ഹിമസാഗരം

Share the Knowledge

“മെറി  ക്രിസ്മസ് ” ……….

പിറകില്‍  നിന്നുമുള്ള ആശംസ  കേട്ട്  ക്യാപ്റ്റന്‍  ടെലോന്‍ഗ്  (George W. De Long ) ഒന്ന് ഞെട്ടി . ഇന്ന്  ക്രിസ്മസ്  ആണോ ! കപ്പല്‍  തട്ടില്‍  നിന്നുംകൊണ്ടു  അദ്ദേഹം  ദൂരേയ്ക്ക്  നോക്കി .  കണ്ണെത്താ ദൂരത്തോളം  പരന്നു കിടക്കുന്ന  മഞ്ഞു മരുഭൂമി ! ചുറ്റോടു  ചുറ്റും  മഞ്ഞു തന്നെ . ജനറ്റ് (Jeannette)  എന്ന തന്‍റെ കപ്പല്‍  ജലത്തില്‍  പോങ്ങിക്കിടക്കുകയല്ല  മറിച്ച്  കട്ട മഞ്ഞില്‍ അകപ്പെട്ടുകിടക്കുകയാണ്  ഇവിടെ ….  എവിടെ ?  എന്ന് ചോദിക്കരുത് , കാരണം  ഇന്നോളം  മനുഷ്യന്‍  ചെന്നുപെട്ടിട്ടില്ലാത്ത ആര്‍ട്ടിക്  മഞ്ഞു സാമ്രാജ്യത്തില്‍  എവിടെയോ  ആണ്  താനും ബാക്കി  മുപ്പത്തിരണ്ട്  പേരും  മാസങ്ങളായി കുടുങ്ങി  കിടക്കുന്നത് !  ഒരു കാര്യം  മാസസ്സിലായി ഉത്തര ധ്രുവത്തില്‍  ഒരു തുറന്ന  കടല്‍ ഉണ്ടെന്നും (Open Polar Sea)  അതിലൂടെ  അമേരിക്കയില്‍ നിന്നും എളുപ്പത്തില്‍ യൂറോപ്പില്‍  എത്താമെന്നും എന്നുള്ള  ധാരണകളൊക്കെ  തെറ്റാണ് .    ഇവിടെ മുഴുവനും  മഞ്ഞാണ് … വെറും മഞ്ഞു മാത്രം ! .  വെളുപ്പ്‌  സമാധാനത്തിന്റെ …. പ്രതീക്ഷയുടെ  നിറമാണ് ,  പക്ഷെ ഇവിടെ  അത്  നിരാശയാണ്  സമ്മാനിക്കുന്നത് .  അടുത്ത  ക്രിസ്മസ് കുടുംബത്തോടൊപ്പം  ആഘോഷിക്കാം  എന്നുള്ള  പ്രതീക്ഷയൊന്നും  തന്‍റെ  കൂടെയുള്ള  നാവികര്‍ക്കോ  എന്‍ജിനീയര്‍ മെല്‍ വില്ലിനോ (Melville)  ഉണ്ടെന്ന്  തോന്നുന്നില്ല .  ദൂരെ  രണ്ടു  ദ്വീപുകള്‍  കാണുവാനുണ്ട് .  ഏതെന്ന്  അറിയില്ല ,  കാരണം  ഒരുപക്ഷെ  അത്  നേരില്‍  കാണുന്ന  ആദ്യമനുഷ്യര്‍ തങ്ങളാവും .  ഇതുവരെ  ഉണ്ടാക്കിയിട്ടുള്ള  ഒരു ഭൂപടത്തിലും  ഈ സ്ഥലമില്ല .  

ഇന്ന്   1879 ലെ ക്രിസ്തുമസ് . ടെലോഗ്  തന്‍റെ  ഡയറിയില്‍  ഇങ്ങനെയെഴുതി ……

“the dreariest day of my life, and it is certainly the dreariest part of the world”

