നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ !

Share the Knowledge

“UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ്  ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല ,  തൊണ്ണൂറുകളുടെ മധ്യത്തില്‍  നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു  എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത് .  സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ്  മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ  സ്ഥിതിചെയ്യുന്നത് .  ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങളും  പുണര്‍ന്ന് മുകളിലേയ്ക്ക്  കയറുന്ന പാത ചെറു  കുന്നുകളെയും  പുല്‍മേടുകളെയും തഴുകിയാണ്   ആണ്ടീസ്  നിരകളിലേക്ക്  മെല്ലെ  കയറുന്നത് .  കുതിര  മാത്രമാണ്  ലഭ്യമായ  ഏക  വാഹനം .

64528-13988247_10210149159346473_4750205878495051136_o

ഏകദേശം  നാല് മണിക്കൂറുകളോളം  കുതിര സവാരി ചെയ്ത്  സന്ദര്‍ശകര്‍  അവസാനം  എത്തുന്നത്‌  ഏഴായിരം   അടി  മുകളില്‍  ഉള്ള   El Enladrillado എന്ന  സ്ഥലത്താണ് .  യാത്രയിലെ  ഏറ്റവും  വിചിത്രമായ സ്ഥലമാണ്   El Enladrillado.  കാരണം  മറ്റൊന്നുമല്ല  ,  ഇത്  മല  മുകളിലെ  നിരപ്പായ  ഭൂമിയാണ്‌ .  അവിടെയാകട്ടെ  ആരോ  നിരപ്പായി  കല്ലുകള്‍  പാകിയിരിക്കുന്നു ! .  233 കല്ലുകളാണ്  വശങ്ങള്‍  ചെത്തിമിനുക്കി  ഈ മലമുകളില്‍  നിരപ്പായി ഇടവിട്ട്‌  പാകിയിരിക്കുന്നത്‌ . ഇതിലെന്താ  ഇത്ര  അത്ഭുതം  എന്നല്ലേ ?  ഇതില്‍  ഓരോ കല്ലിനും  പത്തു  ടണ്ണോളം  ഭാരമുണ്ടന്നു പറഞ്ഞാലോ !!! .

tutiempo-network-s-l

സത്യത്തില്‍  യാത്രയുടെ  ക്ലൈമാക്സില്‍  സഞ്ചാരികള്‍  ഈ കല്ലുകള്‍  കണ്ടു അന്തംവിടും .  ഏതോ  അതിപുരാതന  മനുഷ്യവംശം  ആണ്  ഈ വിചിത്ര  നിര്‍മ്മിതികളുടെ  പിറകില്‍  എന്ന്  സ്ഥലവാസികള്‍  ആരോപിക്കുമ്പോള്‍  അതല്ല  വോള്‍ക്കാനിക്ക്  ആക്റ്റിവിറ്റിയുടെ പരിണിതഫലമാണ്  ലാവ  തണുത്തുറഞ്ഞുണ്ടായ  ഈ  കല്ലുകള്‍  എന്ന്  മറുഭാഗം  വാദിക്കുന്നു .  എന്നാല്‍  രണ്ടുമല്ല  ,  ഇത്  പറക്കും തളികകളുടെ  ലാണ്ടിംഗ്  പാഡ്  ആണെന്നും ഇത് നിര്‍മ്മിചത്  അന്യഗ്രഹജീവികള്‍  ആണെന്നും ആണ്  മൂന്നാമതോരുകൂട്ടര്‍  വാദിക്കുന്നത് . സത്യത്തില്‍   മൂന്നുകൂട്ടര്‍ക്കും  അവരുടെ  വാദഗതികള്‍ സ്ഥാപിച്ചെടുക്കുവാന്‍  പറ്റിയ  തെളിവുകള്‍  ഇല്ലാ  എന്നതാണ്  സത്യം .

tomas-jorquera-sepulveda-via-flickr-2-690x517

എന്തൊക്കെയാണെങ്കിലും  ഇവിടെ നിന്നുള്ള  കാഴ്ച  അവിസ്മരണീയമാണ് .  പടിഞ്ഞാറ്  മേഘങ്ങള്‍ക്ക്  മീതെ  തല  ചെത്തി  വിട്ടതുപോലെയൊരു  മല ! അതാണ്‌   Volcán Descabezado. എന്ന് വെച്ചാല്‍ ‘Headless Volcano’ എന്നാണ്  അര്‍ഥം .  ഇത്  ഒരു അഗ്നിപര്‍വ്വതത്തിന്‍റെ  ലാവാ  ഗര്‍ത്തമാണ് .  തൊട്ടടുത്ത്‌  പന്ത്രണ്ടായിരം  അടി  മുകളില്‍  സജീവ  അഗ്നിപര്‍വ്വതമായ  Cerro Azul . യാത്രക്കിടയില്‍  UFO യെ  കാണാം  എന്നുള്ള  ഉറപ്പൊന്നും ചിലിയന്‍   സര്‍ക്കാര്‍  സന്ദര്‍ശകര്‍ക്ക്  നല്‍കുന്നില്ല  എങ്കിലും  ഈ സഞ്ചാരം  യാത്രികരെ  മറ്റൊരു  തലത്തില്‍  എത്തിക്കും  എന്നുറപ്പാണ് .

ecotourmauleblogspotcom-carlos-rojas-690x517

Join our Telegram Channel >>>> http://telegram.me/Palathullyweb

Like FB Page >> http://www.fb.com/GKShare

Image

ഒരു അഭിപ്രായം പറയൂ