എബ്ല—മൺമറഞ്ഞ ഒരു പുരാതന നഗരം പ്രത്യക്ഷപ്പെടുന്നു

Share the Knowledge

1962-ലെ വേനൽക്കാലം. പാവോലോ മാത്തൈ എന്ന ഇറ്റലിക്കാരനായ ഒരു യുവ പുരാവസ്‌തു ശാസ്‌ത്രജ്ഞൻ വടക്കു പടിഞ്ഞാറൻ സിറിയയുടെ ചില പ്രദേശങ്ങൾ ചുറ്റിനടന്നു പരിശോധിക്കുകയായിരുന്നു. എന്തെങ്കിലും കണ്ടെത്താനാകുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സിറിയയുടെ ഉൾപ്രദേശങ്ങളിൽ ഗവേഷണത്തിനുതകുന്ന പുരാവസ്‌തുക്കൾ കാര്യമായൊന്നും ഇല്ലെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാൽ അലെപ്പോയ്‌ക്ക് ഏകദേശം 60 കിലോമീറ്റർ തെക്കു സ്ഥിതിചെയ്യുന്ന റ്റെൽ മർദികിൽ രണ്ടു വർഷങ്ങൾക്കുശേഷം ആരംഭിച്ച ഖനനം ‘20-‍ാ‍ം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖമായ പുരാവസ്‌തു ശാസ്‌ത്ര കണ്ടുപിടിത്തം’ എന്നു പലരും വിശേഷിപ്പിക്കുന്ന ഒന്നിലേക്ക് വെളിച്ചംവീശാൻ പോകുകയായിരുന്നു.

എബ്ല എന്ന ഒരു നഗരം സ്ഥിതിചെയ്‌തിരുന്നുവെന്ന് പുരാതന ആലേഖനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ നഗരം മധ്യപൂർവദേശത്തുടനീളം കാണപ്പെടുന്ന കുന്നുകളിൽ ഏതിനു കീഴിൽ കണ്ടെത്താനാകുമെന്ന് ആർക്കും അറിയില്ലായിരുന്നു. “മാരി, യാർമൂടി, എബ്ല” എന്നിവയുടെ മേലുള്ള അക്കാദ്‌ രാജാവായ സർഗോന്‍റെ വിജയത്തെക്കുറിച്ച് ഒരു ആലേഖനം പറയുന്നു. “ഇബ്ല [എബ്ല] മലകളിൽ”നിന്നു തനിക്കു ലഭിച്ച വിലപിടിപ്പുള്ള തടികളെക്കുറിച്ച് സുമേറിയൻ രാജാവായ ഗൂഡെയാ പ്രസ്‌താവിക്കുന്നതായി മറ്റൊരു ആലേഖനത്തിൽ കാണുന്നു. തുറ്റ്‌മോസ്‌ മൂന്നാമൻ ഫറവോൻ കീഴടക്കിയ പുരാതന നഗരങ്ങളെക്കുറിച്ചു പറയുന്ന ഈജിപ്‌തിലെ കാർനാക്കിലുള്ള ലിസ്റ്റിലും എബ്ല പ്രത്യക്ഷപ്പെടുന്നുണ്ട്. എബ്ല എന്ന നഗരം കണ്ടുപിടിക്കാൻ പുരാവസ്‌തു ശാസ്‌ത്രജ്ഞർ ശ്രമം ആരംഭിച്ചത്‌ എന്തുകൊണ്ടെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലാക്കാനാകും.

