വീരം വിളഞ്ഞ മധുരൈ

Share the Knowledge

തിരുവനന്തപുരത്തെ സ്വൈര്യ ജീവിതത്തിനിടയിലാണ് മധുരയിലേക്കുള്ള ട്രാൻസ്ഫർ. മധുരൈ എന്ന് കേക്കുമ്പോഴേ അപ്പോഴെല്ലാം മനസ്സിൽ ഓടിവരുന്നത് മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ ആകാശം മുട്ടുന്ന ഗോപുരങ്ങളും തിരക്ക് നിറഞ്ഞ ഇടുങ്ങിയ തെരുവുകളുമൊക്കെയാണ്. കൂടാതെ മധുരയിലാണ് ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രം എന്നൊരു പൊതു വിചാരവുമുണ്ട്. അത്തരമൊരു വിചാരം മനസിലുണ്ടാക്കിയതിൽ മലയാള -തമിഴ് സിനിമകൾക്ക് വലിയൊരു പങ്കുണ്ട്. അങ്ങനെ ചെന്നൈയിലെ രണ്ടു മാസത്തെ ട്രൈനിഗിനൊക്കെ ശേഷം അത്യാവശ്യം തമിഴൊക്കെ കൈമുതലാക്കി ഒരു ഏപ്രിൽ ഒന്നിന് മധുരൈയുടെ മണ്ണിൽ കാലുകുത്തി. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട്ടിൽ തന്നെയായിരുന്നു വാടകക്ക് താമസിച്ചത്. കുറച്ചുനാൾ കേരളത്തിൽ ജോലി ചെയ്തിട്ടുള്ളതിനാൽ അത്യാവശ്യം മലയാളമൊക്കെ പുള്ളി പറയുമായിരുന്നു. അത് എനിക്ക് വലിയൊരു ആശ്വാസവുമായിരുന്നു. എന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിയത് മധുരൈ തമിഴിന്റെ കാര്യത്തിലായിരുന്നു. മദ്രാസിൽ ഞാൻ കേട്ട തമിഴിൽ നിന്ന് വളരെയധികം വ്യത്യസമുണ്ടായിരുന്നു. നമ്മുടെ തിരുവന്തപുരവും തൃശൂർ മലയാളവും പോലുള്ള വ്യത്യാസം. മദ്രാസിനു ശേഷം വലുപ്പത്തിൽ തമിഴ്നാടിലെ രണ്ടാമത്തെ നഗരം മധുരൈയാണ്. BC300 മുതലുള്ള ചരിത്ര രേഖകളിൽ മധുരൈയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

വൈഗൈ നദിയുടെ കരയിൽ ഒരു സംഘനഗരം. പഴയകാല മധുരൈയുടെ ജനജീവിതം വിളിച്ചോതുന്ന ധാരാളം ചുവര്ചിത്രങ്ങളും ഇന്നും അവശേഷിക്കുന്നു. ലോകത്തിലെ തന്നെ ജനവാസമുള്ള ഏറ്റവും പഴക്കം ചെന്ന നഗരമാണ് ഇവിടം. പലകാലഘട്ടങ്ങളിലായി പാണ്ട്യ, ചോളാ, മധുരൈ സുൽത്താൻസ്, വിജയനഗരം, മധുരൈ നായക്‌സ്, കര്ണാട്ടിക തുടങ്ങിയ രാജവംശങ്ങൾ മധുരയിൽ ഭരണം നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തും മധുരൈ പ്രധാന ഭരണകേന്ദ്രമായിരുന്നു. പിന്നെ നമുക്കെല്ലാം അറിയുന്നത് പോലെ തന്നെ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രമാണ് മധുരൈയുടെ ജീവാത്മാവ്. ക്ഷേത്രത്തിനെ കേന്ദ്ര ബിന്ദുവാക്കികൊണ്ടു ഒരു ചാക്രിക ഘടനയിലാണ് നഗരം നിർമിച്ചിരിക്കുന്നത്. പിൽക്കാലത്തു മുഗളപടയോട്ട കാലത്തു നഗരത്തിലെ പ്രധാന കവാടങ്ങളും മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ ഗോപുരങ്ങളും തകർക്കപ്പെടുകയുണ്ടായി. എന്നിരുന്നാലും സംഘാതമിഴിന്റെ ഉദാത്തമായ മാതൃകയായി നഗരം ഇപ്പോഴും നിലകൊള്ളുന്നു.