1879 ജൂലായ്‌  എട്ടിനാണ് അമേരിക്കയിലെ  സാന്‍ ഫ്രാന്‍സിസ്ക്കോ (San Francisco) തുറമുഖത്തുനിന്നും  ടെലോഗും  സംഘവും ജനറ്റ്  എന്ന ചെറുകപ്പലില്‍  ഉത്തര ധ്രുവത്തിലെ  “തുറന്ന  കടല്‍”  ലക്ഷ്യമാക്കി  യാത്ര തിരിച്ചത് .  കൂറ്റന്‍  മഞ്ഞു  പാളികള്‍ക്കപ്പുറം അതൊന്നുമില്ലാത്ത   വിശാലമായ  ഒരു കടല്‍  ഉണ്ടെന്നും  അതിലൂടെ  കപ്പലോടിച്ച്  സൈബീരിയയുടെ  തീരങ്ങളെ  തഴുകാതെ തന്നെ സ്കാണ്ടിനെവിയന്‍ മണ്ണില്‍  എത്താമെന്നും ആണ്  അവര്‍ ആഗ്രഹിച്ചിരുന്നത് .  ആചാരവെടികളും   സമ്മേളനങ്ങളും ആയി  അകെ  വീരോചിതമായ  യാത്രയയപ്പാണ്  പട്ടണവാസികള്‍ അവര്‍ക്ക്  നല്‍കിയത് .   അലാസ്ക്കക്കും  റഷ്യക്കും  ഇടയിലുള്ള  ബെറിംഗ്  കടലിടുക്ക്  ലക്ഷ്യമാക്കിയായിരുന്നു  അവരുടെ  പ്രയാണം . അത് കടന്നു വേണം  ആര്‍ട്ടിക്കില്‍  പ്രവേശിക്കുവാന്‍ .  അഗസ്റ്റ് പന്ത്രണ്ടിന്  അവര്‍ അലാസ്ക്കയിലെ സെയ്ന്‍റ്  മൈക്കിള്‍ (St. Michael) തുറമുഖത്ത്   എത്തിച്ചേര്‍ന്നു . അവിടെനിന്നും  മഞ്ഞു വണ്ടി വലിക്കുവാനുള്ള  നായ്ക്കളെയും (Sled dog)  അവയുടെ  ഡ്രൈവര്‍മ്മാരെയും  ടെലോഗ്  തന്‍റെ  കൂടെ ചേര്‍ത്തു .  കൂടുതല്‍  ഇന്ധനവും , ഭക്ഷണവും  കരുതിയശേഷം ഇരുപത്തി ഒന്നാം  തീയതി  അവര്‍ റാന്‍ഗല്‍  ദ്വീപ് (Wrangel’s Land)  ലക്ഷ്യമാക്കി യാത്ര  ആരംഭിച്ചു . ഭൂമിയില്‍  മാമത്തുകള്‍  അവസാനം  ജീവിച്ചിരുന്നത്  ഈ ദ്വീപില്‍  മാത്രമാണ് ! അടുത്ത ക്യാമ്പ് അവിടെയാകാം  എന്നാണ് ടെലോഗ്  കരുതിയിരുന്നത് . എന്നാല്‍  കപ്പലിന്  ചുറ്റുമുള്ള മഞ്ഞു പാളികളുടെ  എന്നാവും വലിപ്പവും  ഘനവും  കൂടിവരുന്നത് അവര്‍  ശ്രദ്ധിച്ചു . കുതിച്ചു  പാഞ്ഞുകൊണ്ടിരുന്ന ജനറ്റ് ഒച്ചിഴയുന്നത്  പോലെ  വലിയുവാന്‍  തുടങ്ങി . ഇനിയും  ഏകദേശം  ഇരുന്നൂറു  കിലോമീറ്ററുകള്‍  കൂടിയുണ്ട് (100 nautical miles) റാന്‍ഗല്‍ ദ്വീപിലേക്ക് .  സെപ്റ്റംബര്‍  നാലിന്  ചെങ്കുത്തായ  കൂറ്റന്‍ മലയിടുക്കുകള്‍  നിറഞ്ഞ ഹെറാള്‍ഡ്  ദ്വീപ് (Herald Island) ദൃശ്യമായി .  അപ്പോഴേയ്ക്കും  കപ്പലിന്‍റെ  മുന്നോട്ടുള്ള  പ്രയാണം  ഏറെക്കുറെ  നിലച്ചിരുന്നു .  കൂടുതല്‍ ഇന്ധനം  കത്തിച്ച്  മഞ്ഞുപാളികളെ  തകര്‍ത്തു മുന്നേറുവാന്‍ ടെലോഗ് ഒരു വിഫല ശ്രമം  നടത്തി  നോക്കിയെങ്കിലും  വിജയിച്ചില്ല . മഞ്ഞുപാളികള്‍ക്കിടയില്‍  വെളുത്ത പുക തുപ്പിക്കൊണ്ടിരിക്കുന്ന   ജനറ്റിനെ  അനേക കാതം ദൂരെ നിന്നും  തിമിംഗലവേട്ടക്കാര്‍ തങ്ങളുടെ  ചെറു ബോട്ടുകളില്‍  ഇരുന്നുകൊണ്ട്  കണ്ടുവെങ്കിലും  ഐസ് പാളികളെ തകര്‍ത്ത്  കപ്പലിന്‍റെ  അടുത്തെത്താന്‍  അവര്‍ക്ക്  സാധിച്ചില്ല .  ജനറ്റ്  എന്ന  കപ്പല്‍   യാത്രികരല്ലാത്ത  ഒരാള്‍ അവസാനമായി കണ്ടത്  അന്നാണ് !

