കടല്‍ മനുഷ്യരുടെ രഹസ്യം

” അവര്‍  കടലില്‍  നിന്നാണ്  വരുന്നത് ……… വെട്ടുകിളികളെപ്പോലെ  എണ്ണിയാലൊടുങ്ങാത്തത്രയുണ്ട് ! ……… ഇന്നുവരെ  ആര്‍ക്കും  അവരെ തടയാനായിട്ടില്ല ! …….”

 

ഈജിപ്ത്തിലെ  Medinet Habu  ക്ഷേത്രത്തില്‍  റംസസ്  മൂന്നാമന്‍ ഫറവോ രേഖപ്പെടുത്തിയ  വരികളാണിത് .   സ്വാഭാവികമായും  ആരാണിവര്‍ എന്നറിയാന്‍  ഏതൊരാള്‍ക്കും  അകാംക്ഷയുണ്ടാവും .  കടലില്‍  നിന്ന്  പുരാതന  ഈജിപ്ത്  ആക്രമിക്കുവാന്‍  എത്തിയ  ഇവരെ  പറ്റി മുന്‍പ്   വേറെയും  രണ്ട്  ഫറവോമാര്‍  രേഖപ്പെടുത്തിയിട്ടുണ്ട് .  റംസസ്  രണ്ടാമനും ( Kadesh രേഖകള്‍ ),  പിന്നെ Merneptah യും (Great Karnak Inscription) .  ക്രിസ്തുവിന്  മുന്‍പ്  1210 മുതല്‍  1100  വരെയുള്ള  വര്‍ഷങ്ങളിലാണ് ഈ  കടല്‍  മനുഷ്യര്‍  ഈജിപ്തിനെ  ആക്രമിക്കുവാന്‍  ഏതാണ്ട്  മൂന്നോളം  പ്രാവിശ്യം  എത്തിയത് .  കടലില്‍  നിന്നു  വരുന്നു  എന്നതല്ലാതെ  ഇവര്‍  ആരെന്നോ  എവിടെ നിന്നും  വരുന്നൂ  എന്നോ  എന്തിന്  ഈജിപ്ത്  ആക്രമിച്ചു  എന്നോ  ഈ മൂന്ന് രാജക്കന്മ്മാരും  രേഖപ്പെടുത്തിയിട്ടില്ല  എന്നതിനാല്‍  ഇവര്‍  ആരെന്ന്  ഇപ്പോഴും ചരിത്ര ഗവേഷകര്‍ക്ക്‌ അറിയില്ല  എന്നതാണ്  സത്യം .  അതിനാല്‍  തന്നെ  ചരിത്രത്തിലെ  ഏറ്റവും  ദുരൂഹത  നിറഞ്ഞ  മനുഷ്യവംശമായി  പലരും  ഇവരെ  കാണുന്നു .  ഫ്രഞ്ച്  ഈജിപ്തോളോജിസ്റ്റായ  Emmanuel de Rougé ആണ്  ഇവരെ  കടല്‍  മനുഷ്യര്‍ എന്ന്  ആദ്യം  വിളിച്ചത്  (peuples de la mer അതായത്  “peoples of the sea”) .

തോണികളിലും  ചെറു  കപ്പലുകളിലുമായി  യുദ്ധതിനെത്തിയ  ഇവര്‍  പല  ഗോത്രങ്ങളില്‍  പെടുന്നവര്‍  ആണെന്ന്  രേഖകള്‍  സമര്‍ഥിക്കുന്നു . Sherden,  Sheklesh, Lukka, Tursha , Akawasha എന്നിങ്ങനെ  പല പേരുകള്‍  പറയുന്നുണ്ടെങ്കിലും  ഈ  പേരുകള്‍  മറ്റൊരു സ്ഥലത്തെയും  രേഖകളില്‍  ഇതുവരെയും  കണ്ടുകിട്ടിയിട്ടില്ലാത്തതിനാല്‍  ഇവര്‍  ഏത് ദേശക്കാര്‍  ആണെന്ന്  കണ്ടുപിടിക്കുവാന്‍  ബുദ്ധിമുട്ടാണ് .  റംസസ് ദി ഗ്രേറ്റ്‌  എന്നറിയപ്പെടുന്ന    റംസസ്  രണ്ടാമന്‍  ആണ്  ഇവരെ  നേരിട്ട  ആദ്യ  ഫറവോ .  അദ്ദേഹം  ഇവരെ  താന്‍  നിശേഷം  തോല്‍പ്പിച്ചു  എന്നും ഇനി  ഒരിക്കലും  ഇവരുടെ  ശല്യം  ഉണ്ടാവില്ല  എന്നും  രേഖപ്പെടുത്തി  എങ്കിലും  മകന്‍ Merenptah യുടെ  കാലത്ത്  ഇവര്‍  വീണ്ടും  ആക്രമിച്ചു .  പക്ഷെ  രണ്ടാം  ആക്രമണത്തില്‍  ഇവരെ  നേരിടാന്‍  ഫറവോയുടെ സൈന്യത്തില്‍  ആദ്യ  ആക്രമണത്തില്‍  തടവുകാരായി  പിടിച്ചവരും ( അവരുടെ  മക്കളും ?) ഉണ്ടായിരുന്നു  എന്നതാണ്  രസം .  Merenptah,  കടല്‍  മനുഷ്യരുമായി  കൊടിയ  യുദ്ധം തന്നെ  നടത്തി  എന്നാണ്  രേഖകളില്‍  കാണുന്നത് . ഇവര്‍  നൈല്‍  നദീമുഖത്ത്  എത്തുന്നതുവരെ  ഈജിപ്ഷ്യന്‍  സൈന്യം  കാത്തു  കിടന്നു  എന്നും  മുഴുവന്‍ കപ്പലുകളും  കടലിടുക്കില്‍  പ്രവേശിച്ചു  കഴിഞ്ഞപ്പോള്‍  എല്ലാ  വശത്ത്  നിന്നും  പോടുന്നത്തെ  ആക്രമിച്ച്  അവരെ  കടലില്‍ തന്നെ  മുക്കിക്കളഞ്ഞു  എന്നുമാണ്  Merenptah എഴുതിയിരിക്കുന്നത് .

