ഒരു സമുദ്രം ജനിക്കുന്നു !

Share the Knowledge

ഒരു സമുദ്രം ജനിക്കുകയെന്ന അത്ഭുത സംഭവത്തിന്‌ സാക്ഷിയാവുകയാണ്‌ ശാസ്ത്രലോകം. കിഴക്കന്‍ ആഫ്രിക്കയില്‍ എത്യോപ്യയിലെ ആഫാര്‍ മരുഭൂമി പൊട്ടിപ്പിളര്‍ന്ന്‌ ആഫ്രിക്കയില്‍ നിന്ന്‌ അകലാന്‍ തുടങ്ങുകയാണെന്ന്‌ ഭൗമഗവേഷകര്‍ പറയുന്നു. അവിടെയൊരു സമുദ്രം രൂപപ്പെടാന്‍ പോകുന്നു.

സമുദ്രം മരിക്കുന്നതിന്‌ മനുഷ്യന്‍ സാക്ഷിയായിട്ടുണ്ട്‌. പഴയ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലെ ആരല്‍ സമുദ്രം( Aral Sea) ഉദാഹരണം. ഏതാനും ടണ്‍ പരുത്തിക്കു(cotton) വേണ്ടി, രണ്ടു പ്രമുഖ നദികളെ അമ്പതുകളുടെ അവസാനം സോവിയറ്റ്‌ സര്‍ക്കാര്‍ ഗതിമാറ്റിയൊഴുക്കിയപ്പോള്‍, ചരമക്കുറിപ്പ്‌ എഴുതപ്പെട്ടത്‌ ഭൂമുഖത്തെ ഏറ്റവും വലിയ ഉള്‍നാടന്‍ സമുദ്രത്തിനായിരുന്നു. സമുദ്രത്തിന്റെ മുഖ്യജലസ്രോതസ്സുകളായിരുന്നു അമു ദാരിയ, സ്വിര്‍ ദാരിയ എന്നീ നദികള്‍. അവയുടെ ഗതി മാറ്റിയതോടെ സമുദ്രം വറ്റിത്തീര്‍ന്നു. തീരങ്ങള്‍ ഉപ്പുകാറ്റില്‍ നശിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളി (environmental disaster)ലൊന്നായി ആരല്‍ സമുദ്രത്തിന്റെ നാശം വിലയിരുത്തപ്പെടുന്നു. ഇത്‌ സമുദ്രം മരിച്ചതിന്റെ കഥ. പക്ഷേ, ഒരു സമുദ്രം പിറക്കുന്നതിന്‌ സാക്ഷിയാകാന്‍ ആര്‍ക്കും കഴിഞ്ഞതായി രേഖയില്ല.

സാധാരണഗതിയില്‍ യുഗങ്ങള്‍ നീളുന്ന പ്രക്രിയയാണ്‌ സമുദ്ര ജനനം (Ocean birth). അത്തരമൊരു അസാധാരണ പ്രക്രിയയുടെ തുടക്കം ഇപ്പോള്‍ നേരിട്ടുകാണുകയാണ്‌ ആഫ്രിക്ക (Africa)യില്‍ ഭൗമഗവേഷകര്‍! വടക്കുകിഴക്കന്‍ എത്യോപ്യ (Ethiopia)യിലെ ആഫാര്‍ മരുഭൂമി (Afar desert) , ചെങ്കടലിനും(Red sea) ഏദന്‍ ഉള്‍ക്കടലിനും റിഫ്ട്‌ വാലി (Rift valley)ക്കുമിടിലുള്ള പ്രദേശമാണ്‌. ‘ആഫാര്‍ ത്രികോണ’മെന്ന്‌ ആ ഊഷരമേഖല അറിയപ്പെടുന്നു. ആഫാര്‍ മരുഭൂമിയില്‍പെട്ട ബോനിയ (Boniya)യില്‍ രൂപപ്പെട്ട 60 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയും ഒപ്പം ആവേശഭരിതരാക്കുകയും ചെയ്യുകയാണ്‌. എത്യോപ്യയുടെ കിഴക്കന്‍ പ്രദേശം പൊട്ടിപ്പിളര്‍ന്ന,്‌ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നകന്നു തുടങ്ങുന്നതിന്‌ തങ്ങള്‍ സാക്ഷ്യം വഹിക്കുകയാണെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. അങ്ങനെയുണ്ടാകുന്ന വിള്ളല്‍ ക്രമേണ സമുദ്രമാകും. ആഫാര്‍ മരുഭൂമി ആഫ്രിക്കയിലല്ലാതാകും.

എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്‌ അബാബയില്‍ നിന്ന്‌ ഏതാണ്ട്‌ ആയിരം കിലോമീറ്റര്‍ അകലെയാണ്‌ ബോനിയ. 2005 സപ്തംബറില്‍അവിടെ സാമാന്യം ശക്തമായ ഒരു ഭൂകമ്പ (earthquake)‍മുണ്ടായി. പിന്നീട്‌ കുറെ തുടര്‍ചലനങ്ങളും ആനുഭവപ്പെട്ടു; ഒരാഴ്ച കഴിഞ്ഞ്‌ ഒരു അഗ്നിപര്‍വത(volcano) സ്ഫോടനവും. ഇത്രയും സംഭവങ്ങള്‍ നടന്ന്‌ മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ്‌ 60 കിലോമീറ്റര്‍ നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതെന്ന്‌, ഇതെപ്പറ്റി പഠനം നടത്തുന്ന അന്താരാഷ്ട്ര ഗവേഷകസംഘത്തിന്റെ തലവന്‍ പ്രൊഫ. ദെരെജെ അയാലേവ്‌ വാര്‍ത്താഏജന്‍സികളെ അറിയിച്ചു. ആഡിസ്‌ ആബാബ സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗം(Geology) മേധാവിയാണ്‌ പ്രൊഫ.അയാലേവ്‌. വിള്ളലിന്റെ മധ്യഭാഗത്തിന്‌ എട്ടുമീറ്ററോളം വീതിയുണ്ടായിട്ടുണ്ട്‌. അമേരിക്കയിലെയും യൂറോപ്പിലെയും എത്യോപ്യയിലെയും ഭൗമഗവേഷകര്‍ സംയുക്തമായാണ്‌, സമുദ്രജനനത്തെപ്പറ്റി പഠിക്കുന്നത്‌.

ആധുനിക ഉപഗ്രഹ (satellite) നീരീക്ഷണ സംവിധാനങ്ങളുപയോഗിച്ചു നടത്തിയ പരിശോധനയില്‍, പുതിയൊരു സമുദ്രതടം രൂപംകൊള്ളുന്നതിന്‌ ലോകം സാക്ഷിയാവുകയാണെന്ന്‌ ഗവേഷകര്‍ക്ക്‌ വ്യക്തമായി.ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയാണ്‌ സമയ (time)ത്തെ സംബന്ധിച്ച മനുഷ്യന്റെ അനുഭവേദ്യ പരിധി. അതുവെച്ച്‌ പക്ഷേ, ഭൗമപ്രതിഭാസങ്ങളെ വിലയിരുത്തിയാല്‍ നിരാശയാകും ഫലം. തന്റെ ആയുഷ്ക്കാലത്തു തന്നെ പുതിയ സമുദ്രം കാണാനാകും എന്ന്‌ ഒരാള്‍ കരുതുന്നെങ്കില്‌ അത്‌ അബദ്ധമാകും. പുതിയ സമുദ്രതടം രൂപം കൊള്ളുന്നിടത്ത്‌ പ്രതിവര്‍ഷം രണ്ടു സെന്റിമീറ്റര്‍ വീതമാകും വിള്ളല്‍ വലുതാകുകയെന്ന്‌ ഗവേഷകര്‍ പറയുന്നു. അതുപ്രകാരം, കുറഞ്ഞത്‌ പത്തുലക്ഷം (one million) വര്‍ഷമെങ്കിലുമെടുക്കും പുതിയ സമുദ്രം പൂര്‍ണതോതില്‍ രൂപപ്പെടാന്‍. ഭൂമിയുടെ പ്രായം ഏതാണ്ട്‌ 460 കോടി വര്‍ഷം എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതുമായി താരതമ്യപ്പെടുത്തിയാല്‍ പത്തുലക്ഷം വര്‍ഷമെന്നത്‌ എത്ര തുച്ഛമാണെന്നോര്‍ക്കുക.

ഭൗമചരിത്രം പറയുന്നത്‌

ഭൗമശാസ്ത്രപ്രകാരം പരിഗണിച്ചാല്‍ പുതിയൊരു സമുദ്രം ഉണ്ടാവുകയെന്നതില്‍ പുതുമയൊന്നുമില്ല. വെറും പത്തോ പതിനഞ്ചോ കോടി വര്‍ഷം മുമ്പ്‌ പല മഹാസമുദ്രങ്ങളും ഇല്ലായിരുന്നു എന്നോര്‍ക്കുക. ഇപ്പോഴത്ത ഭൂഖണ്ഡങ്ങള്‍ (continent) പോലും ഇല്ലായിരുന്നു. ജര്‍മന്‍ ഭൗമശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ്‌ വേഗണര്‍ (Alfred Wagener) 1912-ല്‍ മുന്നോട്ടു വെച്ച സിദ്ധാന്തപ്രകാരം, 15കോടി വര്‍ഷം മുമ്പ്‌ ‘പാന്‍ജിയ'(Pangea)യെന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ്‌ ഭൂമുഖത്തുണ്ടായിരുന്നത്‌. അത്‌ പിന്നീട്‌ തെക്ക്‌ ‘ഗോണ്ട്വാനാലാന്‍ഡ്‌’ എന്നും, വടക്ക്‌ ‘ലോറേഷ്യ’യെന്നും രണ്ട്‌ ഭൂഖണ്ഡങ്ങളായി പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്‌, യൂറോപ്പ്‌ എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ.

ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത്‌ അന്റാര്‍ട്ടിക്കയും അതിനോട്‌ ചേര്‍ന്ന്‌ ഓസ്ട്രേലിയയും നിലകൊണ്ടു. മഡഗാസ്ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.ഏതാണ്ട്‌ പത്തുകോടി വര്‍ഷം മുമ്പ്‌ (ദിനോസറുകളുടെ യുഗമായിരുന്നു അത്‌) ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‌ ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്ക്കറില്‍ നിന്ന്‌ അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി ഏഷ്യയുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടു. ഒരു മഹാമേരുവും മഹാസമുദ്രവും ഭൂമിക്കു ലഭിച്ചു.

ആഫ്രിക്കയില്‍ നിന്ന്‌ തെക്കെഅമേരിക്ക പിളര്‍ന്നകന്നപ്പോള്‍ അത്ലാന്റിക്‌ സമുദ്രമുണ്ടായി. വടക്കന്‍ ഭൂഖണ്ഡത്തിനും ഇതേപോലെ പൊട്ടിയടരല്‍ സംഭവിച്ചു. അമേരിക്കയിലെ മസാച്യൊാ‍സ്റ്റ്സ്‌ തീരത്തു നിന്നു പെറുക്കിയെടുക്കുന്ന ഒരു ചരല്‍ക്കല്ല്‌ മിക്കവാറും ആഫ്രിക്കന്‍ തീരത്തുള്ളതിന്റെ ബന്ധുവായിരിക്കും എന്നൂഹിക്കാം. പശ്ചിമഘട്ടത്തില്‍ നിന്ന്‌ രണ്ടു വര്‍ഷം മുമ്പ്‌ കണ്ടെത്തിയ പുതിയ തവള കുടുംബമായ ‘നാസികാബട്രാച്ചഡ്‌ സഹ്യാദ്രേന്‍സിസി’ന്റെ അടുത്ത ബന്ധുക്കള്‍ അങ്ങകലെ ആഫ്രിക്കയ്ക്കു സമീപമുള്ള ദീപുകളില്‍ കാണപ്പെടുന്നത്‌ യാദൃശ്ചികമല്ല. അറുപതുകളില്‍ രംഗത്തെത്തിയ ‘ഫോസില്‍ മാഗ്നറ്റിസ’മെന്ന പഠനശാഖ, ഭൂഖണ്ഡങ്ങളുടെ ഈ പരിണാമം ശരിയാണെന്ന്‌ തെളിയിച്ചു.

ആല്‍ഫ്രഡ്‌ വേഗണര്‍ ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പു മുന്നോട്ടുവെച്ച ആശയം ഇന്ന്‌ ‘ഫലകചലന സിദ്ധാന്തം’ (plate tectonics) എന്ന പേരിലാണറിയപ്പെടുന്നത്‌. ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ (plates) കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടുമാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന്‌ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കറിയാം.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക്‌ പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ്‌ സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക്‌ കാരണമെന്ന്‌ ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ്‌ ഭൂകമ്പങ്ങള്‍. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്ര ത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന്‌ മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷം തോറും ഒരു നഖത്തിന്റെ നീളത്തില്‍(ഒരായുഷ്ക്കാലത്ത്‌ രണ്ടുമീറ്റര്‍ വീതം) യൂറോപ്പും വടക്കേ അമേരിക്കയും പരസ്പരം അകലുന്നത്‌ തുടരുകയാണ്‌. ഗ്ലോബല്‍ പൊസിഷനിങ്‌ സംവിധാന (global positionaning system)ങ്ങളുപയോഗിച്ച്‌ ഇത്‌ കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്‌.

കാര്യങ്ങള്‍ ഇന്നത്തെ നിലക്ക്‌ തുടര്‍ന്നാല്‍, അത്ലാന്റിക്‌ സമുദ്രം (Atlantic ocean) വലുതായി ഭാവിയില്‍ ശാന്തസമുദ്ര (Pacific ocean)ത്തെ കടത്തവെട്ടും. കാലിഫോര്‍ണിയ(California) അമേരിക്കയില്‍ നിന്ന്‌ വേര്‍പെട്ട്‌, മഡഗാസ്ക്കര്‍ ആഫ്രിക്കയില്‍ നിന്ന്‌ അകന്നു കഴിയുംപോലെ, കടലില്‍ ഒഴുകി മാറും. ആഫ്രിക്ക വടക്കോട്ടു നീങ്ങി യൂറോപ്പി (Europe)നോട്‌ ചേരും. മെഡിറ്റനേറിയന്‍ സമുദ്രം അപ്രത്യക്ഷമാകും.അതിന്റെ ഫലമായി ഹിമാലയത്തിന്റെ ദൈര്‍ഘ്യം പാരീസ്‌ മുതല്‍ കൊല്‍ക്കത്ത വരെ നീളും.അതിനാല്‍, എത്യോപ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്ന സമുദ്രത്തിന്റെ ആകൃതിയും വലുപ്പവും തീരുമാനിക്കുന്നത്‌ മറ്റ്‌ വന്‍കരകളുടെ ചലനത്തെ കൂടി ആശ്രയിച്ചായിരിക്കും എന്നുറപ്പിക്കാം.

(2006 ഫെബ്രുവരി 12-ന്‌ മാതൃഭൂമി(Mathrubhumi) വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