സ്കർവിയും , നേവിയും, വിറ്റാമിന് സി യും

Share the Knowledge

1497ൽ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പൽ കയറിയ വാസ്കോ ഡാ ഗാമ ഇന്ത്യയിൽ എത്തുമ്പോൾ അമ്പതോളം നാവികർ മാത്രമാണ് അവശേഷിച്ചിരുന്നത്.

ശരീരം മുഴുവൻ നീരുവെച്, മോണകൾ വീർത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്.

“Many of our men fell ill here, their feet and hands swelling, and their gums growing over their teeth so that they could not eat.”
– Vascodagama

ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലൻ ആയിരുന്നു മേൽപ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആർക്കും വ്യക്തമായിരുന്നില്ല. സ്കർവി (scurvy) എന്നാണ് ഈ രോഗത്തെ നാവികർ വിളിച്ചിരുന്നത്. കടലിൽ പടരുന്ന പ്ളേഗ് എന്നാണ് 1600കളിലെ ബ്രിട്ടീഷ് ക്യാപ്റ്റൻ ആയിരുന്ന സർ റിച്ചാർഡ് ഹോക്കിൻസ് വിശേഷിപ്പിച്ചത്. 20 വർഷത്തെ നാവികജീവിതത്തിനിടയിൽ തന്റെ കമന്റിൽ ഉള്ള പതിനായിരം നാവികരെ എങ്കിലും ഈ രോഗം അപഹരിച്ചിട്ടുണ്ടെന്നു ക്യാപ്റ്റൻ ഹോക്കിൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളുടെ കാലത്ത് ഏതാണ്ട് രണ്ട് ദശലക്ഷം നാവികരുടെ എങ്കിലും ജീവൻ അപഹരിച്ച രോഗമാണ് സ്കർവി.

1740ൽ 1800ഓളം നാവികരും എട്ട് കപ്പലുകളും ആയി ദക്ഷിണദ്രുവത്തിലേക്കു യാത്ര ചെയ്ത കോമോഡോർ ജോർജ് അന്സൺ നാല് വർഷത്തിന് ശേഷം തിരിച്ചെത്തിയത് വെറും ഒരു കപ്പലും 188 നാവികരുമായാണ്. മഹാഭൂരിപക്ഷവും രോഗബാധ മൂലം മരണമടഞ്ഞു.

1780കളിലെ അമേരിക്കൻ സ്വാതന്ത്ര്യ സമരകാലത്തെ രസകരമായ ഒരു സ്ഥിതിവിവരകണക്കു ബ്രിട്ടീഷ് നേവിയിലെ ഡോക്ടർ ആയിരുന്ന സർ ഗിൽബർട് ബ്ലൈൻ രേഖപ്പെടുത്തിയിരുന്നു. അക്കാലത്തു ബ്രിട്ടന്റെ ഇരുപതോളം യുദ്ധക്കപ്പലുകൾ വെസ്റ്റ് ഇന്ത്യൻ കടലുകളിൽ മറ്റു യൂറോപ്യൻ ശക്തികളുമായി യുദ്ധത്തിൽ ആയിരുന്നു. അക്കാലത്തു മരിച്ച 1600ഓളം ബ്രിട്ടീഷ് നാവികരിൽ വെറും 60 പേര് മാത്രമാണ് ശത്രുവിനാൽ കൊല്ലപ്പെട്ടത്. ബാക്കി 1518പേരും ഈ രോഗം മൂലമാണ് മരിച്ചത്.

വിഫലമായ പലതരം ആന്റി-സ്കർവി നടപടികൾ ലോകമെമ്പാടും നാവികർ കൈക്കൊണ്ടു. ഏതാണ് ഫലപ്രദം, എങ്ങനെയാണ് ഫലപ്രദം എന്നതിനെപ്പറ്റി യാതൊരു ധാരണയും അവർക്കാർക്കും ഇല്ലായിരുന്നു.