ഇവര്‍  ആരെന്നോ  എവിടെ നിന്നും  വരുന്നൂ  എന്നോ മൂന്നു  ഫറവോമാരില്‍  ആരും തന്നെ  രേഖപ്പെടുത്താതിരുന്നത്   ഈ  കടല്‍  മനുഷ്യര്‍  മൂന്ന്  പേര്‍ക്കും  നേരത്തെ  തന്നെ  അറിയാവുന്ന  വര്‍ഗ്ഗം  ആണ് എന്നതാകാം  കാരണം .  അതായത്  പ്രത്യേകിച്ചൊരു  ആമുഖം  ആവശ്യമില്ലാത്തവര്‍  ആയിരുന്നു  അവര്‍ എന്ന്  പലരും  കരുതുന്നു .

ആരാണിവര്‍ ?


ഈ ചോദ്യത്തിന്  ഇപ്പോഴും  ഉത്തരമില്ല .  പല  ഗവേഷകരും  പല രീതിയിലാണ്  ഇവരെ  വ്യാഖ്യാനിക്കുന്നത് . എവിടെനിന്നെങ്കിലും  പലായനം  ചെയ്ത  ഒരു  വര്‍ഗ്ഗമോ  അല്ലെങ്കില്‍  വര്‍ഗ്ഗങ്ങളോ  കടലില്‍  അഭയം പ്രാപിച്ചതാവാം  എന്ന്  ചിലര്‍  അഭിപ്രായപ്പെടുന്നു .  അതുമല്ലെങ്കില്‍  മെഡിറ്ററേനിയന്‍  ദ്വീപ്  നിവാസികള്‍  ആവാം .  മഹത്തായ  ട്രോജന്‍  യുദ്ധത്തില്‍  പങ്കെടുത്ത ഗ്രീക്ക്  ജാതികളില്‍  പലരും  ഗ്രീക്ക് ദ്വീപുകളില്‍ നിന്നും  വന്നവര്‍  ആയിരുന്നു .  ഒഡീസിയൂസിന്‍റെ  രാജ്യമായ  ഇത്താക  ഒരു  ദ്വീപ്  രാഷ്ട്രമാണ് .  കടല്‍  യുദ്ധത്തില്‍ പ്രാവീണ്യം  നേടിയിട്ടുള്ള  ഇവര്‍ ആരെങ്കിലും ആവാം  ഈജിപ്ത്  ആക്രമിച്ച  കടല്‍  മനുഷ്യര്‍  എന്ന്  ചിലര്‍  കരുതുന്നുണ്ട് .  മറ്റൊരു  സാധ്യത  ഹീബ്രു ബൈബിളില്‍  ഉടനീളം  പരാമര്‍ശിക്കുന്ന ഫിലിസ്ത്യര്‍  ആണ് .  ഇവരെ കടല്‍  മനുഷ്യര്‍  എന്ന്  വിളിക്കുന്ന  ചില  രേഖകള്‍ കൂട്ടിവായിച്ചു  ഇവരാകാം  ഈജിപ്തിലെ  ആക്രമണകാരികള്‍  എന്ന്  മറ്റു  ചില  ഗവേഷകര്‍  അഭിപ്രായപ്പെടുന്നു .  ഇവരുടെ  പ്രധാന  ദേവനായ Dagan ഒരു  മത്സ്യദേവന്‍ കൂടിയാണ് .  എന്തായാലും  രേഖകളുടെ  അഭാവത്തില്‍  ഇവര്‍  ആരെന്ന് ഉള്ളത്  കുറെക്കാലത്തേക്ക്  ഒരു രഹസ്യം തന്നെ  ആയിരിക്കും .

കൂടുതല്‍  വായിക്കുവാന്‍ …

1 . http://www.ancient.eu/Sea_Peoples/

2. http://www.realhistoryww.com/world_history/ancient/Misc/Medinet_Habu/Medinet_Habu.htm

3. http://listverse.com/2016/06/06/10-theories-regarding-the-sea-peoples/

4 . https://en.wikipedia.org/wiki/Sea_Peoples

 

Image

ഒരു അഭിപ്രായം പറയൂ