Exorcism അഥവാ ഭൂതോച്ചാടനം (കത്തോലിക്കാസഭാ അടിസ്ഥാനത്തില്‍)

Share the Knowledge

ഏകദേശം നാലു വര്‍ഷങ്ങള്‍മുന്‍പ് ഞാന്‍ കാണാനിടയായ ഹൊറര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമുണ്ട്. 2011ല്‍ ഇറങ്ങിയ ‘The Rite’ എന്ന ആ സിനിമയിലെ പ്രതിപാദ്യവിഷയം ആഗോളക്രിസ്തീയസഭയില്‍ Exorcism-ല്‍ പ്രത്യേകപരിശീലനം നേടിയ രണ്ടു പുരോഹിതര്‍ നടത്തുന്ന ഭൂതോച്ചാടനവും അതിനോടു അനുബന്ധിച്ചു അവര്‍ക്ക് നേരിടേണ്ടിവന്ന ഭയാനക അനുഭവങ്ങളുമായിരുന്നു. ചിത്രത്തിന്‍റെ അന്ത്യത്തിലായിരുന്നു അത് യഥാര്‍ത്ഥത്തില്‍ ഒരു കത്തോലിക്കാവൈദീകന്‍ റോമില്‍ Exorcism അഥവാ ഭൂതോച്ചാടനം പരിശീലിക്കാന്‍ താമസിച്ചിരുന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ട് നിര്‍മിച്ചതായിരുന്നു എന്നു മനസിലാക്കിയത്. ഈ സിനിമയിലെ സംഭവങ്ങള്‍ക്ക് ശേഷം അദ്ദേഹം രണ്ടായിരത്തിലേറെ ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുണ്ട്.

1991ല്‍ ഗബ്രിയേല്‍ അമോര്‍ത്ത് എന്ന പുരോഹിതന്‍ സഭയുടെ കീഴില്‍ സ്ഥാപിച്ച അന്താരാഷ്ട്ര ഭൂതോച്ചാടനസംഘടന (ഐ.എ.ഇ) ഔദ്യോഗികമായത് ഫ്രാന്‍സിസ് മാര്‍പാപ്പാ 2014ല്‍ മതനിയമപ്രകാരം അംഗീകാരം നല്‍കിയപ്പോളായിരുന്നു. പിശാച് യഥാര്‍ഥമാണെന്നു വിശ്വസിക്കുന്ന ഒരാളായിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായെ കരുതപ്പെടുന്നത്. അദ്ദേഹം സ്വയം ഒരു ഭൂതോച്ചാടകനായും കരുതുന്നവരുമുണ്ട്. 2013ല്‍ സെന്‍റ് പീറ്റര്‍സ്സ്ക്വയറില്‍ വെച്ചു ഒരു മെക്സിക്കന്‍ സ്വദേശിയുടെ മേല്‍ പോപ്പ് ഭൂതോച്ചാടകരുടെ രീതിയില്‍ കൈവച്ചു പ്രാര്‍ത്ഥന ചൊല്ലിയിരുന്നു.

വീണ്ടും വിഷയത്തിലേക്ക് വരാം. നിലവില്‍ മുപ്പത് രാജ്യങ്ങളിലായി 250ഓളം പുരോഹിതര്‍ അംഗങ്ങളായുള്ള ഐ.എ.ഇ ഇതുവരെ ഒന്നരലക്ഷത്തിലധികം പിശാചുബാധകള്‍ ഒഴിപ്പിച്ചതായി അവകാശപ്പെടുന്നു. മേല്‍പറഞ്ഞപ്രകാരം ഗാരി തോമസ്‌ എന്ന വൈദീകന്‍ ഐ.എ.ഇയില്‍ ഭൂതോച്ചാടനം പഠിക്കാന്‍ വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ പില്‍ക്കാലഗുരു ഫാദര്‍ കാര്‍മൈന്‍ ഫിലിപ്പ്സ്സിനെ ആദ്യമായി കണ്ടുമുട്ടിയപ്പോളുണ്ടായ അനുഭവങ്ങളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു The Rite എടുത്തിരിക്കുന്നത്. അതിനുശേഷം ഫാദര്‍ ഗാരി തോമസ് നടത്തിയിട്ടുള്ള ഭൂതോച്ചാടന അനുഭവങ്ങളില്‍നിന്നു അദ്ദേഹത്തിനു പറയാനുള്ളതാണ് ഈ പോസ്റ്റിന്‍റെ ഇതിവൃത്ത്യം. മിക്ക ഇംഗ്ലീഷ് ഹൊറര്‍ ചിത്രങ്ങളിലും കാണിച്ചിരിക്കുന്ന Exorcism ചടങ്ങുകള്‍ ഇവരുടെ രീതിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടതാനെന്നു ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയും. ഈ വര്‍ഷമിറങ്ങിയ റിയല്‍സ്റ്റോറി Conjuring 2 ഉള്‍പ്പെടെ.

