Castaways !

Share the Knowledge

ഭൂമിയിലെ  നാലാമത്തെ  ഏറ്റവും  വലിയ  ദ്വീപാണ്  മഡഗാസ്കര്‍ . ഇന്ത്യക്ക്  ശ്രീലങ്ക  എന്നത്  പോലെ  ആഫ്രിക്കയോട്  തൊട്ടുരുമ്മി  ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്  ഈ  കൂറ്റന്‍  ദ്വീപ്  സ്ഥിതി  ചെയ്യുന്നത് .  ഈ ദ്വീപിനെപറ്റി  ഒട്ടനവധി  അത്ഭുതങ്ങള്‍  നാം  പണ്ടേ  കേട്ടിട്ടുണ്ട് .  പതിനാറാം നൂറ്റാണ്ടു വരെ  ഭീമന്‍  ആനറാഞ്ചി പക്ഷികള്‍  ഓടി തിമിര്‍ത്ത്  നടന്നിരുന്ന  ഈ ദ്വീപിലെ  എണ്‍പത് ശതമാനം  ജീവികളും  ഭൂമിയില്‍  മറ്റൊരിടത്തും ഇല്ലാത്തവയാണ്‌ .  എണ്‍പത്തിയെട്ട്  മില്ല്യന്‍  വര്‍ഷങ്ങളായി  വന്‍കരകളുമായി  ബന്ധമില്ലാതെ  കിടന്നുകൊണ്ടാണ്  ദ്വീപിനു ഇപ്പോള്‍  കാണുന്ന  എല്ലാ  സവിശേഷതകളും  കൈവന്നത് .  പക്ഷെ ഈ ദ്വീപില്‍  മനുഷ്യവാസം തുടങ്ങിയത് ക്രിസ്തുവിന്  മുന്‍പ്  നാലാം  നൂറ്റാണ്ടില്‍  മാത്രമാണ് . ഇവിടെയാണ്‌  ഈ ദ്വീപിലെ  ഏറ്റവും  വലിയ അത്ഭുതം  ഒളിച്ചിരിക്കുന്നത് .   ദ്വീപിലെ  ആദ്യ  മനുഷ്യര്‍  തൊട്ടടുത്ത്‌  കിടക്കുന്ന  ആഫ്രിക്കന്‍  വംശജര്‍  അല്ല ,  മറിച്ച്  ഇന്തോനേഷ്യന്‍  ദ്വീപായ  ബ്രൂണയിലെ  വര്‍ഗ്ഗക്കാര്‍  ആണ് ! . ( ചെറു തടി വള്ളങ്ങളിലോ   മറ്റുമായിരിക്കാം  ഇവര്‍ ഇവിടെ എത്തിയത് ).  പിന്നീട്  അറബികളും   ആഫ്രിക്കന്‍  കാപ്പിരികളും  എത്തിയതോട്  കൂടി  മഡഗാസ്കര്‍  ജനത  ഇവരുടെയെല്ലാം  സങ്കരയിനമായി  മാറി .  അവരുടെ  മലഗാസി  ഭാഷയാകട്ടെ ഇതിന്‍റെയെല്ലാം ആകെ  തുകയും ! എങ്കിലും  കൂടുതല്‍  അടുപ്പം ഇന്തോനേഷ്യയോട് തന്നെയാണ് .  മതമാകട്ടെ  ക്രിസ്തുമതവും  , ആഫ്രിക്കന്‍ പാരമ്പര്യങ്ങളും , പഴയ ഇന്തോനേഷ്യന്‍  രീതികളും  കൂടി  ചേര്‍ന്ന  അവിയല്‍  പരുവം  ആണ് .  സത്യത്തില്‍ ഈ നോട്ട്  മഡഗാസ്കര്‍  ദ്വീപിനെ  പറ്റി അല്ല !  ഇനി  അക്കാര്യതിലെക്ക്  കടക്കാം .

