Alexander Gordon Laing

നിര്‍ഭാഗ്യവാനായ  പര്യവേഷകന്‍ !


ഒട്ടുമിക്ക  ആഫ്രിക്കന്‍  പര്യവേഷണങ്ങളും  ആരംഭിക്കുന്നതിനു മുന്‍പ്  നൈല്‍ നദീതടത്തെക്കുറിച്ച്  ആധികാരികമായ  കുറിപ്പ്  തയ്യാറാക്കിയ എഴുത്തുകാരനാണ്  Leo Africanus .  സ്പെയിനിലെ  മുസ്ലീം ഭരണകാലത്ത് ഗ്രനഡയില്‍  ജനിച്ച്  അടിമയായി റോമിലെത്തുകയും പിന്നീട് പോപ്‌ ലിയോ  പത്താമെന്റെ  ഇഷ്ടതോഴനാകുകയും  ചെയ്ത ലിയോ ,  എഴുതിയ  ആഫ്രിക്കന്‍  കുറിപ്പുകള്‍  വായിച്ചിട്ടാണ്  ഓരോ  യാത്രികരും  ആഫ്രിക്കയുടെ  ഇരുളിലേക്ക്  കാലെടുത്തു  വെച്ചിരുന്നത് .  അലക്സാണ്ടര്‍  ഗോര്‍ഡന്‍ ലയിംഗും  ആ പതിവ്  തെറ്റിച്ചില്ല .  പക്ഷെ  അദ്ദേഹത്തിന്‍റെ  ലക്‌ഷ്യം  Timbuktu എന്ന  ആഫ്രിക്കന്‍  നഗരമായിരുന്നു .  ഇന്നത്തെ  മാലിയില്‍  ഉള്ള  Timbuktu , ഒരു  സമ്പന്ന  നഗരമാണ്  എന്ന  അറിവാണ് ലൈയിങ്ങിനെ  അങ്ങോട്ട്‌  ആകര്‍ഷിച്ചത് .  അത് ഒരു പരിധിവരെ  ശരിയുമായിരുന്നു .  ഒരു കാലത്ത്  ഇസ്ലാമിന്‍റെ ആഫ്രിക്കന്‍  തലസ്ഥാനമായിരുന്നു Timbuktu .  അറബികളും ആഫ്രിക്കന്‍  കാപ്പിരികളും  മാത്രം  അറിഞ്ഞിരുന്ന  ഇന്നത്തെ  മാലിയിലേക്ക്  അന്ന് ഒരു യൂറോപ്യനും  എത്തിച്ചേര്‍ന്നിരുന്നില്ല .  സ്കോട്ടിഷ്  യാത്രികനായിരുന്ന ലയിംഗ്  നൈജര്‍  നദിയുടെ ഉറവിടവും  കൂട്ടത്തില്‍   Timbuktu നഗരത്തിലേക്കുള്ള വഴിയും  കണ്ടുപിടിക്കാം എന്ന് കരുതിയാണ്  യാത്ര  തിരിച്ചത് .   1825  ജൂലൈ  പതിനാറിന്  യാത്ര  തിരിക്കുമ്പോള്‍  അദ്ദേഹത്തിന്‍റെ  കല്യാണം  കഴിഞ്ഞ് വെറും രണ്ടേരണ്ടു ദിവസങ്ങള്‍  മാത്രമേ കഴിഞ്ഞിരുന്നുള്ളൂ ! ലിബിയയിലെ ട്രിപോളിയില്‍  വെച്ചായിരുന്നു  കല്യാണം .

