New Articles

ആഴങ്ങളിലെ കൊലയാളികള്‍ !

ഇരുപത് മീറ്ററോളം  നീളം ……..തല  മാത്രം  ശരീരത്തിന്‍റെ  മൂന്നിലൊന്നോളം  വരും ! …മനുഷ്യനേക്കാളും  അഞ്ചിരട്ടിയോളം  വലിപ്പമുള്ള  തലച്ചോര്‍ ! ….. ഇതൊരു  അന്യഗ്രഹജീവിയെപ്പറ്റിയുള്ള  വിവരണമല്ല …… ഭൂമിയിലെ  ഏറ്റവും  വലിയ സസ്തനികളില്‍  ഒന്നായ sperm whale ആണിത് .  സമുദ്രത്തിന്‍റെ അഗാതങ്ങളിലെയ്ക്ക്  ഊളിയിട്ട്  ഇരകളെ  പിടിക്കുന്നതില്‍  അഗ്രഗണ്യരാണ്  സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍  ആഴം  വരെ  നീര്‍ക്കാംകുഴി  ഇട്ടു  മുങ്ങുന്ന  ഇവ  , അത്രയും  ആഴത്തില്‍  ചെല്ലാന്‍  കഴിയുന്ന  അപൂര്‍വ്വം  സസ്തനികളില്‍  ഒന്നാണ് .   ആശയമിനിമയതിനായി 230 ഡെസിബല്‍  ശബ്ദം  വരെ  ജലത്തിനടിയില്‍  ഉണ്ടാക്കാന്‍  ഇവയ്ക്ക്  കഴിയും ! ഇത്രയൊക്കെ  കഴിവുകളുള്ള  ഇവറ്റകള്‍  ബുദ്ധിമാന്‍മാര്‍  തന്നെയാണോ ?  ഗവേഷകരെ  കുഴയ്ക്കുന്ന  ഒരു ചോദ്യമാണിത് .  കാരണം  ഇത്രയും  വലിയ  തലച്ചോര്‍  ഉണ്ടെങ്കിലും  കാര്യങ്ങള്‍  ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ  കുറവാണ്  കാര്യങ്ങള്‍  കുഴപ്പത്തിലാക്കുന്നത് .  അതുകൊണ്ട്  തന്നെ  പലകാര്യങ്ങളും  ഇവ  പെട്ടന്ന്  മറന്നുപോകാനും  സാധ്യത  ഉണ്ട്  എന്നാണ്  പലരും  കരുതുന്നത് .  പക്ഷെ  ഇക്കാര്യങ്ങള്‍  പത്തൊമ്പതാം  നൂറ്റാണ്ടിലെ  തിമിംഗലവേട്ടക്കാരോട്  ചോദിച്ചാല്‍  അവര്‍  സമ്മതിച്ച്  തരില്ല  എന്ന്  മാത്രം ! കാരണം  ചരിത്രത്തില്‍  പത്തൊന്‍പതാം  നൂറ്റാണ്ടില്‍  സ്പേം  തിമിംഗലങ്ങളുടെ  പേര്  അത്രക്കും   മോശമാണ് .  അക്കാലങ്ങളില്‍  തീര്‍ത്താല്‍  തീരാത്ത  പകയുടെ, നിണമണിഞ്ഞ   അനേകം  കഥകള്‍  നാവികര്‍ക്ക്  നമ്മോട്  പറയാനുണ്ടാകും !

