Dian Fossey- മനുഷ്യനെക്കാള്‍ ഗോറില്ലയെ സ്നേഹിച്ചവള്‍

Share the Knowledge

റുവാണ്ടക്കും കോംഗോക്കും ഉഗാണ്ടക്കും   ഇടയിലാണ്  വിശാലമായ Volcanoes ദേശീയോദ്യാനം  സ്ഥിതിചെയ്യുന്നത് .  അഞ്ച്  അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്‍  കിടക്കുന്ന ഈ വനസാമ്രാജ്യം അന്യംനിന്ന്  പോകാറായ മൌണ്ടന്‍ ഗൊറില്ലകളുടെ  അവസാന  തുരുത്താണ് .  പല്ലിനും  നഖത്തിനും  ഇറച്ചിക്കും  തോലിനും വിനോദത്തിനുമായി  മില്ല്യന്‍  കണക്കിന്  മൃഗങ്ങള്‍ വധിക്കപ്പെട്ടിട്ടുള്ള  ഈ  ഇരുണ്ട  വനമേഖലയ്ക്ക്  പറയാന്‍  നിരവധി  ദുരന്ത കഥകള്‍ ഉണ്ട് .  റുവാണ്ടന്‍ വംശീയകലാപ  വേളയില്‍  ഏറെക്കുറെ  നശിപ്പിക്കപ്പെട്ട  ഈ പരിസ്ഥിതി  മേഖല ഇപ്പോള്‍  മുറിവുകള്‍ ഉണങ്ങി  പൂര്‍വ്വസ്ഥിതി  പ്രാപിച്ചു  വരുന്നതെ ഉള്ളൂ .  ഇതിനുള്ളില്‍  ഒരു  സെമിത്തേരി  ഉണ്ട് .  വേട്ടക്കാരാല്‍ വധിക്കപ്പെട്ട മൌണ്ടന്‍  ഗൊറില്ലകളെ  അടക്കിയിരിക്കുന്ന  ഇവിടെ  ഒരു  മനുഷ്യ സ്ത്രീയെക്കൂടി സംസ്ക്കരിച്ചിരിക്കുന്നു !  ഡിയാന്‍  ഫോസേ  എന്ന  അമേരിക്കന്‍  വനിതയാണ്‌  അത് .  പതിനെട്ടു  വര്‍ഷങ്ങള്‍ ഗൊറില്ലകളെ  സംരക്ഷിക്കുവാന്‍  അവരുടെ  കൂടെ  കൂടി  അവരെ പോലെ  തന്നെ  ജീവിച്ച ഫോസെ  അവസാനം  അതെ  കാരണങ്ങള്‍ കൊണ്ട്  തന്നെ  അത്ജാതരുടെ കയ്യാല്‍  വധിക്കപ്പെട്ടു .

