പാതാളലോകം- ഭാഗം 2

Share the Knowledge

ഭൂമിയില്‍  നിന്നുകൊണ്ട് ചെയ്യാന്‍  പറ്റുന്ന   ഏറ്റവും വലിയ സാഹസികയാത്ര ഏതാണ് ?  മുകളിലേയ്ക്ക്  കയറിയാല്‍ എവറസ്റ്റ്  വരെ .  പക്ഷെ എത്രയോ പേര്‍  കയറി  ഇറങ്ങിക്കഴിഞ്ഞു അത് . വേറെ ഏതെങ്കിലും  ഒരു മല  കയറാം  എന്ന് വെച്ചാല്‍ തന്നെ ഗൂഗിള്‍  എര്‍ത്തില്‍  നോക്കി  പഠിച്ച ശേഷം  എങ്ങിനെ കയറാം എന്ന് തീരുമാനിക്കാം .  അതിലെന്താ  ഒരു രസം ? ഇനി കടലിനടിയിലേയ്ക്ക്  പോയാലോ ? മരിയാനാ  കിടങ്ങാണ്  അങ്ങേ അറ്റം . അതും  പലര്‍   മുങ്ങി  നോക്കിക്കഴിഞ്ഞു .  വേറെ ഏതെങ്കിലും  കുഴിയിലേക്ക്  മുങ്ങാം  എന്ന് ആലോചിച്ചാലും  വലിയ  പുതുമയൊന്നും  ഇല്ല . സോണാര്‍  ഉപയോഗിച്ച്  കാര്യങ്ങള്‍  പഠിച്ച്  ചെയ്യാവുന്നതേ  ഉള്ളൂ .  ഇപ്പോഴാണ്  ലോകത്ത് ഏറ്റവും ത്രില്ലിങ്ങായ സാഹസിക യാത്ര എങ്ങോട്ടേക്ക്   എന്ന ചോദ്യം ഉയരുന്നത് . ഉത്തരം  ഇതാണ്  ഭൌമാന്തരഗുഹകള്‍ !

കുറ്റാക്കൂരിരുട്ട് ……..  എവിടെനിന്നോ  വന്ന്  എങ്ങോട്ടോ  ഒഴുകുന്ന  അരുവികള്‍ ….. ചെറിയ  ശബ്ദം  പോലും ആയിരം  മടങ്ങായി  അലയടിക്കുന്ന  അന്തമില്ലാത്ത  ചെറു  ടണലുകള്‍ …… പെട്ടുപോയാല്‍   ഒരിക്കലും  രക്ഷപെടില്ലാത്ത  കൂറ്റന്‍  ചതുപ്പുകള്‍ …..അവസാനമില്ലാത്ത  അനേകം കൈവഴികള്‍ ……… ചെറിയൊരു  മണ്ണിടിച്ചിലില്‍  നമ്മള്‍  എന്നന്നേക്കുമായി കുടുങ്ങിപ്പോയേക്കാവുന്ന ഭീതി  നിറഞ്ഞ  അന്തരീക്ഷം ! ഒരു സാഹസികന്  ഇതില്‍പ്പരം  എന്തുവേണം ?

