കൊച്ചിയിലെ സൗദി

Share the Knowledge

അറേബിയയുടെ ചരിത്രം വളരെ പഴക്കം ചെന്നതാണ്, എന്നാൽ ആദ്യമായി “സൗദി രാജ്യം” എന്ന് ആ ഭൂപ്രദേശത്തെ നാമകരണം ചെയ്യപ്പെടുന്നത് 1744 ൽ മുഹമ്മദ് ബിൻ സൗദിന്റെ നിയന്ത്രണത്തിലായപ്പോൾ ആണ്, ഭരണചക്രം കൈവിട്ടു പല കൈകളിലേക്കും മാറി മറിഞ്ഞു, പല സംഭവവികാസങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. വർഷങ്ങൾക്കുമിപ്പുറം 1902-ൽ സൗദ് കുടുംബാംഗമായ ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ് ആണ് നെജ്ദിലെ റിയാദിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദ് കുടുംബത്തെ നെജ്ദിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തത്, 1932-ൽ ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ഉടലെടുത്തു എന്നതാണ് ചരിത്രം.

എന്നാൽ ഈ സംഭവങ്ങൾ എല്ലാം നടക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ കൊച്ചു കേരളത്തിലെ കൊച്ചിയിൽ “സൗദി” എന്ന പേരിൽ ഒരു പ്രദേശം ഉണ്ടായിരുന്നു, ഇന്നും ഉണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തിൽ എടുത്ത “ചോട്ടാ മുംബൈ” എന്ന സിനിമ കണ്ട മലയാളികൾക്ക് മോഹൻലാലുമായി അടികൂടിയ സൗദിയിലെ സെബാട്ടി എന്ന കഥാപാത്രത്തെ ഓർത്തെടുക്കാൻ അധികം സമയം ഒന്നും വേണ്ട.

പൊതുവെ സൗദി അറേബിയയുമായുള്ള വ്യാപാരബന്ധം മൂലമാണ് ഈ പേര് ലഭിച്ചതെന്നും, അറബികൾ പണ്ട് അവിടെ താമസിച്ചിരുന്നു എന്നും, സൗത്ത് ബീച്ച് പരിണമിച്ചാണ് സൗദി ആയതെന്നും പല നിഗമനങ്ങൾ നാട്ടുകാരുടെ ഇടയിലുണ്ട്. പക്ഷെ പൗരാണിക രേഖകളിലൂടെ കടന്നു പോകുമ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത് മറ്റൊന്നാണ്.

1501 AD യിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആരോഗ്യ മാതാവിന്റെ പള്ളിയുടെ പോർച്ചുഗീസ് നാമമായ Nossa senhora de saúde, (Our lady of Health) നിന്നുമാണ് കൊച്ചിയിലെ ഈ പ്രദേശത്തിന് “സൗദി” എന്ന പേര് ലഭിച്ചത്. “saúde ” എന്നാൽ പോർച്ചുഗീസ് ഭാഷയിൽ “ആരോഗ്യം” എന്നാണ് അർത്ഥം. പോർച്ചുഗീസുക്കാർ പണിത ഗോഥിക് വസ്തു ശൈലിയിലുള്ള യഥാർത്ഥ പള്ളി കടൽക്ഷോഭത്തിൽ ഭാഗീകമായി തകരുകയുണ്ടയി പിന്നീട് കടൽ തീരത്തു നിന്നും അൽപ്പം നീക്കി പുതിയ പള്ളി 1952 ൽ പണികഴിപ്പിച്ചു.

സ്പെയിനിൽ നിന്നും കൊച്ചിയിലേക്ക് വന്നിറങ്ങിയ പരദേശി യഹൂദർ ആദ്യമായി തമ്പടിച്ചതും ഇവിടെ തന്നെ, AD 1514 ൽ അവർ അവിടെ ഒരു സിനഗോഗ് സ്ഥാപിച്ചിരുന്നു എന്നും, ജ്യൂ ടൗണിലേക്ക് മാറി താമസിക്കുന്നതിന് മുൻപ് ഏതാണ്ട് 50 വർഷത്തോളം അവർ അവിടെ താമസിച്ചിരുന്നു എന്നും ചരിത്ര രേഖകളിൽ കാണാം.

സൗദി മാത്രമല്ല കൊച്ചിയിൽ ഇസ്രായേലിലെ നസ്രേത്തും കൂടെയുണ്ട്. Nossa senhora de nazaré, Our lady of Nazareth (നസ്രേത്തിലെ മാതാവിന്റെ പള്ളി) എന്ന് പഴയ രേഖകളിൽ കാണുന്ന ഈ പള്ളിയുടെ ഇപ്പോഴത്തെ പേര് Holy family Church എന്നാണ്. എന്നാൽ ആ പഴയ പേരിൽ നിന്നും ആ പ്രദേശത്തിന് നസ്രേത്ത് എന്ന പേര് വന്നു എന്ന് മനസ്സിലാക്കാം.

ഇതിനു പുറമെ ‘അമരാവതി”, ഉസ്ബെക്കിസ്ഥാനിലെ “താഷ്‌ക്കണ്ട്”, അമേരിക്കൻ ജംഗ്‌ഷൻ എന്നീ സ്ഥലനാമങ്ങളും കൊച്ചിയിലുണ്ട്….

എന്നിരുന്നാൽ തന്നെയും സൗദി എന്ന സ്ഥലനാമത്തിന്റെ അത്രകണ്ട് ചരിത്രപ്രാധാന്യം ഈ സ്ഥലങ്ങൾക്കൊന്നും അവകാശപ്പെടാനില്ല…

By  Thoufeek Zakriya

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “കൊച്ചിയിലെ സൗദി”

  1. Sarma says:

    In kottayam district , near to thengana there is a place named Moscow .The name shows the soviet influence in kerala/india during cold war …

ഒരു അഭിപ്രായം പറയൂ