തിമിംഗലവേട്ടയുടെ  പരമകോടിയിലാണ്  പത്തൊന്‍പതാം  നൂറ്റാണ്ട്  എരിഞ്ഞടങ്ങിയത് .  ഒരേ  സമയം  എണ്ണൂറോളം വേട്ടക്കപ്പലുകള്‍  പസഫിക്കിലും  അറ്റ്ലാന്ട്ടിക്കിലും  ആയി  അന്ന്  അമൂല്യമായ  തിമിംഗല  എണ്ണക്ക്  വേണ്ടി തലങ്ങും  വിലങ്ങും പരതി  നടക്കുന്നുണ്ടായിരുന്നു .  വിളക്കിലൊഴിക്കുവാനും  മെഴുകു  തിരികളും  മറ്റും  ഉണ്ടാക്കുവാനും  അന്ന്  ഇത്  അത്യാവശ്യമായിരുന്നു .  ഇതിനുവേണ്ടി  മൂന്നോ  നാലോ  വര്‍ഷങ്ങള്‍  കപ്പലും  നാവികരും  തുടര്‍ച്ചയായി  കടലില്‍  കഴിയേണ്ടി  വന്നേക്കാം ! 1859 ല്‍ പെന്സില്‍വാന്യായില്‍ പെട്രോളിയം  കണ്ടെതിയതോട്  കൂടിയാണ്  എണ്ണയ്ക്ക്  വേണ്ടിയുള്ള  തിമിംഗല വേട്ട  അവസാനിച്ചത്‌  എന്ന്  കരുതാം .  പക്ഷെ  ഇന്നോളം  ഈ വേട്ടക്കിടയില്‍  മരിച്ചവരുടെ  എണ്ണം  ആര്‍ക്കും  തിട്ടപ്പെടുതുവാനാവില്ല .  കാര്യങ്ങളുടെ  ഭീകരത  മനസ്സിലാകുവാന്‍  ഒരു സംഭവ  കഥ  പറയാം …..

27 മീറ്റര്‍ നീളമുള്ള  ഒരു  തിമിംഗലവേട്ടക്കപ്പല്‍  ആയിരുന്നു  ,  Essex. ക്യാപ്റ്റന്‍   George Pollard ന്‍റെ നേതൃത്വത്തില്‍ 1819 ഒഗസ്റ്റ് പന്ത്രണ്ടാം  തീയതിയാണ്  ഇരുപതോളം നാവികരുമായി  തിമിംഗല   വേട്ടയ്ക്കായി കപ്പല്‍ അമേരിക്കന്‍  തീരം  വിട്ടത് .  ദക്ഷിണ  അമേരിക്കന്‍  തീരങ്ങള്‍ക്കുമപ്പുറം തണുത്തുറഞ്ഞ  അന്‍റ്റാര്‍ട്ടിക്കന്‍  സമുദ്രത്തില്‍  രണ്ടരക്കൊല്ലതോളം  വേട്ട  നടത്തി  ആവുന്നിടത്തോളം  എണ്ണ  ശേഖരിച്ച്  മടങ്ങി  വരാനായിരുന്നു  അവരുടെ  പ്ലാന്‍ .  എന്നാല്‍  squall എന്നറിയപ്പെടുന്ന ,  പൊടുന്നനെയുണ്ടായ  ഒരു കൊടുംകാറ്റ്  തീരം  വിട്ട്  രണ്ടു  ദിവസങ്ങള്‍  കഴിഞ്ഞപ്പോഴേയ്ക്കും  എസ്സെക്സിനു  സാരമായ  കേടുകള്‍  വരുത്തി .  അതോടെ  സ്വതവേ അന്ധവിശ്വാസികളായിരുന്ന  അക്കാലത്തെ  നാവികര്‍  കപ്പലില്‍  ഉറപ്പായും  ഒരു  ഭൂതം  കയറിക്കൂടിയിട്ടുണ്ട്  എന്ന് കരുതി  .  എല്ലാ പരാധീനതകളെയും  അതിജീവിച്ച്  കപ്പല്‍ 1820  ജാനുവരിയില്‍  തെക്കേ  അമേരിക്കയുടെ  തെക്കേ  അറ്റമായ  ഹോണ്‍  മുനമ്പ്‌  കടന്ന്  പസഫിക്കില്‍  പ്രവേശിച്ചു .  എന്നാല്‍  ആവശ്യത്തിന്  അനുസരിച്ചുള്ള  തിമിംഗലങ്ങളെ  വഴിയില്‍  കിട്ടാതിരുന്നതിനാല്‍  ക്യാപ്റ്റന്‍  പൊള്ളാര്‍ഡ്‌  റൂട്ട്  മാറ്റുവാന്‍  തന്നെ  തീരുമാനിച്ചു .

