എന്‍റെ കുഞ്ഞിനെ നീ വിരിയിക്കണം

പ്രസവിക്കാന്‍  പെണ്ണുങ്ങള്‍ക്ക്‌ മടി കൂടിവരുന്ന സാഹചര്യങ്ങളില്‍ ഈ  പണി  മറ്റു  ജീവികളെ  ഏല്‍പ്പിക്കുന്ന  കാര്യം ഗവേഷകര്‍  ആലോചിക്കുവാന്‍ തുടങ്ങിയിട്ട്  നാളേറെ  ആയി .  സ്വീഡനിലെ  ഒരു കൂട്ടം  ശാസ്ത്രഞ്ഞര്‍ ഇങ്ങനെയാണ്  വിചാരിക്കുന്നത് .  ഒരു കൂട്ടം ലേഡി ചിമ്പുകളെ  ഒരു പരീക്ഷണ  ശാലയില്‍  വളര്‍ത്തുക . കുട്ടികളെ  ആവശ്യമുള്ള  ദമ്പതികള്‍ അതിനാവശ്യമായ ബീജം , അണ്ഡം  തുടങ്ങിയ  അസംസ്കൃത വസ്തുക്കളുമായി  അവിടെ  എത്തുക . ഏതെങ്കിലും  ഒരു മിടുക്കി  ചിമ്പാന്‍സിയുടെ ഗര്‍ഭപാത്രത്തില്‍  ഇതെല്ലാം  നിക്ഷേപിച്ച്  പ്രസവിപ്പിച്ച്  കുട്ടികളെ  മാതാപിതാക്കള്‍ക്ക്  തിരികെ  കൊടുക്കുന്ന  കാര്യം അവര്‍  ചെയ്തുകൊള്ളും .  സംഭവം പക്ഷെ  ഇപ്പോഴും അണ്ടര്‍  ടെസ്റ്റിങ്ങില്‍  ആണ് .  പക്ഷെ  ഇതുപോലെ  അല്ലെങ്കിലും ഏറെക്കുറെ  മുഴുവന്‍  പ്രസവ ജോലികളും മറ്റു വര്‍ഗ്ഗത്തില്‍ പെട്ട  ജീവികളെ  ഏല്‍പ്പിക്കുന്ന വിരുതന്‍  ജീവികള്‍  ഈ പ്രകൃതിയില്‍  അനേകമുണ്ട് .  കാക്കയെ  പറ്റിക്കുന്ന  കുയിലിനെ  തന്നെയാണ്  നമ്മുക്ക്  ആദ്യം  ഓര്‍മ്മ  വരിക .  എന്നാല്‍  ഇതേ  കാര്യം  ഒരു ഹോളിവുഡ്  ഹൊറര്‍  ഫിലിമിനെ വെല്ലുന്ന  രീതിയില്‍  ചെയ്യുന്ന  ഒരു ജീവിയെ  ആണ്  നാം  ഇനി  പരിചയപ്പെടുവാന്‍  പോകുന്നത് .  കക്ഷിയുടെ ഔദ്യോഗിക  നാമം Emerald cockroach wasp  (Ampulex compressa)  എന്നാണ് .

ഇതൊരു  ചെറിയ  വണ്ട്‌  അല്ലെങ്കില്‍  പ്രാണി  ആണ് .  പച്ചയും  നീലയും കലര്‍ന്ന  തിളങ്ങുന്ന  ശരീരം  ഉള്ളതിനാല്‍  ജൂവല്‍  വണ്ട്‌  എന്നും  ഇതിനെ  വിളിക്കും .  ഇതിന്‍റെ  പെണ്‍വര്‍ഗ്ഗത്തിന്  വിഷം കുത്തിവെക്കാനുള്ള  ഒരു  ചെറു മുള്ള് (stinger, or sting) കൂടിയുണ്ട് ശരീരത്തില്‍ .  ഇണചേര്‍ന്ന്  കഴിഞ്ഞ്  മുട്ടയിടാനുള്ള  സമയം  എത്തിക്കഴിഞ്ഞാല്‍  പെണ്‍പ്രാണികള്‍  പിന്നെ  ചെയ്യുന്ന  പണി  അത്യാവശ്യം “ആരോഗ്യമുള്ള ” ഒരു  പാറ്റയെ  അന്വേഷിച്ച്  കണ്ടുപിടിക്കുക  എന്നതാണ് .  ഒരു  പാറ്റയെ  കാണുന്ന  മാത്രയില്‍  പിന്നില്‍  നിന്നും ഒരൊറ്റ ആക്രമണമാണ് . വിഷമുള്ളുകൊണ്ടുള്ള  ആദ്യ കുത്ത്  പാറ്റയുടെ  നാഡീവ്യൂഹത്തിലാണ് (ganglion) പ്രഹരമേപ്പിക്കുക . അതോടു  കൂടി  പാറ്റക്ക്  മുന്‍കാലുകളുടെ ചലന  ശേഷി  നഷ്ട്ടപ്പെടും !  പിന്നെ  സൗകര്യം  കിട്ടിയതിനാല്‍  അടുത്ത  കുത്ത് കൃത്യം  തലച്ചോറിനാണ് (head ganglia)   കൊടുക്കുന്നത് . അതോടെ പിന്നെ   ചുറ്റും  നടക്കുന്നത്  എന്താണ്  എന്ന്‍  പാവം  പാറ്റക്ക്  ഒരു ബോധവും  ഉണ്ടാവില്ല .  ഇര  ശരിക്കും  ഒരു  സോംബി  ആയി  മാറും  എന്നാണ്  ഗവേഷകര്‍  പറയുന്നത് . രക്ഷപെടണം  എന്ന  ചിന്ത  ഇനി ഒരിക്കലും  അതിനുണ്ടാവില്ല . വണ്ടിന്റെ  അടുത്ത  നീക്കം  പാറ്റയുടെ  രണ്ടു  കൊമ്പുകളും  ഒടിക്കുക  എന്നതാണ് .  ഇതോടെ പാതി മരിച്ച പാറ്റയെ  കഥാ നായകന്‍ ഒരു വിധത്തില്‍  വലിച്ച്  തന്‍റെ  മാളത്തിലേക്ക്  കൊണ്ട്  പോകും .  തന്‍റെ  ഇരട്ടിയോളം  വലിപ്പമുള്ള  ഒരു ജീവിയുടെ  ദേഹത്താണ് ജൂവല്‍  വണ്ട്  ഈ പരാക്രമണങ്ങള്‍ ഒക്കെയും  കാട്ടിയത്  എന്നും  ഓര്‍ക്കണം .