===============================

ഒരു  പഴയ  ഫ്രഞ്ച്  നേവി  ഓഫീസര്‍  ആയിരുന്നു  Max Guérout. 1970 കളില്‍  തന്‍റെ ഒരു സുഹൃത്തില്‍ നിന്നാണ്  മാക്സ്  മഡഗാസ്കറിനരികെ  കിടക്കുന്ന  ഒരു  കുഞ്ഞന്‍  ദ്വീപിനെ  പറ്റി  അറിയുന്നത് .  Tromelin എന്ന  ഈ ദ്വീപ്  ശരിക്കും  ഒരു  മണല്‍ക്കൂന  മാത്രമാണ് .  മടഗാസ്ക്കറില്‍ നിന്നും  മൌറീഷ്യസില്‍  നിന്നും  ഏകദേശം  ഒരേ  ദൂരമാണ്  ഇവിടെയ്ക്ക്  ( ഏകദേശം മുന്നൂറു മൈലില്‍  കൂടുതല്‍ ) . കുറ്റിച്ചെടികളും  മണലും  മാത്രമുള്ള  ഇവിടെ ഏറ്റവും  ഉയരം  കൂടിയ സ്ഥലത്തിന്‍റെ  ഉയരം വെറും  ഏഴു മീറ്റര്‍  മാത്രമാണ് .  എന്നാല്‍  ഇതൊന്നുമല്ല  മാക്സിനെ വെറും  ഇരുന്നൂറു  ഏക്കര്‍ മാത്രം വരുന്ന  ഈ ദ്വീപിലേയ്ക്ക് ആകര്‍ഷിച്ചത് . 1761 ല്‍  ഇവിടെ  വെച്ച്  ഒരു  കപ്പല്‍  അപകടം  നടന്നിട്ടുണ്ടത്രേ !  വര്‍ഷങ്ങള്‍ക്കു  ശേഷം  വളരെ  കുറച്ച്  പേരെ ഈ ദ്വീപില്‍  നിന്നും  മറ്റൊരു  കപ്പല്‍  കണ്ടെത്തി  രക്ഷിച്ചു . ഇത്രയുമാണ്  ആകെ  അറിയാവുന്ന  കാര്യങ്ങള്‍ .  ഈ സംഭവത്തെപറ്റി  ചരിത്രപരമായി   കൂടുതല്‍  ഗവേഷണങ്ങള്‍  ഇതുവരെയും  നടന്നിട്ടില്ലാത്തതിനാല്‍ മാക്സിനു  ഈ ദ്വീപ്  സന്ദര്‍ശിച്ച്  കൂടുതല്‍  വിവരങ്ങള്‍  അറിയണം  എന്ന്  അതിയായ  ആഗ്രഹം  ഉണ്ടായി .  അങ്ങിനെ  എഴുപതുകളില്‍ മാക്സ്  ഇവിടം  സന്ദര്‍ശിച്ച്  കുറച്ച്  വിവരങ്ങള്‍  ശേഖരിക്കുകയുണ്ടായി .  പിന്നീട്  നേവിയില്‍  നിന്നും  വിരമിച്ച  ശേഷം  എണ്‍പതുകളില്‍  ഒരു  ഗവേഷണ  വിഭാഗത്തിന്  തന്നെ അദ്ദേഹം രൂപം  കൊടുത്തു .     Naval Archaeology Research Group (GRAN) എന്നാണ്  ഈ ചരിത്രഗവേഷകര്‍  ഇപ്പോള്‍  അറിയപ്പെടുന്നത് .  വളരെയധികം  ജിജ്ഞാസജനിപ്പിക്കുന്ന ,  അത്ഭുതകരമായ  ഒരു  സംഭവകഥയാണ്  GRAN  ട്രോമെലിന്‍  ദ്വീപില്‍  നിന്നും  ചികഞ്ഞെടുത്ത്  ലോകത്തിനു  മുന്നില്‍  തുറന്ന്  കാട്ടിയത് . അതൊന്ന്  ചുരുക്കി  പറയാം ……

