ആമസോണിലേക്കൊരു സാഹസിക യാത്ര

Share the Knowledge

സാഹസിക യാത്ര ഇഷ്ട്ടപ്പെടാത്ത  ആരുണ്ട്‌ ? നാമെല്ലാം  യാത്രികരാണ് , പക്ഷെ  ഇന്നേ വരെ  ആരും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍  അല്ലെങ്കില്‍  മനുഷ്യന്  ചെല്ലാന്‍  ബുദ്ധിമുട്ടുള്ള  സ്ഥലങ്ങളില്‍  പോകാന്‍  നമ്മുടെ  മനസ്സ്  കൊതിയ്ക്കുന്നില്ലേ ?  ഒരു ഇന്ത്യാക്കാരനും  ഇതുവരെ  ചെല്ലാത്ത ഒരു  ആഫ്രിക്കന്‍  ഗ്രാമത്തില്‍  തനിക്ക് ആദ്യം ചെല്ലണം  എന്ന  ആഗ്രഹവുമായി  നൈലിന്റെ  തീരത്തുള്ള  ഒറ്റപ്പെട്ട   ഗ്രാമത്തില്‍ കടന്നു  ചെന്ന  എസ് കെ  പൊറ്റക്കാടിനെ  വരവേറ്റത്  ഗ്രാമത്തിലെ കാപ്പിരിച്ചിയെ കല്യാണം  കഴിച്ച്  ചായക്കട  നടത്തിവന്ന  ഒരു ഇന്ത്യക്കാരന്‍  കിഴവനായിരുന്നു !  പോറ്റക്കാടിനെ  അറിയില്ലെങ്കിലും  ഇത്തരം  ഒരു ആഗ്രഹം  മനസ്സില്‍  സൂക്ഷിച്ചിരുന്ന  ഇസ്രായേലി  സൈനികനായിരുന്നു  Yossi Ghinsberg. 

