നാമറിയാത്ത യസീദികള്‍

Share the Knowledge

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ക്ലിപ്പില്‍ നിന്നാണ് യസീദികളെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ആഗ്രഹം തലപൊക്കിയത് . ഒരു പെണ്‍കുട്ടിയെ നഗര മധ്യത്തില്‍ വെച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ച് കൊല്ലുന്ന ഒരു ഭീകര ദൃശ്യം ആയിരുന്നു അത് !! അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ ബോധരഹിതയായ അവളുടെ തലയില്‍ ഒരു വലിയ കോണ്‍ക്രീറ്റ് പാറ കൊണ്ട് ഇടുന്നതോടെ ക്ലിപ്പ് അവസാനിക്കുന്നു . മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യം എവിടെ നിന്ന് ? ആര് ? എപ്പോള്‍ പകര്‍ത്തി എന്ന് അറിയാന്‍ മനസ്സ് കൊതിച്ചു . കാരണം ഇത്തരം ക്രൂരത ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ അവള്‍ എന്ത് അപരാധമാണ് ചെയ്തത് ? കുറച്ച് പ്രയാസപ്പെട്ടെങ്കിലും അന്ന് തന്നെ അതിന് ഉത്തരം കിട്ടി . പെണ്‍കുട്ടിയുടെ പേര്‍ Du’a Khalil Aswad (دعاء خليل أسود) എന്നാണ് . പ്രായം വെറും പതിനെഴ് ! യസീദി കുലത്തില്‍ പെട്ട അവളെ കൊന്നത് യസീദികള്‍ തന്നെയാണ് . കാരണം അവള്‍ ഒരു സുന്നി മുസ്ലീം യുവാവിനെ പ്രണയിച്ചു മതം മാറി ഇസ്ലാമായി !!! കൊല്ലപ്പെടുന്ന യസീദികളെ കേട്ട് പരിചയമുണ്ടായിരുന്ന നമ്മുക്ക് കൊല്ലുന്ന യസീദി തികച്ചും അപരിചിത്വം ഉളവാക്കും . (https://en.wikipedia.org/wiki/Murder_of_Du’a_Khalil_Aswad)

 

ഇവരെക്കുറിച്ച് നാം ഇപ്പോള്‍ കുറെ കാര്യങ്ങള്‍ കേട്ടിട്ടുണ്ട് . സത്യത്തില്‍ എഴുതപ്പെട്ട ചരിത്രം ഏറ്റവും കുറവുള്ള ഒരു വിഭാഗമാണ് ഇവര്‍ . അത് കൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ഒട്ടു മിക്ക വിവരങ്ങളും വാമൊഴിയാണ്. അതില്‍ തെറ്റും ശരിയും ഉണ്ട് . എങ്കിലും വാസ്തവുമായി പൊരുത്തം ഉണ്ട് എന്ന് എനിക്ക് തോന്നുന്ന വിവരങ്ങള്‍ ആണ് താഴെ കുറിക്കുന്നത് .

യസീദികളുടെ സംസാര ഭാഷ പൊതുവേ പെര്‍ഷ്യനും ബലൂചിയും ആയി ബന്ധമുള്ള Kurmanji എന്ന കുര്‍ദ് വകഭേതം ആണ് . ഇവരുടെ ഉത്ഭവം ആണ് ഇപ്പോള്‍ പൊതുവേ തര്‍ക്കവിഷയം ആയി നിലകൊള്ളുന്നത് . ലോകത്തിലെ ഏറ്റവും പുരാതന മതം എന്ന് യസീദികള്‍ സ്വയം പറയുമ്പോള്‍ തന്നെ ഇത് ഇസ്ലാമില്‍ നിന്നും വിഘടിച്ചു പോയ തല തിരിഞവര്‍ ആണെന്ന് ചിലര്‍ കരുതുന്നു . സത്യത്തില്‍ യസീദികള്‍ ആരെന്നരിയുവാന്‍ ആദ്യം ഇവരുടെ വിശ്വാസം എന്താണ് എന്ന് അറിയണം . നമ്മുക്ക് അതൊന്ന് നോക്കാം .

