നാവഹോ നേഷൻ : അമേരിക്കൻ ഇന്ത്യക്കാർ

Share the Knowledge

അരിസോണയിലെ ഒരു ചെറിയ പട്ടണം ആണ് പേജ്. അന്റെലോപ് കാന്യനും, ഹോർസ് ഷൂ ബെന്ടും വേവും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ കിടങ്ങുകളിൽ (canyon) ഒന്നാണ് അരിസോണയിലെ ഗ്രാൻഡ്‌ കാന്യൻ (https://en.wikipedia.org/wiki/Grand_Canyon). അവിടെ നിന്ന് 4 മണികൂർ യാത്ര ചെയ്‌താൽ പേജിൽ എത്തും. ഗ്രാൻഡ്‌ കാന്യന്റെ ഒരു അറ്റം എന്ന് വേണമെങ്കിൽ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം.
ഗ്രാൻഡ്‌ കാന്യൻ ഭൂമിയുടെ മുകളിൽ നിന്ന് കാണുവുന്ന ഒന്നാണെങ്കിൽ , പേജിൽ ഭൂമിക്കടിയിൽ ഉള്ള കിടങ്ങാണ് അന്റെലോപ് കാന്യൻ. സ്ലോട്ട് കാന്യൻ എന്നാണ് ഇത്തരം ഭൂമിക്കടിയിൽ ഒളിച്ചിരിക്കുന്ന കിടങ്ങുകളെ വിളിക്കുക (https://en.wikipedia.org/wiki/Slot_canyon). ഭൂമിയുടെ മുകളിൽ വെറും ഒരു മുറിവ് പോലെ ആണ് ഈ കിടങ്ങുകളിലെക്കുള്ള പ്രവേശന ദ്വാരങ്ങൾ. അത് കൊണ്ട് തന്നെ ഇതിനകത്ത് ദിവസത്തിൽ കുറച്ചു മണിക്കൂറുകൾ മാത്രമേ സൂര്യപ്രകാശം കടക്കുകയുള്ളു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 2 മണി വരെ ആണ് പ്രവേശനം അനുവദിക്കുന്നത്.
അമേരിക്കൻ ഇന്ത്യക്കാരുടെ അധീനതയിലുള്ള നാവഹോ നേഷൻ എന്നാ റിസെർവിനു അകത്താണ് അന്റെലോപ് കാന്യൻ. അമേരിക്കയിലെ ഈ ഭാഗങ്ങളിടെ ആദിമ നിവാസികൾ ആണ് നാവഹോ വർഗം (https://en.wikipedia.org/wiki/Navajo_Nation). ആയിരക്കണക്കിന് വർഷങ്ങളായി വെള്ളക്കാരാൽ കോളനിവല്ക്കരിക്കപ്പെടുകയും കുറച്ചു കാലങ്ങളായി കുറച്ചു പ്രദേശത്തേക്ക് മാത്രം സ്വയം ഭരണ അവകാശം ലഭിക്കുകയും ചെയ്തവർ ആണിവർ. ഇവരുടെ സെറ്റിൽമെന്റിന്റെ അകത്തു ആയത് കൊണ്ട് ഇവർ നടത്തുന്ന ടൂറിന്റെ ഭാഗം ആയി മാത്രമേ നമുക്ക് കാന്യൻസന്ദർശിക്കാൻ സാധിക്കൂ.
അമേരിക്കൻ ഇന്ത്യക്കാര്ക്ക് പ്രകൃതിയിലുള്ള എല്ലാം ആരാധന പാത്രം ആണ്. ആയിരക്കണക്കിനു വർഷം നാവഹോ ഇന്ത്യക്കാർ ഒരു ക്ഷേത്രം പോലെ ആണ് ഈ കാന്യൻ കണ്ടിരുന്നത്‌. അവരുടെ ഭാഷയില അവർ ഇതിനെ Tsé bighánílíní എന്ന് വിളിച്ചു. പാറയുടെ ഇടയിലൂടെ വെള്ളം പോകുന്ന സ്ഥലം എന്നർത്ഥം (അമേരിക്കൻ ഇന്ത്യക്കാരുടെ മിക്ക പേരുകളും ഇങ്ങിനെ പ്രകൃതിയും ആയി ഇണങ്ങിയത് ആണ് ( കൂടുതൽ പേരുകള്ക്ക് : http://www.snowwowl.com/swolfNAnamesandmeanings.html).
