സരസ്വതീ നദിയെ തേടി

Share the Knowledge

ഹിമാലയത്തിലെ ശിവാലിക് നിരകളില്‍നിന്ന് ഉല്‍ഭവിച്ച് പടിഞ്ഞാറേക്ക് ഒഴുകി, ആധുനിക രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ റാന്‍ ഓഫ് കച്ചിലെ കടലില്‍ പതിച്ചിരുന്ന സരസ്വതീ നദി അപ്രത്യക്ഷയായതെങ്ങനെ? ഹരിയാനയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ലോകത്തെ ഏറ്റവും പ്രാചീന ഗ്രന്ഥമായ ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന സരസ്വതി നദി തന്നെയാണെന്ന് പല ചരിത്രകാരന്‍മാരും വിശ്വസിക്കുന്നു. എന്തായാലും ഭാരത സംസ്‌കാരത്തെ വളര്‍ത്തിയെടുത്ത ഈ ലുപ്ത പ്രവാഹത്തെ കണ്ടെത്താന്‍ ഹരിയാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ നല്ലതുതന്നെ. ആര്യനാക്രമണ സിദ്ധാന്തത്തിന്റെ കപടത തുറന്നുകാട്ടിയ മിഷേല്‍ ദാനിനോ എന്ന വിഖ്യാത ചരിത്രകാരന്‍ ഭാരതത്തിന്റെ മഹത്തായ പൈതൃകത്തോടും സംസ്‌കാരത്തോടും നമ്മള്‍ കാണിക്കുന്ന അപരിചിത്വത്തില്‍  കടുത്ത ദുഖം ഈ ലേഖകനുമായി ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി. ഫ്രാന്‍സില്‍ ജനിച്ച ദാനിനോ വൈദിക സംസ്‌കാരത്തിന്റെ ആകര്‍ഷണ വലയത്തില്‍പെട്ട് ഭാരതത്തെ അറിയാന്‍ 21ാം വയസ്സില്‍ ഇവിടെയെത്തിയതാണ്. പിന്നീട് മടങ്ങിയിട്ടില്ല. ഇന്ത്യന്‍ സംസ്‌കൃതിയിലും നാഗരികതയിലും ആഴത്തിലുള്ള അറിവ് സമ്പാദിച്ച അദ്ദേഹത്തിന്റെ The Lost River: On the Trail of the Sarasvati (Penguin Books India, 2010) എന്ന ഗ്രന്ഥം ഏറെ ചര്‍ച്ചയായിരുന്നു. നീലഗിരിയിലെ ഷോലവനങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പോരാടിയ അദ്ദേഹം ദി ഇന്‍വേഷന്‍ ദാറ്റ് നെവര്‍ വാസ് എന്ന കൃതിയിലൂടെ ബ്രിട്ടീഷുകാര്‍ ചമച്ച ആര്യനാക്രമണ സിദ്ധന്തമെന്ന പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്.

The Lost River: On the Trail of the Sarasvati  ഡിസി ബുക്‌സ് മലയാളത്തിലേക്ക് സരസ്വതീ നദി ഒഴുകും വഴി എന്ന പേരില്‍ തര്‍ജ്ജ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേദത്തില്‍ പരാമര്‍ശമുള്ള സരസ്വതീ നദി അപ്രത്യക്ഷമായത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ് ദാനിനോ. പാശ്ചാത്യ പര്യവേഷകരുടെ റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ പണ്ഡിതരുടെ അഭിപ്രായങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണങ്ങളും വൈദിക ഗ്രന്ഥങ്ങളും സംയോജിപ്പിക്കുന്ന പഠനമാണ് ദാനിനോ നടത്തിയത്. ഈ ഗ്രന്ഥം സരസ്വതീ നദി ഒഴുകിയിരുന്ന മാര്‍ഗം കണ്ടെത്തുക മാത്രമല്ല, ആ നദീതീരത്ത് രൂപപ്പെട്ട മഹത്തായ ഒരു സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും സാമൂഹ്യ, സാംസ്‌കാരിക ആചാരങ്ങളിലൂടെ ഒഴുകുന്നതിന്റെ തെളിവുകള്‍ എടുത്തുകാട്ടുകയും ചെയ്യുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഋഗ്വേദത്തിലെ 45 മന്ത്രങ്ങളില്‍ സരസ്വതി നദിയെ പ്രകീര്‍ത്തിക്കുന്നതായി ദാനിനോ ചൂണ്ടിക്കാട്ടുന്നുണ്ട്. സരസ്വതി എന്ന നാമമാകട്ടെ 72 തവണ ഉച്ചരിക്കപ്പെടുന്നുമുണ്ട്. നദികളില്‍ വെച്ച് ഏറ്റവും പ്രചണ്ഡയായും ജന്മനാ ബൃഹത്തായും അനന്തമായും അനുസ്യൂതമായുമെല്ലാം സരസ്വതി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ജലസ്രോതസ്സുകളുടെ മാതാവെന്നും അവള്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