സത്യത്തില്‍  ഫോസേ  ഒരു ഗവേഷകയോ യാത്രികയോ അല്ല .  ആഫ്രിക്ക  കാണാന്‍ വന്ന്  ഗൊറില്ലകളെ  അറിയാതെ  സ്നേഹിച്ച്  അവസാനം  അവരുടെ കൂടെ തന്നെ ജീവിച്ച ഒരു മൃഗസ്നേഹിയാണ്  അവര്‍ .  ഫോസേ Mikeno പര്‍വ്വതത്തിന്റെ  താഴ്വാരങ്ങളില്‍  എത്തുമ്പോള്‍ അവിടം വേട്ടക്കാരുടെ പറുദീസാ  ആയിരുന്നു .  ഒരിക്കല്‍   ഒരു വേട്ട  നേരിട്ട്  കണ്ട അവര്‍ പക്ഷെ  ഞെട്ടിപ്പോയി .  ഒരു റുവാണ്ടന്‍  പ്രഭുവിന്  വേണ്ടി ഒന്നോ രണ്ടോ  കുട്ടി  ഗൊറില്ലകളെ  വേട്ടയാടുകയായിരുന്നു  ചിലര്‍ .  പക്ഷെ  ഇരുപതോളം  മുതിര്‍ന്ന  കുരങ്ങുകളെ  കൊന്ന  ശേഷമാണ്  ഒരു കുട്ടിഗൊറില്ലയെ  അവര്‍ക്ക്  തൊടാനായത്‌ !  ഇത്  ഫോസയെ  ശരിക്കും  കരയിപ്പിച്ചു .  നമ്മുടെ കുട്ടിയെ  ആരെങ്കിലും  തട്ടിയെടുക്കാന്‍  വന്നാല്‍ നാമും  ഇത് താന്നെയല്ലേ  ചെയ്യുക ?  അന്ന്  മുതല്‍ വേട്ടക്കാരോട്  യുദ്ധം  പ്രഖ്യാപിച്ച  അവര്‍  പിന്നെ തിരകെ  പോയില്ല .  മലകളുടെ  അടിവാരങ്ങളില്‍  ചെറു  കുടിലുകള്‍  കെട്ടി  അവിടെ താമസമാക്കി  .  കൂട്ടിന്  ചില  നാട്ടുകാരെയും  കിട്ടി .  ഒരു അമേരിക്കന്‍  വനിത  കുരങ്ങുകളെ  രക്ഷിക്കാന്‍ കൊടുംകാട്ടില്‍  ഒറ്റയ്ക്ക്  താമസിക്കുന്നു  എന്ന് കേട്ട  ചില  ഗവേഷകരും  ലേഖകരും  അവരെ  സന്ദര്‍ശിക്കുവാന്‍  എത്തി .  വേട്ടക്കാര്‍ക്കെതിരെ  ഒരു ചെറു ഗ്രൂപ്പ്  ഉണ്ടാക്കിയ  അവര്‍ വേട്ടക്കാരെ  വേട്ടയാടാന്‍  തുടങ്ങി .  വേട്ടക്കാരുടെ  ശമ്പളം  പറ്റുന്ന  ഉദ്യോഗസ്ഥര്‍ പക്ഷെ  അവരെ  സഹായിച്ചില്ല .  അതിനാല്‍  അവര്‍  അവരുടെതായ  വഴികള്‍  തേടി .

ഫോസേയുടെ സംഘം  ശരിക്കും മറ്റൊരു  വേട്ട  സംഘം  തന്നെ ആയിരുന്നു .  സര്‍വ്വ വിധ  ആയുധങ്ങളുമായി  കാട്ടില്‍  കറങ്ങി  നടക്കുന്ന  അക്രമകാരികളെ  നേരിടാന്‍  അതെ  രീതിയില്‍  തന്നെ  ഫോസെയും  സംഘവും തയ്യാറായി . ഒരു വര്‍ഷം മാത്രം  ആയിരത്തോളം  വേട്ടക്കാരെയാണ്  അവര്‍  പിടികൂടി  അധികൃതര്‍ക്ക്  കൈമാറിയത് ! ഇതിനിടെ ഫോസേ  ഗൊറില്ലകളുമായി  ചങ്ങാത്തത്തില്‍  ആയി .  തിരിച്ചറിയാന്‍  കുരങ്ങുകളുടെ  സംഘങ്ങള്‍ക്കും പ്രധാന  കുരങ്ങുകള്‍ക്കും  അവര്‍  പേരിട്ടു .  അവരില്‍  ഫോസേയുടെ  പ്രിയങ്കരന്‍ ആയിരുന്നു ഡിജിറ്റ് .  പന്ത്രണ്ടു  വയസുള്ള  ഒരു ഗോറില്ല  യുവാവ് .  പക്ഷെ  ഇതിനോടകം  ഫോസേ , മേഖലയില്‍  ഹീറോയിന്‍  ആകുന്നതിനു  പകരം  വെറുക്കപ്പെട്ട  ആളായി മാറുകയാണ്  ചെയ്തത് .വേട്ടകൊണ്ട്  ജീവിച്ചവരും  അവരുടെ  ബന്ധുക്കളും  ജയിലില്‍ ആയവരും  അതിനാല്‍  തന്നെ  പട്ടിണിയില്‍  ആയവരും  ഫോസേക്കെതിരെ  തിരിഞ്ഞു .

