99 ലെ വെള്ളപ്പൊക്കം

Share the Knowledge

മറക്കാനാവില്ല കേരളത്തിന് ആ പ്രളയത്തെ. ദൈവത്തിന്റെ സ്വന്തം നാടിനെ ഇളക്കിമറിച്ച ’99 ലെ വെള്ളപ്പൊക്കം’. ഇങ്ങനെയൊരു വെള്ളപൊക്കമൊ പ്രളയമൊ കേരളം ഇതുവരെ കണ്ടിട്ടുണ്ടാവില്ല. ഇരുപതാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ പ്രളയമായിരുന്നു അത്. കേരള ഭൂപ്രകൃതിയെയും ജീവിതത്തേയും ആകമാനം തകിടംമറിച്ച ‘തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം. കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരില്‍ ഇതറിയപ്പെടുന്നത്.

1099 കര്‍ക്കടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയിരുന്നു. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു.  സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതാണ്. ഇതില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതിന് കണക്കുകളില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു, വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിനടന്നു.

മലയാളമണ്ണില്‍ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം വിതച്ച വിപത്തുകള്‍ വളരെ വലുതായിരുന്നു. കേരളമൊട്ടാകെ ഗതാഗതം മുടങ്ങി. റെയില്‍പാളങ്ങള്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു.
മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. ഏറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. ആലപ്പുഴ പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ന്നു എന്നാണ് രേഖകള്‍ പറയുന്നത്.

മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മഴപെയ്തുണ്ടായ മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചിരുന്നു. കര്‍ക്കടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെതന്നെ ഇല്ലാതായി.

മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം മഴയ്ക്കൊപ്പം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നു താനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.

മലമുകളിലെ വെള്ളപ്പൊക്കം


സമുദ്രനിരപ്പിൽ നിന്ന് 6,500 അടിയിലേറെ ഉയരത്തിലുള്ള മൂന്നാറിനെ വരെ വെള്ളപ്പൊക്കം ബാധിച്ചു. 99ലെ പ്രളയം മൂന്നാറിനെ നശിപ്പിച്ചുകളഞ്ഞു. ഒപ്പം കുണ്ടളവാലിയെയും. ബ്രട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന അന്നത്തെ മുന്നാർ അറിയപ്പെട്ടിരുന്നത് ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്നായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. വൻമരങ്ങൾ കടപുഴകി വീണു. മാട്ടുപെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്‌ഥലത്തു തനിയെ ഒരു ബണ്ട് രൂപപ്പെട്ടു. ഇന്ന് ഇവിടെ ചെറിയൊരു അണക്കെട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും മഴ തുടർന്നു. രാവും പകലും പെയ്ത മഴയിൽ മൂന്നാറിന്റെ വിവിധ സ്‌ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നു. അണക്കെട്ട് പൊട്ടിയതു പോലെയുള്ള വെള്ളപ്പാച്ചിലിൽ മൂന്നാർ പട്ടണം തകർന്നു തരിപ്പണമാക്കി.

റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്‌ഥലം പ്രളയത്തിൽ ഒരു വൻ തടാകമായി മാറി. മഴ തുടങ്ങിയതിന്റെ ആറാംദിനം അവിടുണ്ടായിരുന്ന അണക്കെട്ട് പൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടായി. പള്ളിവാസലിൽ 200 ഏക്കർ സ്‌ഥലം ഒറ്റയടിക്ക് കുത്തി യൊലിപ്പിച്ചു കൊണ്ടായിരുന്നു പ്രളയം അവിടെ താണ്ഡവമാടിയത്. വെള്ളപ്പൊക്കത്തിന് ശേഷം പള്ളിവാസലിന്റെ രൂപം തന്നെ മാറിയിരുന്നു. പൂർണമായും തകർന്ന മൂന്നാറിനെ വീണ്ടും ഉയർത്തെഴുനേൽപ്പിച്ചത് ബ്രിട്ടീഷുകാർ തന്നെയാണ്. തേയിലയ്ക്കു പേരുകേട്ട മൂന്നാറിലെ മണ്ണിൽ അവർ വീണ്ടും തേയിലച്ചെടികൾ നട്ടും റോഡുകൾ നന്നാക്കിയും പഴയ മൂന്നാറിനെ പുനഃസൃഷ്്ടിച്ചു. വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടം റെയിൽ ഗതാഗതം തന്നെയായിരുന്നു. കുണ്ടളവാലി റെയിൽവെ എന്നന്നേക്കുമായി നാമവശേഷമായി. പ്രളയത്തിനു ശേഷം ഇന്നു വരെ മൂന്നാറിൽ റെയിൽവേ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയം നശിപ്പിച്ച പഴയമൂന്നാറിന്റെ അവശിഷ്ടങ്ങൾ ഇന്നും മൂന്നാറിൽ ചരിത്രത്തിന്റെ സ്മാരകമായി അവശേഷിക്കുന്നു. ഇന്നത്തെ ടാറ്റാ ടീ ലിമിറ്റഡിന്റെ ഹൗസിംഗ് റീജീണൽ ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടമാണ് പണ്ടത്തെ മൂന്നാർ റെയിൽവേ സ്റ്റേഷൻ.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോള്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന് വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

‘കുണ്ടളവാലി റെയില്‍വേ’ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങള്‍ ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പ്രളയം പള്ളിവാസലിന്‍റെ രൂപം തന്നെ മാറ്റിക്കളഞ്ഞു.

കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. ‘പഴയ ആലുവ- മൂന്നാര്‍ റോഡ്‌’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരിയാറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയ്ക്കടുത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു ഭാഗത്തെ ഭൂപടത്തില്‍ നിന്നുതന്നെ തുടച്ചുനീക്കി.

അന്ന് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

പൂര്‍ണ്ണമായും തകര്‍ന്ന മൂന്നാറിനെ വീണ്ടും ഒരുയര്‍ത്തെഴുനേല്‍പ്പിനു സഹായിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. അവര്‍ അവിടെ വീണ്ടും തേയിലച്ചെടികള്‍ നട്ടും റോഡുകള്‍ നന്നാക്കിയും പഴയ മൂന്നാറാക്കി മാറ്റി.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് ’99ലെ വെള്ളപ്പൊക്കം’ എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്.


സ്‌കൂള്‍ ചുമരില്‍ പ്രളയത്തിന്റെ അടയാളം……

99-ലെ വെള്ളപ്പൊക്കമെന്ന് പേരുകേട്ട പ്രളയത്തിന്റെ അടയാളപ്പെടുത്തല്‍ കൊടുങ്ങല്ലൂര്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന എല്‍തുരുത്ത് ശ്രീനാരായണവിലാസം സ്‌കൂളിന്റെ ചുമരില്‍ കാണാം.

ഏകദേശം അഞ്ചരയടി ഉയരത്തില്‍ സ്‌കൂള്‍ ചുമരിലാണ് ‘FLOOD LEVEL 1099’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യം പ്രധാന കെട്ടിടത്തിന്റെ ചുമരിലായിരുന്നു ഈ രേഖ അടയാളപ്പെടുത്തിയിരുന്നത്. കാലപ്പഴക്കത്തില്‍ ഈ കെട്ടിടം സംരക്ഷിക്കാനാവാതെ പൊളിച്ചുനീക്കിയപ്പോള്‍ രേഖപ്പെടുത്തല്‍ അതേ അളവോടും കൃത്യതയോടെയും ഈ കെട്ടിടത്തില്‍ അടയാളപ്പെടുത്തി.
തമിഴ്‌നാട്ടിലെ പ്രളയദുരിതങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയുമ്പോള്‍ കഴിഞ്ഞതലമുറ നേരിട്ടനുഭവിച്ച ദുരിതത്തെക്കുറിച്ച് വാമൊഴിയായി പകര്‍ന്നുകിട്ടിയ ഓര്‍മ്മകള്‍ ഇപ്പോഴും മുതിര്‍ന്നവരിലുണ്ട്. മേത്തലയും കൊടുങ്ങല്ലൂരിന്റെ പ്രധാനഭാഗങ്ങളും അന്നത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചതിനുപുറമെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും ചത്തു. വന്യമൃഗങ്ങളും ഒഴുക്കില്‍പ്പെട്ട് എത്തിയിരുന്നു.
ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെ മേല്‍ക്കൂരയിലും തട്ടിന്‍പുറത്തുമൊക്കെ അഭയം തേടി. വ്യാപകമായ കൃഷിനാശമുണ്ടായി- പഴമക്കാര്‍ പറഞ്ഞത് മുതിര്‍ന്നവര്‍ ഭീതിയോടെ ഓര്‍ക്കുന്നു.
മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയാണ് അന്ന് നാടിനെ പ്രളയത്തില്‍ മുക്കിയത്. കരിന്തിരി മലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് മൂന്നാറിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പിന്നീട് കോതമംഗലത്തുനിന്ന് മൂന്നാറിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കേണ്ടിവന്നു. മൂന്നാറിലെ കുണ്ടളവാലി നാരോഗേജ് റെയില്‍വെ ലൈനും പൂര്‍ണമായും നശിച്ചു. മാസങ്ങളോളം നീണ്ട ദുരിതമാണ് 1099 ലെ വെള്ളപ്പൊക്കം നാടിന് സമ്മാനിച്ചത്.

കടപ്പാട് :  Sajeesh Joy ,  www.evartha.in,  വി.ആർ. അരുൺകുമാർ, മാതൃഭൂമി 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