സരസ്വതിയുടെ തീരത്തുനിന്നുമുയര്‍ന്ന ഋഷിമാരുടെ ശുഭവൈദികമന്ത്ര ധ്വനികള്‍ ഉലകത്തെയാകെ നയിക്കാന്‍ ശേഷിയുള്ളതായിരുന്നു. സരസ്വതി തീരത്തെ ജീവിതത്തോളം സുഖപ്രദമായ മറ്റൊന്ന് ഉണ്ടോയെന്ന് പലരും സംശയിച്ചു. വേദമന്ത്രഘോഷങ്ങളാല്‍ മുഖരിതമായിരുന്നു അവിടം.

ക്രിസ്തുവിനു മുന്‍പ് 4000 മുതല്‍ 1500 വരെയുള്ള കാലഘട്ടത്തില്‍ ഏറെ പുരോഗതി നേടിയ ഒരു ജനവിഭാഗം കഴിഞ്ഞിരുന്നത് സരസ്വതി നദിയുടെ തീരത്താണെന്നാണ് പല ചരിത്രഗവേഷകരും സൂചിപ്പിക്കുന്നത്.  ആ നിലയ്ക്കാത്ത നീരൊഴുക്കുണ്ടായിരുന്ന ഭാഗം ഇന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി കിടക്കുന്ന ഥാര്‍, ചോളിസ്ഥാന്‍ മരുഭൂമികളാണെന്നാണ് കരുതപ്പെടുന്നത്.  ഋഗ്വേദ പരാമര്‍ശങ്ങളനുസരിച്ച്  യമുനയ്ക്കും ശത്രുദ്രി (സത്‌ലജിനും) ഇടയിലായിരുന്നു സരസ്വതിയുടെ സ്ഥാനം.

എന്നാല്‍ വേദമന്ത്രങ്ങളില്‍ പറഞ്ഞ സരസ്വതി ഒരു നദിയാണെന്ന് നൈരുക്തിക അര്‍ത്ഥ പ്രകാരം പറയാനാകില്ല എന്നാണ് കാശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും വേദപണ്ഡിതനുമായ ആചാര്യ എം ആര്‍ രാജേഷ് അഭിപ്രായപ്പെട്ടത്.  വേദമന്ത്രങ്ങളില്‍ ഐതിഹാസിക വിവരണങ്ങള്‍ ഉണ്ടെന്ന് കരുതാനാവില്ല. ചരിത്രപരമായി വേദവ്യാഖ്യാനം ചെയ്യാനാവില്ല എന്നതാണ് യാസ് ക മഹര്‍ഷിയുടെ അഭിപ്രായം-അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അതിശക്തമായ ഭൂചലനങ്ങള്‍ കാരണം സരസ്വതി നദി അടുത്തുള്ള യമുനാ നദിയില്‍ ചേരുകയോ അല്ലെങ്കില്‍ താര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പിന്നീട് അലഹാബാദിലെ ത്രിവേണി സംഗമത്തിലെ അദൃശ്യസാന്നിദ്ധ്യം മാത്രമായിട്ടാണ് സരസ്വതിയെ പലരും കരുതിപ്പോന്നത്. സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകള്‍ നീക്കുന്നതിനായി ഇന്ന് കാര്യമായ ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്.

