Marajó - ആമസോണ്‍ പ്രസവിച്ച ദ്വീപ്

Share the Knowledge

ഭൂമിയിലെ  ഒട്ടുമിക്ക  നദികളിലും  ദ്വീപുകളുണ്ട് .  ഇത്തരം  നദീദ്വീപുകള്‍  ചിലപ്പോള്‍  നദിയുടെ  കൂടെത്തന്നെ  പിറവിയെടുത്തതാവാം അല്ലെങ്കില്‍ ഭൂമികുലുക്കത്തില്‍  രൂപപ്പെട്ടതാകാനും വഴിയുണ്ട് .  ഇത്തരം നദീദ്വീപുകളില്‍   ഭീമനാണ്  ബ്രഹ്മപുത്രയിലെ മജുലി  (Mājuli). എന്നാല്‍  വേറെ  ചില  തുരുത്തുകള്‍  ഉണ്ട് ,   നദി  പ്രസവിക്കുന്ന  ദ്വീപുകള്‍  ! .  പുഴ  വഹിച്ചുകൊണ്ട്  വരുന്ന  എക്കലുകള്‍  അടിഞ്ഞാണ് (Alluvial) ഈ   ദ്വീപുകള്‍  കാലാന്തരത്തില്‍  പിറവിയെടുക്കുന്നത് .  ഇത്തരം  നദീജന്യ (Fluvial) ദ്വീപുകളില്‍  ഏറ്റവും  വലുതാണ്‌  ആമസോണ്‍  നദിയുടെ  അറ്റ്ലാന്‍റ്റിക്ക്  അഴുമുഖതുള്ള   മരാജോ .  ആമസോണിലെ ഈ എക്കല്‍  ദ്വീപ്   വലിപ്പത്തില്‍    സ്വിറ്റ്സര്‍ലന്‍ഡ്  രാജ്യത്തിന്‍റെ  അത്ര തന്നെയുണ്ട്‌ ! (40,100ചതുരശ്ര കി . മീറ്റര്‍ )

ആമസോണ്‍  തള്ളിക്കളയുന്ന എക്കലിന്റെയും ജലത്തിന്റെയും  അളവ്  അറിയണമെങ്കില്‍ ജാനുവരി  മുതല്‍  ജൂണ്‍  വരെ നദിയുടെ   അഴിമുഖത്ത്  ചെന്നാല്‍  മതി .  കടല്‍ ജലത്തെ  കിലോമീറ്റകറോളം  പുറത്തേക്ക്  തള്ളിയോഴുകുന്ന ആമസോണ്‍  ശുദ്ധജലം കടല്‍തീരം മുഴുവനും  കീഴടക്കിയിരിക്കുന്നത്  കാണാം ! സ്ഥിരമായുള്ള  എക്കലിന്റെ  സാന്നിധ്യം കാരണം ജലത്തിന്‍റെ  നിറം തന്നെ  നദിയുടെ  പേരായി  മാറിയ ചരിത്രമാണ്  ചൈനയിലെ  മഞ്ഞ  നദിക്കുള്ളത് (“Yellow River”).

Marajó ദ്വീപ് ഒറ്റക്കല്ല സ്ഥിതി  ചെയ്യുന്നത്  കൂട്ടത്തില്‍  അനേകം ചെറു  ദ്വീപുകളും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് .  ദ്വീപിന്‍റെ  കിഴക്കേയറ്റം  സാവന്നാ  പുല്‍മെടുകളാല്‍ നിറഞ്ഞിരിക്കുന്നു .  അവിടെ ഫാമുകളും,  കൃഷിയിടങ്ങളും (fazenda) ധാരാളം  ഉണ്ട് .  ദ്വീപിനുള്ളിലെ  തടാകമായ Arari ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത് . വേനല്‍ക്കാലത്ത് പക്ഷെ ഈ തടാകം  എണ്‍പത് ശതമാനവും  വറ്റി വരണ്ടു  പോകും .  ഇവിടെയുള്ള  ചതുപ്പില്‍ ധാരാളം പോത്തുകള്‍ (water buffalo) മേഞ്ഞു നടക്കുന്നു . ദ്വീപിന്‍റെ പടിഞ്ഞാറ്  ഭാഗം  മുഴുവനും várzea എന്നയിനം  കാടുകളാണ് .  ആമസോണില്‍ വെള്ളപ്പൊക്കത്തില്‍ വന്നടിയുന്ന മണ്ണില്‍  തഴച്ചു  വളരുന്ന  ഇടതൂര്‍ന്ന പച്ചപ്പിനെയാണ് várzea എന്ന്  വിളിക്കുന്നത്‌ .  ഇരുപതോളം  ചെറു  പുഴകളുള്ള  ഈ കൂറ്റന്‍ ദ്വീപിന്‍റെ വടക്കുഭാഗം  മുഴുവനും ചതുപ്പാണ്‌ .  ഇവിടെ വെള്ളപ്പൊക്കക്കാലത്ത്  മീറ്ററുകളോളം ജലം  ഉയരും . അതിനാല്‍ തന്നെ  തടികളാല്‍  ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്ഫോമുകള്‍  ഉള്ള palafita എന്ന  രീതിയിലുള്ള  വീടുകളാണ് ഇവിടെയുള്ളത് . ദ്വീപിലെ ഏറ്റവും വലിയ  ജനവാസകേന്ദ്രം Breves ആണ് .

