ഹവായി: ജ്വലിക്കുന്ന അഗ്നിപർവ്വതങ്ങളുടെ നാട്

Share the Knowledge

കേൾക്കുമ്പോൾ അഗ്നിപർവതങ്ങൾ കനത്ത നാശം വിതക്കുന്നതായി തോന്നുമെങ്കിലും, വളരെ പതുക്കെ മാത്രം ഒഴുകുകയും, വളരെ പതുക്കെ മാത്രം ദിശ മാറുകയും ചെയ്യുന്നത് കൊണ്ട് ഇവിടെ ആൾ നാശം വളരെ കുറവാണു. മാത്രമല്ല ലാവ ഒഴുകി കടലിൽ പോയി വീഴുന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്. ഇങ്ങിനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിയിൽ ഉണ്ടാവുന്നത്.പുതിയ ഭൂമി ഉണ്ടാവുന്നത് നമുക്ക് നമ്മുടെ കണ്ണ് കൊണ്ട് കാണാം.

 

എട്ടു ദ്വീപുകളുടെ ഒരു സമൂഹം ആണ് ഹവായി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായി ദ്വീപ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോൾ, ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായി ദ്വീപിലേക്ക്‌ പോയി. കേരളത്തിന്റെ നാലിൽ ഒന്ന് മാത്രം വലിപ്പം ഉള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങൾ ആണ് ഉള്ളത്. ജീവാണുള്ളത് വേണോ? മരിച്ചത് വേണോ? എല്ലാം ഇവിടെ ഉണ്ട് !

 

കനത്ത മഴയിലേക്ക് ആണ് കോന ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ ചുറ്റും പുഴകളും വയലുകളും കാണുന്നപോലെ, ഇവിടെ ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. എവിടെ നോക്കിയാലും ഒഴുകി ഉറച്ച ലാവ മാത്രം. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും, ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിൽ ആകും ഇവിടെ ഉള്ളതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലാവയുടെ മുകളിൽ ആണ് കെട്ടിപ്പൊക്കിയിരിക്കുന്നതു. ഒരു റോഡിലൂടെ കാറിൽ പോകുമ്പോൾ ഒരു സ്റ്റോപ്പ് സൈൻ, മുൻപിൽ ലാവ റോഡ്‌ കുറുകെ ഒഴുകുന്നുണ്ട്, വഴി മാറി പോകുക! ഞങ്ങൾ എത്തുന്നതിനു ഏതാനും മാസം മുൻപാണ് പഹോവ എന്ന ഗ്രാമത്തിലെ എല്ലാവരും ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാറി താമസിക്കേണ്ടി വന്നത്.

 

കേൾക്കുമ്പോൾ അഗ്നിപർവതങ്ങൾ കനത്ത നാശം വിതക്കുന്നതായി തോന്നുമെങ്കിലും, വളരെ പതുക്കെ മാത്രം ഒഴുകുകയും, വളരെ പതുക്കെ മാത്രം ദിശ മാറുകയും ചെയ്യുന്നത് കൊണ്ട് ഇവിടെ ആൾ നാശം വളരെ കുറവാണു. മാത്രമല്ല ലാവ ഒഴുകി കടലിൽ പോയി വീഴുന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്. ഇങ്ങിനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിയിൽ ഉണ്ടാവുന്നത്.പുതിയ ഭൂമി ഉണ്ടാവുന്നത് നമുക്ക് നമ്മുടെ കണ്ണ് കൊണ്ട് കാണാം.

 

കൊഹാല ആണ് ഇവിടുത്തെ ഏറ്റവും പഴക്കം ഉള്ള അഗ്നിപർവത. കഴിഞ്ഞ 60,000 വർഷങ്ങളായി ഉറക്കത്തിൽ ആണ്. മൗന കിയ എന്ന രണ്ടാമൻ 3600 വർഷങ്ങൾക്ക് മുൻപാണ് അവസാനം പൊട്ടിത്തെറിച്ചത്. ഇവിടെ ആണ് ലോകത്തിലെ പല രാജ്യങ്ങളും ടെലെസ്കോപ് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങിനെ കുറെ വർഷങ്ങൾ ആയി പൊട്ടിത്തെറിക്കാത്ത അഗ്നിപർവതങ്ങളെ ഡോർമെൻറ് എന്ന് വിളിക്കുന്നു.