തുടർന്നു നടത്തിയ ഖനനങ്ങൾക്കു ഫലമുണ്ടായി. എബ്ലയിലെ ഐബിറ്റ്‌ ലിം എന്ന രാജാവിന്‍റെ പ്രതിമയുടെ ഒരു ഭാഗം 1968-ൽ കണ്ടെത്തി. “എബ്ലയിൽ ശോഭിച്ചിരുന്ന” ഇഷ്ടാർ ദേവിക്കു സമർപ്പിച്ചതായിരുന്നു ഈ പ്രതിമ എന്നു വെളിപ്പെടുത്തുന്ന ഒരു പ്രതിജ്ഞ അക്കാഡിയൻ ഭാഷയിൽ ഇതിൽ ആലേഖനം ചെയ്‌തിരുന്നു. അങ്ങനെ, പുരാവസ്‌തു ഗവേഷണം “ഒരു പുതിയ ഭാഷ, ഒരു പുതിയ ചരിത്രം, ഒരു പുതിയ സംസ്‌കാരം” എന്നിവയിലേക്കു വെളിച്ചംവീശിത്തുടങ്ങി.

റ്റെൽ മർദികിൽത്തന്നെയാണ്‌ പുരാതന എബ്ല സ്ഥിതിചെയ്‌തിരുന്നതെന്ന് 1974/75-ൽ സ്ഥിരീകരിക്കപ്പെട്ടു; ഈ പുരാതനപേര്‌ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന കളിമൺ ഫലകങ്ങൾ കണ്ടെടുത്തതോടെയായിരുന്നു അത്‌. ഈ നഗരം കുറഞ്ഞത്‌ രണ്ടു പ്രാവശ്യം അവിടെ സ്ഥിതിചെയ്‌തിരുന്നുവെന്നും പുരാവസ്‌തു തെളിവുകൾ കാണിക്കുന്നു. ഉയർന്നുവന്ന് ഒരു കാലഘട്ടത്തേക്ക് നിലനിന്ന എബ്ല പിന്നീട്‌ നശിപ്പിക്കപ്പെട്ടു. വീണ്ടും പണിയപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം വിസ്‌മരിക്കപ്പെടുംവിധം ഒരിക്കൽക്കൂടി നശിപ്പിക്കപ്പെടുകയായിരുന്നു.

ഒരു നഗരം, പല ചരിത്രം

യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികൾക്കിടയിലേതുപോലുള്ള, കൃഷിക്ക് അനുയോജ്യമായ എക്കൽ പ്രദേശങ്ങളിലാണ്‌ പ്രാചീന നഗരങ്ങൾ പിറവിയെടുത്തത്‌. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ആദ്യനഗരങ്ങൾ മെസൊപ്പൊത്താമ്യയിലായിരുന്നു. (ഉല്‌പത്തി 10:10) എബ്ല എന്ന പേരിന്‍റെ അർഥം “വെള്ളക്കല്ല്” എന്നാണെന്നു തോന്നുന്നു. ചുണ്ണാമ്പുകല്ലുള്ള പ്രദേശത്തു പണിതിരുന്നതിനാലായിരിക്കാം നഗരത്തിന്‌ ഈ പേര്‌ കൈവന്നത്‌. പ്രമുഖ നദികളിൽനിന്നു വിദൂരതയിലാണ്‌ ഈ പ്രദേശം. ഭൂമിക്കടിയിലെ ചുണ്ണാമ്പുകല്ലിന്‍റെ പാളി, പ്രകൃതിദത്ത ജലം എപ്പോഴും ലഭിക്കുന്നതിന്‌ ഇടയാക്കും എന്നതിനാലാണ്‌ ഈ സ്ഥലം തിരഞ്ഞെടുത്തത്‌ എന്നു വ്യക്തം.

മഴ കുറവായിരുന്നതിനാൽ ധാന്യങ്ങൾ, മുന്തിരി, ഒലിവുമരങ്ങൾ എന്നിവ മാത്രമേ എബ്ല പ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്‌തിരുന്നുള്ളൂ. മൃഗങ്ങളെ വളർത്തുന്നതിന്‌, പ്രത്യേകിച്ച് ആടുവളർത്തലിന്‌ അനുയോജ്യമായിരുന്നു എബ്ല. തടി, വിലകുറഞ്ഞ കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ വാണിജ്യത്തിനു പറ്റിയ ഒരു സ്ഥാനത്തായിരുന്നു എബ്ല സ്ഥിതിചെയ്‌തിരുന്നത്‌, അതായത്‌ മെസൊപ്പൊത്താമ്യ സമഭൂമിക്കും മെഡിറ്ററേനിയൻ തീരത്തിനും ഇടയിൽ. ഏകദേശം 2,00,000 ആളുകൾ പാർക്കുന്ന ഒരു പ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു എബ്ല; ഇതിൽ 10 ശതമാനത്തോളം തലസ്ഥാന നഗരിയിലാണ്‌ പാർത്തിരുന്നത്‌.