പ്രപഞ്ചത്തിന് ഒരു സൃഷ്ടി കര്‍ത്താവ് ഉണ്ട് . ഈ അത്യുന്നതനായ ദൈവം പ്രപഞ്ചത്തിന് പുറത്തു എവിടെയോ ആണ് ഉള്ളത് . അതുകൊണ്ട് തന്നെ അദ്ദേഹവുമായി നമ്മുക്ക് നേരിട്ട് ബന്ധപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ല . ഈ ദൈവം ആദ്യം എഴു മാലാഖമാരെ സൃഷ്ട്ടിച്ചു . ഓരോ ദിവസവും ഓരോരുത്തരെ വീതം അങ്ങിനെ ആഴ്ചയിലെ ഏഴു ദിവസവും ഏഴു മാലാഖമാരുടെ പേരില്‍ ആയി . ഇതില്‍ ആദ്യം സൃഷ്ട്ടിക്കപ്പെട്ട താവൂസ് മാലാഖയാണ് പ്രധാനി . ഞായരാഴ്ച ഉടലെടുത്ത ഈ മാലാഖയില്‍ നിന്നാണ് ബാക്കി ആറു പേരെയും ദൈവം സൃഷ്ട്ടിച്ചത് . അതായത് ഈ ഏഴു പേരും സത്യത്തില്‍ ഒന്നാണ് അത് താവൂസ് മാലാഖയാണ് . ഈ മാലാഖയെ പ്രകാശവും ആയും അതുവഴി സൂര്യനുമായും അവര്‍ ബന്ധപ്പെടുത്തുന്നു . ഈ മാലാഖയാണ് നാം കാണുന്ന ദൃശ്യ പ്രപഞ്ചം സൃഷ്ടിച്ചത് . അത് കൊണ്ട് തന്നെ ഈ ലോകത്തിന്‍റെ നാഥന്‍ താവൂസ് മാലാഖയാണ് . പ്രപഞ്ചത്തിന് പുറത്തുള്ള പരമോന്നത ദൈവവും ആയി നമ്മുക്കുള്ള ഏക ബന്ധം തവൂസ് മാത്രമാണ് . അത് കൊണ്ട് തന്നെ താവൂസിനോട് പറയുന്നത് ദൈവത്തിന്‍റെ അടുക്കല്‍ എത്തും . മാലാഖമാരെ കൂടാതെ പിന്നെ ഒട്ടനവധി സൃഷ്ടികള്‍ ദൈവം നടത്തി . അതിലൊന്നാണ് മനുഷ്യന്‍ . ആദത്തെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ദൈവം മാലാഖമാരെ ഒന്ന് പരീക്ഷിച്ചു . ആദത്തെ വണങ്ങാന്‍ പറഞ്ഞു . പക്ഷെ ദൈവത്തെ അല്ലാതെ ആരെയും വണങ്ങില്ല എന്ന് താവൂസ് പറഞ്ഞു . അങ്ങിനെ അദ്ദേഹം പരീക്ഷണത്തില്‍ വിജയിച്ചു . അങ്ങിനെ നമ്മുക്കും ദൈവത്തിനും ഇടയിലെ ഏക കണ്ണിയായി താവൂസ് മാലാഖ മാറി .

താവൂസ് മാലാഖ പ്രകാശമാണ് അതുപോലെ പ്രകാശത്തിലെ ഏഴു നിറങ്ങള്‍ ഏഴു മാലാഖമാരും . അങ്ങിനെ താവൂസ് മഴവില്ലിന്റെ മാലാഖയായി . ഏഴു നിറങ്ങള്‍ പേറി നടക്കുന്ന മയില്‍ അദ്ദേഹത്തിന്‍റെ ചിഹ്ന്നവും ! യസീദി സമുദായത്തില്‍ ജീവിച്ചു മരിച്ചാല്‍ മാത്രമേ ഒരാളുടെ ആത്മാവ് രക്ഷപെടുകയുള്ളൂ . അത് കൊണ്ട് തന്നെ ഒരു കാരണവശാലും മതം മാറുന്ന പ്രശ്നമേയില്ല . സമുദായത്തില്‍ ജനിച്ച് പിന്നീട് മതം മാറുന്നവരുടെ ആത്മാവ് നശിക്കും . അങ്ങിനെ ചെയ്യുന്നവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല . ഈ വിശ്വാസമാണ് ഖലീല്‍ ആസ്വാദ് എന്ന പെണ്‍കുട്ടിയുടെ വധത്തില്‍ കലാശിച്ചത് . എന്നാല്‍ 2007 ഏപ്രിലില്‍ നടന്ന ഈ ഓണര്‍ കില്ലിംഗ് സത്യത്തില്‍ ഒട്ടനവധി യസീദികളുടെ മരണത്തിലാണ് കലാശിച്ചത് . വീഡിയോ പുറത്തു വന്നതോട് കൂടി ഇതര സമുദായങ്ങളുടെ രോഷം ആളിക്കത്തി . 2007 Mosul massacre ഇതിന്‍റെ ഭാഗം ആയിരുന്നു . ബസില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും ഇറക്കി വിട്ട് ബാക്കി ഉണ്ടായിരുന്ന യസീദികളെ അക്രമികള്‍ വെടിവെച്ചു കൊന്നു .

ഇവര്‍ സാത്താന്‍ ആരാധകരാണോ ? സാത്താന്‍ തെറ്റിന്റെ പ്രതീകമാണ് എങ്കില്‍ താവൂസ് മലക്ക് പക്ഷെ നല്ലവനാണ് . ഇതല്ല പ്രശ്നം . ഇസ്ലാം വിശ്വാസത്തിലും ക്രിസ്ത്യന്‍ വിശ്വാസത്തിലും ഉള്ള സാത്താന്‍, താവൂസ് മാലാഖയുടെ ചില സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രശ്നം . അപ്പോള്‍ ഇത് യാസീദികളുടെ പ്രശ്നം അല്ല മറ്റുള്ളവരുടെ വിശ്വാസത്തിന്‍റെ പ്രശ്നം ആണ് ( തല്‍ക്കാലം അങ്ങോട്ട്‌ കടക്കുന്നില്ല ) .