 

ബാക്കി മൂന്നും ഇപ്പോഴും ആക്റ്റീവ് ആണ്. ഇവയിൽ കീലൗഎയ (Kīlauea) ആണ് ഇപ്പോഴും ആകാശത്തേക്ക് ലാവ തുപ്പിക്കൊണ്ടിരിക്കുന്ന ഏറ്റവും ദേഷ്യക്കാരി ( ഹവായി വിശ്വാസം അനുസരിച്ചു ഈ അഗ്നിപർവതം പെണ്ണാണ്). പക്ഷെ പൊട്ടിത്തെറിയുടെ ഭീകരതയെക്കാൾ ലാവാ പ്രവാഹം നീണ്ടു നിൽക്കുന്നതിനാണ് ഇവൾ പ്രശസ്ത. 1983 ജനുവരി 3 നു പൊട്ടിത്തെറിച്ച ഈ അഗ്നിപർവ്വതത്തിന്റെ ലാവ പ്രവാഹം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ ലാവ പ്രവാഹം ആണിത്. പാവം ഹവായിക്കാർ, ചിലപ്പോൾ ലാവയുടെ ദിശ മാറുകയും, അതിന്റെ ദിശയിൽ വരുന്ന പട്ടണങ്ങളിലെ ആളുകൾ എല്ലാം ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടി വരികയും ചെയ്യുന്നു. പക്ഷെ അവർക്കു ഇത് വളരെ പരിചിതം ആണ്. വളരെ വർഷങ്ങൾ ആയി അവരുടെ ജീവിതം ലാവയുടെ ഒഴുക്കുമായി ബന്ധപ്പെട്ടതാണ്.

 

ഇത്രയും നാൾ ലാവ ഒഴുകി എന്ന് പറയുമ്പോൾ കുറച്ചു ലാവ മാത്രം ആണ് വരുന്നത് എന്ന് വിചാരിക്കരുത്. ഓരോ ദിവസവും 30 കിലോമീറ്റർ റോഡ് കവർ ചെയ്യാനുള്ള ലാവ ഇതിൽ നിന്നും വരുന്നുണ്ട്. ഇത് വരെ ഒഴുകിയ ലാവ വച്ച് 30 കിലോമീറ്റർ റോഡ് 30 കിലോമീറ്റർ ഉയരത്തിൽ പണിയാൻ മാത്രം ഉള്ള ലാവ ഇതിൽ ഇന്നും പുറത്തു വന്നിട്ടുണ്ട്.

 

കീലൗഎയ ഈകീ ട്രെയിൽ : തീയില്ല, പുക മാത്രം. —————————————————–

 

വോൾക്കനോ നാഷണൽ പാർക്കിന്റെ പ്രധാനപ്പെട്ട കാഴ്ചകളിൽ ആദ്യത്തേത്, ഒരിക്കൽ പൊട്ടിത്തെറിച്ചു ഇപ്പോൾ തീയില്ലാതെ പുക മാത്രം വരുന്ന ഒരു അഗ്നിപർവ്വതത്തിന്റെ വായിലൂടെ ഒരു നടത്തം. അതാണ് കീലൗഎയ ഈകീ ട്രെയിൽ. നാല് മണിക്കൂർ ആണ് നടത്തം. ആദ്യം അഗ്നിപർവ്വതത്തിന്റെ അരികിലൂടെ മുകളിലേക്ക് ഒരു കയറ്റം. ഒരു മല കയറ്റം തന്നെ ആണിത്. നല്ല പച്ചപ്പുള്ള വഴികൾ. ഒരു മഴക്കാട്ടിലൂടെ നടക്കുന്ന പ്രതീതി. മുകളിൽ എത്തിക്കഴിഞ്ഞാൽ ഇടയ്ക്കു അരികിലൂടെ മരങ്ങൾക്കിടയിലൂടെ താഴെക്കു നോക്കുമ്പോൾ, ഒരു മരുഭൂമിക്ക് നടുവിലൂടെ ഉറുമ്പുകൾ പോലെ മനുഷ്യർ നടന്നു പോകുന്നത് കാണാം. അതാണ് പൊട്ടിത്തെറിച്ചു കുഴിഞ്ഞു പോയ അഗ്നിപർവ്വതത്തിന്റെ തല. അങ്ങോട്ട് പതുക്കെ ഇറങ്ങി പോകണം.

 

ചെറുപ്പത്തിൽ അഗ്നിപർവ്വതത്തിന്റെ പടം വരച്ചും മറ്റും മാത്രം പരിചയമുള്ള എന്റെ മനസ്സിൽ ഒരു വലിയ മലയുടെ മുകളിൽ ഒരു ചെറിയ കുഴി എന്നതായിരുന്നു അഗ്നിപർവ്വതത്തിനെ കുറിച്ചുള്ള സങ്കല്പം. പക്ഷെ നേരിട്ട് കണ്ടപ്പോൾ ആണ് ഇതിന്റെ വലിപ്പം മനസ്സിലായതു. ഈ “ചെറിയ” കുഴിയുടെ ഇങ്ങേ തലക്കൽ നിന്ന് അങ്ങേ തലക്കൽ വരെ 2 കിലോമീറ്റർ നീളമുണ്ട്‌. ഇമ്മിണി ബല്യ കുഴി.