അങ്ങിനെ ഇരിക്കെയാണ്  അദ്ദേഹം  സീനായി  മരുഭൂമിയില്‍  വെച്ച്  ചില  നാടോടി  അറബി  ഗോത്രക്കാരെ  കണ്ടുമുട്ടുന്നതും അവരെ  പരിചയപ്പെടുന്നതും . പട്ടണങ്ങള്‍ക്കു  പുറത്ത് ഇത്തരം  ജീവിതം  നയിക്കുന്നവരെ  പൊതുവേ  വിളിക്കുന്നത്‌  Bedouinبَدَوِي)  എന്നാണ് .  മരുഭൂമിയില്‍  ചെറു കൂടാരങ്ങള്‍  കെട്ടി  കുടുംബത്തോടൊപ്പം  കഴിയുന്ന  അറബ്  നാടോടികളുടെ  ജീവിത  രീതി ഗിന്‍സ്ബെര്‍ഗിനെ  നന്നായി  സ്വാധീനിച്ചു .  ഒറ്റപ്പെട്ട  സ്ഥലങ്ങളില്‍  കഴിഞ്ഞ  കാര്യങ്ങളും  അവിടെ  തങ്ങള്‍  എങ്ങിനെ  നില  നിന്നു  എന്നും  മറ്റും  നാടോടി  സുഹൃത്തുക്കളില്‍  നിന്നും  വിശദമായി  അറിഞ്ഞ  അദ്ദേഹം  അത്തരമൊരു  ജീവിതം സ്വപ്നം  കണ്ടു  തുടങ്ങി .  ലോകം  മുഴുവനും  ചുറ്റുന്ന  സാഹസികനാകുവാന്‍  പക്ഷെ നല്ല രീതിയില്‍  ധനം  ആവശ്യമാണ്‌ എന്ന്  തിരിച്ചറിഞ്ഞ  ഗിന്‍സ്ബെര്‍ഗ്  , മൂന്ന്  വര്‍ഷത്തെ  നേവി ജീവിതം അവസാനിപ്പിച്ച്   പല സ്ഥലങ്ങളിലായി  വിവിധ  ജോലികളില്‍  ഏര്‍പ്പെട്ടു .  അതിനായി  ന്യൂയോര്‍ക്കില്‍  ചുമട്ടു  തൊഴിലാളി  ആയും  അലാസ്ക്കയില്‍  മീന്‍ പിടുത്തക്കാരനായും  ജീവിച്ചു .  വിവധ  പരിസ്ഥിതികളില്‍  ജീവിച്ച്  അനുഭവ സമ്പത്ത്  നേടുകയായിരുന്നു  ഉദ്യേശം .  അങ്ങിനെ  ലോകം  ചുറ്റുന്നതിനിടയില്‍  ബൊളീവിയയുടെ തലസ്ഥാനമായ  ലാ പാസില്‍ (LaPaz) ല്‍  വെച്ച് അദ്ദേഹം  Karl Rurechter എന്ന ആസ്ട്രിയന്‍  ജിയോളജിസ്റ്റിനെ  പരിചയപ്പെട്ടു . ( സമുദ്ര  നിരപ്പില്‍ നിന്നും 3,650 m ഉയരത്തില്‍  സ്ഥിതി  ചെയ്യുന്ന  ലാ പാസ് , ലോകത്തില്‍ ഏറ്റവും  ഉയരത്തില്‍  സ്ഥിതി  ചെയ്യുന്ന തലസ്ഥാന നഗരം  ആണ് .  നമ്മുടെ ആനമുടിയുടെ  ഉയരം 2,695 m ആണെന്നും  ഓര്‍ക്കുക ).  കാള്‍ ,  ഒരു  സാഹസിക  പര്യവേഷണത്തിന് ഉള്ള  തയ്യാറെടുപ്പില്‍  ആയിരുന്നു .  ആമസോണ്‍  മഴക്കാടുകളിലെ  ബൊളീവിയന്‍  ഭാഗം  ഏറെക്കുറെ ഇന്നും  ആധുനിക  മനുഷ്യന്  അപ്രാപ്യമാണ് .  ദുര്‍ഘടമായ  ഭൂപ്രകൃതിയും , ഇടതൂര്‍ന്ന  നിബിഡ  വനങ്ങളും ഈ  മേഖലയെ തീര്‍ത്തും ഒറ്റപ്പെട്ടതാക്കുന്നു .  എങ്കിലും വിവധ  ഗോത്രങ്ങളില്‍ പെട്ട  ആദിവാസികള്‍ ഇവിടെ  ഇപ്പോഴും പുറം  ലോകവുമായി  ബന്ധമില്ലാതെ  ജീവിക്കുന്നുണ്ട് .  അത്തരമൊരു  ആദിവാസി  ഗ്രാമത്തിലേക്ക് ആണ്  കാള്‍  പോകുവാന്‍  ഉദ്യേശിച്ചിരുന്നത് . ആ  ഭാഗത്ത്‌  എന്താണ്  ഉള്ളതെന്ന്  ബൊളീവിയന്‍  വനം  വകുപ്പിന്  പോലും  തിട്ടമുണ്ടായിരുന്നില്ല .  അവിടെ  നല്ല തോതില്‍  സ്വര്‍ണ്ണ  ശേഖരം  ഉണ്ട്  എന്ന്  ഒരു ആദിവാസി  സുഹൃത്ത്‌  വഴി  അറിഞ്ഞതാണ്  കാളിന്  അങ്ങോട്ട്‌  പോകുവാന്‍  താല്‍പ്പര്യം  ജനിപ്പിച്ചത് .  തന്‍റെ  കൂടെ  ചേരുവാനുള്ള  കാളിന്റെ  ക്ഷണം  നിരസിക്കാന്‍  ഗിന്‍സ്ബെര്‍ഗിന്   കഴിഞ്ഞില്ല .  ഇന്ന് വരെയും  ആധുനിക  മനുഷ്യന്‍  കടന്നു ചെന്നിട്ടില്ലാത്ത  ഒരു പ്രദേശം !  അതും  ആമസോണ്‍ വനത്തിനുള്ളില്‍ ! …….. ഗിന്‍സിനു  തന്‍റെ ആകാംഷ അടക്കുവാന്‍  കഴിഞ്ഞില്ല .  തന്‍റെ  രണ്ടു  സുഹൃത്തുക്കളെ  കൂടി അദ്ദേഹം  ഈ  ചരിത്ര ദൗത്യത്തിന് പങ്കാളികളാകുവാന്‍  ക്ഷണിച്ചു (1981) .  അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന  കെവിനും , സ്വിറ്റ്സര്‍ലന്‍ഡ് കാരനായിരുന്ന മാര്‍ക്കസും  ആയിരുന്നു  അവര്‍ .  

