ഒറ്റപ്പെട്ട കടല്‍ പാറകള്‍

Share the Knowledge

ഒറ്റപ്പെട്ട  ദ്വീപുകളും പാറക്കൂട്ടങ്ങളും  സമുദ്രത്തില്‍  ധാരാളം  ഉണ്ട് .  എന്നാല്‍  വിശാലമായ  കടല്‍പ്പരപ്പില്‍  ഒരു കരിങ്കല്‍പാറ  ഒറ്റപ്പെട്ടു  തല ഉയര്‍ത്തി  നിന്നാലോ ?  അത് കാണുവാന്‍  അത്ഭുതവും  ആകാംക്ഷയും  നമ്മുക്ക്  ഉണ്ടാവും . ഇതില്‍  ഒട്ടനവധി  പാറകളും  സീ സ്റ്റാക്കുകള്‍ (sea stack)  എന്നറിയപ്പെടുന്ന  പ്രകൃതി  നിര്‍മ്മിതികള്‍ ആണ് .  ഇത്തരം  പല  പാറകളും  തൊട്ടടുത്തുള്ള  ഏതെങ്കിലും ദ്വീപുമായോ  കരയുമായോ കടലിനടിവഴി  ബന്ധപ്പെട്ടിരിക്കും .  ഇതിനു  ചുറ്റുമുള്ള  പാറകളും മറ്റും പതിനായിരക്കണക്കിന്  വര്‍ഷങ്ങള്‍  കൊണ്ട്  തിരയുടെ  ആക്രമണത്തില്‍  നശിച്ചു പോയതാണ് . എന്നാല്‍  മറ്റു ചില  പാറകള്‍  കടലിനടിയിലെ  കൂറ്റന്‍  പവിഴപ്പുറ്റുകളുടെ  ഉയരം  കൂടിയ  ഭാഗമായിരിക്കും .    ഇത്തരം ഒറ്റയാന്‍  പാറകള്‍  കടലില്‍  അവിടെയും  ഇവിടെയുമായി  ഒട്ടനവധി  ഉണ്ടെങ്കിലും കൂട്ടത്തില്‍  പ്രശസ്തരായ  രണ്ടു പാറകളെയാണ് നാം  ഇവിടെ  പരിചയപ്പെടാന്‍  പോകുന്നത് .