ഇനി മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിനെ കുറിച്ച് കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില വിവരങ്ങൾ. പുരാതന ഇന്ത്യയിൽ തമിഴ്നാടിനാടിന്റെ കിഴക്കേയറ്റതായി സ്ഥിതി ചെയ്തിരുന്ന നഗരമാണ് കുമരികണ്ടം. പിൽക്കാലത്തു സമുദ്രത്താൽ മൂടപ്പെട്ട ഈ നഗരത്തിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് മധുരയിലെ ആദ്യ ജനവിഭാഗം എന്നാണ് ചരിത്രം പറയുന്നത്. BC600 നൂറ്റാണ്ടിൽ അവരാണ് മീനാക്ഷി അമ്മൻ ക്ഷേത്രം ആദ്യമായി നിർമിക്കുന്നത്. തുറന്നുവന്ന രാജവംശങ്ങൾ അംബരചുംബികളായ ഗോപുരങ്ങളാലും കരകൗശല ശില്പങ്ങളാലും ക്ഷേത്രം പുനര്നിര്മിച്ചു. ക്ഷേത്ര ഉത്പത്തിയെകുറിച്ച് പല മിത്തുകളും ഈ പ്രദേശത്തു നിലവിലുണ്ട്. 14 ആം നൂറ്റാണ്ടിൽ മുഗളന്മാരാൽ ആക്രമിക്കപെടുന്നതിനു മുൻപുവരെ 14 ഗോപുരങ്ങളടങ്ങിയ ഒരു അത്ഭുത സൃഷ്ടിയായിരുന്നു ഇവിടം. പക്ഷെ അതിൽ 8 ഗോപുരങ്ങൾ തകർക്കപ്പെട്ടു. ക്ഷേത്ര സമ്പത്തു കൊള്ളയടിക്കപ്പെട്ടു. പാണ്ട്യരാജവംശം തങ്ങളുടെ സമ്പാദ്യങ്ങളുടെ പകുതിയും ചെലവാക്കിയത് ക്ഷേത്ര പുനര്നിര്മാണത്തിനായിരുന്നു.

ദിവസേന ആയിരകണക്കിന് ഭക്തർ ആണ് ക്ഷേത്രത്തിൽ എത്തി ചേരുന്നത്. തമിഴ്നാടിനു പുറമെ കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നു. ആളൊഴിഞ്ഞ മധുരൈ മീനാക്ഷി അമ്മൻ കോവിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരു മണിക്കൂറിൽ തുടങ്ങി 6 മണിക്കൂർ വരെ വരിയിൽ നിന്നാണ് ആൾക്കാർ ദർശനം നേടുന്നത്. മീനാക്ഷി അമ്മനും ശിവനുമാണ് പ്രധാനപ്രതിഷ്ഠകൾ. ക്ഷേത്രക്കുളത്തിൽ സുവര്ണതാമരയും ക്ഷേത്ര ചുവരുകളിലെ ചിത്രങ്ങളും കല്ലിൽ തീർത്ത ശില്പങ്ങളുമെല്ലാം നമ്മിൽ അത്ഭുതമുളവാക്കും. ക്ഷേത്രത്തിനകത് പ്രതേക പോയിന്റിൽ നിന്ന് നോക്കുമ്പോൾ എല്ലാഗോപുരങ്ങളും കാണാൻ സാധിക്കും. ഇത് ക്ഷേത്ര നിർമാണിതിലെ എഞ്ചിനീയറിംഗ് മികവിനെ വിളിച്ചോതുന്നു. കുലപരമായ ദ്രാവിഡ ആർക്കിടെക്ചർ രീതി തന്നെയാണ് ഈ ക്ഷേത്രവും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ആയിരം കല്മണ്ഡപവും അത്ഭുതം ജനിപ്പിക്കുന്നു. ഓരോ തൂണിൽ നമ്മൾ തട്ടുമ്പോഴും ഓരോതരം ശബ്ദങ്ങളാണ് കേൾക്കുന്നത്. സപ്തസ്വരങ്ങൾ കേൾക്കുന്ന തൂണുകളുമുണ്ട്. ഒരിക്കൽ ഞാനും സുഹൃത്തും തൂണുകൾ എണ്ണിനോക്കി, 985 തൂണുകൾ ആണ് ഇവിടെയുള്ളത്. അതുപോലെ ശുദ്ധവായുവും മനസിന് എന്തെന്നില്ലാത്ത ശാന്തതയും ലഭിക്കുന്ന ഒരു മണ്ഡപം ക്ഷേത്രത്തിനകത്തുണ്ട്. meditation area ആയി ഇതറിയപ്പെടുന്നു. ഇതിൽ ഇന്നെല്ലാം എന്നെ ആശ്ചര്യപെടുത്തിയത് പ്രധാനക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോ നമ്മുടെ തലയ്ക്കു മുകളിലായി കാണുന്ന ശിവലിംഗത്തിന്റെ ചിത്രമാണ്. നമ്മൾ ഏതു ദിശയിൽ നിന്ന് നോക്കുന്നോ ആ ദിശയിലേക്കു ശിവലിംഗത്തിന്റെ കൈ ചൂണ്ടിയിരിക്കും. ഞാൻ 360 ഡിഗ്രി നടന്നു നോക്കിയിട്ടുണ്ട്. നമ്മൾ നടക്കുമ്പോ ചിത്രവും ചലിക്കുന്നതായി തോന്നും. മായന്മാരുടെ 3D ചിത്രരചനാ ടെക്‌നിക്‌ ആണ് പ്രസ്തുത ചിത്രംവരക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നറിയാൻ സാധിച്ചു. കൂടാതെ പതിവിൽ നിന്നെല്ലാം വ്യത്യസ്തമായി വലത്തേക്ക് കാലുയർത്തിയുള്ള നടരാജ വിഗ്രഹവും കാണാൻ സാധിച്ചു.