 

എല്ല്ലാ ജീവജാലങ്ങളെയും നശിപ്പിച്ച പൊട്ടിത്തെറിക്ക് ശേഷം ഒരു മരം പോലും ഇല്ലാത്ത ഈ ഭാഗത്തു കുറെ ചെറിയ ചെടികൾ നല്ല ചുവന്ന പൂവുകളും വിരിയിച്ചു അവിടെ അവിടെയായി നിൽക്കുന്നത് കാണാം. ജീവൻ പതുക്കെ ഈ ഭാഗത്തെ തിരിച്ചു പിടിച്ചു തുടങ്ങുകയാണ്.

 

മുഴുവൻ ചത്തിട്ടില്ലാത്ത ഒരു അഗ്നിപർവ്വതത്തിന്റെ മുകളിലൂടെ ആണ് ഈ നടത്തം. എവിടെ നോക്കിയാലും പുകയും, സൾഫർ ഡൈയോക്സിടും മുകളിലേക്ക്‌ ഇന്നും വന്നു കൊണ്ടിരിക്കുന്നു. ചൂട് നീരാവി അവിടെ അവിടെ ആയി മുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഒത്ത നടുവിൽ ഒരു ചെറിയ കല്ലിന് കൂമ്പാരം പോലെ കാണണം. മുകളിൽ കയറിയാൽ, അതിനു നടുക്ക് ഒരു കുഴി. അവിടെ നിന്ന് ഒരു മുരൾച്ച കേൾക്കാം. ഭൂമി ദേവി കുറച്ചു ദേഷ്യത്തിൽ ആണിവിടെ. നല്ല ചൂടുള്ള നീരാവി ശക്തിയായി പുറത്തേക്കു പ്രഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും ജീവനുള്ള ഒരു അഗ്നിപർവതം ആണ് ഇതെന്ന് പെട്ടെന്ന് എനിക്ക് ഓർമ വന്നു. ചെറിയ പേടി തോന്നി. ഇങ്ങേർക്ക് ഇപ്പോഴൊന്നും പൊട്ടിത്തെറിക്കാൻ തോന്നല്ലേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ആഞ്ഞു നടന്നു. ഇവിടെ ഭൂമിക്കടിയിൽ പല ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. താഴെ നടക്കുന്ന ആക്ടിവിറ്റീസ് എല്ലാം സ്ഥിരമായി ദൂരെ ഉള്ള ഒരു സെന്ററിൽ മോണിറ്റർ ചെയ്യുന്നുണ്ട്. അടുത്ത പൊട്ടിത്തെറി പ്രവചിക്കാൻ പറ്റുമെന്ന് തോന്നുന്നു.

 

ഇതിലൂടെ അങ്ങേ അറ്റത്തേക്ക് നടന്നു പിന്നെ മുകളിലേക്ക് തിരിച്ചു കയറണം. 8 കിലോമീറ്റർ  ആണ് മൊത്തം നടത്തം. തിരിച്ചു കയറുന്ന അവിടെ ആണ് തദ്ദേശീയർ നാഹുക്കു എന്ന് വിളിക്കുന്ന തേർസ്റ്റൻ ലാവ ട്യൂബ്. അരക്കിലോമീറ്റർ മാത്രം നീളം ഉള്ള ഒരു ടണൽ ആണിത്. കണ്ടാൽ പ്രത്യേകിച്ച് വിശേഷം ഒന്നും തോന്നില്ല ഇത് എങ്ങിനെ ഉണ്ടായി എന്നറിയുന്നത് വരെ.

 

ഒരു പൊട്ടിത്തെറിക്ക് ശേഷം അഗ്നിപർവതത്തിൽ നിന്നും ലാവ അതി ശക്തിയായി പ്രവഹിക്കും. കുറെ കഴിയുമ്പോൾ ഈ ലാവാ പ്രവാഹത്തിന്റെ പുറത്തുള്ള ഭാഗം പതുക്കെ തണുക്കാൻ തുടങ്ങും. തണുക്കുന്നു ഭാഗം ഉറക്കുകയും , അത് ഒരു ഗുഹ പോലെ ആയി തീരുകയും ചെയ്യും. ഉള്ളിലുള്ള ലാവ പ്രവാഹം പെട്ടെന്ന് നിന്നാൽ ഈ പുറത്തുള്ള ഗുഹ മാത്രം ബാക്കി ആവും. അങ്ങിനെ ഉണ്ടായ ടണൽ ആണ് ഇത്. വർഷങ്ങൾക്കു മുൻപ് ഒഴുകിപോയ് ലാവയെ ഉറഞ്ഞ രൂപത്തിൽ നമുക്ക് തൊടാം.