മുഴുവനുമായി  ആമസോണ്‍  മഴക്കടുകളിലൂടെ  മാത്രം  ഒഴുകുന്ന Tuichi നദിയുടെ  തീരത്തുള്ള  ഒരു  പ്രദേശമായിരുന്നു  അവരുടെ ലക്ഷ്യം . ആമസോണ്‍  കാടുകളില്‍  നേരത്തെ  തന്നെ  പരിചയമുണ്ട്  എന്ന്  കാള്‍  പറഞ്ഞിരുന്നതിനാല്‍  കാര്യങ്ങളെല്ലാം അദ്ദേഹത്തിന്‍റെ  അഭിപ്രായത്തില്‍  ആയിരുന്നു  നടന്നത് .  ആദിവാസികള്‍  സഹായിക്കും  എന്ന്  കാള്‍  ഉറപ്പ്  പറഞ്ഞിരുന്നതിനാല്‍  അധികം  ഭക്ഷണ  സാമഗ്രികള്‍  അവര്‍  എടുത്തിരുന്നില്ല .  യാത്രയുടെ  പകുതി ഭാഗം  വാടകയ്ക്ക്  എടുത്ത ഒരു  ചെറു വിമാനത്തില്‍  ആണ് അവര്‍ താണ്ടിയത് .  അതിന് ശേഷം  കാല്‍നടയായി  നദീ  തീരത്തുകൂടി  നടന്ന്  ഉദ്യേശിച്ച  സ്ഥലത്ത്  എത്താം  എന്നായിരുന്നു  കാളിന്റെ  ധാരണ .  ആദ്യ  ദിവസങ്ങള്‍  ആവേശഭരിതമായി  തന്നെ  കടന്നു  പോയി .  പക്ഷെ  ദിവസങ്ങള്‍  ചെല്ലും തോറും  സംഘാങ്ങള്‍ക്ക്  ഞെട്ടിപ്പിക്കുന്ന  ഒരു കാര്യം  മനസ്സിലായി …….  കാള്‍  പറഞ്ഞതെല്ലാം  കളവാണ് !!!!! 

വെള്ളത്തില്‍  നീന്താന്‍ പോലും  അറിയാത്ത ആളാണ്  കാള്‍ !  തന്‍റെ  സ്വര്‍ണ്ണ  വേട്ടയ്ക്ക്  ആളെ  കിട്ടാതെ  വന്നപ്പോള്‍ കളവ്  പറഞ്ഞ് ആളെ  കൂട്ടിയതാണ് .  നാല്  ദിവസങ്ങള്‍കൊണ്ട്  നടന്നെത്താം  എന്ന്  പറഞ്ഞ  സ്ഥലമാണ്  ഒരു  മാസമായി  നടന്നിട്ടും  കാണാത്തത് .  ഭക്ഷണ  സാമഗ്രികള്‍  തീര്‍ന്നു  തുടങ്ങി .  തങ്ങള്‍  എവിടെയാണെന്ന്  അവര്‍ക്കുപോലും  ഇപ്പോള്‍  അറിയില്ല .  ഒരൊറ്റ  ആദിവാസിക്കുടിലുകള്‍  പോലും  ഇത് വരെ  കണ്ടിട്ടില്ല . അവസാനം  ജീവന്‍  നില  നിര്‍ത്തുവാന്‍  കയ്യിലുള്ള  തോക്കുകള്‍  ഉപയോഗിച്ച്  കുരങ്ങുകളെ  പിടിക്കുവാന്‍  തീരുമാനിച്ചു .  പക്ഷെ  കുരങ്ങുകളെ തിന്നുവാന്‍  മാര്‍ക്കസ്  വിസമ്മതിച്ചു .  വെള്ളവും  പച്ചിലകളും  മാത്രം  കഴിച്ച  മാര്‍ക്കസ്  ദിനംപ്രതി  ക്ഷീണിച്ചു  വന്നു . കൂട്ടത്തില്‍ സംഘാങ്ങള്‍ തമ്മില്‍  പ്രശ്നങ്ങളും  ഉടലെടുത്തു .  ഇനിയും കാളിന്റെ  കൂടെ  യാത്ര  തുടരുന്നതില്‍  അര്‍ത്ഥമില്ലെന്ന്  ഗിന്‍സ്ബെര്‍ഗ്  തീരുമാനിച്ചു .  ഗിന്‍സും കെവിനും ഉള്ള ഉപകരണങ്ങള്‍  കൊണ്ട്  ഒരു ചെറു  വള്ളം  തടികൊണ്ട്  ഉണ്ടാക്കിയെടുത്തു .  നടക്കുന്നതിനേക്കാള്‍ വേഗത്തില്‍  നദിയുടെ ഒഴുക്കില്‍  കൂടുതല്‍  മുന്നേറാം  എന്നും  നദീ  തീരങ്ങളില്‍  ആദിവാസി  സെറ്റില്‍മെന്റ്റുകള്‍ കാണാന്‍  സാധ്യത കൂടുതല്‍  ആണ്  എന്നുള്ളതും  ആയിരുന്നു  ഈ തീരുമാനത്തിന്  പിറകില്‍ .  പക്ഷെ  നീന്താന്‍ അറിയില്ലാത്ത  കാളും ,  ക്ഷീണിതനായ മാര്‍ക്കസും  നടക്കുവാന്‍  തന്നെ തീരുമാനിച്ചു .