ചിത്തിരതിരുവിഴയാണ് ക്ഷേത്രത്തിലെ പ്രധാനഉത്സവം. 15 ദിവസം നീണ്ടുനിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ഉത്സവമാണിത്. അളഗര്കോവിലിൽ നിന്ന് പെരുമാൾ മീനാക്ഷിഅമ്മനെ കാണാൻ വരുന്നത് പ്രതീകാത്മായി അവതരിക്കപ്പെടുന്നു. പെരുമാളുടെ വിഗ്രഹം ക്ഷേത്രത്തിലേക്ക് വരുന്നതിനുമുന്പായി വൈഗൈ നദിയിൽ ആറാടുന്നു. മുല്ലപെരിയാർ ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടാണ് ഇത് സാധ്യമാക്കുന്നത്. മുല്ലപ്പെരിയാറിൽ പോലും വെള്ളമില്ലാത്ത ഒരു സമയത്തു ടാങ്കർ ലോറിയിൽ വെള്ളം കൊണ്ട് വന്നു നദി നിറക്കേണ്ട ഗതികേട് വന്നിട്ടുണ്ട്. വറ്റിക്കിടക്കുന്ന വൈഗൈ നദി നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. ഒരുസമയത് നിറഞ്ഞൊഴുകിയിരുന്ന വൈഗൈ കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് വരണ്ടു തുടങ്ങി. ശേഷം മുല്ലപെരിയാർ അണക്കെട്ടു നിർമിക്കുകയും അവിടെ നിന്ന് തമിഴ്നാട് വെള്ളം ടണൽ വഴി തേനിക്കടുത്തുള്ള വൈഗൈ ഡാമിൽ എത്തിക്കുന്നു. അവിടെ നിന്ന് ജലം വൈഗൈ ആറുവഴി മധുരയിൽ എത്തിച്ചേരുന്നു. ആ വെള്ളമാണ് ഇവിടെയുള്ളവർ കൃഷിമുതൽ കുടിക്കാൻ പോലുമുപഗിക്കുന്നത്. ഈ ഒരു വസ്തുത മനസിലാക്കിയിട്ടുള്ളവരാരും തന്നെ മുല്ലപെരിയാർ വിഷയത്തിലെ തമിഴ്നാട് സർക്കാരിന്റെ തീവ്രനിലപാടിനെ കുറ്റപെടുത്തില്ല.

മധുരൈ നായ്ക്കർ ഭരണകാലത്തു നിർമിക്കപ്പെട്ട നായ്ക്കർ മഹൽ, ഗാന്ധി മ്യൂസിയം, കുറ്റാലം പട്ടി വെള്ളച്ചാട്ടം, യാനമലൈ , അതിശയം വാട്ടർ തീം പാർക്ക്, വാടി പട്ടി തുടങ്ങിയവയാണ് പ്രധാനസഞ്ചാരകേന്ദ്രങ്ങൾ. കുത്തുപറോട്ടയാണ് പ്രധാന ഭക്ഷണ ആകർഷണം. ചൂടുപാലും ഐസ്ക്രീമും മിക്സ് ചെയ്തുള്ള ജിഗർത്തണ്ട എന്ന പാനീയമാണ് മധുരയ്ക്ക് സ്പെഷ്യൽ. മധുരൈ വരുന്നവർ മീനാക്ഷിഅമ്മൻ കോവിലിൽ കയറാതെയും ജിഗർത്തണ്ട കുടിക്കാതെയും പോകില്ല എന്നൊരു ചൊല്ലുതന്നെയുണ്ട് ഇവിടെ.