ഐഎസ്ആര്‍ഒയുടെ ജോധ്പൂരില്‍ ഉള്ള റിമോട്ട് സെന്‍സിംഗ് സര്‍വീസ് സെന്ററിന്റെ സഹായത്തോടുകൂടിയാണ് അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തിയത്. ഹരിയാനിലെ യമുനനഗറിലെ മുഗള്‍വാലി ഗ്രാമത്തിലാണ് സരസ്വതി നദി പ്രത്യക്ഷയായതെന്ന് വിശ്വസിക്കപ്പെടുന്നു. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരിന്റെ നദീ പുനര്‍ജീവന പദ്ധതി പ്രകാരമാണ് സരസ്വതി നദിയെ കണ്ടെത്താന്‍ ഇവിടെ 80ലധികം ആളുകള്‍ ചേര്‍ന്ന് ഏപ്രില്‍ 21ാം തിയതി മുതല്‍ കുഴിക്കാന്‍ തുടങ്ങിയത്. അവിടെ ഭൂമിക്കടിയില്‍ നിന്നും നദി കുത്തി ഒലിച്ചു വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടേ സരസ്വതി നദിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭാരതത്തില്‍ ആരംഭിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഇതിനായി ആഴത്തിലുള്ള പഠനങ്ങള്‍ തന്നെ നടത്തിയതായി ദാനിനോ തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 1820കളില്‍ ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ ഘാഗ്ഗര്‍-ഹക്ര നദിയിലേക്ക് എത്തിയത് ഇതിന്റെ ഭാഗമായാണെന്നും വിലിയിരുത്തപ്പെടുന്നു. എന്നാല്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി മണ്‍സൂണ്‍ കാലത്തു മാത്രം ഒഴുകുന്ന ഈ നദി തന്നെയാണോ സരസ്വതിയെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

സരസ്വതി നദിയുടെ അന്തര്‍ദ്ധാനമാണ് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പതനത്തിലേക്ക് വഴിവെച്ചതെന്ന ശക്തമായ കണ്ടെത്തലുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ലോകശക്തിയാകാന്‍ കൊതിക്കുന്ന ആധുനിക ഭാരതത്തിന് അത് വ്യക്തമായ ഒരു സന്ദേശം കൂടിയാണ് നല്‍കുന്നത്. യുക്തിരഹിതമായ വികസനകാഴ്ച്ചപ്പാടുകളിലൂടെയും വ്യവസായവല്‍ക്കരണത്തിലൂടെയും ഗംഗയുള്‍പ്പടെയുള്ള നദികളെ മലിനീകരിക്കുന്നത് തുടര്‍ന്നാല്‍ ഒരു ക്ലാസിക്കല്‍ സംസ്‌കാരത്തിന്റെ അധപതനം പൂര്‍ണ്ണമാകുന്നതിലേക്കായിരിക്കും അത് നയിക്കുക. കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന ഗംഗാ ശുചീകരണ പദ്ധതിക്ക് ഫലം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്താനും രാഷ്ട്രത്തിന്റെ നദികളെ സംരക്ഷിക്കാനും മറ്റാരെക്കാളും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്.

ലോകത്തെ നയിക്കാന്‍ വീണ്ടും ഭാരതം പ്രാപ്തയാകണമെങ്കില്‍ അവളുടെ ആത്മാവ് തൊട്ടറിയാന്‍ ഇവിടുത്തെ ജനതയ്ക്ക് കഴിയണം. അത് കുടികൊള്ളുന്നതാകട്ടെ സരസ്വതിയുടെയും ഗംഗയുടെയും യമുനയുടെയും ഗോദാവരിയുടെയും നര്‍മ്മദയുടെയും സിന്ധുവിന്റെയും കാവേരിയുടെയും തീരതലങ്ങളില്‍ നിന്നും വിന്ധ്യ ശതാപുര താഴ്‌വാരങ്ങളില്‍ നിന്നുമെല്ലാം ഉയര്‍ന്ന മന്ത്രധ്വനികളാല്‍ രൂപം കൊണ്ട സാംസ്‌കാരികതയിലാണ്. കാലം ആവശ്യപ്പെടുന്നു ആ മഹത്തായ ഭൂതകാലത്തിന്റെ ഓര്‍മമപ്പെടുത്തല്‍. കാരണം ഇന്നും പ്രസക്തമാകുന്ന മഹര്‍ഷി അരവിന്ദന്റെ ഈ വാക്കുകള്‍ തന്നെ,  ”യുഗങ്ങളിലൂടെയുളള ഭാരതം മരിച്ചിട്ടില്ല, സൃഷ്ടിപരമായ അവളുടെ അവസാനവാക്ക് പറഞ്ഞു കഴിഞ്ഞിട്ടുമില്ല, അവള്‍ ജീവിക്കുന്നു തനിക്കുവേണ്ടിയും ലോകത്തിന് വേണ്ടിയും ചിലത് ചെയ്തുതീര്‍ക്കാനുണ്ട്.’

സരസ്വതി നദി ഒഴുകും വഴി എന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക

By ദിപിന്‍ ദാമോദരന്‍

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