ഈ കാലഘട്ടത്തെ എബ്ലയുടെ സംസ്‌കാരത്തിന്‍റെ മഹത്ത്വം സാക്ഷ്യപ്പെടുത്തുന്നതാണ്‌ ഒരു വലിയ കൊട്ടാരത്തിന്‍റെ നാശാവശിഷ്ടങ്ങൾ. ആ കൊട്ടാരത്തിന്‍റെ പ്രവേശന കവാടത്തിനു 12 മുതൽ 15 വരെ മീറ്റർ ഉയരമുണ്ടായിരുന്നു. ഒന്നിനൊന്ന് ശക്തിയാർജിച്ചുകൊണ്ടിരുന്ന ഭരണകൂടത്തെ തൃപ്‌തിപ്പെടുത്താനായി ക്രമേണ കൊട്ടാരത്തിന്‍റെ വലുപ്പം കൂട്ടേണ്ടിവന്നു. “പ്രഭുക്കന്മാ”രുടെയും “മൂപ്പന്മാ”രുടെയും സഹായത്തോടെ ഭരണം നടത്തുന്ന രാജാവും രാജ്ഞിയും അടങ്ങുന്ന സങ്കീർണമായ ഒരു നേതൃത്വത്തിൻ കീഴിലാണ്‌ ഉദ്യോഗസ്ഥർ ജോലിചെയ്‌തിരുന്നത്‌.

17,000-ത്തിലധികം കളിമൺ ഫലകങ്ങളും ശകലങ്ങളും കണ്ടെടുത്തിട്ടുണ്ട്. സാധ്യതയനുസരിച്ച്, 4,000-ത്തിലധികം സമ്പൂർണ ഫലകങ്ങൾ തടികൊണ്ടുള്ള ഷെൽഫുകളിൽ അടുക്കിസൂക്ഷിച്ചിരുന്നു. എബ്ല വിപുലമായ അളവിൽ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഈ രേഖകൾ കാണിക്കുന്നു. ഉദാഹരണത്തിന്‌, എബ്ല ഈജിപ്‌തുമായി കച്ചവടം ചെയ്‌തിരുന്നുവെന്ന് രണ്ടു ഫറവോന്മാരുടെ രാജകീയ ചിഹ്നങ്ങളിൽനിന്നു വ്യക്തമാണ്‌. പ്രധാനമായും, സുമേറിയൻ ക്യൂനിഫോം ലിപികൾ ഉപയോഗിച്ചാണ്‌ ആ ഫലകങ്ങളിൽ എഴുതിയിരുന്നത്‌. എന്നാൽ, ഈ രേഖകളുടെ സഹായത്താൽ, അതിപുരാതനമായ ഒരു ശേമ്യഭാഷയായ എബ്ലൈറ്റിൽ എഴുതിയിരുന്ന ചില ഫലകങ്ങൾ വ്യാഖ്യാനിക്കാൻ സാധിച്ചു. പൗരസ്‌ത്യഭാഷയെ കുറിച്ചു പഠനം നടത്തുന്നവർ, ഇത്ര പഴക്കമുള്ള ഒരു ശേമ്യഭാഷ കണ്ടെത്തിയതിൽ അതിശയിച്ചുപോയി. ചില ഫലകങ്ങളിൽ ദ്വിഭാഷയിലുള്ള, അതായത്‌ ശേമ്യ-എബ്ലൈറ്റ്‌ ഭാഷകളിലുള്ള, പട്ടികകൾ കാണുന്നുവെന്നത്‌ നിങ്ങളിൽ താത്‌പര്യമുണർത്തിയേക്കാം. എബ്ല—ഒലെ ഒറിജിനി ഡെലൊ ചിവിൽറ്റൊ അർബൊനൊ (എബ്ല—നാഗരിക സംസ്‌കാരത്തിന്‍റെ ആരംഭം) എന്ന പുസ്‌തകം ഇവയെ “നമുക്കറിയാവുന്നതിൽ വെച്ച് ഏറ്റവും പുരാതന നിഘണ്ടുക്കൾ” എന്നു വിളിക്കുന്നു.