യാസീടികള്‍ ഹിന്ദുക്കള്‍ ആണോ ?


ഹിന്ദു മതം മെസപ്പെട്ടോമിയയില്‍ വേരൂന്നിയത് ആണെങ്കില്‍ ബന്ധം ഉണ്ടാവാം . ദേവന്മ്മാരും അസുരന്മ്മാരും പേര്‍ഷ്യന്‍ സൌരാഷ്ട്ര മതത്തിലും ഉണ്ട് . പക്ഷെ ഇവിടുത്തെ നായകര്‍ അവിടെ വില്ലന്മ്മാര്‍ ആണെന്ന് മാത്രം . യാസീദികളുടെ മയിലും നമ്മുടെ മുരുകനും തമ്മില്‍ ബന്ധം ഒന്നും ഇല്ല . അവരുടെ ദൈവ സങ്കല്‍പ്പവും ഹൈന്ദവ സങ്കല്‍പ്പവും ആയി യോജിക്കുന്നുമില്ല . പക്ഷെ അവരുടെ ചില ആചാര രീതികള്‍ക്ക് ഇന്ത്യയും ആയി ബന്ധം ഉണ്ട് . അവരുടെ വിശ്വാസ രീതികള്‍ക്ക് ഇസ്ലാമും ആയും ക്രൈസ്തവതയും ആയി ബന്ധം ഉണ്ട് . അവസാനത്തെ രണ്ടു വിഭാഗക്കാര്‍ അവരെ അകറ്റാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആവരെ കൂടെക്കൂട്ടുവാന്‍ ശ്രമിക്കുന്നു .

തമിഴ്നാട്ടിലെ പേര്‍ഷ്യക്കാര്‍ ! 


വായിക്കുന്നതിനു മുന്‍പ് ഓര്‍ക്കുക ഇതൊരു hypothesised വാദം ആണ് . ഈ തിയറിയുടെ തുടര്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നതേയുള്ളൂ . മുഖ്യധാരാ ഗവേഷകര്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഒരു തീര്‍പ്പില്‍ ആയിട്ടില്ല . പക്ഷെ നമ്മുടെ യാസീദികളുമായി ബന്ധപ്പെടുത്തി ചിലര്‍ ഈ ഗവേഷണ പ്രബന്ധം ഉയര്‍ത്തിക്കാട്ടാറുണ്ട് . അതുകൊണ്ട് ഈ തിയറി എന്താണ് എന്ന് അറിയുന്നത് വളരെ നല്ലതാണ് . (കഥയുടെ എല്ലാവശവും ചരിത്ര വിദ്യാര്‍ഥി അറിഞ്ഞിരിക്കണം )

ഭൂമിയിലെ ആദ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പേര്‍ ഏലാം എന്നാണ് . ചില ചരിത്ര രേഖകളില്‍ എലാം , Susiana എന്നാണ് അറിയപ്പെടുന്നത് . എലാമിന്റെ തലസ്ഥാനം ആയ Susa നഗരത്തില്‍ നിന്നും ആണ് ഈ പേര് ആവിര്‍ഭവിച്ചത് . ലോകത്ത് മറൊരു ഭാഷയും ആയി നേരിട്ട് ബന്ധം ഇല്ലാത്തത് ആണ് Elamite ഭാഷ എന്നാണ് ചില പണ്ഡിതര്‍ കരുതുന്നത് . ( Ilam എന്നത് ഇപ്പോഴത്തെ ഇറാന്‍റെ 31 പ്രവിശ്യകളില്‍ ഒന്നാണ് ). ഏലോം ആദ്യം പ്രത്യക്ഷപ്പെടുന്നത് പുരാതന സുമേറിയന്‍ രാജാക്കന്മ്മാരുടെ ലിസ്റ്റില്‍ കിഷ് രാജാവായ Enmebaragesi യെ പറ്റി പറയുമ്പോള്‍ ആണ് ( BC 2650) . അദേഹം എലോം കീഴടക്കിയതായി ആണ് രേഖ പറയുന്നത് . Shutrukids (BC.1210–1100) രാജാക്കന്മ്മാരുടെ കാലത്താണ് എലോം സാമ്രാജ്യം അതിന്‍റെ ഉച്ചകോടിയില്‍ എത്തിയത് . ബാബിലോണ്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയുടെ കാലത്ത് ഇവര്‍ക്ക് കുറച്ചു സൈനിക വിജയങ്ങള്‍ ഉണ്ടായെങ്കിലും , ആ സമയത്ത് ശക്തിയാര്‍ജിച്ച അസ്സീറിയന്‍ ചക്രവര്‍ത്തി Ashur-Dan I നോട്‌ പരാജയപ്പെട്ടു . അതോടെ തകര്‍ച്ച തുടങ്ങിയ എലോം സാമ്രാജ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ കൂടുതല്‍ തോല്‍വികള്‍ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു . അവസാനം (640 BC) എലോം രാജാവായ Khumma-Khaldash മൂന്നാമനെ ആസ്സീറിയന്‍ ചക്രവര്‍ത്തി Ashurbanipal, യുദ്ധത്തില്‍ തടവുകാരനായി പിടിച്ചതോടെ എലോം രാജ്യം ചരിത്രപരമായി തുടച്ചു നീക്കപ്പെട്ടു . എലാമുകളില്‍ ഒരു വിഭാഗം ആളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു . ബാക്കിയുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ രാജ്യത്ത് നിന്നും പലായനം ചെയ്തതോടു കൂടി എലാമുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിതറിക്കപ്പെട്ടു . ഈ പലായനം ചെയ്ത എലാമുകളാണ് ഇവിടെ പറയാന്‍ പോകുന്ന തിയറിയുടെ കാതല്‍ . ചിതറിക്കപ്പെട്ട എലാമുകളുടെ ഒരു വിഭാഗം ആണ് ഇന്നത്തെ സെര്ബിയക്കാരുടെയും ക്രൊയേഷ്യക്കാരുടെയും ആദി പിതാക്കള്‍ എന്നാണ് സെര്‍ബിയന്‍ ചരിത്ര ഗവേഷകരുടെ വാദം .

