സുലവെസി എന്ന വിചിത്ര ദ്വീപ്

Share the Knowledge

ഭൂമിയിലെ പതിനൊന്നാമത്തെ വലിയ  ദ്വീപാണ്  ഇന്തോനേഷ്യയുടെ കീഴിലുള്ള  Sulawesi .  മറ്റെല്ലാ  ഇന്തോനേഷ്യന്‍  ദ്വീപുകളേയും  പോലെ തന്നെ സുലവെസിയിലും  സജീവ അഗ്നിപര്‍വ്വതത്തിന്‍റെ  സാന്നിധ്യമുണ്ട് .  പക്ഷെ  ഭൂമിയിലെ  മറ്റെല്ലാ  ദ്വീപുകളില്‍  നിന്നും  സുലെവെസിയെ  വ്യത്യസ്തമാക്കുന്നത്  അതിന്‍റെ  ഭൂമിശാസ്ത്രപരമായ  കിടപ്പാണ് .  ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് Wallacea മേഖലയിലാണ് .  ഇത് ഒരു ജൈവ-ഭൂമി ശാസ്ത്രപരമായ  മേഖലയാണ് .  ആസ്ത്രേലിയന്‍  വന്‍കരയ്ക്കും  ഏഷ്യന്‍ ജൈവമണ്ഡലത്തിനും  ഇടയില്‍  സ്ഥിതിചെയ്യുന്ന  ദ്വീപുകളാണ്  വാല്ലസ്സിയ  മേഖലയില്‍  വരുന്നത് .  ഈ  മേഖലയുടെ  ഏഷ്യന്‍  അതിര്‍ത്തിയില്‍  ബോര്‍ണിയോ  ദ്വീപുകളും ആസ്ത്രേലിയന്‍  അതിര്‍ത്തിയില്‍ ന്യൂ ഗിനിയായും  ആണ്  ഉള്ളത് .  ഈ  മേഖലയുടെ  ഒത്ത നടുക്ക് ഏറ്റവും  വലിയ  ദ്വീപായാണ്  സുലവെസി  നിലകൊള്ളുന്നത് .  അതുകൊണ്ട്  എന്താണ്  ഇത്ര  പ്രത്യേകത ?

അത് തന്നെയാണ്  ഇതിന്‍റെ  പ്രത്യേകത .  സുലെവസി  ദ്വീപില്‍  ആസ്ത്രേലിയന്‍  വന്‍കരയില്‍ മാത്രം   കാണുന്ന ചില  മൃഗങ്ങളും എഷ്യയില്‍  മാത്രം  കാണപ്പെടുന്ന ചില  മൃഗങ്ങളും ഒരുമിച്ചാണ്  കഴിയുന്നത്‌ !  ഭൂമിയില്‍  രണ്ട്  ജൈവ  മണ്ഡലങ്ങളില്‍  കാണപ്പെടുന്ന  ജീവികള്‍ പ്രകൃതിയില്‍  തന്നെ  ഒരുമിച്ച്  കഴിയുന്നത്‌  ഈ  ദ്വീപില്‍  മാത്രമാണ് ! Wallacea മേഖലയുടെ    ഒരു  വശത്ത്  ആസ്ത്രേലിയന്‍  ജീവികളും  മറ്റൊരു  ഭാഗത്ത്‌  ഏഷ്യന്‍ മൃഗങ്ങളും ! നടുക്കുള്ള  സുലെവസി  ദ്വീപിലാകട്ടെ  ഇവരണ്ടും  ഒരുമിച്ചും ! ( രണ്ട്   ഭൂഖണ്ഡങ്ങള്‍  ഒരുമിക്കുന്ന    കാടുകളും  നഗരങ്ങളും മറ്റും  ഈ വകുപ്പില്‍  പെടില്ല ,  ഇവിടെ  biogeographical മേഖലയാണ്  ഉദ്യേശിക്കുന്നത് ) . ഇങ്ങനെ  ഒരുമിച്ചു  ജീവിക്കുന്ന  ജീവികളില്‍ പ്രമുഖര്‍  ഏഷ്യന്‍ കുരങ്ങുകളും  ആസ്ത്രേലിയന്‍  സഞ്ചിമൃഗങ്ങളും  ആണ് .  ആസ്ത്രേലിയയില്‍  കുരങ്ങുകള്‍  ഇല്ലാത്തതിനാല്‍  ഭൂമിയില്‍  ഏഷ്യന്‍  കുരങ്ങുകളും സഞ്ചിമൃഗങ്ങളും ഒരുമിച്ചു വസിക്കുന്ന  ഒരേയൊരു സ്ഥലമാണ് സുലെവസി .