തങ്ങളെ പിശാചുബാധിച്ചു എന്നു ഭയപ്പെട്ട് ഫാ. ഗാരി തോമസിനെ സമീപിക്കുന്നവരില്‍ പത്തുശതമാനം പേര്‍ക്കു മാത്രമേ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു അവസ്ഥയുണ്ടായിരിക്കുകയുള്ളൂ. ഏറിയപങ്കും മറ്റെന്തെങ്കിലും മാനസികപ്രശ്നങ്ങള്‍ മൂലം അങ്ങനെ കരുതുന്നവരായിരിക്കും. അതുകൊണ്ടുതന്നെ അവരെ ആദ്യം പരിശോധിക്കുന്നത് ഒരു മനശ്ശാസ്ത്രജ്ഞനും മനോരോഗവിദഗ്ദ്ധനും ഫിസിക്ഷനുമായിരിക്കും. ഇവരെല്ലാം സാത്താന്‍റെ നിലനില്‍പ്പില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഓരോ കിടക്കയ്ക്കടിയിലും തട്ടിന്‍പുറത്തും പിശാചുണ്ട് എന്ന ബാലിശമായ ധാരണ വെച്ചുപുലര്‍ത്തുന്നവരല്ല. രോഗികളില്‍ കാണുന്ന, ഒരു വൈദ്യശാസ്ത്രത്തിനും നിര്‍വചിക്കാന്‍ കഴിയാത്ത ചില പൊതുസൂചനകള്‍ കണക്കിലെടുത്താണ് അവരില്‍ പിശാച് ആവസിച്ചിട്ടുണ്ടോ എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്.

കണ്ണു ഭീകരമായി തുറിപ്പിക്കുക, സത്വത്തിനെയോ സര്‍പ്പത്തിനേയോ പോലെയുള്ള ഭാവവും ശരീരഭാഷയും പ്രകടിപ്പിക്കുക, മുഖത്ത് അസാധാരണമാറ്റങ്ങള്‍ കാണപ്പെടുക, വായില്‍നിന്ന് നുരയും പതയും വമിപ്പിക്കുക, അവരൊരിക്കലും കേട്ടിരിക്കാന്‍പോലും ഇടയില്ലാത്ത ഭാഷകളില്‍ സംസാരിക്കുക, ശബ്ധത്തിനുണ്ടാവുന്ന പ്രകടമായ മാറ്റം, ശരീരത്തില്‍ മാന്തിയത്തിന്‍റെയും കടിച്ചതിന്‍റെയുമൊക്കെ പാടുകള്‍ കാണുക, പ്രായവുമായോ ശരീരപ്രകൃതിയുമായോ യോജിക്കാത്ത അസാമാന്യശരീരബലം, ദൈവനാമം കേള്‍ക്കുമ്പോഴും കുരിശുപോലെയുള്ള വിശുദ്ധവസ്തുകള്‍ കാണുമ്പോഴും കടുത്തവെറുപ്പും പേടിയും പ്രകടിപ്പിക്കുക, വായില്‍നിന്ന് അന്യവസ്തുകള്‍ പുറംതള്ളുക, വസ്തുകള്‍ ചലിപ്പിക്കാനുള്ള ശേഷി, ഭാവികാര്യങ്ങള്‍ പ്രവചിക്കുക തുടങ്ങിയവയൊക്കെ പിശാചുബാധയുടെ ലക്ഷണങ്ങളാണ്. ലെഗ്യിയോന്‍, ബാല്‍, ബേത്സബൂന്‍ മുതലായ ഓരോ പിശാചുക്കളുടെ ബാധയ്ക്കും അവരുടെ ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് ഇത്തരം സൂചനകള്‍ മാറിയും തിരിഞ്ഞുമിരിക്കും.