ilainga001p1

വിശാലമായ സഹാറ  മരുഭൂമി  വടക്ക്  നിന്നും  തെക്കോട്ട്‌  മുറിച്ചു  കടന്ന, അറിയപ്പെടുന്ന   ആദ്യ  യൂറോപ്യനായി  മാറി അദ്ദേഹം . കൂട്ടിന് വഴികാട്ടിയായി സഹാറന്‍  മരുഭൂവിലെ  നാടോടി ഗോത്രങ്ങളില്‍  ഒന്നായ Tuareg ലെ  ഒരു പ്രധാനിയും  ഉണ്ടായിരുന്നു . സഹാറന്‍  പ്രദേശത്തെ  അതിപുരാതന  നഗരമായ Ghadames ല്‍ അദ്ദേഹം  എത്തിച്ചേര്‍ന്ന  വഴി ഇന്നും  വ്യക്തമല്ല . ഒക്ടോബര്‍  ഇരുപത്തി  അഞ്ചിനാണ്  ഇവര്‍  അവിടെ എത്തിയത്  എന്നാണ്  ഇപ്പോള്‍ കരുതപ്പെടുന്നത് .  പോകുന്ന  വഴികളില്‍  കാണുന്ന  കാപ്പിരികള്‍  തന്നെ അത്ഭുതത്തോടെ നോക്കുന്നതായും  അവര്‍ കാണുന്ന  ആദ്യ വെള്ളകാരന്‍  താനാണെന്നും  ലയിംഗ്  ഭാര്യക്ക്‌  കത്തുകള്‍  എഴുതി .  പക്ഷെ അദ്ദേഹം സ്വപ്നം  പോലും  കാണാതിരുന്ന  ഒരു ദുരന്തം  വഴിയില്‍  കാത്തിരിക്കുന്നുണ്ടായിരുന്നു ! ലയിങ്ങിനും  മുന്നേ  ഇതേ  വഴി  കടന്നു  പോയ Mungo Park എന്ന  യൂറോപ്യന്റെ  പ്രേതമായിരുന്നു  അത് !

ആഫ്രിക്കന്‍  ഗോത്രങ്ങള്‍ക്കിടയില്‍ പാര്‍ക്ക്  എന്ന  വെള്ളക്കാരന്റെ  പേര്  “Ruthless Murderer “എന്നായിരുന്നു എന്നറിയുമ്പോള്‍  തന്നെ  കാര്യങ്ങള്‍  ഊഹിക്കാവുന്നതേ ഉള്ളൂ . ഇഷ്ടമില്ലാത്ത  കാപ്പിരികളെ  ചറപറാ  വെടിവെച്ചു  തള്ളി  ” പര്യവേഷണം ” നടത്തിയ  പാര്‍ക്കും  ഒരു സ്കോട്ട്ലണ്ട് കാരനായിരുന്നു .  നൈജര്‍  നദീതീരങ്ങളില്‍  വെള്ളക്കാര്‍ക്ക് അത്യാവശ്യം  “നല്ലപേര് ” സമ്പാദിച്ച്  വെച്ച്  പാര്‍ക്ക്  കടന്നു  പോയ  അതെ വഴികളില്‍  കൂടി ആയിരുന്നു  ലയിഗും നടന്നു  നീങ്ങിയത് .  അതിനാല്‍ തന്നെ ആഫ്രിക്കന്‍  ഗോത്രങ്ങളില്‍  നിന്നും  കനത്ത  എതിര്‍പ്പാണ്  ലയിങ്ങിനു  നേരിടേണ്ടി  വന്നത് .  1826  ജാനുവരി  പത്തിന് അദ്ദേഹം Tuareg ഗോത്രക്കാരുടെ  ഒരു കച്ചവട  സംഘത്തോടൊപ്പം  ചേര്‍ന്ന്  യാത്ര  തുടര്‍ന്നു .  പക്ഷെ യാത്രക്കിടയില്‍ അവര്‍  അനേകം  ആക്രമണങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു .  കച്ചവട സംഘങ്ങള്‍ക്ക്  നേരെ  ഇത്തരം  ആക്രമങ്ങള്‍  അന്ന്  പതിവായിരുന്നു  എങ്കിലും  കവര്‍ച്ചക്കാര്‍   ലയിങ്ങിനെ  കണ്ടിട്ടാണ്  ആക്രമണം  നടത്തിയത്  എന്നായിരുന്നു  കൂട്ടത്തിലുള്ള  കച്ചവടക്കാര്‍ കരുതിയിരുന്നത് .   ഇരുപത്  വര്‍ഷങ്ങള്‍ക്കു  മുന്‍പേ മണ്ണടിഞ്ഞ  പാര്‍ക്കിനോടുള്ള  വിരോധം  അത്രക്കുമുണ്ടായിരുന്നു  എന്നതാണ് സത്യം .