അങ്ങിനെയിരിക്കെ  ഫോസേയുടെ  പ്രിയങ്കരനായ  ഡിജിറ്റ്  വേട്ടക്കാരുടെ  ആക്രമണത്തില്‍  വധിക്കപ്പെട്ടു . തന്‍റെ  കുടുംബത്തെ  രക്ഷിക്കുന്നതിനിടയില്‍ ആണ്  ആഴത്തിലുള്ള പരിക്കുകള്‍  ഏറ്റ ഡിജിറ്റ്  കൊല്ലപ്പെട്ടത് .  വേട്ടക്കാര്‍  അവന്‍റെ  രണ്ട്  കൈപ്പത്തികളും  വെട്ടിയെടുത്തു .  ഗോറില്ലകളുടെ കൈപ്പത്തികള്‍ കൊണ്ടുള്ള  ആഷ്ട്രേയ്ക്ക്  അന്ന്  ഇരുപത്  ഡോളര്‍ ആയിരുന്നു വില ! അത്  ഫോസേയുടെ സമനില  തെറ്റിച്ചു  എന്ന്  റിപ്പോര്‍ട്ടുകള്‍  വ്യക്തമാക്കുന്നു .  പിടികൂടിയ  വേട്ടക്കാരെ  വളരെ  മോശമായ  രീതിയില്‍  ആണ്  ഫോസെയും  കൂട്ടരും  കൈകാര്യം ചെയ്യുന്നത്  എന്ന  ആരോപണം  ഉയര്‍ന്നു . വേട്ടക്കാരുടെ  കൂട്ടത്തില്‍  ഉണ്ടായിരുന്ന  കൊച്ചു  കുട്ടികള്‍ക്ക്  പോലും  ഫോസേ , പാഠം  പഠിപ്പിക്കാനെന്ന പേരില്‍  കനത്ത  ശിക്ഷകള്‍  കൊടുത്തു  എന്ന്  ചിലര്‍  ആരോപിക്കുന്നുണ്ട് . കാട്ടിലെ  ഗൊറില്ലകളെ  പ്രാണനെക്കാളേറെ  സ്നേഹിച്ച  ഫോസേ  പക്ഷെ  ചുറ്റുമുള്ള  കറുത്ത കാപ്പിരികളെ  കുരങ്ങുകളെക്കാള്‍  താഴെയുള്ളവര്‍ ആയി ആണ്  കണ്ടത് എന്ന് ശത്രുക്കള്‍ ആരോപിച്ചു . എന്തായാലും  ശത്രുക്കളുടെ എണ്ണം  നാള്‍ക്കുനാള്‍  വര്‍ധിച്ചു  വന്ന  ഒരു നാള്‍  ഫോസേ  വധിക്കപ്പെട്ടു ! (December 26, 1985) . കാട്ടിനുള്ളിലെ  കുടിലിനുള്ളില്‍  മരിച്ചു  കിടക്കുമ്പോള്‍  അവര്‍ക്ക് അന്‍പത്തിമൂന്ന്  വയസ് മാത്രമായിരുന്നു  പ്രായം ! ആര്  എന്തിന് ചെയ്തു  എന്നത്  ഇപ്പോഴും ഉത്തരം  കിട്ടാതെ  കിടക്കുന്നു .

ഒരു  മൃഗസ്നേഹിക്ക്  മൃഗങ്ങളെ  മാത്രമേ  സ്നേഹിക്കാന്‍  പറ്റൂ  പക്ഷേ ഒരു  മനുഷ്യ സ്നേഹിക്ക്  മനുഷ്യനെയും  മൃഗങ്ങളെയും  സ്നേഹിക്കാന്‍ കഴിയും എന്നാണ്  ഫോസേയെക്കുറിച്ച്  ചിലര്‍  പറയുന്നത് .  Gorillas in the Mist ഫോസേയെക്കുറിച്ചുള്ള ചിത്രമാണ് .

Image

ഒരു അഭിപ്രായം പറയൂ