മറ്റു  വേട്ടക്കപ്പലുകളില്‍  നിന്നും  കിട്ടിയ  വിവരമനുസരിച്ച്  തീരം  വിട്ടു  പസഫിക്കിലെയ്ക്ക്  കൂടുതല്‍  കയറി  ചെന്നാല്‍  ധാരാളം   സ്പേം  തിമിംഗലങ്ങളെ  കിട്ടും  എന്ന്  അദ്ദേഹത്തിന്  മനസ്സിലായി .  എന്നാല്‍  അന്നുവരെ  അധികം  കപ്പലുകള്‍  പോയിട്ടില്ലാത്ത  സ്ഥലത്തേക്കാണ്‌  കപ്പലിന്‍റെ  പോക്ക്  എന്നറിഞ്ഞ  നാവികര്‍  പരിഭ്രമിച്ചു .  അവിടെയുള്ള  ഒറ്റപ്പെട്ട  ദ്വീപുകളില്‍  നരഭോജികള്‍  കണ്ടേക്കാം  എന്നറിവ്  അവരുടെ  ഭയം  ഇരട്ടിപ്പിച്ചു ,  കൂടാതെ  കൊള്ളാവുന്ന  ഒരു ഭൂതം  നേരത്തെ  തന്നെ  കപ്പലില്‍ ഉണ്ട് താനും !  എന്തായാലും  അനന്തതയിലെയ്ക്കുള്ള  യാത്രയ്ക്ക്  വേണ്ട  കൂടുതല്‍  സാധനങ്ങള്‍  സംഭരിക്കുവാന്‍  അവര്‍  ഗാലപ്പഗോസ്  ദ്വീപുകളില്‍  നങ്കൂരം  ഇട്ടു .   അത്യാവശ്യം  ഇറച്ചിയുള്ള  മുന്നൂറോളം  ഗാലപ്പഗോസ്  ഭീമന്‍  ആമകളെയാണ് ( Galápagos giant tortoises)   അവര്‍  ഇതിനായി  പിടികൂടിയത് . കുറെയെണ്ണത്തിനെ  ഉണക്കി  സൂക്ഷിച്ചു .  ബാക്കിയുള്ളവയെ  വെറുതെ  കപ്പലില്‍  നടക്കാന്‍  അനുവദിച്ചു .  ആവശ്യമുള്ളപ്പോള്‍  കൊന്നാല്‍  മതിയല്ലോ .  എന്നാല്‍  നാവികരില്‍  ഒരാള്‍  Charles ദ്വീപില്‍  തമാശക്കായി  ഇട്ട തീയ്  ഒരിക്കലും  മാപ്പര്‍ഹിക്കാത്ത  ഒന്നായി  മാറി .  നിയന്ത്രണത്തിന്  അതീതമായി  ആളിപ്പടര്‍ന്ന  തീയ്  ദ്വീപിനെ  ആകെ  വിഴുങ്ങി .  ദ്വീപ്  വിട്ട് രണ്ടു  ദിവസം  കഴിഞ്ഞപ്പോഴും  കപ്പലില്‍  നിന്നും  കത്തുന്ന  ചാള്‍സ്  ദ്വീപ്  കാണാമായിരുന്നു .  ക്യാപ്റ്റനെ  പേടിച്ച്  വളരെ  നാളുകള്‍ക്കു  ശേഷമാണ്  തോമസ്‌  ചാപ്പല്‍  എന്ന  നാവികന്‍  താനാണ്  തമാശക്ക്  തീയിട്ടത്  എന്ന്  സമ്മതിച്ചത്  തന്നെ !