ഗുഹാപര്യവേഷകര്‍ക്ക്  എന്നും  പുതുമയാണ് .  ഭൂമിയില്‍  ഇനിയും  കണ്ടുപിടിക്കപെടാത്ത  അനേകം  ഭൌമാന്തര ഗുഹകള്‍  ഇനിയുമുണ്ട് .  എല്ലാവര്‍ഷവും  പുതിയ  പുതിയ ഗുഹകള്‍  പ്രത്യക്ഷപ്പെടുന്നു . ഏറ്റവും ആഴമെറിയത്‌  ഏത് ?  എറ്റവും നീളമേറിയത്  ഏത് ? ഏറ്റവും  പ്രയസമേറിയത് ഏത് ?  എന്ന കാര്യത്തില്‍  ഓരോ ഗുഹകളും  തമ്മില്‍  കടുത്ത  മത്സരമാണ് .  നിലവിലുള്ള  ഗുഹകളില്‍ തന്നെ  പുതിയ പുതിയ കൈവഴികള്‍ ഇപ്പോഴും  കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍    ഇന്ന് ഞാന്‍  നാളെ നീ എന്ന കണക്കെയാണ്  കാര്യങ്ങള്‍ .  ചുരുക്കത്തില്‍ ഒരു ഗുഹായാത്രികന്  എപ്പോഴും  പുതുമനിറഞ്ഞ  എന്തെങ്കിലും  ഉണ്ടാവും .  കൂടുതല്‍  പറഞ്ഞ്  വിരക്തിയുണ്ടാക്കുന്നില്ല ,   നാം  ഇപ്പോള്‍ പോകുന്നത്  മറ്റൊരു  ലോകത്തിലേക്കാണ് ….    ദക്ഷിണമെക്സ്സിക്കോയിലെ  Chevé ഗുഹയിലേയ്ക്ക് …………

140421_r24884-1200.jpg

ഇതൊരു  ഗുഹാ ശൃംഗലയാണ് .  ഭൂമിക്കടിയിലെ ഗുഹകളുടെ ഒരു നെറ്റ്‌വര്‍ക്ക് ! ഇതിനു  എത്രകിലോമീറ്റര്‍  നീളമുണ്ടെന്നോ ,  ആഴമുണ്ടെന്നോ  ശരിയായ രീതിയില്‍  തിട്ടപ്പെടുത്തുവാന്‍  ഇതുവരെ സാധിച്ചിട്ടില്ല .  നിലവില്‍  മനുഷ്യന്‍ 1,484 m അവരെ ഇറങ്ങി  ചെന്നിട്ടുണ്ട് . ഗുഹാമുഖത്ത്‌ നിന്നും  പത്തുകിലോമീറ്റര്‍  ദൂരം  ഇരുട്ടിലൂടെയും , നിരങ്ങി മാത്രം സഞ്ചരിക്കാവുന്ന ഇടനാഴികളിലൂടെയും ,  കൂറ്റന്‍ തടാകങ്ങളിലൂടെയും സഞ്ചരിച്ചാണ് ഇത്രയും താഴ്ചയില്‍  എത്തിച്ചേരുന്നത് .  ഒരു ഘട്ടത്തില്‍  രണ്ടു മൈല്‍  വരെ നീളമുള്ള  വടങ്ങളും  മറ്റും ഇതിനായി  ഉപയോഗിക്കേണ്ടി  വന്നിട്ടുണ്ട് .  ഇതിനിടയില്‍  ആയിരക്കണക്കിന്  ചെറു  ഇടനാഴികള്‍  വേറെയുമുണ്ട് . വഴി തെറ്റിയാല്‍  എവിടെയെത്തിച്ചെരുമെന്നു  പ്രവചിക്കാനാവില്ല .  Bill Stone എന്ന  കേവ്  ഡൈവര്‍ ആണ്  ഇത്രയുമൊക്കെ  കണ്ടു പിടിച്ച ധീരന്‍ . ഏറ്റവും താഴെ  ഒരു ഒരു കൂറ്റന്‍ തടാകമാണ്  അദ്ദേഹത്തിന്‍റെ  വഴി  തടസ്സപ്പെടുത്തുന്നത് . അടുത്ത വര്‍ഷം അതിനെയും  മറികടക്കുവനായി  കൂടുതല്‍ സജ്ജീകരണങ്ങളുമായി  മുപ്പതോളം സഹപ്രവര്ത്തകരോടോന്നിച്ചാണ്  കക്ഷിയുടെ  അടുത്ത സാഹസിക യാത്ര .