എബ്ല ഒരു സൈനിക ശക്തിയായിരുന്നു എന്നതു വ്യക്തമാണ്‌. എന്തെന്നാൽ, എബ്ലക്കാരായ യോദ്ധാക്കൾ അവരുടെ ശത്രുക്കളെ കൊലചെയ്യുന്നതിന്‍റെയോ വിച്ഛേദിച്ച ശിരസ്സ് കാഴ്‌ചവയ്‌ക്കുന്നതിന്‍റെയോ ചിത്രീകരണങ്ങൾ അടങ്ങുന്ന കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അസ്സീറിയ, ബാബിലോൺ എന്നീ ശക്തികളുടെ ഉദയം എബ്ലയുടെ ചരിത്രത്തിന്‌ പരിസമാപ്‌തി കുറിച്ചു; അതോടെ അതിന്‍റെ പ്രതാപവും അപ്രത്യക്ഷമായി. ഈ സംഭവങ്ങളുടെ പരമ്പര കൃത്യമായി പറയുക എളുപ്പമല്ലെങ്കിലും ആദ്യം സർഗോനും (യെശയ്യാവു 20:1-ൽ പറഞ്ഞിരിക്കുന്ന സർഗോനല്ല) പിന്നീട്‌ അവന്‍റെ പൗത്രനായ നോറോം-സിനും എബ്ലയെ ആക്രമിച്ചെന്നു കരുതപ്പെടുന്നു. പുരാവസ്‌തു തെളിവുകൾ കാണിക്കുന്നതനുസരിച്ച് അത്‌ ഉഗ്രമായ ഒരു ഏറ്റുമുട്ടൽ ആയിരുന്നു, തുടർന്നുള്ള ആക്രമണം അതിഭീകരവും.

എന്നാൽ നേരത്തേ പ്രസ്‌താവിച്ചതുപോലെ, ഈ നഗരം പുനർനിർമിക്കപ്പെടുകയും അവിടത്തെ ഒരു പ്രമുഖ നഗരമായിത്തീരുകയും ചെയ്‌തു. പുതിയ നഗരം ശ്രദ്ധാപൂർവം തയ്യാറാക്കിയ ഒരു രൂപരേഖയനുസരിച്ചു നിർമിച്ചതിനാൽ മുമ്പത്തേതിനെ അപേക്ഷിച്ച് മഹത്ത്വമേറിയതായിരുന്നു. ഫലപുഷ്ടിയുടെ ദേവിയായി ബാബിലോന്യർ കരുതിയിരുന്ന ഇഷ്ടാറിന്‌ സമർപ്പിച്ചതായിരുന്നു നഗരത്തിന്‍റെ താഴ്‌ന്ന ഭാഗത്തെ ഒരു പ്രദേശം. ബാബിലോന്‍റെ നാശാവശിഷ്ടങ്ങളിൽ നിന്നു കണ്ടെടുത്ത പ്രശസ്‌തമായ ഇഷ്ടാർ ഗേറ്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. എബ്ലയിൽ ഉണ്ടായിരുന്ന ആകർഷണീയമായ ഒരു കെട്ടിടം ഇഷ്ടാർ ദേവിക്കു വിശുദ്ധമായി കരുതിയിരുന്ന സിംഹങ്ങളെ പാർപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്നതായി കാണപ്പെടുന്നു. ഇത്‌ എബ്ലയിലെ മതത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