ദ്വീപില്‍ ക്രിസ്തുവിനും നാനൂറു വര്‍ഷങ്ങള്‍ക്കു  മുന്‍പേ മനുഷ്യവാസം  ഉണ്ടായിരുന്നതായി  തെളിവുകള്‍  സൂചിപ്പിക്കുന്നു . ക്രിസ്തുവിനും  ആയിരം  വര്‍ഷങ്ങള്‍ക്കു ശേഷം  ഈ തുരുത്തില്‍ ജീവിച്ചിരുന്ന Marajoara വര്‍ഗ്ഗക്കാരില്‍ നിന്നുമാണ്   ദ്വീപ്  പേര്  കടംകൊണ്ടത് .   അനേകം  ഗോത്രങ്ങളായി ജീവിച്ചിരുന്ന ആ വര്‍ഗ്ഗങ്ങള്‍ പോര്‍ട്ടുഗീസുകാരുടെ  വരവോടെ  സാംക്രമികരോഗങ്ങള്‍  പിടിപെട്ട്  നാമാവിശേഷമായി .  എന്നാല്‍ 1918 ലെ സ്പാനിഷ് ഫ്ലൂവിന്റെ സമയത്ത്  ഇവിടെ  ഒരൊറ്റ  മരണം  പോലും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടില്ല .  ദ്വീപിലെ  ഇന്നത്തെ  ജനസംഖ്യ രണ്ടരലക്ഷമാണ് .  തിരക്കിലാത്ത ബീച്ചുകളുടെ  സാന്നിധ്യം  കാരണം മരാജോ  ഇന്ന് ഒരു പ്രമുഖ  വിനോദസഞ്ചാരകേന്ദ്രമാണ് .  Soure എന്ന്  പേരുള്ള  ദ്വീപിലെ സമുദ്രതീരനഗരത്തില്‍  എത്തണമെങ്കില്‍ Belém പട്ടണത്തില്‍ നിന്നും  ബോട്ടുമാര്‍ഗം  എത്തിച്ചേരണം .  ബെത് ലഹെമിന്റെ പോര്‍ട്ടുഗീസ് ഭാഷാപ്രയോഗമാണ്  ബെലെം .  

Marajó Archipelago പരിസ്ഥിതി സംരക്ഷണ മേഖല 


മരാജോ  ദ്വീപും ചുറ്റുമുള്ള മൂവായിരത്തോളം  ചെറുതുരുത്തുകളും  ഉള്‍പ്പെടുന്ന ഈ ജൈവമേഖലയില്‍    മഴക്കാടുകളും സാവന്നമേടുകളും ചതുപ്പ് നിലങ്ങളും , പുഴകളും , ചെറു ദ്വീപുകളും , കണ്ടല്‍വനങ്ങളും , ഉപ്പ് നിലങ്ങളും ഉള്‍പ്പെടുന്നു . ഇവിടെ ധാരാളം  കാണുന്ന  പോത്തിന്‍കൂട്ടങ്ങള്‍  പക്ഷെ നമ്മുടെ നാട്ടുകാരാണ് .  പണ്ടെങ്ങോ  ഇന്ത്യയില്‍ നിന്നും  മൃഗങ്ങളെ  കയറ്റി വന്ന ഒരു കപ്പല്‍ ദ്വീപിനടുത്ത്  വെച്ച്  അപകടത്തില്‍ പെട്ടപ്പോള്‍  രക്ഷപെട്ട  പോത്തുകളുടെ പിന്‍ഗാമികള്‍  ആണ് ഇന്നിവിടെ കൂട്ടം കൂട്ടമായി അലഞ്ഞുതിരിയുന്നത് എന്നത്  കൌതുകകരമാണ് .

Pororoca  എന്ന  ആമസോണ്‍ പ്രതിഭാസം 


ഭൂമിയില്‍  ചിലയിടങ്ങളില്‍  മാത്രം കാണപ്പെടുന്ന കൗതുകകരമായ  ഒരു  പ്രതിഭാസമാണിത് .  ആമസോണ്‍  നദിയുടെ അഴിമുഖത്ത്  രൂപപ്പെടുന്ന തിരമാലകള്‍  നദിയുടെ  ഒഴുക്കിനെതിരായി എണ്ണൂറോളം  കിലോമീറ്ററുകള്‍  ഉള്ളിലേക്ക് സഞ്ചരിക്കുന്ന അത്ഭുതകാഴ്ചയാണിത് ! ചിലപ്പോള്‍ നാല് മീറ്ററോളം  ഉയരുന്ന തിരകള്‍ ഉണര്‍ത്തുന്ന  മായകാഴ്ചകാണാന്‍  മരാജയില്‍ സഞ്ചാരികള്‍  കൂട്ടമായി  എത്തും .  ഈ തിരകളിലൂടെ ആമസോണ്‍ നദിക്കുള്ളിലെക്കുള്ള  സര്‍ഫിംഗ് ഏറ്റവും അപകടം  പിടിച്ച കായിക വിനോദമാണ്‌ .  കൂറ്റന്‍ പാറകളും തടിക്കഷ്ണങ്ങളും ആണ്  അപകടം  വരുത്തി വെയ്ക്കുന്നത് . എങ്കിലും വര്‍ഷാവര്‍ഷം സര്‍ഫിംഗ് ടൂര്‍ണ്ണമെന്റുകള്‍  ഇവിടെ നടത്താറുണ്ട്‌ .  മുപ്പത്തിയേഴ്  മിനിട്ട് കൊണ്ട് പന്ത്രണ്ടര കിലോമീറ്റര്‍ സര്‍ഫിംഗ് നടത്തിയതാണ്  ഇപ്പോഴുള്ള റെക്കോര്ഡ് .

 

Image

ഒരു അഭിപ്രായം പറയൂ