ആടുതോമയും ചാക്കോമാഷും കൊമ്പുകോർത്ത വീട് !

Share the Knowledge

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും തച്ചുശാസ്ത്രത്തികവിൽ ചേർത്തുപിടിക്കുന്ന മനോഹരമായ കെട്ടിടങ്ങളാണ് മനകൾ. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പഠിപ്പിച്ച സ്ഫടികം സിനിമയിലെ പ്രധാന ലൊക്കേഷനും ഒരു മനയായിരുന്നു, തെക്കേടത്ത് മന. ഈ മനയുടെ പൂമുഖത്താണ് ചാക്കോമാഷും മകൻ ആടുതോമയും കൊമ്പ്കോർത്ത് മലയാളികളുടെ മനസിലേക്ക് കയറിയത്. മോഹൻലാലും തിലകനും കെപിഎസി ലളിതയും അഭിനയവിസ്മയം തീർത്തപ്പോൾ പഴമയുടെ പ്രൗഡിയുമായി തെക്കേടത്ത് മന അതിന് സാക്ഷിയായി. കോട്ടയം ജില്ലയിലെ കുടമാളൂർ എത്തിയാൽ തെക്കേടത്ത് മന തലയെടുപ്പോടെ നിൽക്കുന്നത് കാണാം. ചെമ്പകശ്ശേരിരാജാവ് പണികഴിപ്പിച്ചതാണ് തെക്കേടത്ത് മന.

മീനച്ചിലാറിന്റെ തീരത്ത് രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന മനയ്ക്ക് പഴമയുടെ പ്രൗഡമുഖമാണ്. ലളിതമായൊരുക്കിയിരിക്കുന്ന പൂമുഖം, മണിച്ചിത്രത്താഴിട്ടിരിക്കുന്ന പ്രധാന വാതിൽ കടന്ന് ചെല്ലുന്നത് വിശാലമായ ഹാളിലേക്ക്. ഇടത്തും വലത്തുമായി രണ്ടു മുറികളും അടുക്കളയും. ലിവിങ്- ഡൈനിങ് ഏരിയയായി ഉപയോഗിക്കാവുന്ന നീളൻ ഹാൾ. വിശാലമായ ഹാള് അവസാനിക്കുന്നിടത്ത് മീനച്ചിലാറ്റിലേക്ക് ഇറങ്ങാനുള്ള കടവുണ്ട്. ചെമ്പകശേരി രാജാവ് പണികഴിപ്പിച്ച ക്ഷേത്രങ്ങളായ വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെയും, ഇരവീശ്വരം ശിവക്ഷേത്രത്തിലെയും ആറാട്ട് നടക്കുന്നത് ഈ കടവിലാണ്.

ഹാളിൽ നിന്നുള്ള ഇടനാഴിയിലൂടെ നടന്നാൽ മുകളിലെ നിലയിലേയ്ക്ക് കയറാനുള്ള തടി ഗോവണിയുടെ അടുത്തെത്തും. തടിപ്പടവുകൾ കയറി എത്തുന്നത് വിശാലമായ ഒരു മുറിയിലേക്കാണ്. ഹാളായും കിടപ്പുമുറിയായും ഇവിടം ഉപയോഗിക്കാം. ഇത് കൂടാതെ രണ്ട് കിടപ്പുമുറികളും ഇവിടെയുണ്ട്. ഒരു കിടപ്പു മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. മീനച്ചിലാറിന്റെ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാൻ സാധിക്കും. ഒരു വലിയ ഹാളായി ഉപയോഗിക്കാവുന്ന വിശാലമായ തട്ടിൻ പുറവും ഇവിടെയുണ്ട്. തേക്കിൻ തടികൊണ്ടുള്ള മച്ചും, കോവണിയും പഴയകാലത്തന്റെ ഓർമ്മകളാണ്. മനയുടെ തൊട്ടടുത്ത് മനയോളം പൊക്കത്തിൽ ഒരു കെട്ടിടം കാണാം, പണ്ട് ഇവിടുത്തെ നെല്ലു സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കെട്ടിടമാണത്. കുളിപ്പുരയോടുകൂടിയ പ്രത്യേക കുളവും മനയുടെ അടുത്തുണ്ട്. കൂവളത്തിന്റെ തണലിൽ നീലജലാശയത്തിന്റെ കുളിർമയിൽ മനസിൽ പതിയുകയാണീ മനയും.

സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ഈ മനയുണ്ട്… ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനത്തിന്റെ മനയാണിത്. തെക്കേടത്ത് മനയിലെ രാമന്‍ ഭട്ടതിരിപ്പാടിന്റെയും നീലി അന്തര്‍ജ്ജനത്തിന്റെയും മകളാണ് ആര്യ. കേരള ചരിത്രത്തിലെ ശ്രദ്ധേയരായ ദമ്പതികളായിരുന്നു ഇ.എം.എസും – ആര്യ അന്തർജ്ജനവും. അനുജൻ ഭട്ടതിരിപ്പാടും ഭാര്യ ഇന്ദിര ഭട്ടതിരിപ്പാടുമാണ് മനയുടെ ഇപ്പോഴത്തെ ഉടമസ്ഥർ.
-കടപ്പാട് -മനോരമ
https://youtu.be/-yjZw7eCrg4

Download palathully mobile Application 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