മധുരയിൽ മലയാളത്തനിമയോടെ താമസിക്കുന്ന മലയാളത്താൻ പട്ടി ഗ്രാമത്തെ പോലെ തന്നെ സൗരാഷ്ട്ര ജനങ്ങളും ഇവിടെ അധികമായുണ്ട്. നായ്ക്കർ രാജാവ് ഒരു സൗരാഷ്ട്ര നർത്തകിയെ കല്യാണം കഴിക്കുകയും മധുരയ്ക്ക് കൂട്ടി കൊണ്ടുവരുകയും ചെയ്തിട്ടുണ്ടത്രെ. അന്ന് നർത്തകിയോടൊപ്പം കൂടെവന്നവരുടെ പിന്മുറക്കാരാണ് ഇപ്പോൾ മധുരയിലുള്ള സൗരാഷ്ട്രക്കാർ എന്നുപറയപെടുന്നു. ഇപ്പോഴും അവരുടെ തനതായ ജീവിതരീതികളാണ് അവർ പിന്തുടരുന്നത്. മധുരൈക്കാർക്കു എല്ലാം ഉത്സവമാണ് കല്യാണവും, മരണവും, ജനനവും, കാതുകുത്തും വീട്‌പാലുകാച്ചും എല്ലാം മധുരൈക്കാർക്കു ഉത്സവമാണ്. സിനിമാതാരങ്ങളുടെ കൂടെയും രാഷ്ട്രീയ നേതാക്കളുടെയും കൂടെയുമെല്ലാം തങ്ങളും നിൽക്കുന്ന രീതിയിലുള്ള ഫോട്ടോകൾ വലിയ ഫ്ളക്സ് അടിച്ചു പ്രദർശിപ്പിക്കുന്നു. നമ്മൾ മലയാളികൾക്ക് അതൊക്കെ കണ്ടു ചിരിവരുമെങ്കിലും ഏറ്റവും വലിയ ഫ്ലസ്‌കൾ വക്കാൻ ഒരു മത്സരം തന്നെനിലവിലുണ്ട്. വളരെ രസകരമായ ഒരു ചടങ്ങും ഇവിടെ കാണാൻ സാധിക്കും. ഇല്ലവിഴ എന്നാണ് ഈ ചടങ്ങു അറിയപ്പെടുന്നത്. ഇല്ലവിഴ നടത്തുവാൻ പ്രേതെകിച്ചു കാരണമൊന്നുമുണ്ടാകില്ല. പൈസക്ക് ആവശ്യം വരുമ്പോഴോ അല്ലെങ്കിൽ എല്ലാവരും ഒത്തുകൂടണമെന്നു ആഗ്രഹിക്കുമ്പോഴോ ഇല്ലവിഴ നടത്തുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുകയും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നു. മധുരൈ നഗരത്തിനു Temple City എന്നൊരു വിളിപ്പേരുള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. 100℅ ആ പേര് അനുയോജ്യവുമാണ്. കാരണം ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങൾ നഗരപരിധിക്കുള്ളിൽ കാണാൻ സാധിക്കും. പ്രശസ്തമായ മീനാക്ഷി അമ്മൻ ക്ഷേത്രവും തിരുപുറകുണ്ഡ്രം മുരുക ക്ഷേത്രവും (തിരുപുറകുണ്ഡ്രം മലക്ക് ചുവട്ടിലായിരുന്നു രണ്ടുവര്ഷക്കാലം എന്റെ താമസം) അളഗർകോവിലുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൗതുകകരമായ വസ്തുത എന്തെന്നാൽ കണ്ണകിക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രം പോലും ഇവിടില്ല എന്നുള്ളതാണ്. മധുരൈ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ഓടിവരുന്നത് മധുരൈ നഗരം കോപാഗ്നിയാൽ അഗ്നിക്കിരയാക്കിയ കണ്ണകി ആയിരിക്കും. പിന്നെ പലരോടും ഇതേ പറ്റി അന്വേഷിച്ചപ്പോ മധുരൈ നഗരമെരിച്ച കണ്ണകിയോട് മധുരൈക്കാർക്കു പകയാണുള്ളത്.