അവസാനം  തീരത്ത്  നിന്നും  ആയിരക്കണക്കിന്  മൈലുകള്‍ക്കകലെ 1820 നവംബര്‍  ഇരുപതാം  തീയതിയാണ്  അവര്‍  ആദ്യമായി  ഒരു  സ്പേം  തിമിംഗലത്തെ  കണ്ടത്  .  നാവികര്‍  ആവേശത്തോടെ  ബോട്ടുകളിറക്കി ചാട്ടൂളി  എറിഞ്ഞ്   വേട്ട  തുടങ്ങി .  ചില  ചെറു  തിമിംഗലങ്ങളെ  മുറിവേല്‍പ്പിക്കാന്‍  പറ്റിയതല്ലാതെ  അന്ന്  അവര്‍ക്ക്  കാര്യമായി  ഒന്നും ചെയ്യാനായില്ല .  തിരികെ  കപ്പലില്‍  എത്തിയ  നാവികര്‍  കേടായ  ബോട്ടുകളും   ചാട്ടൂളികളും  നന്നാക്കുവാന്‍  തുടങ്ങി .  അപ്പോഴാണ്‌  കപ്പലിന്  തൊട്ടടുത്ത്‌  ഭീമാകാരനായ  ഒരു സ്പേം  തിമിംഗലം  പ്രത്യക്ഷപ്പെട്ടത് .  എണ്‍പത്തി  അഞ്ചടി  നീളമെങ്കിലും  ഉണ്ടാവും  അതിന് !  ആദ്യം  അത്  നിശ്ചലമായി  കിടക്കുകയായിരുന്നു .  പക്ഷെ  കപ്പലിന്  മുഖാമുഖമായി  ആണ്  കിടന്നിരുന്നത് .   പക്ഷെ  പതുക്കെ  പതുക്കെ  അത്  കപ്പലിനെ  സമീപിച്ചു .  അടുക്കും  തോറും  അത്  വേഗത  കൂട്ടി ..  കപ്പലിനെ  ഇടിക്കും  എന്ന  ഘട്ടത്തില്‍  അത്  കപ്പലിന്  അടിവഴി  മറുഭാഗത്ത്‌  എത്തി .  ഒരു  തിമിംഗലം  ഇത്തരത്തില്‍  പെരുമാറുന്നത്  അവര്‍  ആദ്യമായി  കാണുകയായിരുന്നു .  എന്നാല്‍  ക്യാപ്റ്റന്  കാര്യം  പന്തിയല്ല  എന്ന്  മനസ്സിലായി .  വിചാരിച്ചത്  പോലെ തന്നെ   തിമിംഗലത്തിന്റെ  അടുത്ത  വരവ്  ചരിത്രത്തിലെക്കായിരുന്നു ! ഇടിയുടെ  ആഘാതത്തില്‍  അടിത്തട്ട്  പാടെ  തകര്‍ന്ന്  കടല്‍ ജലം  കപ്പലിലെയ്ക്ക്  ഇരച്ചു  കയറി .  പാതി  നന്നാക്കിയ  ഹണ്ടിംഗ്  ബോട്ടുകളില്‍  നാവികര്‍  ചാടിക്കയറി  ജീവരക്ഷാര്‍ഥം  തലങ്ങും  വിലങ്ങും  തുഴഞ്ഞു .   വിശാലമായ  ശാന്ത  സമുദ്രത്തിന്‍റെ  മടിതട്ടിലെയ്ക്ക്  സുരക്ഷിതമായ  എസ്സെക്സ്  എന്ന  കപ്പലില്‍  നിന്നുമുള്ള  ചുവടു  മാറ്റം  ആരും  വിചാരിക്കാതെ  അപ്രതീക്ഷിതമായിരുന്നു .  ഇരുപത്  നാവികര്‍  മൂന്ന്  ബോട്ടുകളിലായി  കടലില്‍  തികച്ചും  അനാഥരായി  ഒഴുകി നടന്നു .  അപ്പോഴവര്‍  തെക്കേ  അമേരിക്കന്‍  തീരത്ത്  നിന്നും  3,700 km അകലെ ആയിരുന്നു !