എലാമുകള്‍ ഇന്ത്യയിലേക്ക്‌ ?


ചിതറി തകര്‍ന്ന എലാം ജനത ജീവിക്കുവാന്‍ വേണ്ടി നാനാ ദിക്കുകളിലേക്കും ഓടിക്കാണണം . അങ്ങിനെ പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലും പിന്നീട് ദക്ഷിണ ഭാരതത്തിലും എത്തിപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഗവേഷകര്‍ നാം ജീവിക്കുന്ന കേരളത്തിലും തമിഴ്നാട്ടിലും എലാം ജനത അവശേഷിപ്പിച്ചിരിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തിരയാന്‍ ആരംഭിച്ചു . തീര്‍ച്ചയായും ഭാഷയില്‍ അവരുടെ എന്തെങ്കിലും സംഭാവന കാണാന്‍ സാധ്യത തെളിഞ്ഞു . അങ്ങിനെ ദക്ഷിണ ഭാരതത്തിലെ പഴമക്കാരില്‍ മുന്‍പന്‍ ആയ തമിഴ് അവരുടെ മുന്‍പില്‍ എത്തി . അപ്പോഴതാ ഏലാം എന്ന പേര് അതേപടി തന്നെ തമിഴില്‍ കിടക്കുന്നു ! Eeelam അല്ലെങ്കില്‍ ilam ( ഈഴം ) എന്നാല്‍ തമിഴില്‍ അര്‍ഥം മാതൃഭൂമി !!! ഇതുപോലെ മറ്റനേകം വാക്കുകള്‍ക്കും സാമ്യം കണ്ടത് , എലാമോ – ദ്രവീഡിയന്‍ ഭാഷ കുടുംബം (Elamo-Dravidian language family) എന്ന hypothesised ലാംഗ്വേജ് ഫാമിലിക്ക്‌ തുടക്കം കുറിച്ചു . ഭാഷാ പണ്ഡിതനായ David McAlpin ആണ് ഇതിന്‍റെ ഉപജ്ഞാതാവ് . അമേരിക്കന്‍ Indologist ആയ Franklin C Southworth ഉം ആയി ചേര്‍ന്നുള്ള പഠനനത്തില്‍ സിന്ധൂനദീതട സംസ്കാരത്തില്‍ പെട്ട ഹാരപ്പയിലെ ഭാഷയും ഇതേ കുടുംബത്തില്‍ ഉള്ളതാണെന്നും സ്ഥിരീകരിച്ചു . 1975 ല്‍ McAlpin നടത്തിയ പഠനത്തില്‍ എലാമൈറ്റ് -ദ്രവീഡിയന്‍ ഭാഷകളിലെ വാക്കുകളില്‍ ഇരുപത് ശതമാനം cognates ആണെന്നും (In linguistics, cognates are words that have a common etymological origin) പന്ത്രണ്ടു ശതമാനം cognates ആകാന്‍ സാധ്യത ഉള്ളതും ആണെന്ന് കണ്ടെത്തി . ദ്രാവിഡ ഭാഷയിലെ “അമ്മ ” എന്ന വാക്ക് അതേ ഉച്ചാരണത്തിലും അതേ അര്‍ത്ഥത്തിലും എലാം ഭാഷയിലും ഉള്ളത് നമ്മെ അത്ഭുതപ്പെടുത്തും ! ഇങ്ങനെ ഒക്കെ ആണെങ്കിലും Georgiy Starostin നെ പോലുള്ളവര്‍ McAlpin ന്‍റെ തിയറിയെ ഭാഗീകമായിട്ടെങ്കിലും എതിര്‍ക്കുന്നുമുണ്ട് . അതായത് സാമ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട് എങ്കിലും ഇരു ഭാഷകളുടെയും തുടക്കം ഒന്ന് എന്നുള്ള രീതിയെ ആണ് Georgiy Starostin എതിര്‍ക്കുന്നത് . അതായത് എലോമുകളുടെ സ്വാധീനം കാരണം തമിഴ് ഭാഷയില്‍ ഈ വാക്കുകള്‍ പിന്നീട് കയറിക്കൂടിയത് ആവാം എന്നാണ് അദേഹത്തിന്റെ നിഗമനം . Elamo-Dravidian language family യില്‍ ഉള്ള ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളുടെ മാപ്പ് ഒന്ന് നോക്കിയാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്നുകൂടി ഇതില്‍ ഉണ്ട് .