=========================================

നിയമപരമായി  തന്നെ  അടിമവ്യാപാരം  നടന്നിരുന്ന 1761 ല്‍ ഫ്രഞ്ച്  കപ്പലായ  L’Utile (“Useful” എന്നര്‍ത്ഥം ), 160 മലഗാസി ( മഡഗാസ്കര്‍ ജനത ) അടിമകളുമായി  മൌറീഷ്യസ് ദ്വീപിലേക്ക്  യാത്രതിരിച്ചു . (സത്യത്തില്‍  ആ കപ്പലില്‍  അടിമകളെ കൊണ്ടുപോകുവാനുള്ള  ലൈസന്‍സ്  ഇല്ലായിരുന്നു  എന്ന്  GRAN  കണ്ടെത്തി ).  പക്ഷെ  ട്രോമെലിന്‍  ദ്വീപിനു  സമീപത്ത്  വെച്ചുണ്ടായ  ഒരു കൊടുംകാറ്റില്‍  കപ്പല്‍  ഒരു പവിഴപ്പുറ്റില്‍  തട്ടി  തകര്‍ന്നു .  കുറച്ച്  പേര്‍ വെള്ളത്തില്‍ മുങ്ങി  മരിച്ചെങ്കിലും  നാവികരും  അടിമകളും  ഉള്‍പ്പടെ  നൂറ്റിയിരുപതോളം പേര്‍  നീന്തിയും  തടികളില്‍  പിടിച്ചും  ട്രോമെലിന്‍  ദ്വീപില്‍  എത്തി .  അടച്ച  ബങ്കറിനുള്ളില്‍  ആയിരുന്ന  അടിമകളെ , ഭിത്തി  വെട്ടിപ്പൊളിച്ചാണ്നാവികര്‍  രക്ഷപെടുത്തിയത് . അതിനാല്‍  തന്നെ  ഏകദേശം  എണ്‍പതോളം  പേരെ  മാത്രമാണ്  അവര്‍ക്ക്  രക്ഷപെടുത്താനായത് ( ഇതില്‍  ആണുങ്ങളും  പെണ്ണുങ്ങളും  ഉള്‍പ്പെടും ) .

ദിവസങ്ങള്‍ക്കു  ശേഷം  കൊടുംകാറ്റ്  ശമിച്ചപ്പോള്‍ , തകര്‍ന്ന  കപ്പലിലേക്ക്  തിരികെ  നീന്തി ചെന്ന്  ഉപയോഗിക്കാന്‍ പറ്റിയ തടികളും ഉപകരണങ്ങളും മറ്റും  അവര്‍  വീണ്ടെടുത്തു .  അത് വെച്ച്  അടിമകള്‍ക്കും  നാവികര്‍ക്കും പ്രത്യേകം കുടിലുകള്‍  ഉണ്ടാക്കി .  രണ്ടു  മാസങ്ങള്‍ക്കുള്ളില്‍  മിച്ചമുണ്ടായിരുന്ന  തടികള്‍ ഉപയോഗിച്ച്  ഒരു ചെറു  പത്തേമാരി  നാവികര്‍ നിര്‍മ്മിച്ചെടുത്തു .  പത്തു  പേര്‍ക്ക്  മാത്രം പോകുവാന്‍  പറ്റുന്ന  ആ ബോട്ടില്‍  ജീവനോടെ  മിച്ചമുണ്ടായിരുന്ന  നാവികര്‍ യാത്രയായി . പെണ്ണുങ്ങളെ  വിട്ട്  ബോട്ടില്‍  കയറുവാന്‍ മലഗാസികള്‍  ആരും തന്നെ  സമ്മതിച്ചില്ല .  മാത്രവുമല്ല ബോട്ടുയാത്ര  വര്‍ക്ക്  ഭയവും  ആയിരുന്നു .  തിരികെ  കരയില്‍ എത്തിയാല്‍  അടിമകളെ  രക്ഷിക്കാന്‍  മറ്റൊരു കപ്പല്‍ തീര്‍ച്ചയായും  എത്തിക്കും  എന്ന  ഉറപ്പ്  കൊടുത്തിട്ടാണ്  നാവികര്‍ ദ്വീപ്  വിട്ടത് . ഇവരില്‍  ആരൊക്കെ  കരയില്‍  എത്തി  എന്ന്  രേഖകള്‍  വ്യക്തമാക്കുന്നില്ല  എങ്കിലും  ആരൊക്കെയോ  എത്തി  എന്ന്  മാക്സിനു  പഴയ  ഫ്രഞ്ച്  രേഖകള്‍  പരിശോധിച്ചപ്പോള്‍ വ്യക്തമായി . കാരണം  മഡഗാസ്കറിന്  സമീപത്തുള്ള  ഒരു ദ്വീപിലേക്ക് ഒരു  രക്ഷാ  കപ്പല്‍  വിടണം എന്നൊരു  അപേക്ഷ  പഴയ  രേഖകളില്‍ നിന്നും  ഗവേഷകര്‍ കണ്ടെത്തി .  പക്ഷെ  ആ അപേക്ഷ നിരസിക്കപ്പെട്ടു . ഫ്രാന്‍സും  ബ്രിട്ടനും  തമ്മിലുണ്ടായ  ഏഴുവര്‍ഷ  യുദ്ധം  നടക്കുന്നതിനാല്‍  കപ്പലുകള്‍  ഒന്നും തന്നെ  കിട്ടാനില്ല എന്നതായിരുന്നു  കാരണം .