പേര് അർത്ഥമാക്കുന്നത്‌ പോലെ തന്നെ പാറയുടെ ഇടയിലൂടെ വെള്ളം ഒഴുകുന്നത്‌ കൊണ്ടാണ് ഈ കാന്യൻ ഉണ്ടായതു. നാവഹോ സാന്റ് സ്റ്റോൺ എന്ന ചുവന്ന ബലം കുറഞ്ഞ പാറയ്ക്കിടയിലൂടെ മൺസൂൺ കാലത്ത് മഴ വെള്ളം ഒഴുകി പോയാണ് 120 അടി ഉയരവും എഴുന്നൂറ് അടി നീളവും ഉള്ള ഈ കിടങ്ങ് ഉണ്ടായത്. ആന്റെലോപ് എന്നാൽ കൃഷ്ണ മൃഗം എന്നർത്ഥം. ഈ കാന്യന്റെ ഒരറ്റത്ത് കൃഷ്ണ മൃഗങ്ങളെ ഓടിച്ചു കയറ്റി വേട്ടയാടുന്ന പതിവ് ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേര് വന്നത് എന്ന് കരുതുന്നു.
1864ൽ അന്നത്തെ അമേരിക്കൻ ഗവണ്മെന്റ് നാവഹോ ഇന്ത്യക്കാരെ ഇവിടെ നിന്ന് ബലമായി ഒഴിപ്പിച്ചപ്പോൾ കുറെ ആളുകള് ഒളിച്ചിരിക്കാനും അന്റെലോപ് കാന്യോൻ ഉപയോഗിച്ചിട്ടുണ്ട്. പോയവരിൽ കുറെ പേർ പട്ടിണിയിലും തണുപ്പിലും പെട്ട് മരിച്ചു പോയ ആ ഒഴിപ്പിക്കൽ ലോങ്ങ്‌ വാക്ക് ഓഫ് നാവഹോ എന്ന് അറിയപ്പെടുന്നു (https://en.wikipedia.org/wiki/Long_Walk_of_the_Navajo). രണ്ടാം ലോക മഹായുദ്ധകാലത്ത് നാവഹോ ഭാഷ ആയിരുന്നു അമേരിക്കൻ സൈന്യം രഹസ്യ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചത്. ജർമ്മൻകാർ എനിഗ്മ മെഷീൻ ഉപയോഗിച്ചപ്പോൾ ഓരോ കോഡും മനസില്ലാക്കാൻ 20 മിനിട്ടോളം എടുത്തപ്പോൾ, നാവഹോ ആളുകൾ അവരുടെ ഭാഷ ഉപയോഗിച്ച് 20 സെകന്റിൽ ഓരോ സന്ദേശവും ഡി-കോഡ് ചെയ്തു.
വളരെക്കാലം വിസ്മ്രിതിയിൽ ആണ്ടു കിടന്നിരുന്ന ഈ കാന്യൻ 1931ൽ സൂ സോസി എന്നാ 12 വയസുള്ള ആടിനെ മേയ് ക്കുന്ന പെൺകുട്ടി ആണ് ഇന്നത്തെ നിലയിൽ കണ്ടെത്തുന്നത് (ആട് മേയ്ക്ക്കുന്ന പെൺകുട്ടികളുടെ ഒരു കാര്യമേ, പെറുവിൽ ഉള്ള മച്ചു പിച്ചുവും ഇങ്ങിനെ ഒരു പെണ്കുട്ടി ആണ് കണ്ടെത്തിയത് എന്ന് ഞാൻ വായിച്ചിട്ടുണ്ട്). അവരുടെ ഇപ്പോഴത്തെ തലമുറയില ഉള്ള ആളുകള് നടത്തുന്ന ചീഫ് സോസി ടൂർ ആണ് ഞങ്ങൾ എടുത്തത്‌. സോസിയുടെ അടുത്ത തലമുറയില പെട്ട ഒരു സ്ത്രീ ആയിരുന്നു ഞങ്ങളുടെ ഗൈഡ്. അപ്പർ ലോവർ എന്ന് രണ്ടു കിടങ്ങുകൾ ആണ് ഉള്ളത്. അപ്പർ കാന്യനിൽ കയറാൻ എളുപ്പം ആയതു കൊണ്ട് ഞങ്ങൾ അവിടെ ആണ് പോയത്. ലോവേർ കാന്യനിൽ ഏണി വച്ച് വേണം ഇറങ്ങാൻ.