പാക്കിസ്താനിലെ ബാലൂചികള്‍ സംസാരിക്കുന്ന ഭാഷ ആയ ബ്രഹൂയി ഒരു ദ്രാവിഡ ഭാഷ ആണ് ! ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബലൂച്ചികള്‍ക്ക് മറ്റു പാക് -അഫ്ഘാന്‍ ജനങ്ങളും ആയുള്ള കാഴ്ചയിലെ വ്യത്യാസം നേരത്തെ തന്നെ മനസ്സില്‍ തോന്നിയിട്ടുണ്ടാവാം . (Balochi എന്ന മറ്റൊരു ഭാഷയും ഇവര്‍ക്കിടയില്‍ ഉണ്ട് ). തമിഴ് ഭാഷയുടെ സെമിറ്റിക് ബന്ധം എലാമില്‍ നിന്നും പിന്നെയും ദൂരെ ഇസ്രായേല്‍ വരെ നീളും . ഉദാഹരണത്തിന് ചെടിയുടെ ഇലക്കു തമിഴില്‍ “ഇലൈ” എന്നാണല്ലോ പറയുന്നത് , എന്നാല്‍ കേട്ടോളൂ ഹീബ്രുവിലും ഇലയ്ക്ക് “എലൈ” എന്നാണ് പറയുന്നത് ! ചിതറിക്കപ്പെട്ട എലാമുകളില്‍ ഒരു വിഭാഗം ഇസ്രായേലില്‍ ഉണ്ടായിരുന്നതായി ബൈബിളിലെ എസ്രാ 4:9–10 ല്‍ പറയുന്നുണ്ട് . തമിഴിലെ എരുമൈ (എരുമ ) ഹീബ്രുവില്‍ Rumai ആണ് . രാത്രി എന്നര്‍ത്ഥം ഉള്ള “ഇരവ് ” ഹീബ്രുവില്‍ അതേ ഉച്ചാരണം തന്നെ ആണ് പക്ഷെ അര്‍ഥം വൈകുന്നേരം എന്നാണെന്ന് മാത്രം ! എന്നാല്‍ എലോമുകള്‍ ഭാഷയില്‍ മാത്രമാണോ സംഭാവന നല്‍കിയത് ? സംസ്ക്കാരത്തിലും മതത്തിലും ഇവരുടെ സ്വാധീനം ഉണ്ടാകില്ലേ ? തീര്‍ച്ചയായും ഉണ്ടാകും , കാരണം ഇറാനിയന്‍ ഭൂമിയിലെ ആദ്യത്തെ സാമ്രാജ്യമായിരുന്നു എലാമുകളുടെത് , കൂടാതെ ആദ്യത്തെ സംസ്ക്കാരവും . ഇത്രയും വികസിച്ച ഒരു ജനത മറ്റു ദേശങ്ങളിലേക്ക് കുടിയേറുമ്പോള്‍ തീര്‍ച്ചയായും അവരുടെ സ്വാധീനം ആ നാട്ടിലെ പില്‍ക്കാല സാംസ്ക്കാരികരംഗങ്ങളില്‍ ഉണ്ടാവും . എന്തായാലും രസമുള്ള ഈ തിയറിയുടെ തുടര്‍ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നതേയുള്ളൂ . കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാന്‍ പരമാവധി ശ്രമിക്കാം .

(യാസീദികളുടെ മയില്‍ ഇറാനില്‍ നിന്നും തമിഴ് നാട്ടിലെക്കാണോ അതോ ഇവിടെ നിന്നും അങ്ങോട്ടാണോ പറന്നത് എന്ന് ഇപ്പോള്‍ തീരുമാനിക്കാറിയിട്ടില്ല എന്നാണ് തോന്നുന്നത് അല്ലേ ? )

ഭാരതത്തില്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം നടത്തുന്നത് ബിപിന്‍ ഷാ ആണെന്ന് തോന്നുന്നു.കൂടുതല്‍ അറിയേണ്ടവര്‍ക്ക് ഇത് വായിക്കാം >>
1. http://beeper1520.blogspot.in/…/the-elamite-and-tamil-conne…