ലയിങ്ങിന്റെതായി  കണ്ടെടുത്ത  ചില  കുറിപ്പുകളില്‍  നിന്നും  അദ്ദേഹം  യാത്രക്കിടയില്‍  നിരന്തര  രോഗങ്ങള്‍ക്കും  ആക്രമങ്ങള്‍ക്കും  വിധേയനായിരുന്നു  എന്ന്  വ്യക്തമാകുന്നുണ്ട് .  മേയ്  മാസത്തില്‍  ഏതോ  ഒരു രാത്രി  ലയിങ്ങിന്റെ  ജീവിതം തന്നെ  തകര്‍ത്ത ആക്രമണം  ഉണ്ടായി .  സ്വന്തം കൂടാരത്തില്‍  ഉറങ്ങിയിരുന്ന  ലയിങ്ങിനു  ആക്രമണം ശരിയായ  രീതിയില്‍  തടുക്കാന്‍  കഴിഞ്ഞില്ല .  വെളുപ്പിനെ മരണാസന്നനായി അദ്ദേഹത്തെ  മറ്റൊരു ഗോത്രക്കാര്‍  കണ്ടെടുക്കുമ്പോള്‍  ദേഹത്ത്  ഇരുപതോളം  ആഴത്തിലുള്ള  മുറിവുകള്‍  ഉണ്ടായിരുന്നു . ഒരു കയ്യ്  വെട്ടേറ്റു  അറ്റ് തൂങ്ങിയ നിലയിലും  ആയിരുന്നു .  ലയിങ്ങിനെ ,  വഴികാട്ടിയായിരുന്ന  നാടോടി  തന്നെയാണ്  ചതിച്ചത് എന്നാണ്  മിക്ക ചരിത്രകാരന്മാരും  കരുതുന്നത് .  എന്തായാലും  ആഫ്രിക്കന്‍  പ്രകൃതിചികിത്സകള്‍ വഴി  ജീവന്‍  നിലനിര്‍ത്തിയ  അദ്ദേഹം മറ്റൊരു  സംഘത്തോടൊപ്പം  മാസങ്ങള്‍ക്ക്  ശേഷം  തന്‍റെ ലക്ഷ്യസ്ഥാനമായ  Timbuktu വില്‍  എത്തിച്ചേര്‍ന്നു .  ലയിംഗ്  അവസാനമായി  എഴുതിയ  കുറിപ്പുകളില്‍  നിന്നും വ്യക്തമാകുന്നത് അദ്ദേഹം   അവിടെ  മൂന്നു  ദിവസങ്ങള്‍  ചിലവഴിക്കാന്‍  തീരുമാനിച്ചു  എന്നാണ് .  പക്ഷെ  അടുത്തകാലത്ത്  കിട്ടിയ തെളിവുകള്‍ അനുസരിച്ച്  ലയിംഗ് ഏതാണ്ട്  ഒരുമാസകാലം  നഗരത്തില്‍  ഉണ്ടായിരുന്നു  എന്നാണ് .  അതിനു  ശേഷം മറ്റേതോ സംഘത്തോടൊപ്പം  തിരികെ  യാത്രയായ  അദ്ദേഹത്തെകുറിച്ച്   പിന്നീടൊരു വിവരവും  ലഭിച്ചിട്ടില്ല .  ലഭ്യമായ  വിവരങ്ങള്‍  വെച്ച്  അദ്ദേഹം  കൊല്ലപ്പെട്ടിരിക്കും  എന്ന് തന്നെയാണ്  മിക്ക  ഗവേഷകരും  കരുതുന്നത് .   അനേക വര്‍ഷങ്ങള്‍ക്കു  ശേഷം നഗരത്തില്‍ കാലുകുത്തിയ  ഫ്രഞ്ച് സൈന്യമാണ്‌  ലയിങ്ങിനെ  കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍  തപ്പിയെടുത്തത് .  എന്തായാലും  പിന്നീടുണ്ടായ  അനേകം സാഹസിക  യാത്രകള്‍ക്ക് അലക്സാണ്ടര്‍  ഗോര്‍ഡന്‍ ലയിംഗ്  (Alexander Gordon Laing ) ഒരു  വഴികാട്ടിയായി  തീര്‍ന്നു .

 

Image

ഒരു അഭിപ്രായം പറയൂ