പ്രാണിയെ പറ്റിക്കുന്ന പുഷ്പ്പം

ഒരുമാതിരി  ഓര്‍ക്കിഡുകള്‍  ഒക്കെയും പ്രാണികളെ  പറ്റിച്ചാണ്  പരാഗണം  നടത്തുന്നത് .  ഇണകളുടെ മണവും  നിറവും ഉണ്ടാക്കി  പ്രാണികളെ  ആകര്‍ഷിച്ച്  പൂമ്പൊടികള്‍ ദേഹത്ത് പറ്റിപ്പിടിപ്പിച്ചാണ്  ഇവര്‍ പരാഗണം  നടത്തുന്നത് . എന്നാല്‍  ഇക്കാര്യത്തില്‍ Drakaea (hammer orchids) വര്‍ഗ്ഗത്തില്‍  പെട്ട  ഓര്‍ക്കിഡുകള്‍  കുറച്ചുകൂടി  മുന്‍പന്തിയില്‍  ആണ് .  താഴത്തെ  ചിത്രം  നോക്കുക .

ഓര്‍ക്കിഡ്  പുഷ്പ്പത്തിന്റെ  മുന്നില്‍  കറുത്ത്  തൂങ്ങി  കിടക്കുന്നത്  ഒരു പ്രാണി  ആണെന്ന്  ഒറ്റ  നോട്ടത്തില്‍  തോന്നും  എങ്കിലും  അത് സത്യത്തില്‍ ആ  പൂവിന്‍റെ  ഭാഗം  തന്നെയാണ് .  Thynnid  വര്‍ഗ്ഗത്തില്‍  പെട്ട  പ്രാണിയുടെ  ആകൃതിയാണ്  ഓര്‍ക്കിഡ് മിമിക്രി  കാണിച്ചു  വെച്ചിരിക്കുന്നത് .  ഈ  വര്‍ഗ്ഗത്തില്‍ പെട്ട  പെണ്‍പ്രാണികള്‍  പറക്കില്ല .  ആണുങ്ങളെ  ആകര്‍ഷിക്കുവാന്‍  ഏതെങ്കിലും  ചെടിയുടെ  മുകളില്‍  അള്ളിപ്പിടിച്ച്  കയറി  പ്രത്യേക  മണം  പുറപ്പെടുവിച്ച്  പറക്കുന്ന  ആണുങ്ങളെ  ആകര്‍ഷിക്കും .  ഇത്  മണപ്പിച്ച് എത്തുന്ന   ഏതെങ്കിലും  സുന്ദരന്‍  അവളെ  അവിടെ നിന്നും  പൊക്കിക്കൊണ്ട്  പോകും ! പ്രാണിയുടെ  ഈ സ്വഭാവം  ആണ്  ഹാമര്‍  ഓര്‍ക്കിഡ്  ചൂഷണം  ചെയ്യുന്നത് .  പെണ്‍പ്രാണിയുടെ  അതെ  മണവും  നിറവും രൂപവും  ആണ്  പൂവിനു  മുന്‍പില്‍ കാണുന്ന കറുത്ത  ഭാഗത്തിന്  ഉള്ളത് . ഇതും  കണ്ട്  അവിടെ  പറന്നെത്തുന്ന  പുരുഷ തൈനിഡ് ആ ഭാഗം  ഒടിച്ചെടുത്തു കൊണ്ട്  പറക്കും . കബളിക്കപ്പെട്ടു  എന്ന്  മനസ്സില്‍  ആവുമ്പോള്‍ അത്  ഉപേക്ഷിക്കും  . പക്ഷെ  അപ്പോഴേക്കും  പരാഗണത്തിന്  ആവശ്യമായ  പൂമ്പൊടികള്‍  പ്രാണിയുടെ  ദേഹത്ത്  പറ്റിപ്പിടിച്ചിട്ടുണ്ടാവും .  വീണ്ടും  ഇതുപോലെ  മറ്റൊരു  ഓര്‍ക്കിടിന്റെ പറ്റിക്കലിനു വിധേയമാകുമ്പോള്‍ ഓര്‍ക്കിടിന്റെ  പരാഗണം നടക്കും ! പക്ഷെ  പ്രാണി പിന്നെയും  ശശി !

അതായത്  സമവാക്യം  ഇങ്ങനെയാണ്  , രണ്ടു  തവണ  പ്രാണി കബളിക്കപ്പെട്ടാല്‍  ഒരു തവണ  ഓര്‍ക്കിടിന്റെ  പരാഗണം  നടക്കും ! അവസാനമായി  ഒരു കാര്യം  കൂടി  മേല്‍പ്പറഞ്ഞ  രണ്ടു  മഹാന്മാരും  ഓസ്ത്രേലിയന്‍ പൗരന്മ്മാര്‍  ആണ് !

Image

ഒരു അഭിപ്രായം പറയൂ