എബ്ലയിലെ മതം

മറ്റു പുരാതന പൗരസ്‌ത്യദേശക്കാരെപോലെതന്നെ, എബ്ലയിലെ ആളുകളും ഒരുകൂട്ടം ദൈവങ്ങളെ ആരാധിച്ചിരുന്നു. ബാൽ, ഹദദ്‌ (സിറിയയിലെ ചില രാജാക്കന്മാരുടെ പേരുകളുടെ ഭാഗമായി ഈ പേര്‌ കാണുന്നു), ദാഗോൻ എന്നിവരായിരുന്നു അവരിൽ ചിലത്‌. (1 രാജാക്കന്മാർ 11:23; 15:18; 2 രാജാക്കന്മാർ 17:16) എബ്ലക്കാർ ഇവരെയെല്ലാം പൂജിച്ചിരുന്നു. മറ്റു ജനതകളുടെ ദേവന്മാരെപ്പോലും അവർ ആദരിച്ചിരുന്നു. പുരാവസ്‌തു കണ്ടുപിടിത്തങ്ങൾ കാണിക്കുന്നതനുസരിച്ച്, പ്രത്യേകിച്ച് പൊതുയുഗത്തിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിൽ, രാജവംശത്തിലുള്ള പൂർവികരെയും അവർ ആരാധിച്ചിരുന്നു.

എബ്ലക്കാർ അവരുടെ ദൈവങ്ങളിൽ പൂർണ ആശ്രയം അർപ്പിച്ചിരുന്നില്ല. പുതുതായി പണിത എബ്ലയ്‌ക്കു ചുറ്റും, ശത്രുക്കളിൽ ഭീതി ഉണർത്താൻ പോന്നത്ര ഗംഭീരമായ ഇരട്ട മതിലുകൾ ഉണ്ടായിരുന്നു. പുറം മതിലിന്‍റെ ചുറ്റളവ്‌ ഏകദേശം മൂന്നു കിലോമീറ്റർ ആയിരുന്നു. അവയുടെ സ്ഥാനം ഇപ്പോഴും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും.

എന്നുവരികിലും, പുനർനിർമിക്കപ്പെട്ട എബ്ലയും മൺമറഞ്ഞു. ഒരു വൻ ശക്തിയായിരുന്ന എബ്ലയുടെമേൽ പരാജയത്തിന്‍റെ അവസാനത്തെ പ്രഹരമേൽപ്പിച്ചത്‌ സാധ്യതയനുസരിച്ച് ഹിത്യർ ആയിരുന്നിരിക്കണം, പൊതുയുഗത്തിനു മുമ്പ് ഏകദേശം 1600-ൽ. ഒരു പുരാതന കവിത പറയുന്നതനുസരിച്ച് എബ്ല “ഒരു മൺപാത്രം പോലെ ഉടയ്‌ക്കപ്പെട്ടു.” താമസിയാതെ ഇത്‌ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി. 1098-ൽ യെരൂശലേമിലേക്കു മാർച്ചുചെയ്യുകയായിരുന്ന കുരിശുയുദ്ധക്കാർ എഴുതിയ ഒരു രേഖയിൽ എബ്ല സ്ഥിതിചെയ്‌തിരുന്ന സ്ഥലത്തെക്കുറിച്ചു പരാമർശമുണ്ട്. അത്‌ നഗരത്തിനു പുറത്ത്‌ വിദൂരതയിലുള്ള ഒരു ഗ്രാമമായിരുന്നെന്നും മർദിക്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നതെന്നും ആ രേഖയിൽ പറഞ്ഞിരിക്കുന്നു. പല നൂറ്റാണ്ടുകൾക്കു ശേഷം വീണ്ടും കണ്ടെത്തുംവരെ എബ്ല വിസ്‌മരിക്കപ്പെട്ടിരുന്നു എന്നുതന്നെ പറയാം.