USS_Jeannette.png

റാന്‍ഗല്‍  ദ്വീപ് തികച്ചും  അപ്രാപ്യമാണ്  എന്ന് തോന്നിയ  അവസരത്തില്‍ ഇനി ഹെറാള്‍ഡ് ദ്വീപില്‍ അഭയം  തേടാം  എന്ന് ടെലോഗ് ചിന്തിച്ചു . പക്ഷെ  അവിടെയ്ക്ക്  ഇനിയും 28 km ദൂരമുണ്ട് .  കപ്പല്‍  പൂര്‍ണ്ണമായും ഐസ്  പാളികള്‍ക്കിടയില്‍  കുടുങ്ങിക്കഴിഞ്ഞു . ചെങ്കുത്തായ  പാറകള്‍   നിറഞ്ഞ ദ്വീപിലേയ്ക്ക്  മഞ്ഞുരുകിയാല്‍  പോലും  കപ്പല്‍  അടുപ്പിക്കുവാന്‍  സാധ്യമല്ല . ദ്വീപില്‍  തല്‍ക്കാലം  പാര്‍ക്കുവാന്‍  എന്തെങ്കിലും സാധ്യത ഉണ്ടോ  എന്നറിയാന്‍ മഞ്ഞിലൂടെ ഒരു സംഘത്തെ  നയ്ക്കളോട്  കൂടി അയച്ചെങ്കിലും  പ്രതികൂല  കാലാവസ്ഥ കാരണം ദ്വീപിനോട്  അടുക്കാന്‍  അവര്‍ക്കും സാധിച്ചില്ല . ദിവസങ്ങള്‍  കഴിഞ്ഞതോടെ തങ്ങള്‍   പൂര്‍ണ്ണമായും ഹിമാപ്പളികള്‍ക്കിടയില്‍  കുടുങ്ങിക്കഴിഞ്ഞു  എന്ന്  സംഘത്തിനു  ബോധ്യമായി . സീലുകളും  ധൃവക്കരടികളും ധാരാളമുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായില്ല . കുടുങ്ങിക്കിടക്കുകയായിരുന്നു  എങ്കിലും  കപ്പല്‍  മാസങ്ങള്‍ക്കൊണ്ട്   കിലോമീറ്ററുകള്‍  സഞ്ചരിച്ചിരുന്നു .  ഐസ് പാളികളുടെ  നീക്കം  ആണ്  ഐസിനോടൊപ്പം  കപ്പലിനെയും  തള്ളി  നീക്കിയത് .  അപ്പോഴും റാന്‍ഗല്‍  ദ്വീപ് ദൂരെ  ചക്രവാളത്തിലെവിടെയോ ഒരു  നേരിയ  പുകപടലം പോലെ അവരില്‍ നിന്നും  മറഞ്ഞു  നിന്നു . നീണ്ട  പതിനാറു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും  ഐസ്  പാളികള്‍  കപ്പലിനെ 410 km ദൂരം  വലിച്ചു  മാറ്റിയിരുന്നു .  അവസാനം ഒരു വര്‍ഷത്തിന്  ശേഷം 1881 മേയ്  പതിനാറിന്  ദൂരെ  രണ്ടു  ദ്വീപുകളുടെ  മേലാപ്പുകള്‍  ദൃശ്യമായി  തുടങ്ങി . അതുവരെ  ആരും കാണാത്ത  ദ്വീപുകള്‍ക്ക്‌  അവര്‍ പേരുകള്‍ ഇട്ടു .  നിരാശ  തീണ്ടിയ ദിവസങ്ങള്‍ക്കിടയില്‍  അതവര്‍  ആഘോഷിച്ചു .