പിശാചുബാധ ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നീടു ഏതെങ്കിലുമൊരു ദേവാലയത്തില്‍ ഈ വ്യക്തിയെ കൊണ്ടുവരും. വിശുദ്ധസ്ഥലത്തിന്‍റെ സാമീപ്യത്തില്‍ ഭൂതോച്ചാടനം കൂടുതല്‍ ഫലപ്രദമാവുന്നു. ഉച്ചാടനത്തിനിടയില്‍ വ്യക്തിക്ക് മറ്റാരെയും ഉപദ്രവിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും ചെയ്യും. തുടര്‍ന്നു ദേവാലയനിലത്തു ഇദ്ദേഹത്തെ കിടത്തുകയായി. പുരോഹിതന്‍ വിശുദ്ധജലവും, കുരിശും, കൊന്തയും, ബൈബിളും, Rite of Exorcism എന്ന പ്രാര്‍ത്ഥനാഗ്രന്ഥവും കയ്യില്‍ കരുതിയിട്ടുണ്ടാവും. ആദ്യം പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിടുകയും സഹായികളെയും ബാധിതനെയും വിശുദ്ധജലം തളിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം ദൈവത്തിന്‍റെ നിയന്ത്രണത്തിലാണെന്നും പിശാചിനു ഒന്നും ചെയ്യാനാവില്ല എന്നും ബോധ്യപ്പെടുത്താനാണിത്.

ശേഷം ഭൂതോച്ചാടനം തുടങ്ങുകയായി. 1999ല്‍ സഭ പരിഷ്കരിച്ച Riteല്‍ ഉള്‍പ്പെടുന്നത് പ്രാര്‍ത്ഥനയും സുവിശേഷവായനയും വിശുദ്ധന്മാരോടുള്ള അപേക്ഷയും ശേഷം പിശാചിനോട് സ്വയം പേരു വെളിപ്പെടുത്തി ബാധിതനെ വിട്ടൊഴിഞ്ഞു പോവാനുള്ള കല്‍പനയുമാണ്‌. ഏകദേശം രണ്ടു മണിക്കൂറുകളോളം ഇതു തുടരും. പല സിനിമകളിലും നമ്മള്‍ കേട്ടിട്ടുള്ള ആ വാക്കുകള്‍ ഇതിനിടയില്‍ പലകുറി ബാധിതന്‍റെ മേല്‍ കൈയ്യവച്ചു ഉരുവിടും. “ഇതാ, ദൈവത്തിന്‍റെ നാമത്തില്‍ ഈ വ്യക്തിയില്‍നിന്നു ഒഴിഞ്ഞുപോകാന്‍ ഞാന്‍ നിന്നോടു ആവശ്യപ്പെടുന്നു”. ദീര്‍ക്കനേരത്തെ പോരാട്ടത്തിനൊടുവില്‍ പിശാചു ഒഴിഞ്ഞുപോവുമ്പോള്‍ വ്യക്തിയില്‍ അകാരണമായ ഒരു കുറ്റബോധത്തില്‍ നിന്നുള്ള വിടുതലും അഭൗമമായ സമാധാനവും അനുഭവപ്പെടുന്നു. ഇത്തരം ഭൂതോച്ചാടനങ്ങള്‍ ആദ്യശ്രമത്തില്‍തന്നെ വിജയിക്കണമെന്നില്ല. ബാധിതനിലെ പിശാചിന് പരാജയം സമ്മതിച്ചു പിന്‍വാങ്ങുവാന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ എടുത്തേക്കാം.