കൊളംബസ് ഇന്ത്യയിൽ വരാൻ വേണ്ടി യാത്ര തുടങ്ങി വഴി തെറ്റിയാണ് അമേരിക്കയിൽ വന്നു പെട്ടത്. ഇന്ത്യയിൽ ആണ് വന്നു ചേർന്നത്‌ എന്ന് തെറ്റിദ്ധരിച്ച കൊളംബസ് ചുവന്ന തൊലി ഉള്ള ഇവിടെ ഉള്ളവരെ റെഡ് ഇന്ത്യൻസ് എന്ന് വിളിച്ചു. ഇപ്പോഴും ചിലരെല്ലാം ഇവരെ ഇന്ത്യൻസ് എന്നാണ് വിളിക്കുന്നത്‌. ഞങ്ങൾ 8 പേര് ഉള്പ്പെടെ 20 പേരോളം ഉണ്ടായിരുന്നു ടൂർ പാർട്ടിയിൽ. ഒരു തുറസ്സായ ജീപ്പിൽ ചുവന്ന പൊടിമണലിലൂടെ നല്ല വേഗത്തിൽ ആണ് ഇന്ത്യൻ സെറ്റിൽമേന്റിലൂടെ ഉള്ള ജീപ്പ് യാത്ര. 10 മിനിറ്റ് കഴിഞ്ഞു അന്റെലോപ് കാന്യന്റെ മുൻപിൽ എത്തി.
ഒരു ചെറിയ വിടവിലൂടെ ആണ് അകത്തു കടക്കുന്നത്‌. 120 അടി ഉയരത്തിൽ നമ്മുടെ രണ്ടു വശത്തും ഉയരുന്നു നില്ക്കുന്ന ചുവന്ന പാറകൾ , മുകളിൽ നിന്നും ചെറിയ വിടവുകളിലൂടെ സൂര്യ പ്രകാശം അകത്തേക്ക് കടന്നു ചുവന്ന പ്രതലത്തിൽ ചിത്രങ്ങൾ വരക്കുന്ന കാഴ്ച അപൂർവ അനുഭവം ആണ്. പ്രകൃതിയുടെ പെയിന്റിംഗ്. സൂര്യൻ നീങ്ങുന്നതിനനുസരിച്ചു ചിത്രങ്ങളും മാറിക്കൊണ്ടിരിക്കും. കാറ്റും വെള്ളവും കൊണ്ട് പാറകൾ അലിഞ്ഞു പോയതിന്റെ രേഖകള പാറകളിൽ കാണാം. പാറകളും വെളിച്ചവും കൊണ്ട് പല രൂപങ്ങളും ഇതിങ്ങകത്തു ഉള്ള പോലെ തോന്നും. ഫാന്റം , എബ്രഹാം ലിങ്കൻ എന്നി രൂപങ്ങൾ ഗൈഡ് കാണിച്ചു തന്നു.
ഇതിറെ മദ്ധ്യ ഭാഗത്തായി സൂര്യപ്രകാശം ഒരു ചെറിയ വൃത്താകൃതിയിൽ അകത്തേക്ക് വരുന്നുണ്ട്. പ്രകാശത്തിന്റെ ഒരു പുഴ ഒഴുകുന്ന പോലെ നമുക്ക് തോന്നും. ഇവിടെ കുറച്ചു മണൽ എടുത്തു എറിഞ്ഞാൽ ഈ പ്രകാശത്തിന്റെ പുഴ പാൽ പുഴ പോലെ തോന്നിക്കും.
