കുറിഞ്ഞിക്കാവിലെ പഴുതറ

Share the Knowledge

പാലാ -തൊടുപുഴ റൂട്ടിൽ രാമപുരം പഞ്ചായത്തിന്റെ വടക്കുകിഴക്കേഭാഗമായ കുറിഞ്ഞിയിലാണ് കുറിഞ്ഞിക്കാവ്. ഏതാണ്ട് നാലേക്കറോളം വിവിധ സസ്യലതാദികൾ കൊണ്ട് നിബിഡമായ ഈ കാവ് സ്വാഭാവികവനങ്ങൾ കൃഷിയിടങ്ങളായി മാറിയതോടെ അവശേഷിച്ച വനഭാഗമായി കരുതുന്നു. വനദുർഗ്ഗയെ ആരാധിക്കുന്ന ദേവതാസ്ഥാനവും ഒൻപതോളം പഴുതറകളും പുരാതനകാലം മുതൽ നിലനിന്നിരുന്നതിനാൽ ചുറ്റുമുള്ള കാവ് സംരക്ഷിക്കപ്പെട്ടുപോരുന്നു. നവീനശിലായുഗത്തെ പിൻപറ്റിയുണ്ടായ ഇരുമ്പു യുഗത്തിൽ മനുഷ്യവാസം ഉണ്ടായിരുന്ന പ്രദേശമായിരുന്നു എന്നതിനു തെളിവാണ് ഈ പഴുതറകൾ. മുനിയറകളും പഴുതറകളും കേരളത്തിലെ ആദിമ മനുഷ്യസംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്.

തൃശ്ശൂരിലെ വരന്തരപ്പിള്ളി പരിസരത്തും ഇടുക്കിയിലെ മറയൂർ, കാന്തല്ലൂർ, ചിന്നക്കനാൽ എന്നിവിടങ്ങളിലുമാണ് മുനിയറകൾ അധികവും കണ്ടുവരുന്നത്. പാറപ്പുറത്തു അല്പം നിരപ്പായ സ്ഥലത്ത് ചെറിയ പാറക്കഷണങ്ങളും മണ്ണും വച്ച ശേഷം വലിയ രണ്ടു പാറപ്പാളികൾ നെടുകെയും ചെറിയ രണ്ടു പാറപ്പാളികൾ കുറുകെയും വലിയ ഒറ്റ പാറപ്പാളി മേൽക്കൂരയായും വയ്ക്കുന്നതാണ് Dolmen. കൽമേശ എന്നും പറയും.

Cist burial മറ്റൊരു മഹാശിലാസ്മാരകമാണ്. ഇതിനെ പഴുതറ എന്നും കല്ലറ എന്നും വിളിക്കുന്നു. ഇതിന്റെ മുഴുവൻ ഭാഗവും മണ്ണിനടിയിൽ ആണ്. അതിനാൽ അറിയാതെ കുഴിക്കുമ്പോഴോ അല്ലെങ്കിൽ മുകളിൽ കാണപ്പെടുന്ന കൽഫലകങ്ങളുടെ സഹായത്താലോ ആണ് ഇത് കണ്ടെത്തുന്നത്. ഇവ കേരളത്തിലെ സമതലപ്രദേശങ്ങളിൽ കണ്ടുവരുന്നു.

ഡോൾമനോയ്ഡ് സിസ്ററ് തൃശ്ശൂരിലും പാലക്കാട്ടും കോട്ടയത്തും കണ്ടുവരുന്നു. ഇതിന്റെ പകുതി മുകളിലും പകുതി ഭൂമിക്കടിയിലുമാണ്. ഭൂമിക്കടിയിൽ ഒരു മീറ്ററോളം ആഴമുണ്ടാകും. ഇതിനുള്ളിൽ പാറ കൊണ്ടുള്ള ഒരു ബെഞ്ചും കണ്ടെന്നുവരാം. ഇത്തരം സ്മാരകങ്ങളിൽനിന്ന്‌ ഉത്ഖനനത്തിലൂടെ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങളും ഇരുമ്പിലുള്ള കൃഷിയായുധങ്ങളും കല്ലുകൊണ്ടുള്ള ആഭരണങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയെ എല്ലാം ഇരുമ്പുയുഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നവീന ശിലായുഗത്തിന്റെ തുടർച്ചാണിതെങ്കിലും ശിലായുഗവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഇവയുടെ കാലം ബിസി 1000 മുതൽ ആണ് കണക്കാക്കിയിട്ടുള്ളത്.