തൊട്ടടുത്തുള്ള   Marquesas ദ്വീപുകളെ  ലക്ഷ്യം  വെച്ച്  തുഴയുന്നതാണ്  നല്ലത്  എന്ന്  ക്യാപ്റ്റന്‍   പൊള്ളാര്‍ട്   തീരുമാനിച്ചു .  എന്നാല്‍ ഓവന്‍  ചേസ്  പോലുള്ള  നാവികര്‍  അവിടെ  നരഭോജികള്‍  കണ്ടേക്കാം  എന്ന് ഭയപ്പെട്ടു.  ബോട്ടുകളില്‍  തത്രപ്പെട്ടു  കയറിയതിനാല്‍  ഭക്ഷണമോ  വേണ്ടത്ര  ശുദ്ധജലമോ  കരുതാന്‍  അവര്‍ക്കായില്ല .  കാര്യങ്ങള്‍  കുഴപ്പതിലെക്കാണ്  നീങ്ങുന്നത്‌  എന്ന്  ഏവര്‍ക്കും  പിടികിട്ടി .  ദിവസങ്ങള്‍  കഴിഞ്ഞു .   വിശപ്പ്  അതിന്‍റെ  മൂര്‍ത്തീ  ഭാവത്തില്‍  നാവികരെ  കാര്‍ന്നു  തിന്നാന്‍  തുടങ്ങി  .  അങ്ങിനെ  ഒരുനാള്‍  അവര്‍  ബോട്ടില്‍  കയറിയശേഷം  ആദ്യ  നാവികന്‍  ഭക്ഷണം  കിട്ടാതെ  മരണമടഞ്ഞു .  അതോടെ  നാവികരില്‍  മരണഭയം  പിടികൂടി .  ഗതികെട്ട്  അവര്‍  നിലനില്‍പ്പിനായി   സ്വന്തം  മൂത്രം  കുടിക്കുവാന്‍  ആരംഭിച്ചു .  അങ്ങിനെ  ഒരു നാള്‍  അവര്‍ വിജനമായ   Henderson ദ്വീപില്‍  തുഴഞ്ഞെത്തി .  കുറച്ചു  നാള്‍  പിടിച്ചു  നില്‍ക്കുവാനുള്ള  വസ്തുക്കളൊക്കെയും  അവിടെ ഉണ്ടായിരുന്നു .  എന്നാല്‍  അത്  അധികം നീണ്ടു  നിന്നില്ല .  ദ്വീപ്  ഉപേക്ഷിക്കേണ്ട  സമയം  വന്നു  ചേര്‍ന്നു .  ദ്വീപിലെ  ഭക്ഷണം  എല്ലാവര്‍ക്കും  തികയില്ല  എന്നതായിരുന്നു  കാരണം .  അവസാനം  സംഘത്തിലെ  മൂന്ന്  പേര്‍ ദ്വീപില്‍  തന്നെ  കഴിയുവാനും  ബാക്കിയുള്ളവര്‍  ബോട്ടുകളില്‍  പോകുവാനും  തീരുമാനമായി ( ദ്വീപില്‍  കഴിഞ്ഞ  മൂന്നുപേരെ ഒരു  വര്‍ഷത്തിന്  ശേഷം  Surry എന്ന  കപ്പല്‍  കണ്ടെത്തി  രക്ഷപെടുത്തി  ! )