ഫാദര്‍ ഗാരി പറയുന്നു:

“ദൈവമുള്ളടത്തോളം നാം പിശാചിനെ പേടിക്കണ്ട ആവശ്യമില്ല. ഒരുപക്ഷേ നമ്മെക്കാള്‍ ശക്തരായതുകൊണ്ടു ഒരു പ്രതിപക്ഷബഹുമാനത്തോടെ മാത്രം കണ്ടാല്‍ മതിയാകും. പിശാചിനു നമ്മുടെ മനസ്സുവായിക്കാനുള്ള ശേഷിയുണ്ട്. നമ്മുടെ ചോതനകളേയും വികാരങ്ങളേയും അവനറിയാം. പക്ഷേ നമുക്ക് നമ്മെ അറിയാവുന്നെടത്തോളം അവനു നമ്മെ അറിയില്ല. അതുകൊണ്ടുതന്നെ അവനു ഭാവിയും പ്രവചിക്കാന്‍ കഴിയില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹം നശിക്കുമ്പോള്‍ അവിടെ അന്ധകാരം വ്യാപിക്കുന്നു. അതോടൊപ്പം അവന്‍റെ പ്രവര്‍ത്തനങ്ങളും ഏറുന്നു. പിശാചിനു ഒരു വ്യക്തിയില്‍ മാത്രമല്ല ഒരു ഭവനത്തിലും വസ്തുവിലും ആവേശിക്കുവാന്‍ കഴിയും. മുന്‍പ് ദീര്‍ക്കകാലം അവനെ ആരാധിച്ചിരുന്നവര്‍ വസിച്ചിരുന്ന ഭവനത്തിലാണെങ്കില്‍ ഇതിനു സാധ്യത ഏറും. അങ്ങനെ അവനു വ്യക്തിയില്‍ സന്നിവേശിക്കാതെ തന്നെ വസ്തുവില്‍ ആവസിച്ചു അവനെ ഭയാശങ്കയിലാഴ്ത്താനും തന്മൂലം അവന്‍റെ സ്വത്വത്തെ നശിപ്പിക്കാനും കഴിഞ്ഞേക്കാം. Poltergeist പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. (മലയാളത്തില്‍ ചാത്തനേറിനോട് സാമ്യം).

കൂടാതെ പിശാചിനു ഒരിക്കലും ഒരു വ്യക്തിയുടെ ആത്മാവില്‍ ആവേശിക്കുവാന്‍ കഴിയില്ല. അതിനാല്‍ അവന്‍ ശരീരത്തെ ലക്ഷ്യം വച്ചു ആയാളുടെ ശാരീരിക-മാനസിക ആവശ്യങ്ങളെ തെറ്റായരീതിയില്‍ ഒന്നിങ്കില്‍ ഉദ്ദീപിപ്പിക്കുന്നു അല്ലെങ്കില്‍ അടിച്ചമര്‍ത്തുന്നു. അങ്ങനെ ശരീരത്തെയും ആത്മാവിനെയും ഒരുപോലെ ബന്ധിപ്പിക്കുന്ന നമ്മുടെ ഇച്ഛാശക്തിയ്ക്ക് കോട്ടം വരുത്താന്‍ ശ്രമിക്കുന്നു. മാനസികവിഷമങ്ങളിലും കുറ്റബോധത്തിലും കുടുംബപ്രശ്നങ്ങളിലും മരണവിയോഗങ്ങളിലും മനസ്സു ചഞ്ചലപ്പെട്ടിരിക്കുന്നവരില്‍ അവന്‍ ആവേശിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മനസ്സു തളരാതെ മുന്നോട്ടുപോയാല്‍ അവനു നമ്മെ സ്പര്‍ശിക്കുവാന്‍ സാധിക്കില്ല”

ഭൂതോച്ചാടനവേളയില്‍ ബാധിതര്‍ക്ക് ദൈവനാമങ്ങളും വചനങ്ങളും കേള്‍ക്കുമ്പോഴുണ്ടാവുന്ന ഭയാനകമായ ഭാവമാറ്റവും അക്രമാസക്തതയും മുഷ്ടി ചുരുട്ടി ഉച്ചാടകനെയും സമീപസ്ഥരെയും ഉപദ്രവിക്കാനുള്ള ശ്രമവും കാണുമ്പോള്‍ പ്രാര്‍ത്ഥനകള്‍ ഫലംകണ്ടു തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കാം. ഇവിടെയാണ്‌ Exorcistനും അരികിലുള്ളവര്‍ക്കുമുള്ള വെല്ലുവിളികള്‍ തുടങ്ങുന്നത്. ഈ പ്രക്രിയ തടയാനായി ശാരീരിക-മാനസികതലങ്ങള്‍ക്ക് നേര്‍ക്ക് പിശാച് ആക്രമണം അഴിച്ചുവിടുന്നു. ഏതു തലത്തിലാണോ ഉച്ചാടകന്‍ ദുര്‍ബലനായത് അവിടെയായിരിക്കും കൂടുതല്‍ ആക്രമണം നേരിടേണ്ടിവരിക. ഉദാഹരണത്തിനു ഫാദര്‍ ഗാരിയ്ക്ക് ശാരീരികതലത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നിട്ടില്ല. അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുള്ളത് പുരോഹിതര്‍ക്ക് നിഷിദ്ധമായ വൈവാഹികജീവിതത്തില്‍നിന്നു പ്രാപ്തമാവുന്ന സുഖങ്ങളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലായിരുന്നു. ഇതിനായി ബാധിതരെ ലിംഗത്തിനു അനുസരിച്ച് കൗശലക്കാരനായ പിശാച് ഉപയോഗിച്ചു. കൂടാതെ പൌരോഹിത്യജീവിതത്തിന്‍റെ ഒറ്റപ്പെടലും അവന്‍ ആയുധമാക്കി.