കുറിഞ്ഞിക്കാവിലെ പഴുതറ ഉദ്ഖനനത്തിനു വധേയമാക്കിയിട്ടില്ല. ഇവിടെ പരമ്പരാഗതമായ ആചാരക്രമങ്ങൾ വനദുർഗ്ഗയുമായി ബന്ധപ്പെട്ടു നടക്കുന്നു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന കുഴികണ്ടത്തിൽ കുടുംബക്കാരാണ് ഈ കാവിന്റെ സംരക്ഷണവും ആചാരക്രമങ്ങളുടെ നിർവഹണവും നൂറ്റാണ്ടുകളായി നടത്തിപ്പോരുന്നത്. പുരുഷൻമാരുടെ താലപ്പൊലി ഈ കാവിലെ അനുഷ്ഠാനങ്ങളിൽ പ്രത്യേകതയുള്ളതാണ്. ഐംലക്ഷ്മി എന്ന ദേവതാഭാവമാണ് വനദുർഗ്ഗയുടേതെന്ന് ആചാര്യമതം.

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള കുറിഞ്ഞിക്കൂമ്പൻ, കോട്ടമല, കുറവൻകുന്ന് എന്നീ ഗിരിശൃംഗങ്ങളുടെ താഴ്‌വാരവും സമതലവും ചേർന്നതാണ് കുറിഞ്ഞിഗ്രാമം. കുറിഞ്ഞിക്കൂമ്പൻമലയുടെ തെക്കുഭാഗത്തെ സമതല പ്രദേശത്താണ് ഈ കാവ്.

നിരവധി അപൂർവ്വസസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ് ഈ മലകളും കുറിഞ്ഞി ക്കാവും. മീനച്ചിലാറിന്റെ പാലായിലെത്തിച്ചേരുന്ന കൈവഴിയായ പയപ്പാറത്തോടിന്റെ (ളാലം തോട്) ഉത്ഭവസ്ഥാനത്തെ നിരവധി നീർച്ചാലുകൾ ഈ മലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളതാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1268 അടിയോളം ഉയരമുള്ള ഈ മലകൾ ജലസംഭരണ ശേഷിയുള്ളവയാണ്. ഭീമാകാരമായ നിരവധി ശിലാഖണ്ഡങ്ങൾ മലകളിലെ ഉയർന്ന ഭാഗങ്ങളിൽ കാണപ്പെടുന്നു. 1989 ൽ കോട്ടമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ താഴേയ്ക്കു പതിച്ച ഭീമൻപാറകൾ മലഞ്ചെരുവിൽ ചിതറിക്കിടക്കുന്നതു കാണാം.

കോട്ടമലയിൽ തന്നെ മലവേടർ എന്ന ആദിവാസി ഗോത്രസമൂഹത്തിന്റെ ആരാധനാകേന്ദ്രമായ മുക്ത്യാർകാവും കാണപ്പെടുന്നു. കൂടാതെ നിരവധി ഗോത്രാരാധാനാ കേന്ദ്രങ്ങളും ഈ മലകളുടെ പല ഭാഗത്തുമുണ്ട്.

പാലാമേഖലയിൽ മഴ ലഭിക്കുന്നതിന് ഈ മലകൾ സഹായകമാകുന്നു. തെക്കുപടിഞ്ഞാറൻ കാറ്റിനെ തടഞ്ഞുനിർത്തുന്നത് കിഴക്കുപടിഞ്ഞാറായി നിവർന്നുകിടക്കുന്ന ഈ മലകൾ ആണ്. ഈ മലകളും കുറിഞ്ഞിക്കാവും സംരക്ഷിക്കപ്പെടേണ്ടത് പ്രകൃതിയും കുടിവെള്ളവും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരുടെ ആവശ്യമാണ്.

(പഴുതറയെ കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട് – Hemachandran Sankara Pillai )

By  Rajeev Pallikkonam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