ബോട്ടില്‍  ദ്വീപില്‍  നിന്നും   പോന്നവരുടെ  വിധി  ദാരുണമായിരുന്നു .  രോഗവും  ക്ഷീണവും  പട്ടിണിയും  അവരെ  ഓരോരുത്തരെയായി  കൊന്നൊടുക്കി . അവസാനം  ജാനുവരി  എട്ടിന്  Cole എന്ന  നാവികന്‍  മരണമടഞ്ഞപ്പോള്‍  അവര്‍  ആ തീരുമാനമെടുത്തു .  അയാളുടെ  ശരീരം  ഭക്ഷണമാക്കുക ! .  പിന്നീടൊരു  ദിവസം  ആഞ്ഞടിച്ച  കൊടുംകാറ്റില്‍  ബോട്ടുകള്‍  കൂട്ടം  തെറ്റി  പലവഴിക്ക്  തിരിഞ്ഞു .  ചെസിന്‍റെ   ബോട്ടിലുള്ളവരെ  ഭാഗ്യം  തുണച്ചു .  ബ്രിട്ടന്‍റെ  ഇന്ത്യന്‍  എന്ന  കപ്പല്‍  അവരെ കണ്ടെത്തി  രക്ഷപെടുത്തി .  എന്നാല്‍  Hendrick  തുഴഞ്ഞ  മൂന്നാം  ബോട്ട്  പിന്നീട്  ഇതുവരെ  ആരും  കണ്ടെത്തിയില്ല .  അവസാനം  ക്യാപ്റ്റന്‍  പൊള്ളാര്‍ഡും  ബോട്ടും  വിജനതയില്‍  ഒറ്റപ്പെട്ടു .  വിശപ്പ്  അതിന്‍റെ  പാരമ്യത്തിലെത്തി .  ഒടുക്കം   അവര്‍  ഒരു തീരുമാനമെടുത്തു .  മറ്റുള്ളവര്‍ക്ക്  വേണ്ടി  ഒരാള്‍  മരിക്കുക .  അയാള്‍  മറ്റുള്ളവര്‍ക്ക്  ആഹാരമാകട്ടെ !   നറുക്ക്  വീണത്‌  ക്യാപ്റ്റന്റെ  കസിനും  പതിനേഴ്‌  വയസ്സ്  മാത്രം  പ്രായം  ഉണ്ടായിരുന്ന  Owen Coffin നു ആയിരുന്നു .  അവനെ  കൊല്ലാന്‍  പക്ഷെ  പൊള്ളാര്‍ഡു സമ്മതിച്ചില്ല .  പക്ഷെ  ധീരനായ കൊഫിന്‍  താന്‍  മരിക്കാന്‍  സന്നദ്ധനാണെന്ന്  പറഞ്ഞു .  അങ്ങിനെ  കോഫിന്‍  കടലിലെ  ധീര രക്തസാക്ഷിയായി .  അവസാനം കപ്പല്‍ മുങ്ങി  93  ദിവസങ്ങള്‍ക്കു  ശേഷം  മറ്റൊരു  വേട്ടക്കപ്പല്‍ Dauphin അവസാന  ബോട്ടുകാരെയും  കണ്ടെത്തി  രക്ഷപെടുത്തി .  ഇരുപത്  പേരില്‍  അവസാനം  അവശേഷിച്ചത്  ആകെ എട്ടു  പേര്‍ !

വര്‍ഷങ്ങള്‍ക്ക്  ശേഷം  രക്ഷപെട്ടവര്‍  വീണ്ടും  ക്യാപ്റ്റന്‍  പൊള്ളാര്ടിന്റെ  വസതിയില്‍   ഒരുമിച്ചു  കൂടിയപ്പോള്‍  അതിന്  സാക്ഷ്യം  വഹിക്കാന്‍  മറ്റൊരാളുകൂടി  എത്തിയിരുന്നു .  ലോക  ക്ലാസിക്കുകളില്‍  ആദ്യ  പത്തില്‍  ഒന്നായ  മോബിടിക്കിന്റെ  രചയിതാവ്  സാക്ഷാല്‍  ഹെര്‍മന്‍  മെല്‍വിന്‍ !  രക്ഷപെട്ടവരുടെ  ചരിത്രം അപ്പാടെ  മനസ്സില്‍  ആവാഹിച്ച്  മെല്‍വിന്‍  മോബിടിക്  എന്ന  ക്ലാസിക്കിനെ  പ്രസവിക്കുമ്പോള്‍  സ്പേം  തിമിംഗലങ്ങള്‍  മനുഷ്യ മനസ്സുകളില്‍ ഒരു വില്ലന്‍ വേഷം  കൈവരിക്കുകയായിരുന്നു !