ഏഷ്യന്‍-  ആസ്ത്രേലിയന്‍  മൃഗങ്ങള്‍  കണ്ടുമുട്ടുന്ന സ്ഥലം  എന്നതില്‍  കവിഞ്ഞ്  മറ്റനേകം  പ്രത്യേകതകള്‍  ഉണ്ട്  സുലെവസിയിലെ  കാടുകള്‍ക്ക് .  ഏകദേശം  മുപ്പതിനായിരം  വര്‍ഷങ്ങള്‍ക്ക്  മുന്‍പേ  ഇവിടെ  മനുഷ്യവാസം   ഉണ്ടായിരുന്നതായി  ചില ഗുഹകളില്‍ നിന്നും  കിട്ടിയ  തെളിവുകള്‍  സൂചന  നല്‍കുന്നു .  എന്നാല്‍  ഹോമോ ഇറക്റ്റസ് ഇവിടെ  എത്തിയിരുന്നതായി  തെളിവുകള്‍  ഒന്നും തന്നെ  ലഭ്യമല്ല .  ചരിത്രാതീതകാലത്ത്  എഷ്യക്കും  ആസ്ത്രേലിയയ്ക്കും  ഇടയിലുണ്ടായിരുന്ന ഇടനാഴിയായിരുന്നു  ഈ ദ്വീപുകള്‍ ( സമുദ്രജലവിതാനം  കുറഞ്ഞിരുന്ന  കാലം ) .  പിന്നീട്  ജലവിതാനം  ഉയര്‍ന്ന് ദ്വീപ്  വന്‍കരകളില്‍  നിന്നും  ഒറ്റപ്പെട്ടു  പോയതിനാല്‍ ഇവിടെ ഇപ്പോള്‍ കാണുന്ന സസ്യ – ജീവി വര്‍ഗ്ഗങ്ങളില്‍  പകുതിയില്‍  കൂടുതലും ഭൂമിയില്‍  ഇവിടെ മാത്രം  കാണപ്പെടുന്ന  എന്‍ഡമിക്  വര്‍ഗ്ഗങ്ങള്‍  ആണ് .  ഇവയില്‍  നമ്മുക്ക് രസകരമായ  രണ്ടു വര്‍ഗ്ഗത്തെ കൂടി  പരിചയപ്പെടാം …..

1 . മാലിയോ  (Macrocephalon maleo)

അഗ്നിപര്‍വ്വത്തിന്റെ  ചൂടുകൊണ്ട്  സ്വന്തം മുട്ട  വിരിയിച്ചെടുക്കുന്ന പക്ഷിയാണ്  മാലിയോ !  പര്‍വ്വതത്തിന്റെ  താഴവരയിലെ ചൂട്  മണ്ണ്  വകഞ്ഞു മാറ്റി  അതില്‍  എട്ടോ  പത്തോ  മുട്ടകള്‍  ഇടും .  ഓരോന്നിനും  കോഴിമുട്ടയുടെ  അഞ്ചിരട്ടി  വലിപ്പം  ഉണ്ടാവും . മുട്ടകളുടെ  മുകളില്‍ ചൂട്  മണല്‍ കൊണ്ട്  മൂടിയ  ശേഷം  സ്ഥലം  വിടുന്ന  തള്ളപക്ഷി  പിന്നീടൊരിക്കലും മക്കളെ കാണാന്‍  തിരികെ വരില്ല ! മണലിന്റെ ചൂടില്‍  മുട്ട വിരിഞ്ഞിറങ്ങുന്ന  കൊച്ചു മാലിയോകള്‍  സ്വയം  തുരന്നു  മണ്ണിനു  മുകളില്‍ എത്തും !  സംരക്ഷിക്കാന്‍  ആരുമില്ലാത്ത  കുട്ടി മാലിയോ  പക്ഷികള്‍  മണിക്കൂറുകള്‍ക്കകം സ്വയം  ആഹാരം തേടാനും  പറക്കാനും  തുടങ്ങും !   ഇന്നീ  പക്ഷി  പക്ഷെ വംശ നാശ ഭീഷണിയില്‍  ആണ് .

2.  അനോവ എന്ന കുള്ളന്‍  പോത്ത്  (Anoa)

ഇത്  രണ്ട് വര്‍ഗ്ഗമുണ്ട് . അതില്‍ Mountain anoa (Bubalus quarlesi) എന്നയിനം  ഭൂമിയിലെ കാടുകളില്‍  കാണപ്പെടുന്ന  കന്നുകാലി  വര്‍ഗ്ഗങ്ങളില്‍  ഏറ്റവും  ചെറുതാണ് .  ഇരുന്നൂറു  കിലോ  മാത്രം വരുന്ന  ഈ ചെറു പോത്തിനെ  കണ്ടാല്‍ പക്ഷെ ഒരു മാന്‍  ആണെന്നേ കരുതൂ .  വടക്കേ ഇന്ത്യയില്‍  അന്യം നിന്നുപോയ സിവാലിക് ഒക്സ് (Siwalik Ox) ഇതിന്‍റെ ബന്ധുവാണ് .  

ഇത്തരം  കൗതുകം  ജനിപ്പിക്കുന്ന  അനേകം തരം ജീവിവര്‍ഗ്ഗങ്ങളുടെ  തറവാടാണ്  സുലെവസി .

Image Credit >>  Vivien Cumming

 

Image

2 thoughts on “സുലവെസി എന്ന വിചിത്ര ദ്വീപ്”

  1. ജോജി says:

    വിലപ്പെട്ട വിവരങ്ങൾ
    താങ്ക്‌സ്……

ഒരു അഭിപ്രായം പറയൂ