എബ്ലയും ബൈബിളും

ബിബ്ലിക്കൽ ആർക്കിയോളജിസ്റ്റ് എന്ന മാസികയിൽ 1976-ൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം ബൈബിൾ പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. എബ്ലയിലെ ഫലകങ്ങളിലെ എഴുത്തുകളുടെ വ്യാഖ്യാതാവ്‌, നൂറ്റാണ്ടുകൾക്കു ശേഷം ബൈബിൾ പ്രസ്‌താവിച്ച ആളുകളുടെ പേരുകളും സ്ഥലങ്ങളും ഇവയിൽ കണ്ടേക്കാമെന്ന സൂചന നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ, ഉല്‌പത്തി പുസ്‌തകത്തിന്‍റെ വിശ്വസനീയതയ്‌ക്ക് എബ്ല പുരാവസ്‌തുശാസ്‌ത്രപരമായ തെളിവു നൽകുന്നു എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടാൻ തുടങ്ങി.* എന്നാൽ, വാസ്‌തവത്തിൽ ഇവർ എഴുതാപ്പുറം വായിക്കുകയായിരുന്നു. എബ്ലയിൽ കണ്ടെത്തിയ “കളിമൺ ഫലകങ്ങൾ ബൈബിളിന്‍റെ നിഗൂഢതയുടെ മറനീക്കുന്നു” എന്ന് ഈശോ സഭാംഗമായിരുന്ന മിചെൽ ദേഹൂദ്‌ അവകാശപ്പെടുകയുണ്ടായി. ഉദാഹരണത്തിന്‌, “ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പേരിന്‌ എത്ര പഴക്കമുണ്ട് എന്നതു സംബന്ധിച്ച വിവാദത്തിലേക്ക്” ഇത്‌ വെളിച്ചം വീശുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഈ എഴുത്തുകൾ ഇപ്പോൾ കൂടുതൽ വസ്‌തുനിഷ്‌ഠമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. എബ്രായയും എബ്ലൈറ്റും ശേമ്യഭാഷകൾ ആണെന്നതിനാൽ ചില നഗരങ്ങളുടെയും ആളുകളുടെയും പേരുകൾ ഒരുപോലെ ആയിരിക്കാം, അല്ലെങ്കിൽ അവയിൽ സമാനതകൾ കണ്ടേക്കാം. എന്നുവരികിലും, അവ ഒരേ സ്ഥലങ്ങളെയോ ആളുകളെയോ കുറിക്കുന്നു എന്ന് ഇതു തെളിയിക്കുന്നില്ല. എബ്ലയിലെ കണ്ടുപിടിത്തങ്ങൾ ബൈബിൾ പഠനത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബിബ്ലിക്കൽ ആർക്കിയോളജിസ്റ്റ് മാസികയിലെ ലേഖനത്തിന്‍റെ എഴുത്തുകാരൻ, എബ്ലയിലെ ഫലകങ്ങളിൽ “യാഹ്‌വെ” എന്ന ദൈവനാമം പ്രത്യക്ഷപ്പെടുന്നെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി. കളിമൺ ഫലകത്തിൽ കാണുന്ന ജാ എന്നു വ്യാഖ്യാനിക്കപ്പെടുന്ന ചിഹ്നം എബ്ലയിലെ ബഹുദൈവങ്ങളിൽ ഒന്നിനെയായിരിക്കാം കുറിക്കുന്നത്‌ എന്നാണ്‌ ചില പണ്ഡിതന്മാരുടെ പക്ഷം. അതേസമയം മറ്റുചിലർ പറയുന്നത്‌ ഇത്‌ ഒരു വ്യാകരണ ചിഹ്നം മാത്രമാണെന്നാണ്‌. എന്തുതന്നെയായാലും, ഇത്‌ ഏകസത്യദൈവമായ യഹോവയെ കുറിക്കുന്നില്ല.—ആവർത്തനപുസ്‌തകം 4:35;യെശയ്യാവു 45:⁠5.

Source : >> http://wol.jw.org/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