Ball’s pyramid 

ആസ്ത്രെലിയയ്ക്കും  ന്യൂസിലണ്ടിനും  ഇടയില്‍ Lord Howe ദ്വീപ്  സമൂഹങ്ങള്‍ക്കിടയിലാണ്  ലോകത്തിലെ ഏറ്റവും  ഉയരം  കൂടിയ സീ സ്റ്റാക്ക്  ആയ  ബോള്‍സ്  പിരമിഡ്  സ്ഥിതി  ചെയ്യുന്നത് .  സത്യത്തില്‍  ലക്ഷക്കണക്കിന്‌  വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  പൊട്ടിത്തെറിച്ചു  പോയ  ഒരു  അഗ്നിപര്‍വ്വതത്തിന്‍റെ  ബാക്കിയാണ്  ഈ ഒറ്റയാന്‍  പാറ ! ഈ പാറ  ആദ്യം കണ്ടുപിടിച്ചു റിപ്പോര്‍ട്ട്  ചെയ്ത  Henry Lidgbird Ball ന്‍റെ  പേരില്‍  ആണ്  ഇത്  അറിയപ്പെടുന്നത് .  562 m ഉയരത്തില്‍  തെന്നുന്ന  പാറകളോട് കൂടി  സ്ഥിതി ചെയ്യുന്ന  ഈ പാറ  രാജാവിനെ  കീഴടക്കുക  അത്ര  എളുപ്പമുള്ള  കാര്യമല്ല.  അതുകൊണ്ട് തന്നെ 1965 ല്‍  മാത്രമാണ്  ആദ്യ സംഘം  ഇതിനു  മുകളില്‍  കാലുകുത്തിയത് .  എന്നാല്‍  ഉയരക്കാരന്‍  എന്ന  ബഹുമതി  മാത്രമല്ല  ബോള്‍സ് പിരമിഡ്  പേറുന്നത് .  ഭൂമിയില്‍  മറ്റൊരിടത്തും  ഇല്ലാത്ത  ഒരു  പ്രാണി  വര്‍ഗ്ഗം  ഈ ചെറു  പാറക്കൂട്ടത്തില്‍  ജീവിച്ചിരിക്കുന്നുണ്ട് ! Lord Howe Island stick insect എന്നറിയപ്പെടുന്ന  ഈ പ്രാണി  ലോകത്ത്  ആകെ  ഇരുപതിനാലെണ്ണം  മാത്രമേ  അവശേഷിച്ചിട്ടുള്ളൂ , അതാകട്ടെ ബോള്‍സ്  പിരമിടിലും Lord Howe ദ്വീപിലും   മാത്രം കാണപ്പെടുന്ന  Melaleuca howeana  എന്നയിനം  ചെടിയുടെ  കീഴിലും !  എന്തായാലും  ഈ ഇരുപത്തിനാലില്‍  രണ്ടു ജോഡിയെ  ഗവേഷകര്‍ ആസ്ത്രേലിയന്‍ മെയിന്‍ലാണ്ടിലേക്ക് (Melbourne Zoo) കൊണ്ടുവന്ന്  വളര്‍ത്തുന്നുണ്ട് . അവിടെ  വിജയകരമായി  പെറ്റുപെരുകിയാല്‍  ഈ ജീവി അന്യംനിന്നു  പോകില്ല എന്ന് നമ്മുക്ക്  ആശ്വസിക്കാം !

 

Rockall

അയര്‍ലണ്ടിനും  ഐസ്ലണ്ടിനും  ഇടയിലാണ്  പതിനേഴ്‌ മീറ്റര്‍  ഉയരമുള്ള  റോക്കോള്‍  സ്ഥിതി ചെയ്യുന്നത് .  കടലിനടിവഴി  ഹെലന്‍  പവിഴപ്പുറ്റുമായി ആണ്  ഇത്  ബന്ധപ്പെട്ടിരിക്കുന്നത് .  മറ്റു  ഒറ്റയാന്‍  പാറകളില്‍  നിന്നും  വ്യത്യസ്തമായി റോക്കോളിനു  ഉള്ള  പ്രത്യേകത  എന്താണെന്ന്  വെച്ചാല്‍  ഈ പാറയുടെ  മുകളിലെ  ഒരു സ്ഥലത്തിന്  വേറെ  പേര്  കൊടുത്തിട്ടുണ്ട്‌  എന്നതാണ് ! Hall’s Ledge എന്ന  ഈ സ്ഥലം  പാറയുടെ  മുകളില്‍ നിന്നും  ഏകദേശം നാല്  മീറ്റര്‍  താഴെയാണ് !  1975 ല്‍ ശാസ്ത്രലോകത്തിനു  അതുവരെ  പരിചയമില്ലായിരുന്ന ഒരു  പുതിയ ധാധു ഇവിടെ നിന്നും  കണ്ടെത്തി . bazirite (BaZrSi3O9) എന്നാണ്  ഇതിന്‍റെ  പേര് .  

ഇത്തരം  ഒറ്റപ്പെട്ട  പാറകള്‍ക്ക്  ഇതുപോലെ  രസകരമായ  ശാസ്ത്രവും  ചരിത്രവും  ഉണ്ട് .  sea stack എന്ന്  സെര്‍ച്ച്‌  ചെയ്‌താല്‍  ബാക്കിയുള്ളവ കൂടി  നിങ്ങളുടെ  മുന്‍പില്‍  എത്തും !

Image

ഒരു അഭിപ്രായം പറയൂ