മാളത്തില്‍  എത്തിയാല്‍  പിന്നെ പാറ്റയെ മലര്‍ത്തി  കിടത്തും . ഇരയുടെ  വയറിന്‍റെ  മുകളില്‍  ഏകദേശം രണ്ടു മില്ലീ മീറ്ററോളം  വലിപ്പമുള്ള  ഒരു മുട്ട  ഇട്ടു  വെക്കും . ശേഷം തന്‍റെ  ജോലി  പൂര്‍ത്തിയാക്കി  മാളത്തിനു  പുറത്തെത്തുന്ന  പ്രാണി,  ചെറു കല്ലുകള്‍  ഉന്തി  തള്ളി വെച്ച്  മാളം  ഭാഗീകമായി  അടച്ചു  വെക്കും . മറ്റു  ശത്രുക്കള്‍  കയറാതിരിക്കുവാനാണിത് .  ബോധമില്ലാതെ  കിടക്കുന്ന  പാറ്റയുടെ വയറ്റിന്  മുകളില്‍  വെച്ചിട്ടുപോയ  മുട്ട  മൂന്ന്  ദിവസങ്ങള്‍ക്കുള്ളില്‍  വിരിയും . ലാര്‍വ  രൂപത്തില്‍ പുറത്തിറങ്ങുന്ന കുഞ്ഞു  വണ്ട്‌ പതുക്കെ  പതുക്കെ  പാറ്റയുടെ  ശരീരം ഭക്ഷിച്ചു  തുടങ്ങും . തിന്നു  തിന്ന്  വയറു  തുളച്ചു അകത്തു  കയറുന്ന  ലാര്‍വ പിന്നെ  അവിടെ  താമസം  തുടങ്ങും . ഇങ്ങനെയൊക്കെ ഇഞ്ചിഞ്ചായി ഭക്ഷണമായികൊണ്ടിരിക്കുമ്പോഴും  പാവം  പാറ്റക്ക്  ഒരു മൂന്ന് നാല്  ദിവസങ്ങള്‍  കൂടി  ജീവന്‍  ഉണ്ടാവും .  അപ്പോഴേക്കും  ലാര്‍വ , പ്യൂപ്പല്‍ (pupal) അവസ്ഥയില്‍  നിന്നും കൊക്കൂണ്‍  (cocoon) ആയി  മാറും .  അവസാനം  പൂര്‍ണ്ണ വളര്‍ച്ചയെത്തിയ  പുതിയ  ജൂവല്‍  വണ്ട്‌  തിന്നു  തീര്‍ത്ത  പാറ്റയുടെ  ശരീരത്തില്‍  നിന്നും  പുറത്തു വരും !

ഒട്ടനവധി  ജീവികള്‍ മറ്റു  ജീവികള്‍ക്കിട്ട്  ഇത്തരം ” പണികള്‍ ” കൊടുക്കാറുണ്ട്  എങ്കിലും  ജൂവല്‍  വണ്ട്‌  കാണിക്കുന്നതുപോലെ സോംബിയാക്കല്‍  വളരെ വിരളമാണ്  എന്ന്  ഗവേഷകര്‍  പറയുന്നു .  തന്‍റെ  ജീവിതത്തില്‍  ഒരു ഭാഗം  മറ്റൊരു  ജീവിയുടെ  ശരീരത്തില്‍  വളര്‍ന്ന്  അതിനെ തന്നെ  ആഹാരമാക്കുന്ന  ഇത്തരം  ജീവികളെ  Parasitoid  എന്നാണ്  വിളിക്കുന്നത്‌ .

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ  ജൂവല്‍ വണ്ട്,  പാറ്റയുടെ  ശരീരത്തില്‍ നിന്നും  പുറത്ത്  വരുന്നതാണ്  താഴെ  ചിത്രത്തില്‍  കാണുന്നത് ( Photo by Ram Gal).

Image

ഒരു അഭിപ്രായം പറയൂ