അങ്ങിനെ സംഘം രണ്ടായി  തന്നെ  പിരിയാന്‍  തീരുമാനിച്ചു .  ഗിന്‍സും  കെവിനും  അങ്ങിനെ തങ്ങളുടെ ജലയാത്ര ആരംഭിച്ചു .  നല്ല  വേഗത്തില്‍ ഒഴുകുന്ന  നദിയില്‍  തങ്ങളുടെ  വഞ്ചിയെ  നിയന്ത്രിക്കാന്‍  അവര്‍ ബുദ്ധിമുട്ടി .  അങ്ങിനെ  നദി  ഒരു മലയിടുക്കില്‍  പ്രവേശിച്ചു .  അതോടു കൂടി  ഒഴുക്കിന്‍റെ  വേഗത  കൂടുകയും  വള്ളം  നിയന്ത്രണം വിട്ടു  ഒഴുകുവനും  തുടങ്ങി .  മുന്നില്‍  ഒരു  വെള്ളച്ചാട്ടം  കണ്ടതോടെ  കെവിന്‍  വള്ളത്തില്‍ നിന്നും നദിയിലേക്ക്  എടുത്തു ചാടി  ,  പക്ഷെ ഗിന്‍സ്  വള്ളത്തില്‍ തന്നെ  പറ്റിപ്പിടിച്ചു  ഇരിക്കുകയും വള്ളത്തോടൊപ്പം  വെള്ളച്ചാട്ടത്തിലേക്ക്  വീഴുകയും  ചെയ്തു .  വീഴ്ചയില്‍  തലയിടിക്കാതെ  രക്ഷപെട്ട  ഗിന്‍സ്  ഒരു  വിധം നീന്തി  കരക്കടുത്തു .  കെവിന്‍  നീന്തി  കരയില്‍  എത്തിക്കാനും  എന്ന  ധാരണയില്‍  ഗിന്‍സ്  വനത്തിനുള്ളിലൂടെ ജലപാതത്തിനു   മുകളിലേയ്ക്ക്  നടന്നു .  പക്ഷെ  അദ്ദേഹത്തിന്  ആരെയും കാണാന്‍ സാധിച്ചില്ല .  രാത്രിയായതോട്  കൂടി  ഗിന്‍സ്  പരിഭ്രാന്തനായി .  ജാഗ്വാറിന്റെ അലര്‍ച്ച കേട്ട്  പേടിച്ച് ഒരു മരപ്പൊത്തില്‍  രാത്രി ഉറങ്ങാതെ  തള്ളി നീക്കി .  പകല്‍  പക്ഷികളുടെ മുട്ടകള്‍ ശേഖരിച്ച്  പൊട്ടിച്ച് കഴിച്ചു  . നദീ തീരത്ത് നിന്നും  കക്കകളും  മറ്റും  കിട്ടി .  അങ്ങിനെ  രണ്ടാഴ്ച  ഗിന്‍സ്  ഒരു ഭ്രാന്തനെ പോലെ  കെവിനെ  അന്വേഷിച്ചു  നടന്നു .  പൊടുന്നനെ ഒരു ദിവസം  നദിയില്‍  വെള്ളപ്പൊക്കം  ഉണ്ടായി .  രക്ഷപെട്ട്  ഒരു മരത്തില്‍  അഭയം  തേടിയ  ഗിന്‍സ്  അഞ്ചു  ദിവസം  ഭക്ഷണം  കഴിക്കാതെ  മഴവെള്ളം  കുടിച്ച് മരത്തില്‍ തന്നെ  കഴിഞ്ഞു  കൂടി .