മധുരൈജീവിതത്തിനിടയിൽ ഞാൻ കണ്ടുമുട്ടിയതിൽ മറക്കാനാവാത്ത വ്യക്തിത്വം അക്ഷയട്രസ്റ്റ് ന്റെ ഉടമസ്ഥൻ നാരായണ കൃഷ്ണൻ സർ ആണ്. ലണ്ടനിൽ ലക്ഷങ്ങൾ വാങ്ങികൊണ്ടിരുന്ന ഷെഫ് ജോലി ഉപേക്ഷിച്ചു പാവങ്ങൾക്ക് അന്നവും പാർപ്പിടവും നൽകുന്ന അക്ഷയ ട്രസ്റ്റ് എന്ന സ്ഥാപനം തുടങ്ങിയ വലിയമനുഷ്യൻ. ഒരുപാടു നല്ല ഹൃദയങ്ങൾ നൽകുന്ന സഹായം കൊണ്ടാണ് സ്ഥാപനം മുന്നോട് പോകുന്നത്. ദിവസേന നൂറുകണക്കിന് പേർക്കാണ് ഇവിടെ ഭക്ഷണം നൽകുന്നത്. പാർപ്പിടമില്ലാത്ത നിരവധിപേരെ ഇവിടെ പുനരധിവസിപ്പിച്ചിരിക്കുന്നു. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ അവസാന ഭാഗത്തു പുള്ളിയുടെ ജീവിതം പുനരാവിഷ്കരിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു മലയാളിയുടെ നടത്തിപ്പിൽ ലാഭേച്ഛയില്ലാതെ നടക്കുന്ന സ്ഥാപനം പല തമിഴ് മാധ്യമങ്ങളെയും അസ്വസ്ഥമാക്കുന്നുണ്ട്. അക്ഷയയിൽ നടക്കുന്നത് ബാലപീഡനവും വ്യഭിചാരവുമാണ് എന്നുവരെ ലേഖനങ്ങൾ എഴുതിയ മാധ്യമങ്ങളുണ്ട്. പക്ഷെ അതൊക്കെ ഒന്നും തന്നെ അക്ഷയ ട്രസ്റ്റ് നടത്തിപ്പിനെ ബാധിച്ചിട്ടില്ല.