ഈ അഭിമുഖം നടക്കുന്ന കാലത്ത് അദ്ദേഹം ശ്രോഡ് (Shroud) എന്ന അതിശക്തനായ ഒരു പിശാചിനെ നേരിട്ടിരുന്നു. അദ്ദേഹത്തിനു നേര്‍ക്ക് മാനസിക ആക്രമണമുണ്ടായപ്പോള്‍ സഹപുരോഹിതനു നേരെ ശാരീരിക ആക്രമണമാണ് അവന്‍ തിരഞ്ഞെടുത്തത്. ഇദ്ദേഹം കാലിനുപരുക്കേറ്റ് ദീര്‍ക്കനാള്‍ കിടക്കയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും ശ്രോഡിനെ പുറത്തുകൊണ്ടുവരാന്‍ ദീര്‍ക്കനാളത്തെ ഭൂതോച്ചാടനം വേണ്ടിവന്നു. ഫാ.ഗാരിയുടെ അഭിപ്രായത്തില്‍ പിശാചുക്കള്‍ വളരെ തന്ത്രശാലികളാണ്. ബാധിതന്‍ ശാന്തനാവുമ്പോള്‍ ഉച്ചാടകന്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ചേക്കുമെന്നു അവര്‍ക്കറിയാം. അതിനാല്‍ ഭാവങ്ങള്‍ ഉള്ളിലൊതുക്കി അവര്‍ വിട്ടുപോയി എന്നു ഉച്ചാടകനെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതിനാല്‍ ആ പ്രതീതിയുണ്ടായാല്‍ തന്നെയും കുറെനേരം പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ട് തന്നെയിരിക്കണമെന്നു അദ്ദേഹം നിഷ്കര്‍ഷിക്കുന്നു. കൂടുതല്‍ നേരം വെളിപ്പെടാതിരിക്കാന്‍ അവനാവില്ല. ഒരിക്കല്‍ അവന്‍ പേരു വെളിപ്പെടുത്തികഴിഞ്ഞാല്‍ അവന്‍ പരാജയപ്പെട്ടു എന്നര്‍ത്ഥം. പിന്നീടു അവനു ബാധിതനെ വിട്ടുപോവുകയേ നിവര്‍ത്തിയുള്ളൂ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മേല്‍പറഞ്ഞതല്ലാതെ സാത്താനെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന അപകടകരമായ പുതിയകാലക്രിയകള്‍ അനവധിയാണ്. ആഭിചാരവും സാത്താന്‍ ആരാധനയും, ഓജോ ബോര്‍ഡ്‌, Tarot കാര്‍ഡ്‌ തുടങ്ങിയ വസ്തുകളുടെ ഉപയോഗവും മൂലം ചിലപ്പോള്‍ നാം തന്നെ നമ്മെ അവന്‍റെ ആക്രമണത്തിനു ഏറ്റവും അനുയോജ്യരാക്കുന്നുണ്ടത്രേ.

അടികുറിപ്പ്: മുകളില്‍പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ പ്രചരണാര്‍ത്ഥമായിയല്ല. ആ ഒരു വിശ്വാസത്തെ ആസ്പദമാക്കി വായിച്ചത് എഴുതിയെന്നുള്ളത് മാത്രം

By  Jithin Jacob Koshy

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