മഡഗാസ്കറിലെ   Central Highland ല്‍  നിന്നും  ദ്വീപില്‍  എത്തിപ്പെട്ട  അടിമകള്‍  കടല്‍  ജീവിതത്തിനു  പൊരുത്തപ്പെട്ടവര്‍  ആയിരുന്നില്ല . അവര്‍  ദ്വീപിലെ  ഉയര്‍ന്ന  ഭാഗത്ത്‌  ഉയരത്തില്‍  ഒരു കോടി നാട്ടി .  തങ്ങളെ  രക്ഷപെടുത്തുവന്‍  എത്തുന്ന  കപ്പലിന്  എളുപ്പത്തില്‍  കാണാന്‍  വേണ്ടി  ആയിരുന്നു  അത് . തടികള്‍  കൊണ്ട്  മാത്രം  വീടുകള്‍  പണിയുകയും കല്ലുകള്‍  കൊണ്ട്  കുഴിമാടങ്ങള്‍ തീര്‍ക്കുകയും  ചെയ്തിരുന്ന  മലഗാസികള്‍ തങ്ങളുടെ  ആചാരരീതികള്‍  ദ്വീപില്‍  തെറ്റിച്ചു . കൂറ്റന്‍  ഉരുളന്‍  കല്ലുകള്‍  കൂട്ടിവെച്ച്  അവര്‍ ചെറു ഗുഹകള്‍  നിര്‍മ്മിച്ച്‌  അതില്‍  രാത്രി  കഴിച്ചു  കൂട്ടി  .  ഞണ്ടുകളും , കടല്‍പക്ഷികളുടെ  മുട്ടകളും  വേണ്ടുവോളം  ഉണ്ടായിരുന്നതിനാല്‍  ഭക്ഷണത്തിന് ബുദ്ധിമുട്ട്  ഉണ്ടായില്ല .  ദ്വീപിന്‍റെ  ഘടനയനുസരിച്ച്  മീന്‍ പിടുത്തം  അവര്‍ക്ക് അസാധ്യമായിരുന്നു .  ഇതിനിടക്ക്‌  കുറച്ച് പേര്‍  കിട്ടിയ തടികള്‍  കൊണ്ട്  ഒരു  ചെറു വള്ളം  ഉണ്ടാക്കിയെടുത്തു . ( ഈ പണി  അവര്‍ നാവികരില്‍  നിന്നും  പഠിച്ചതാണ് ) . ദ്വീപ്  വിട്ട്  പോയ അവരെ കുറിച്ച്  പിന്നീടൊരു  അറിവും  കിട്ടിയില്ല .