 

 

നോട്ട് 1 : പറഞ്ഞു വരുമ്പോൾ ഹവായിക്കാർ നമ്മുടെ ബന്ധുക്കളും പരിചയക്കാരായും വരും. ഇവിടെ ഉള്ള തദ്ദേശീയർ പോളിനേഷ്യയിൽ നിന്നും വന്നതാണ് എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്റെ ഡിഎൻഎ ടെസ്റ്റ് ചെയ്തപ്പോൾ പോളിനേഷ്യ – മൈക്രോനേഷ്യയിൽ ആണ് 15 ശതമാനം ഉത്ഭവം എന്ന് കണ്ടു. എല്ലാ ഇന്ത്യക്കാർക്കും ഇത് ബാധകം ആണോ അതോ എന്റെ പൂർവികരുടെ കയ്യിലിരിപ്പാണോ എന്ന് എനിക്കറിയില്ല.

 

 

നോട്ട് 2 : ചെറുപ്പത്തിൽ ഹവായ് ചെരുപ്പ് ഇട്ടു നടന്നത് മാത്രം ആണ് ഇതിനു മുൻപ് എനിക്ക് ഹവായിയും ആയുള്ള പരിചയം. അത് ഓർത്താണ് ഹവായിയിലെ ഒരു കടയിൽ ചെന്ന് കയറി ഹവായി ചെരുപ്പുണ്ടോ എന്ന് ചോദിച്ചത്. പുള്ളിയുടെ മുഖഭാവത്തിൽ നിന്ന് അങ്ങേര് ഹവായി ചെരുപ്പ് എന്ന് ആദ്യമായി കേൾക്കുക ആണെന്ന് മനസ്സിൽ ആയി. കുറെ അന്വേഷിച്ചിട്ടും ഒരിടത്തും കിട്ടിയില്ല. തിരിച്ചു വന്നു കുറെ നാൾ കഴിഞ്ഞാണ് അറിഞ്ഞത്, നാം അറിയുന്ന നമ്മുടെ സ്വന്തം ഹവായി ചെരുപ്പും ഹവായിയും ആയി ഒരു ബന്ധവും ഇല്ല, അത് ബാറ്റ കമ്പനിക്കാർ ഇറക്കിയ ഒരു ചെരിപ്പിന്റെ ബ്രാൻഡ് മാത്രം ആയിരുന്നു. വെറുതെ അല്ല ഹവായിയിലെ കടക്കാരൻ എന്റെ ചോദ്യം കേട്ട് ഐ ആം ദി സോറി അളിയാ എന്ന മട്ടിൽ മിഴുങ്ങസ്യാ നിന്നത്.

 

 

നോട്ട് 3 : ഹവായി അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം ആയെങ്കിലും അവർ ശരിക്കും പോളിനേഷ്യൻ സംസ്കാരം അഭിമാനപൂർവം പിന്തുടരുന്നവർ ആണ്. ചില ദ്വീപുകളിൽ ഇവിടെ ഉള്ള നേറ്റീവ് ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു. അമേരിക്ക ഈ ദ്വീപിന്റെ സൈന്യ പ്രാധാന്യം മനസിലാക്കി ഇവിടെ കോളനി ആക്കിയത് ആണ്. അതിനു മുൻപ് കുറെ ജാപ്പനീസ് ആളുകൾ ഇവിടെ വന്നു സ്ഥിര താമസം ആക്കിയിട്ടുണ്ട്. അത് കൊണ്ട് ഇവിടെ 3 തരം ആളുകളെ കാണാം. 100 ശതമാനം തദ്ദേശീയർ, ജാപ്പനീസ്, മറ്റു അമേരിക്കൻ വെള്ളക്കാരും കറുത്ത വർഗക്കാരും. ഹവായിക്കു സ്വയം ഭരണം വേണം എന്ന് പറഞ്ഞു ഒരു മൂവ്മെന്റും നടക്കുന്നുണ്ട്.

BY നസീർ ഹുസൈൻ കിഴക്കേടത്ത്

From : http://metromalayalamonline.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