2. https://azargoshnasp.net/history/ELAM/elamitedravidian.pdf


യസീദികളും  പുരാതന  ഭാരതവും  ആയുള്ള  ബന്ധം ആണ്  നാം പറഞ്ഞുകൊണ്ടിരുന്നത് . ഇക്കൂട്ടത്തില്‍  എടുത്തു  പറയേണ്ട  ഒന്നാണ്  ക്രിസ്തുവിനും  ആയിരത്തി  അഞ്ഞൂറ്  വര്‍ഷങ്ങള്‍ക്കു  മുന്‍പേ ഉത്തര  ഇറാക്കില്‍  നിലവിലുണ്ടായിരുന്ന Mitanni സാമ്ര്യാജ്യം . ഇന്‍ഡോ – ഇറാനിയന്‍  വംശജര്‍  ആയിരുന്ന രാജാക്കന്മാര്‍ ആണ് ഈ രാജ്യം  ഭരിച്ചിരുന്നത്  എങ്കിലും  അവര്‍ ഉപയോഗിച്ചിരുന്ന  ഭാഷ പക്ഷെ  Hurrian എന്ന പ്രാദേശിക ഭാഷ  ആയിരുന്നു . ഇവരും ഇന്നത്തെ  തുര്‍ക്കി  ഭരിച്ചിരുന്ന   Hittites ളും തമ്മില്‍  ഒപ്പുവെച്ച  ഒരു ഉടമ്പടിയാണ് (1380 BC)  ഇപ്പോള്‍  സകലരുടെയും  ശ്രദ്ധ  ആകര്‍ഷിക്കുന്നത് .  ഇരുപക്ഷത്തെയും  ദേവന്മ്മാരെ പരാമര്‍ശിക്കുന്ന  കൂട്ടത്തില്‍ ഇന്ദ്രനും , വരുണനും , മിത്രനും , അശ്വനിദേവന്മാരും  ഉണ്ട്  എന്നതാണ്  രസകരം .  കൂടാതെ  പ്രശസ്തമായ The Kikkuli Text ല്‍  ( രഥത്തില്‍ കെട്ടുന്ന  കുതിരകളുടെ  പരിശീലനം പ്രതിപാദിക്കുന്ന  പുസ്തകം ) വേദിക്  സംസ്കൃതത്തില്‍  ഉള്ള  നമ്പരുകള്‍ അതെ പടി തന്നെയാണ്  ഉച്ചരിചിരിക്കുന്നത് ! ഉദാ : aika (ഒന്ന് ),  tera (മൂന്ന് ), panza (അഞ്ച് ), satta (ഏഴ് ), na (ഒന്‍പത് ).  ഈ പുസ്തകം  പ്രാദേശിക  ഭാഷ  ആയിരുന്ന  Hittite ല്‍  ആണ്  എഴുതപ്പെട്ടിരിക്കുന്നത് .


ഇതൊക്കെ  കൂട്ടി  വായിക്കുമ്പോള്‍  അതിപുരാതന ഭാരതത്തിലെ  വിശ്വാസങ്ങള്‍ക്ക്  ഇറാന്‍ – ഇറാക്ക്  പ്രദേശങ്ങളിലെ ചില  വിശ്വാസങ്ങളുമായി  ബന്ധമുണ്ടായിരുന്നു  എന്ന് കാണാം .  ഇന്ദ്രനും  വരുണനും  ഇരുസ്ഥലങ്ങളിലും  ഉണ്ടായിരുന്നു  എങ്കിലും  പിന്നീടു  ഉരുത്തിരിഞ്ഞ പല  ദേവന്മ്മാരും (  ശ്രീരാമന്‍ ) തികച്ചും  ഭാരതീയം  തന്നെ  ആണ്  എന്നതാണ്  സത്യം . അതായത്  ഇരു സ്ഥലങ്ങളിലെയും  ചില  വിശ്വാസങ്ങള്‍ക്ക്  ഒരു  പൊതു  ഉത്ഭവം  ഉണ്ട്  എന്നത്  തര്‍ക്കമില്ലാത്ത  കാര്യമാണ് .  എന്നാല്‍  പിന്നീട്  ഇരു സ്ഥലങ്ങളിലും  ഉരുത്തിരിഞ്ഞ ആചാര – വിശ്വാസങ്ങള്‍ക്ക്  അങ്ങോട്ടും  ഇങ്ങോട്ടും  യാതൊരു  ബന്ധവും  ഉണ്ടാവാന്‍ സാധ്യത  കുറവാണ് . മുരുകനെ  കുറിച്ച്  പറയുന്ന തമിഴ് പുസ്തകങ്ങളില്‍  ആദ്യത്തേത്  ആയ Tolkāppiyam (தொல்காப்பியம்) , മുരുകനെയും ഇന്ദ്രനെയും  ഒരുമിച്ചാണ്  വര്‍ണ്ണിക്കുന്നത് .  അവിടെ മുരുകന്‍  ഒരു യുദ്ധ ദേവന്‍  ആണെങ്കില്‍  പിന്നീടു വന്ന സംഘകാല കൃതികളില്‍  (ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്) മുരുകന്‍ നിത്യ യൗവന ദേവനായി  മാറുന്നുണ്ട് . ( മയിറച്ചി  ഒരിക്കലും കേടാവില്ല  എന്ന  വിശ്വാസം ഇറാനിലും  തമിഴ്  നാട്ടിലും ഉണ്ടായിരുന്നു . അതായത്  മയില്‍ നിത്യതയുടെ ചിഹ്നം  ആണ് ) . മൂന്നാം  നൂറ്റാണ്ടില്‍  നിലവില്‍  ഉണ്ടായിരുന്ന  Kushan സാമ്രാജ്യത്തില്‍  പെട്ട  ഇന്നത്തെ  പെഷവാറില്‍  നിന്നും സ്കന്ദദേവന്‍റെ ( മുരുകന്‍ ) ചിത്രങ്ങള്‍ ഉള്ള  നാണയങ്ങള്‍  കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .  