 

11 °C ആണ്  ഗുഹയിലെ ഏറ്റവും കൂടിയ താപനില .  എന്നാല്‍  ഗുഹയിലെ ചതുപ്പ് നിലങ്ങളിലും തടാകങ്ങളിലും (Sump or siphon)  മരംകോച്ചുന്ന  തണുപ്പാണ് . പ്രദേശവാസികളുടെ ( Cuicatecs) വിശ്വാസത്തില്‍ señor del cerro (Lord of the hill) എന്ന  ഒരു പുരാതന സത്വം  ഈ ഗുഹകളില്‍  ജീവിച്ചിരിപ്പുണ്ട് . ഗുഹാമുഖത്ത്‌  ഈ സത്വത്തിന്  വേണ്ടി  നരബലികളും  മറ്റും പണ്ട്  നടത്തിയിരുന്നു .  അന്ന്  ബലികൊടുക്കപ്പെട്ടവരുടെ അസ്ഥികളെ  ചവുട്ടി  വേണം ആധുനികസാഹസികര്‍ക്ക്  ഗുഹയിലേക്ക്  പ്രവേശിക്കുവാന്‍ ! ഇതിനിടയിലാണ്  ഈ ഗുഹക്കു  സമാന്തരമായി   J2 എന്ന മറ്റൊരു ഗുഹ കണ്ടുപിടിക്കപ്പെട്ടത് .   എന്നാല്‍  ഭൂമിക്കടിയില്‍ എവിടെയോ  വെച്ച്  J2,   Chevé ഗുഹയുമായി  സന്ധിക്കുന്നുണ്ട്  എന്ന സംശയം  ഇപ്പോള്‍  ഉണ്ട് . അങ്ങിനെ വന്നാല്‍  ഭൂമിക്കുള്ളിലെ  മറ്റൊരു  ലോകമായി മാറും  ഈ മെക്സിക്കന്‍  ഗുഹകള്‍ . കൂടാതെ ഇനിയും  തിരിച്ചറിയാന്‍ കഴിയാത്ത  ചരിത്രാതീതകാലത്തെ  അനേകം ജീവികളുടെ ഫോസിലുകളും  ഈ ഗുഹകളില്‍ നിന്നും  കണ്ടെത്തിയിട്ടുണ്ട് . എന്തായാലും ബില്‍ സ്റൊണിന്റെ  അടുത്ത പര്യവേഷണത്തില്‍ എല്ലാ  രഹസ്യങ്ങളുടെ ചുരുളുകളും  ആഴിയും എന്നാണ്  കരുതുന്നത് . 