ഇതിനിടെ അവസാനം 1772 ല്‍  രക്ഷപെട്ട  നാവികരുടെ  നിരന്തര  അഭ്യര്‍ത്ഥന മാനിച്ച്  സര്‍ക്കാര്‍ La Sauterelle എന്നൊരു  കപ്പല്‍  ദ്വീപിലേയ്ക്ക്  അയച്ചു .  ചുറ്റും  പവിഴപ്പുറ്റുകള്‍  നിറഞ്ഞ  ദ്വീപിലേയ്ക്ക്  കപ്പല്‍  അടുപ്പിക്കുവാന്‍  അസാധ്യമായിരുന്നതിനാല്‍ അവര്‍ ഒരു ചെറു ബോട്ടില്‍  രണ്ടു  നാവികരെ അങ്ങോട്ടേക്ക്  അയച്ചു .  പക്ഷെ പൊടുന്നനെ  ഉണ്ടായ  കൊടുംകാറ്റില്‍  ബോട്ട്  പാറയില്‍ തട്ടി  തകര്‍ന്നു . ഒരാള്‍  ദ്വീപിലെയ്ക്കും  മറ്റെയാള്‍ കപ്പലിലേക്ക്  തിരിച്ചും  നീന്തി  രക്ഷപെട്ടു .  കാലാവസ്ഥ  വീണ്ടും  മോശമായതിനാല്‍   La Sauterelle കൂടുതല്‍ നില്‍ക്കാതെ  തിരികെ  പോയി .  ദ്വീപില്‍  എത്തിപ്പെട്ട  നാവികന്‍  അടിമളെ കൂട്ടി  മറൊരു  ചെറു ബോട്ട്  ഉണ്ടാക്കി അതില്‍ ചിലരെ  കൂട്ടി  ദ്വീപില്‍ നിന്നും  രക്ഷപെട്ടെങ്കിലും  അവരും  എന്നന്നേക്കുമായി  അപ്രത്യക്ഷരായി . അവസാനം  1776 നവംബര്‍  29 ന്  La Dauphine എന്ന  കപ്പല്‍  ദ്വീപില്‍ എത്തുന്നതില്‍  വിജയിച്ചു . അതിന്‍റെ ക്യാപ്റ്റന്‍  ആയിരുന്ന  Jacques Marie Boudin de la Nuguy de Tromelin ന്റെ പേരില്‍  ആണ്  ദ്വീപ് ഇന്നറിയപ്പെടുന്നത്‌ .  അവര്‍  ചെല്ലുമ്പോള്‍  ഏഴു  പെണ്ണുങ്ങളും എട്ടുമാസം  പ്രായമുള്ള  ഒരു ആണ്‍കുട്ടിയും  മാത്രമായിരുന്നു  അവിടെ അവശേഷിച്ചിരുന്നത് !  ( കുട്ടിയുടെ അച്ഛന്‍ മാസങ്ങള്‍ക്ക്  മുന്‍പ് നാവികന്‍ ഉണ്ടാക്കിയ ബോട്ടില്‍ കയറിയവരില്‍  ഒരാള്‍  ആയിരുന്നു ) . ഇവരെ രക്ഷപെടുതുമ്പോള്‍  കപ്പലപകടം നടന്നിട്ട് നീണ്ട  പതിനഞ്ച്  വര്‍ഷങ്ങള്‍  കഴിഞ്ഞിരുന്നു !!!

 

മാക്സ്  പിന്നീട്  അന്വേഷിച്ചത്  രക്ഷപെട്ടവര്‍  എവിടെയെത്തി എന്നും  അവരുടെ ആരുടെയെങ്കിലും  പിന്‍  തലമുറ  ഇപ്പോഴും ഉണ്ടോ  എന്നും ആയിരുന്നു . അവരെയെല്ലാം തന്നെ മൌറീഷ്യസ്  ദ്വീപിലെക്കാണ്   കൊണ്ടുപോയത് . അടിമത്വം  അവസാനിച്ചിരുന്നതിനാല്‍ എല്ലാവരും  തന്നെ  സ്വതന്ത്രരായി തന്നെ ശിഷ്ടകാലം ദ്വീപില്‍  ജീവിച്ചു എന്ന് കരുതപ്പെടുന്നു . കൂട്ടത്തില്‍  മൂന്നു  പേരെ അന്നത്തെ  മൌറീഷ്യസ്  ഭരണാധികാരി Jacques Maillart-Dumesle ദത്തെടുത്തു . പിഞ്ചു കുഞ്ഞും  അവന്‍റെ അമ്മയും അമ്മൂമ്മയും  ആയിരുന്നു  അവര്‍ . പിന്നീട് മോസസ് (Moses) എന്ന് അറിയപ്പെട്ട  അവന്‍റെ പിന്‍ തലമുറയില്‍പെട്ട  ആരെങ്കിലും  ഇപ്പോഴും  ഉണ്ടോ എന്നാണ്  ഗവേഷകര്‍ ഇപ്പോള്‍ തിരയുന്നത് .

മാക്സും  സംഘവും ട്രോമെലിന്‍  ദ്വീപില്‍  നടത്തിയ  അന്വേഷണം   ഒരു ചരിത്ര ഗവേഷണം  എങ്ങിനെ നടത്തണം എന്നതിന്‍റെ ഉദാഹരണമായി  നിലകൊള്ളുന്നു . മോസസിന്റെ  പിന്‍ഗാമിയെ കൂടി കണ്ടെത്തിയാല്‍  അവരുടെ  ഗവേഷണം പൂര്‍ണ്ണമായി എന്നാണ്  കരുതപ്പെടുന്നത് .

ദ്വീപ്  നിവാസികള്‍  കൊടി  നാട്ടിയ സ്ഥലത്ത്  ഇന്നൊരു  ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  സ്ഥാപിച്ചിട്ടുണ്ട് .

 

Image

ഒരു അഭിപ്രായം പറയൂ