ഒരു കാര്യം  ഉറപ്പാണ്  യാസീദികളുടെ  മയിലിന്  നല്ല  പഴക്കം  ഉണ്ട് . താവൂസ്  മലെക്കിനു മുരുകന്‍റെ  ഒരു വിശേഷണം  തികച്ചും അനുയോജ്യമാണ് .  അനശ്വരര്‍  ആണ്  ഇരുവരും  , മാത്രമല്ല  രണ്ടുപേരും  നിത്യ യൗവനം  ലഭിച്ചവരും  ആണ് .  രണ്ടിന്‍റെയും  തുടക്കം  അതിപുരാതന സൗരാഷ്ട്രിയന്‍  മതത്തില്‍  നിന്നാവാനും   സാധ്യത  ഉണ്ട് . അവിടെയും  ഉണ്ട് ഒരു ദേവാസുര  യുദ്ധം പക്ഷെ ദേവന്മ്മാര്‍ വില്ലന്മാര്‍  ആണെന്ന്  മാത്രം ! അസ്സീറിയന്‍  ജനത അസുരന്മ്മാര്‍  ആണ്  ചിലര്‍ക്ക് .

പക്ഷെ  താവൂസ്  മലക്കിന്റെ  ബാക്കി  കഥക്ക്  ബന്ധം സെമിറ്റിക്  മതങ്ങളോടാണ് .  ആദം  കടന്ന്  വരുന്നതോടെ കാര്യങ്ങള്‍  സെമിറ്റിക്  രീതികളിലേക്ക്  മാറുന്നു . ഇതിനു  കാരണം  ഉണ്ട് .  ഇറാന്‍ സത്യത്തില്‍  ഒരു അതിര്‍ത്തിയാണ് . സെമിറ്റിക്  , പേഗന്‍  വിശ്വാസങ്ങള്‍  പുരാതന സൗരാഷ്ട്രിയന്‍ – ഹിന്ദു വിശ്വാസങ്ങളുമായി  കൂട്ടിമുട്ടുന്ന  സ്ഥലം .  അവിടെയാണ്  ഇവരുടെ  ഉത്ഭവകേന്ദ്രമായി  അവര്‍ തന്നെ പറയുന്നത് . സ്വാഭാവികമായും ഇരു വിശ്വാസങ്ങളും  കൂടി കലര്‍ന്നിട്ടുണ്ടാവാം . പക്ഷെ യാസീദികള്‍ക്ക്  അവരുടെ ഭാഷ്യത്തില്‍  ഒരു പ്രത്യേകത  ഉള്ളവര്‍  ആണ് .  നാമെല്ലാം  ആദത്തില്‍  നിന്നും ഹൗവ്വയില്‍  നിന്നും  ജനനം  കൊണ്ട്  എന്ന് സെമിറ്റിക്  മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍  യാസീദികള്‍  പറയുന്നത്  ഇവര്‍ ആദത്തില്‍ നിന്നും  മാത്രം ജനിച്ചവര്‍  ആണെന്ന്  ആണ് !!! ( വലിയ  കഥയാണ് നെറ്റില്‍ തപ്പി  വായ്ച്ചോളൂ ) .  അതിനാല്‍  തന്നെ  ഒരുവന്‍ ജനനം  കൊണ്ടാണ്  യസീദി  ആകുന്നത് . അതായത് ആരെങ്കിലും  മതം മാറി  യസീദി ആകാം  എന്ന്  വിചാരിച്ചാല്‍  നടപ്പില്ല എന്നര്‍ത്ഥം !!! കാരണം നിങ്ങളും ഞാനുമൊക്കെ ഹൗവ്വയില്‍  നിന്നാണ്  ജനിച്ചത്‌ !