profile-view-large.gif

ഇതുവായിക്കുമ്പോള്‍  ഉണ്ടാകാവുന്ന  ചില  സംശയങ്ങള്‍ക്ക്  ഉത്തരം

  1. ഒരു ഭൌമാന്തരഗുഹയുടെ താഴ്ച  പറയുന്നത്  , ഗുഹാമുഖത്ത്‌  നിന്നും താഴേയ്ക്കുള്ള വെര്‍ട്ടിക്കല്‍ ദൂരം  ആണ് . ഒരാള്‍ക്ക്‌  അവിടം വരെയെത്താന്‍  അതിന്‍റെ  പത്തിരട്ടി  ദൂരം  ഒരുപക്ഷെ സഞ്ചരിക്കേണ്ടി  വരാം . A cave’s depth is measured from the entrance down, no matter how high it is above sea level
  2. ഗുഹയുടെ ആഴം  അളക്കുന്നത്  ഗുഹാമുഖത്ത്‌  നിന്നോ  അതിനടുത്തു  നിന്നോ  താഴേക്ക്  ഒഴുകുന്ന ജലത്തില്‍ fluorescent dye ചേര്‍ത്തിട്ടാണ് .  Fluorescein ആണ്  സാധാരണ  ഉപയോഗിക്കുന്നത് . കൂടുതല്‍  ഈ ലിങ്കില്‍  ഉണ്ട് >>>> http://dyetracing.com/?page_id=30
  3. ഗുഹകളില്‍  കെട്ടിക്കിടക്കുന്ന  ജലത്തെ അല്ലെങ്കില്‍ തടാകത്തെ Sump or siphon എന്നാണ്  വിളിക്കുന്നത്‌ . ഇത്  ഒരുപക്ഷെ മറ്റു  ഒഴുക്കുകളുമായി  ബന്ധം  ഉള്ളതാവാം  അല്ലെങ്കില്‍  വെറുതെ  കെട്ടിക്കിടക്കുന്നത്  ആവാം . തീരെ ചെറിയ ചതുപ്പാണ്  എങ്കില്‍ duck എന്ന്  വിളിക്കും .
  4. സാധാരണ ഗുഹാമുഖത്ത്‌  ഒരു അപ്പര്‍ ബെയ്സ്  ക്യാമ്പ്  ഉണ്ടാവും . അവിടെനിന്നും  താഴേയ്ക്ക്  വലിച്ചിരിക്കുന്ന  വയറുകള്‍  മുഖേനയാണ് ഗുഹാ യാത്രികന്  ബാഹ്യലോകവുമായി  ബന്ധമുണ്ടാവുക . ഗുഹക്കകത്തു ഏതെങ്കിലും  വിശാലമായ സ്ഥലത്ത് മറ്റൊരു  ക്യാമ്പ് കെട്ടി  അവിടെനിന്നും  വയര്‍ലെസ്സ്  കണക്ഷന്‍  മുഖേനയും വാര്‍ത്താവിനിമയം  നടത്താറുണ്ട്‌ .
  5. ഗുഹയ്ക്ക്  അകത്തു സെറ്റ് ചെയ്യുന്ന ബെയ്സ്  ക്യാമ്പിലേക്ക്  ഭക്ഷണവും  ചാര്‍ജ്  ചെയ്ത ബാറ്ററികളും  ടോര്‍ച്ചുകളും  മറ്റു അവശ്യവസ്തുക്കളും  ഇടയ്ക്കിടക്ക്  മുകളില്‍  നിന്നും  സഹായികള്‍  എത്തിച്ചുകൊണ്ടിരിക്കും . വീട്ടില്‍ നിന്നുള്ള എഴുത്തുകളും ഇ മെയിലുകളും മറ്റും  ഇതിലുണ്ടാവും .
  6. ഒരു ഭൌമാന്തര ഗുഹ രൂപപ്പെടുന്നതെങ്ങിനെ ?
    ഒരു മഴ പെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഒരുഗുഹയും രൂപം കൊള്ളാന്‍ തുടങ്ങുന്നു. അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലരുമ്പോള്‍ അതിന് ചെറിയ അസിടിക് നേച്ചര്‍ കൈവരുന്നു . അതുകൊണ്ടാണ് മഴവെള്ളത്തിനു PH മൂല്യം 5.6 കൈവന്നത് . ഈജലം മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ അവിടെയുള്ള ജൈവഅവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡിനെ ആഗീരണംചെയ്ത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. വീണ്ടും ഇതേ അസിടിക് ജലം ലൈംസ്റ്റോണ്‍ പാറകള്‍ക്കിടയിലൂടെ (calcium carbonate) ഇറങ്ങുമ്പോള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ചു അവയെ ലയിപ്പിക്കുവാന്‍തുടങ്ങുന്നു. അങ്ങിനെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ജലം വീണ്ടും അതിലൂടെ താഴേക്ക് ഇറങ്ങി ഒരു ജലപാതതന്നെ രൂപപ്പെടുന്നു . ഇതിലൂടെ വായൂ കടന്നുവരുകയും പ്രവര്‍ത്തനം (chemical erosion) കൂടുതല്‍ ശക്തിആര്‍ജ്ജിക്കുകയുംചെയ്യും. കാലക്രമേണ ഈ ജലപാതവലുതായി വലുതായി വരുകയും ഗുഹകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യും .

blind-descent_wide-260755edf1cf7f3f8d8197206c2062b0ac55d695-s800-c85.jpg

Image

ഒരു അഭിപ്രായം പറയൂ