വള്ളത്തില്‍  നിന്നും ചാടിയ  കെവിന്‍  വിജയകരമായി  കരക്കെത്തിയിരുന്നു .  ഗിന്‍സിനെ  അന്വേഷിച്ചുള്ള  യാത്രയില്‍  അദ്ദേഹം  ആദ്യമായി  ഒരു  ആദിവാസി  സെറ്റില്‍മെന്റ്  കണ്ടു .  ഒരു വിധം  ആംഗ്യഭാഷയില്‍  അവരെ  കാര്യം പറഞ്ഞു  മനസിലാക്കുവാന്‍  കെവിന്  സാധിച്ചു .  അങ്ങിനെ  അവര്‍ കെവിനോടൊപ്പം  ഗിന്‍സിനെ  തപ്പിയിറങ്ങി . ദിവസങ്ങള്‍ നീണ്ട  തിരച്ചിലിനൊടുവില്‍  മരണാസന്നനായ  ഗിന്‍സിന്റെ  അവര്‍ കണ്ടെത്തി !  ആദിവാസികളുടെ  പരിരക്ഷണയില്‍  ഇരുവരും തങ്ങളുടെ ആരോഗ്യം  വീണ്ടെടുത്തു .  കാളിനെയും  മാര്‍ക്കസിനെയും  തിരഞ്ഞെങ്കിലും  പിന്നീടൊരിക്കലും  അവരെ  ആരും കണ്ടില്ല .

അവസാനം  ആദിവാസികളുടെ  സഹായത്തോടെ  മാസങ്ങള്‍ക്ക്  ശേഷം  ഇരുവരും  ലാ പാസില്‍  തിരിച്ചെത്തി .  തന്‍റെ  ആദ്യ  സാഹസികയാത്ര  ഒരു  പരാജയമാണെന്ന്  സമ്മതിക്കുവാന്‍ ഗിന്‍സ് ബെര്‍ഗ് എന്ന സൈനികന്  കഴിഞ്ഞില്ല .  പത്തു  വര്‍ഷങ്ങള്‍ക്ക്  ശേഷം  സര്‍വ്വ വിധ സന്നാഹങ്ങളുമായി  ഗിന്‍സ്  വീണ്ടും  തങ്ങളുടെ ജീവന്‍  രക്ഷിച്ച  ആദിവാസികളെ  തപ്പി  താന്‍  ആഴ്ചകളോളം  അലഞ്ഞു തിരിഞ്ഞ  കൊടും വനത്തിനുള്ളില്‍  എത്തിചേര്‍ന്നു .  ഇപ്രാവിശ്യം  മാധ്യമപ്രവര്‍ത്തകരും സന്നദ്ധ  സേവകരും  ബൊളീവിയന്‍  വനം വകുപ്പ്  ഉദ്യോഗസ്ഥരും  ഗിന്‍സിന്റെ  കൂടെ  ഉണ്ടായിരുന്നു .  അവിടെ ഒരു എക്കോ ലോഡ്ജ്  സ്ഥാപിക്കുവാനുള്ള  അനുമതിയും  ബാങ്ക്  ലോണും  മേടിച്ചാണ്  ഗിന്‍സ്  അവിടെ  ചെന്നത് .

