമായി ഉണ്ടാവുന്ന  മര്‍ദത്തില്‍ സൂക്ഷ്മശിലകല്‍ക്കിടയിലെ  വിടവ്  വര്‍ദ്ധിക്കുകയും കല്ല്‌  സ്വല്പ്പം വീര്‍ക്കുകയും  ചെയ്യും ! അവസാദശിലകള്‍   ഉണ്ടാവുന്നതിനു  മുന്‍പുള്ള  പ്രക്രിയ്യ ആയതിനാല്‍  വീണ്ടും  വീണ്ടും  സൂക്ഷ്മ ശിലകള്‍ ഈ കല്ലുകളിലേക്ക്  അടിഞ്ഞു  കൂടുകയും ,  കൂടുതലായി  അടിഞ്ഞു  കൂടുന്ന സ്ഥലം  വീര്‍ത്തു  വരുകയും ഒരു വേള  ആ ഭാഗം അടര്‍ന്നു  വീണു  മറ്റൊരു ശിലക്ക് ജന്മ്മം  കൊടുക്കുകയും ചെയ്യും . ചുരുക്കത്തില്‍ ഇത്തരം  സംഹിതികള്‍  വളരുകയും  ചെയ്യും ” പ്രസവിക്കുകയും ” ചെയ്യും . കാരണം  അന്വേഷിക്കുന്നില്ലെങ്കില്‍  ഇതും  മറ്റൊരു  ” അത്ഭുതമായി”  നാം  കരുതുകയും ചെയ്യും .

ഇത്തരം  സംഹിതികള്‍ ഫോസില്‍ അന്വേഷകര്‍ക്ക്   ഒരു നിധി  തന്നെയാണ് .  കാരണം  മിക്ക  ഫോസിലുകളും  ഇത്തരം  കോണ്‍ക്രീഷനുകളുടെ  ഉള്ളില്‍  നിന്നുമാണ്  ലഭിച്ചിട്ടുള്ളത് .  അതായത്  സൂക്ഷ്മശിലകളും ധാധുക്കളും  പറ്റിപ്പിടിക്കുന്നത്  കൂടുതലും ഫോസിലുകളുടെ  ചുറ്റും  ആണ് .  സംഹിതികളുടെ  കോര്‍ ഒരു  ഫോസില്‍  ആകാന്‍  സാധ്യത  കൂടുതല്‍  ആണ് .  അതിനാല്‍  ഇത്തരം  ശിലകള്‍  എവിടെ കണ്ടാലും  ഫോസില്‍ ഗവേഷകര്‍  അത്  തല്ലിപ്പൊട്ടിച്ചു  നോക്കിയിരിക്കും .  എന്നാല്‍  ചില  സംഹിതികളുടെ  അകക്കാമ്പ്  ചിലപ്പോള്‍  ദ്രവിച്ചും  പോകാറുണ്ട് .  അങ്ങിനെ വന്നാല്‍  ഇത്തരം ശിലകളുടെ   അകം ചിലപ്പോള്‍  പോള്ളയായിരിക്കും !  ഇവയെ  ജിയോഡുകള്‍  എന്ന്  വിളിക്കും .

റുമേനിയയിലെ  “വളരും ” കല്ലുകളെ Trovants എന്നാണ്  വിളിക്കുന്നത്‌ .  മറ്റു  മിക്ക രാജ്യങ്ങളിലും  ഇത്തരം കല്ലുകള്‍  ഉണ്ട് . അവയുടെ മിനുത്ത  പ്രതലവും  പ്രത്യേകതയുള്ള  ആകൃതിയും  സഞ്ചാരികളെ  ആകര്‍ഷിക്കാറുണ്ട്‌ . ന്യൂസിലാണ്ടിലെ Koekohe ബീച്ചിലെ  Moeraki Boulders  ഇതിന്  ഏറ്റവും  പ്രശസ്തമായ  ഉദാഹരണമാണ് .

http://telegram.me/Palathullyweb

 

Image

ഒരു അഭിപ്രായം പറയൂ