h92120.jpg

പക്ഷെ  ദുരിത  ദിനങ്ങള്‍  വരുന്നതേ  ഉണ്ടായിരുന്നുള്ളൂ .  കപ്പലിനോട്  ചേര്‍ന്ന്  കിടന്നിരുന്ന  അവസാന  തുള്ളി ജലത്തെയും  ഐസ്  വിഴുങ്ങിയതോട്  കൂടി  കപ്പല്‍ ഉപേക്ഷിക്കാം  എന്ന്  ടെലോഗ്  ചിന്തിച്ചു .  അടുത്ത  ഘട്ടത്തില്‍  കൂറ്റന്‍  ഹിമാപ്പളികള്‍   കപ്പലിനെ  ഞെരിച്ചു  തകര്‍ത്തുകളയും .  അങ്ങിനെ  അവസാനം 1881 ജൂണ്‍ പന്ത്രണ്ടാം  തീയതി ആര്‍ട്ടിക്കിലെ  വിജനതയില്‍ ജനറ്റ് എന്ന കപ്പല്‍ ഹിമാപ്പാളികളുടെ മര്‍ദ്ദത്തില്‍  ഞെരിഞ്ഞമര്‍ന്നു  തകര്‍ന്നു  തരിപ്പണമായി .  എടുക്കാന്‍  പറ്റുന്ന  സകലവിധ  സാധനങ്ങളുമായി മുപ്പത്തിമൂന്നു  പേരും  പരന്നുകിടക്കുന്ന  കിടക്കുന്ന  ഹിമ സാമ്രാജ്യത്തിലേയ്ക്ക് അഭയാര്‍ഥികളെപ്പോലെ  ഇറങ്ങി  നിന്നു .  നായ്ക്കളെ  കൊണ്ട്  ബോട്ടുകള്‍  വലിപ്പിച്ചും  സാധനങ്ങള്‍  തനിയെ ചുമന്നും  മഞ്ഞിലൂടെ  അവര്‍  നടന്നു  നീങ്ങി . ന്യൂ  സൈബീരിയന്‍  ദ്വീപുകളില്‍ (New Siberian Islands)  എവിടെയെങ്കിലും  എത്തിപ്പെടാം  എന്നായിരുന്നു  കണക്കുകൂട്ടല്‍ . മാസങ്ങളോളം കപ്പലില്‍  കാര്യമായ  പണികളൊന്നും  ചെയ്യാതിരുന്ന  നായ്ക്കള്‍ തീര്‍ത്തും അവശരായി .  അതോടു കൂടി  അവരുടെ  യാത്ര തീര്‍ത്തും  മന്ദഗതിയിലായി . ദൂരെ അനേകം  ദ്വീപുകള്‍  പ്രത്യക്ഷപ്പെട്ടു  എങ്കിലും  ഒന്നിനും പേരിടാന്‍ നിന്നില്ല . അവസാനം ഐസ് പാളികളില്‍  വിള്ളല്‍  കണ്ടു തുടങ്ങി  .  ഇനി ബോട്ടുകളില്‍  വേണം  സഞ്ചരിക്കുവാന്‍ .  അകലെ  ന്യൂ സൈബീരിയന്‍  ദ്വീപുകള്‍  പ്രത്യക്ഷപ്പെട്ടു . മൂന്നു  വള്ളങ്ങളിലായി   വേണം  ഇനി യാത്ര  തുടരാന്‍ .  നായ്ക്കളെ വിട്ട്  അവര്‍  ബോട്ടുകളില്‍  കയറിക്കൂടി .

h92142.jpg

പക്ഷെ  മഞ്ഞിടിച്ചിലും  മൂടല്‍മഞ്ഞും  മൂന്ന്  കൂട്ടരെയും  മൂന്നു വഴിക്ക്  തിരിച്ചു  വിട്ടു .  ടെലോഗ് സംഘം അവസാനം തിമിംഗലവേട്ടക്കാര്‍  പണ്ടെങ്ങോ  താമസിച്ചിരുന്ന  കുറച്ചു മാടങ്ങള്‍  കണ്ടെത്തി  അവിടെ കൂടാരമടിച്ചു . പക്ഷെ ഭക്ഷണം  ഒരു കിട്ടാക്കനിയായി  തുടര്‍ന്നു .  ഒക്ടോബര്‍  പത്തിന്  ടെലോഗ്  തന്‍റെ  ഡയറിയില്‍  ഇങ്ങനെ  കുറിച്ചു …..