അവിടെ അദ്ദേഹം  സ്ഥാപിച്ച  Chalalan  എന്ന  എക്കോ  ലോഡ്ജ്  ഇന്ന്  ലോകം  മുഴുവനുമുള്ള  സാഹസിക  യാത്രികരുടെ  ഇഷ്ട ലക്ഷ്യങ്ങളില്‍  ഒന്നാണ് .  ആദിവാസികളുടെ  പരിരക്ഷണയില്‍  നമ്മുക്ക്  അവിടെ താമസിക്കാം .  അവര്‍ ഗൈഡായി  നമ്മുടെ കൂടെ വന്ന്  വനത്തിനുള്ളിലെ  അത്ഭുതങ്ങള്‍  കാട്ടിതരുകയും  ചെയ്യും .  ഇവിടെ നിന്നും  കിട്ടുന്ന  വരുമാനം  ആദിവാസികള്‍ക്ക് വേണ്ടിയാണ്  ഉപയോഗിക്കുന്നത് .  അവര്‍ക്ക്  വേണ്ടി  ഡോക്ടര്‍ , മരുന്ന്  തുടങ്ങിയവ  ഇപ്പോള്‍  ലഭ്യമാണ് .  മാലിന്യ  സംസ്ക്കരണം ഉള്‍പ്പടെ  എല്ലാവിധ  സൌകര്യങ്ങളും  ഉള്ള  ഈ ലോഡ്ജ്  സൌരോര്‍ജ്ജം  ഉപയോഗപ്പെടുത്തിയാണ്  പ്രവര്‍ത്തിക്കുന്നത് .

ആമസോണിലെ  തന്‍റെ  ഒറ്റപ്പെട്ട  ദിവസങ്ങള്‍  ഗിന്‍സ്  Back from Tuichi  എന്ന പേരില്‍ ഒരു പുസ്തകമായി  പ്രസിദ്ധീകരിച്ചു .  ഇസ്രായേലില്‍  വന്‍ ഹിറ്റായി  മാറിയ  ഈ പുസ്തകം  ഇന്ന്  പതിനഞ്ചോളം  ഭാഷകളില്‍ ലഭ്യമാണ് .  Heart of the Amazon (Macmillen) Back from Tuichi (Random House),[ Lost in the Jungle (Summersdale) എന്നിവയെല്ലാം  ഈ പുസ്തകത്തിന്‍റെ  പലര്‍  നടത്തിയ പരിഭാഷകളാണ് .  അവസാനമായി  ഇത്   ഹോളിവുഡിലും  എത്തിക്കഴിഞ്ഞു . Jungle  എന്ന പേരില്‍ Arclight ഫിലിംസ്  ആണ്  സിനിമ  നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് .  ഗിന്‍സ്ബെര്‍ഗ് ആയി  അഭിനയിക്കുന്നത്  ഹാരിപ്പോട്ടര്‍  ആയി  വേഷമിട്ട   ഡാനിയേല്‍ റാഡ്ക്ലിഫ്  ആണ് .  കാള്‍  ആയി  അഭിനയിക്കുന്നത്  Kevin Bacon  ഉം . ചിത്രം  പുറത്തിറങ്ങുമ്പോള്‍  ഒരു പക്ഷെ  പേര്  മാറിയേക്കാം . ഗിന്‍സിന്റെ  കഥയുടെ  ഡോക്യുമേന്ററി  ആണ്  ഡിസ്ക്കവറി ചാനലിന്റെ  “I Shouldn’t Be Alive”   എന്നതിലെ Escape from Amazon  എപ്പിസോഡ് .

ഇന്ന്  ഒരു  മോട്ടിവേഷണല്‍  സ്പീക്കര്‍ ആയി  ജോലി ചെയ്യുന്ന  ഗിന്‍സ്  ഒരു  മൊബൈല്‍  ആപ്പ്ളിക്കെഷനും  ഉണ്ടാക്കിയിട്ടുണ്ട് . Blinq എന്ന പേരില്‍  ഇത്  Android Play Store ല്‍   ഉണ്ട് (https://play.google.com/store/apps/details?id=com.blinq&hl=en)  .

Image

One thought on “ആമസോണിലേക്കൊരു സാഹസിക യാത്ര”

  1. Arun Ramesh says:

    ഗംഭീരം !

ഒരു അഭിപ്രായം പറയൂ