വര്‍ഷങ്ങള്‍ക്ക്  ശേഷം Nickerson എന്ന നാവികന്‍  തങ്ങളുടെ  കൂട്ടത്തില്‍  ഒരാള്‍  തീ വെച്ച്  നശിപ്പിച്ച   Charles  ദ്വീപില്‍  എത്തിച്ചേരുവാന്‍  ഇടയായി .  കരിഞ്ഞു  ചാമ്പലായ  ഒരു  ശ്മശാന  ഭൂമിയായിരുന്നു  അയാള്‍  അവിടെ   കണ്ടത് .  ആ ദ്വീപില്‍  മാത്രം  കാണപ്പെട്ടിരുന്ന  Floreana Island tortoise എന്ന  ഭീമന്‍  ആമ  അതോടെ  ഭൂമിയോട്  വിട പറഞ്ഞു  കഴിഞ്ഞിരുന്നു !

ഇനി  നമ്മുക്ക്  തീരുമാനിക്കാം  വില്ലന്‍ സ്പേം  തിമിംഗലമാണോ ? അതോ  മനുഷ്യനോ  ?

അടിക്കുറിപ്പ് : Moby Dick എന്ന  പേര്  മെല്‍വിന്  ലഭിച്ചത്  Mocha Dick എന്ന ശരിക്കുള്ള  തിമിംഗലതില്‍  നിന്നുമാണ് .  ഒരു  ആല്‍ബിനോ  ആയിരുന്ന ഈ സ്പേം  തിമിംഗലം  പത്തൊന്‍പതാം  നൂറ്റാണ്ടില്‍  Mocha എന്ന  ചിലിയന്‍  ദ്വീപിനടുതാണ്  കാണപ്പെട്ടിരുന്നത് .  അന്ന്  നാവികര്‍  ഇത്തരം  തിമിമ്ഗലങ്ങള്‍ക്ക്  പേര്  ഇടുമായിരുന്നു .  ടോം , ഡിക്ക്  തുടങ്ങിയ  പേരുകള്‍  ആയിരുന്നു  സാധാരണം .

In The Heart of the Sea എന്ന  2015 ഹോളിവൂഡ്‌  ചിത്രം  ഈ സംഭവത്തില്‍  നിന്നും  പ്രചോദനം  ഉള്‍ക്കൊണ്ടതാണു . 

 

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

  • The Orionids meteor shower will peak October 22, 2017 – October 23, 2017 Starting in the evening of Oct. 22 through the next day's dawn, you might be able to catch a glimpse of the Orionids meteor shower. Learn more about the major meteor showers and how to watch them here: http://nyti.ms/2hKGtWx
  • Events we're watching starting in November November 1, 2017 We're on the lookout for the announcement of two major missions to space. The private company Moon Express could attempt to put a lander on the moon before the end of the year to claim the $20 million Google Lunar X prize. And SpaceX could also demonstrate its Falcon Heavy rocket, an important step toward…
  • The Leonids meteor shower will peak November 18, 2017 – November 19, 2017 Starting in the evening of Nov. 18 through the next day's dawn, you might be able to catch a glimpse of the Leonids meteor shower. Learn more about the major meteor showers and how to watch them here: http://nyti.ms/2hKGtWx
  • Supermoon December 3, 2017 You may not be able to tell the difference between a supermoon and a regular full moon, but it will be larger and brighter than usual as the moon moves closer to Earth over the course of its elliptical orbit. Read more about supermoons and other moons here: http://nyti.ms/2hLW602
  • NASA aims to launch its ICON satellite December 8, 2017 Kwajalein Atoll, RMI The ICON satellite will help NASA understand the intersection of Earth's atmosphere with space. The Times expects to report on the mission in December, or when it launches.

Categories

Top Writers

Copyright 2017-18 Palathully ©  All Rights Reserved