“nothing for supper but a spoonful of glycerine”

പട്ടിണിമൂലം സംഘാംഗങ്ങള്‍  ഓരോരുത്തരായി  മരണത്തിനു കീഴടങ്ങുന്നത്  ക്യാപ്റ്റന്‍  നിറകണ്ണുകളോടെ  നോക്കിക്കണ്ടു . അവസാനം  ഒക്ടോബര്‍  മുപ്പതിന്  തന്‍റെ  അവസാനവരി   ടെലോഗ്  ഇങ്ങനെ  കുറിച്ചു .

“Mr Collins dying”

h92153.jpg

===========================================

1882 ഒക്ടോബര്‍ പതിമ്മൂന്ന് . സാന്‍ ഫ്രാന്‍സിസ്ക്കോ പട്ടണത്തില്‍  ആവേശം  അലതല്ലുകയാണ് . 1879 ജൂലായില്‍  തങ്ങള്‍  യാത്രയാക്കിയ  മുപ്പത്തിമൂന്നു പേരില്‍   പതിമൂന്നു പേര്‍  തിരികെയെത്തിയിരിക്കുന്നു! .   ക്യാപ്റ്റനെ  നഷ്ട്ടപ്പെട്ടു  എങ്കിലും  എന്‍ജിനീയര്‍ മെല്‍വില്‍  അടക്കം  പതിമ്മൂന്നുപേര്‍  കഷ്ടതകളെ  അതിജീവിച്ച്  വീണ്ടും  അമേരിക്കന്‍ മണ്ണില്‍  കാലുകുത്തിയിരിക്കുന്നു ! സാഹസികര്‍ക്ക്  മെഡലുകളും  അവാര്‍ഡുകളും  ലഭിച്ചു .  ടെലോഗിനെ  കണ്ടെത്തുവാന്‍  നിയോഗിക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്കുശേഷം   ഡയറിയുമായി  തിരികെത്തി.  പക്ഷെ  അപ്പോഴും  കഥയിലെ  നായകനായ  ജനറ്റ്  എന്ന  കപ്പല്‍  തന്‍റെ  യാത്ര  അവസാനിപ്പിച്ചിരുന്നില്ല . ഹിമാപ്പാളികള്‍ തകര്‍ത്തുകളഞ്ഞ ജനറ്റിന്റെ  അവശിഷ്ടങ്ങള്‍  തെന്നി നീങ്ങുന്ന  മഞ്ഞുകൂനകള്‍ക്കിടയിലൂടെ  മൈലുകള്‍  സഞ്ചരിച്ചു  ഭൂമിയുടെ  മറ്റൊരു  കോണില്‍  ചെന്നടിഞ്ഞു .

USS_Jeannette07.jpg

വര്‍ഷങ്ങള്‍ക്ക് ശേഷം  ഗ്രീന്‍ ലാന്‍ഡില്‍  നിന്നും  ജനറ്റിന്‍റെ  തടിപ്പാളികള്‍  വീണ്ടെടുത്ത  മറ്റൊരു  സാഹസികന്‍ ഉത്തരധ്രുവം  ലക്ഷ്യമാക്കി  യാത്ര തിരിച്ചു . ഐസ്  പാളികള്‍ക്ക്‌ ഞെരുക്കി തകര്‍ക്കാന്‍ പറ്റാത്ത പുതിയൊരു  കപ്പല്‍  നിര്‍മ്മിച്ചാണ്  അയാള്‍  യാത്ര തുടങ്ങിയത് !  അത്  അടുത്ത  പോസ്റ്റില്‍ ……..

Jeannette_Monument.jpg

03254_0010005809.jpg

Image

ഒരു അഭിപ്രായം പറയൂ