പെട്ടെന്ന് ഉണ്ടാവുന്ന വെള്ളപൊക്കം ഇവിടെ സർവ സാധാരണം ആണ്. ഞങ്ങൾ വരുന്നതിന്റെ 2 ആഴ്ച്ച മുന്പായിരുന്നു അവസാനത്തെ വെള്ളപൊക്കം. ഓരോ തവണ വെള്ളപ്പൊക്കം ഉണ്ടാവുന്പോഴും കനിയന്റെ അടിത്തട്ടിൽ നിന്നും പല അടി മണ്ണ് ഒലിച്ചു പോകും. 1997ൽ 12 പേർ ഇവിടെ വെള്ളപ്പൊക്കത്തിൽ പെട്ട് മരിച്ചിരുന്നു (http://www.nytimes.com/…/12-hikers-are-swept-away-by-flash-…).
“ഇന്ത്യക്കാരെല്ലാം എവിടെ? നിങ്ങൾ ഇന്ത്യക്കാർ വളരെ പതുക്കെ ആണ് നടക്കുന്നത്..”
കാഴ്ച കണ്ടു കുറച്ചു പതുക്കെ നടന്ന ഞങ്ങളോടെ ഗൈഡ് പറഞ്ഞു.
“സോറി ഇന്ത്യക്കാർ എന്ന് പറഞ്ഞപ്പോൾ ഞാൻ നിങ്ങളിൽ ആരെയോ വിളിച്ചു എന്ന് ഞാൻ തെറ്റിദ്ധരിച്ചു…” ഞാൻ പറഞ്ഞു.
“ഞങ്ങൾ ഇന്ത്യൻസ് അല്ല, ഞങ്ങളാണ് യഥാർത്ഥ അമേരിക്കക്കാർ, കൊളംബസിന് തെറ്റിയതിനു ഞങ്ങൾ എന്ത് പിഴച്ചു?”
ഗൈഡിന്റെ മറുപടിയിൽ നൂറ്റാണ്ടുകൾ ആയി അവർ അനുഭവിച്ചു പോന്ന വേദന പ്രതിഫലിച്ചു. തദ്ദേശീയരായ അവരുടെ ജീവിത രീതികളെ പറ്റി എല്ലാം വളരെ കാര്യങ്ങൾ അവർ പറഞ്ഞു തന്നു.
പേജിൽ ഉള്ള മറ്റൊരു സ്ഥലം ആണ് ഹോർസ് ഷൂ വളവ് (horse shoe bend ). കൊളറാഡോ നദി പാറകളിൽ തട്ടി തിരിച്ചു പോവുന്ന മനോഹരമായ കാഴ്ച ആണിത്. 1000 അടിയോളം താഴ്ച ഉള്ള ഇവിടെ നെഞ്ചിടിപ്പോടെ അല്ലാതെ താഴേക്ക്‌ നോക്കാൻ പറ്റില്ല.
വേവ് എന്നാ മനോഹരം ആയ സ്ഥലവും പേജിനു അടുത്താണ്. അന്റെലോപ് കാന്യൻ നിവർത്തി ഇട്ട പോലെ ആണ് ഇവിടം. വെള്ളവും കാറ്റും മൂലം പാറകൾ തിരമാലകൾ പോലെ കാണപ്പെടുന്ന ഇവിടം സന്ദർശിക്കണമെങ്കിൽ പ്രത്യകം പാസ്‌ വേണം. 4 മാസം മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. നല്ല ബുദ്ധിമുട്ടുള്ള ഹൈക് ആണ് ഇവിടേയ്ക്ക്. മരുഭൂമിക്ക്ക് തുല്യമായ കാലാവസ്ഥ ആയതു കൊണ്ട് കുറെ വെള്ളം കരുതണം. മരുഭൂമിയിലെ വിഷ പാന്പുകൾ ഉള്ളതിനാൽ ബൂട്ട് ധരിക്കുനത്‌ ആണ് ഉചിതം.
പേജ് ചെറിയ പട്ടണം ആണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളും, വെള്ളക്കാർ വരുന്നതിനു മുൻപ് അമേരിക്കയിൽ ഉണ്ടായിരുന്ന തദ്ദേശ വാസികളെ കാണാനും പരിചയപെടാനും ഉള്ള അവസരങ്ങളും ഇവിടെ ഉണ്ട്. കണ്ട കാഴ്ചകളിൽ അവിസ്മരണീയമായ കാഴ്ചകളായി അന്റെലോപ് കാന്യനും ഹോർസ് ഷൂ ബെന്ടും മനസ്സിൽ തങ്ങി നില്ക്കും.

By : Nazeer Hussain Kizhakkedathu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