ദീപാവലിയും പൊങ്കലുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ശിവകാശി തൊട്ടു അടുത്തുതന്നെ ആയതുകൊണ്ട് ദീപവലിക്കു പടക്കങ്ങൾക്കൊന്നും പഞ്ഞമില്ല. പൊങ്കൽ ദിനത്തിൽ മധുരയിലെ ഗ്രാമങ്ങളിൽ അരങ്ങേറാറുള്ള ജെല്ലിക്കെട്ട് ലോകപ്രശസ്തമാണല്ലോ. പ്രതേകം പരിശീലിപ്പിച്ച അതികായന്മാരായ കാളയെ മല്പിടുത്തതിലൂടെ കീഴടക്കാൻ ശ്രമിക്കുന്ന അപകടകരമായ ഒരു വിനോദമാണിത്. മധുരയുടെ വീരപാരമ്പര്യത്തിന്റെ പിന്തുടർച്ചയായ് ഈ വിനോദത്തെ ഇവിടത്തുകാർ കാണുന്നു. ജെല്ലിക്കെട്ട് കാളകളെ കൊണ്ട് വേറൊരുത്തരം പണിയും അടുപ്പിക്കുന്നില്ല. വര്ഷം മുഴുവൻ ജെല്ലിക്കെട്ട് പരിശീലനം മാത്രം. അളങ്കാനല്ലൂർ അവണിയാപുരം എന്നി ഗ്രാമപ്രദേശങ്ങളാണ് ജെല്ലിക്കെട്ടിനു പ്രശസ്തം. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ അവസാന രണ്ടു വർഷമായി ജെല്ലിക്കെട്ട് നിരോധനത്തിലാണ്. ഒരു പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി 2013 ൽ ജെല്ലിക്കെട്ട് നിയമം മൂലം നിരോധിച്ചു. മൃഗപീഡനം, അപകടകരമായ വിനോദം എന്നീ കാരണങ്ങൾ നിരത്തിയാണ് നിരോധനം നിലവിൽ വന്നത്. ഇതിനെതിരെ തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടായെങ്കിലും എല്ലാം വ്യഥാവിലായി. നാടൻ മാടിനങ്ങളെ നശിപ്പിക്കാനുള്ള അന്താരാഷ്ട്ര സങ്കരമൃഗ കുത്തകകളുടെ കൈകളാണ് നിരോധനത്തിന് പിന്നിലെന്നുവരെ നാട്ടിന്പുറ കഥകളുണ്ട്. എന്തായാലും ലോകശ്രദ്ധയാകര്ഷിച്ചിരുന്ന ഒരു തനിതമിഴ്നാടൻ വിനോദം തുടച്ചു നീക്കലിന്റെ വക്കിലാണ്.
ചിലപ്പോ തോന്നാറുണ്ട് പഴമയെ കൂടെ നിർത്തുന്ന തമിഴ്‌നാടിന്റെ ശീലം ഉന്നതമാണെന്നു. കോലമെഴുതും ക്ഷേത്ര ദർശനങ്ങളിൽ പാലിക്കുന്ന ചിട്ടയുമൊക്കെ അതിനു ഉദാഹരണങ്ങൾ. ശബരിമലക്ക് വരുവാണേൽ 41 ദിവസത്തെ വ്രതം നിർബന്ധം. സസ്യാഹാരം മാത്രം അതും ഒരു തവണമാത്രം ആഹാരം കഴിക്കുള്ളു. കാലിൽ ചെരുപ്പിടില്ല. കറുപ്പ് മാത്രമേ ഉടുക്കൂ. അത്രയ്ക്ക് കഠിനമാണ് അവരുടെ വൃതാനുഷ്ടാനങ്ങൾ. ഒരു ശരാശരി മലയാളിക്കു ചിന്തിക്കാന്പോലുമാകാത്ത ശീലങ്ങൾ. പക്ഷെ ഇതേ മധുരയിൽ തന്നെയാണ് തലകുത്തൽ എന്ന അനാചാരവും നടക്കുന്നത്. പ്രായമായ ആൾക്കാരുടെ ദേഹത്തു ചില പ്രതേക ദ്രവ്യങ്ങളൊക്കെ തേക്കുകയും തലയിലൂടെ പ്രേതെക തരം എണ്ണയൊക്കെ ഒഴിക്കുകയും ചെയ്യുന്നു. അതെ ദിവസം രാത്രി കഠിനമായ ജ്വരം ബാധിച്ചു അവർമരണമടയുന്നു. ഇപ്പോഴും മധുരൈ പ്രാന്ത പ്രദേശങ്ങളിൽ ഇത് അരങ്ങേറുന്നു. ഉസിലാംപെട്ടി ആണ്ടിപ്പെട്ടി പ്രദേശങ്ങളിൽ അരങ്ങേറാറുള്ള അശ്ലീല നൃത്തപരിപാടികളും കുപ്രസിദ്ധമാണ്. വാടിപെട്ടി ഗ്രാമത്തിൽ നിന്നുള്ള ഡ്രംസും തമിഴ്‌നാട്ടിൽ പ്രശസ്തമായിരുന്നു. പക്ഷെ കേരള ചെണ്ടകൊട്ടു കടന്നുവന്നതോടെ അത് പാർശ്വവല്ക്കരിക്കപ്പെട്ടു. അതിലെ കലാകാരന്മാരാണ് ഇത്തരം അശ്ലീലനൃത്തങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് എന്നത് കേട്ടറിവ്.

എന്തൊക്കെ തന്നെയായാലും തമിഴ്നാടിലെ മറ്റേതു നഗരത്തെക്കാളും സുരക്ഷിത്വവും ഗൃഹാതുരത്വവും പകർന്ന് തരുന്നത് മധുരൈയാണ് (ഒരിക്കൽ പട്ടാപകൽ സിനിമയിലൊക്കെ കാണുന്ന പോലെ ഒരാളെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടുന്നതിനു ദൃക്‌സാക്ഷിയായത് മറ്റൊരു കാര്യം ) എന്തൊക്കെ തന്നെയായാലും മധുരൈ എനിക്കൊരു വികാരമാണ്. വന്തോരെ വാഴവക്കും ഊര് എന്ന് മധുരൈക്കാർക്കു ഒരു വിശേഷണമുണ്ട്. എന്റെ കാര്യത്തിൽ അത് അക്ഷരംപ്രതി സത്യവുമാണ്. ഒരുപാടു മനുഷ്യരെ കണ്ടു. ഒരുപാടു ജീവിതങ്ങൾ കണ്ടു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ഇവിടുത്തെ ജീവിതകാലം. കാരണം it was feeding my soul…

Written by

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