ഇവര്‍  പല ആചാരങ്ങളും  മറ്റ് മതങ്ങളില്‍  നിന്നും  കടം  കൊണ്ടു  എന്ന്  ചിലര്‍  പറയുന്നുണ്ട് .  ഉദാഹരണത്തിന്  ക്രിസ്ത്യന്‍  ജ്ഞാനസ്നാനം .  ഇത്  ക്രിസ്തുമതം  ഉണ്ടാവുന്നതിന്  മുന്‍പേ  നിലവില്‍  ഉണ്ടായിരുന്നു  എന്നറിഞ്ഞാല്‍  തീരാവുന്ന  പ്രശനമേ  ഉള്ളൂ . ജൂദരുടെ Tevilah എന്ന രീതി  ഇതിന് സമാനമാണ് .  ബാബിലോണ്‍  പ്രവാസകാലതാണ്  അവര്‍ ഇത്  ആരംഭിച്ചത്  എന്നാണ് കരുതപ്പെടുന്നത് .  ഒരാള്‍  ജൂതന്‍  ആകണമെങ്കില്‍  അന്ന് Tevilah നടത്തിയാണ്  സ്വീകരിച്ചിരുന്നത് . Tevilah ജീവിതത്തില്‍  പല തവണ  ചെയ്യാം എന്നാല്‍ ക്രിസ്ത്യന്‍ ജ്ഞാനസ്നാനം ജീവിതത്തില്‍  ഒന്നേ  പറ്റൂ .  ഇതിന് സമാനമായി ഈജിപ്തിലും മറ്റും വേറെയും  ചില  രീതികള്‍ ഉണ്ടായിരുന്നു .

യസീദികളുടെ മയില്‍ 


മയിൽ ഇന്ത്യയിൽ മാത്രം കാണപ്പെട്ടിരുന്നു എങ്കിലും അങ്ങ് ഇസ്രയേൽ വരെയുള്ളവർക്ക് ഈ പക്ഷി പണ്ട് മുതലേ സുപരിചിതമായിരുന്നു എന്നതിത് ധാരാളം തെളിവുകൾ ഉണ്ട് . സോളമൻ രാജാവ് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കൂട്ടത്തിൽ മയിൽ ഉണ്ടായിരുന്നു (1 Kings 10.22-23). മയിൽ ഗ്രീസിൽ ഒരു വിശിഷ്ട ഭക്ഷണമായിരുന്നു എന്ന് പ്ലീനി രേഖപ്പെടുത്തിയിട്ടുണ്ട് (Pliny NH 10.45). കൊയിനെ ഗ്രീക്കിൽ മയിലിന്റെ പേര് tahōs എന്നാണ് . അതിനാൽ യസീദികൾക്ക് മയിലിനെ കിട്ടിയത് ഗ്രീക്കിൽ നിന്നാകാനും സാധ്യത ഉണ്ട് . മയിലിനെ അമരത്വവുമായി ആദ്യമായി ബന്ധിപ്പിച്ചത് ഗ്രീക്ക് കാരാണ് . ഇതെല്ലാം ക്രിസ്തുവിനും വളരെ മുൻപ് സംഭവിച്ച കാര്യങ്ങളാണ് . ഗ്രീക്ക് സ്വാധീനം കാരണം ആദ്യകാല ക്രിസ്ത്യാനികളും മയിലിനെ അമരത്വവുമായി ബന്ധിപ്പിച്ചിരുന്നു. അതിനാൽ യസീദികളെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ മയിൽ ഒരു കാരണമേ അല്ല . വിളക്കും മറ്റ് ആരാധനാ രീതികളും സൗരാഷ്ട്രിയൻ മതത്തിലും ഉണ്ടായിരുന്നു.


ഇത്രയുമൊക്കെ  അറിഞ്ഞിട്ടും  വായിച്ചിട്ടും  യാസീദികള്‍  ഇസ്ലാമില്‍  നിന്നും  ഉത്ഭവിച്ചതാണ്  എന്ന് പറയുവാനുള്ള  ധൈര്യം  തല്‍ക്കാലം  എനിക്കില്ല.  ഇതൊരു  പുരാതന മതമോ  ആചാരരീതികളോ   ഒക്കെ ആണ് . അവര്‍ക്ക്  സ്വന്തമായ അസ്ഥിത്വം  ഉണ്ട് . പിന്നെ ഓരോരുത്തര്‍ക്കും  അവരുടെതായ കാഴ്ചപ്പാടുകള്‍ ഉണ്ട് അത്  ദൈവത്തിന്‍റെ  കാര്യത്തില്‍ ആയാല്‍ പോലും . ഇത്രയും  എഴുതിയത്  എന്‍റെ കാഴ്ച്ചപ്പാടാണ് . അത് നിങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാം . പക്ഷെ  എന്‍റെ ബുദ്ധിക്കും മനസ്സിനും  ശരിയെന്ന് തോന്നുന്നതെ ഞാന്‍ അംഗീകരിക്കൂ . നിങ്ങളും  അങ്ങിനെയേ  ആകാവൂ എന്ന്  ഞാന്‍ ആഗ്രഹിക്കുന്നു .

 

Image

One thought on “നാമറിയാത്ത യസീദികള്‍”

  1. Jeril K says:

    very Informative

ഒരു അഭിപ്രായം പറയൂ