കടലിലെ ദൂഷിതമായ കടൽക്കാറ്റാണ് കാരണം എന്നായിരുന്നു പൊതുവായി അംഗീകരിച്ച ധാരണ. കടൽക്കാറ്റു കാരണം ശരീരം അശുദ്ധമാവുന്നു എന്നായിരുന്നു സിദ്ധാന്തം. ശരീരത്തെ ശുദ്ധീകരിക്കുന്ന പലതരം വഴികൾ അവർ പരീക്ഷിച്ചിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത അനവധി സിദ്ധാന്തങ്ങളിൽ ഒന്നായി അമ്ലസ്വഭാവം ഉള്ള ഭക്ഷണം കഴിച്ചാൽ ശരീരധാതുക്കളെ ശുദ്ധീകരിക്കാം എന്നൊരു ധാരണ അന്ന് നിലനിന്നിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് കഴിക്കുക എന്നതും ഒരു പ്രതിവിധി എന്ന നിലയിൽ പലരും നടപ്പിലാക്കി. 1600കളിൽ തന്നെ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്ന ജോൺ വുഡാൽ ഓറഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും മറ്റ് പല നിർദ്ദേശങ്ങളും പോലെ അടിസ്ഥാനമോ തെളിവോ ഒന്നും അതിനില്ലായിരുന്നു. ഇത്തരത്തിൽ പലതരം വഴികൾ പരീക്ഷിച്ചു നാവികർ യാത്ര തുടർന്നു. പല തരം വഴികളിൽ ഏതോ ചിലത് ഫലിക്കാനും തുടങ്ങി. സ്കർവി മരണങ്ങൾ കുറഞ്ഞു വന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണം/ പ്രതിവിധി എന്ന് തീർപ്പായില്ല.

ഇവിടെയാണ് 1740കളിൽ ബ്രിട്ടീഷ് നേവിയിലെ ഡോക്ടർ ആയിരുന്ന ജെയിംസ് ലിൻഡിന്റെ പ്രാധാന്യം. വൈദ്യചരിത്രത്തിലെ ആദ്യ ക്ലിനിക്കൽ ട്രയൽ നടത്തിയത് ലിൻഡ് ആണ്.
1747ൽ സ്കർവി ബാധിച്ച 12 രോഗികളെ ഈരണ്ടു പേർ അടങ്ങുന്ന ആറു ഗ്രൂപ്പുകൾ ആയി ലിൻഡ് തിരിച്ചു. മറ്റെല്ലാ രീതിയിലും ഒരു പോലെ പരിഗണിക്കപ്പെട്ട ഇവർക്ക് ഓരോരുത്തർക്കും ഒരു ഭക്ഷണം മാത്രം അധികം കൊടുത്തു. ആദ്യ ഗ്രൂപ്പിന് ഇരുപത്തഞ്ച് തുള്ളി സള്ഫയൂരിക്ക് ആസിഡ് (പേര് കേട്ട് പേടിക്കേണ്ട, അല്പം പുളി വരുന്നതിനു അക്കാലത്തു ഭക്ഷണത്തിൽ ചേർത്തിരുന്ന വസ്തു ആയിരുന്നു നേർപ്പിച്ച സള്ഫയുരിക് ആസിഡ്. 🙂 ). അടുത്ത ഗ്രൂപ്പിന് ആപ്പിൾ ജ്യൂസ്, മറ്റൊന്നിന് രണ്ടു തുള്ളി വിനാഗിരി, അതുതത്തിന് ബാർലി വെള്ളം, അഞ്ചാമത്തെ ഗ്രൂപ്പിന് കടൽ വെള്ളം, ആറാമത്തെ ഗ്രൂപ്പിന് ഓറഞ്ചും നാരങ്ങയും.

ലിൻഡിന്റെ ട്രയലിന് ഒരാഴ്ച്ച കൊണ്ട് തന്നെ റിസൾട്ട് കിട്ടി. നാരങ്ങയും ഓറഞ്ചും കഴിച്ച ഗ്രൂപ്പിലെ വ്യക്തികൾ സുഖം പ്രാപിക്കാൻ തുടങ്ങി. ആറു ദിവസം കൊണ്ട് രണ്ടിൽ ഒരാൾ പൂർണമായി സുഖം പ്രാപിക്കുകയും ചെയ്തു.

വൈകാതെ നേവിയിൽ നിന്ന് വിരമിച്ച ലിൻഡ് തന്റെ കണ്ടെത്തലുകൾ 1753ൽ ‘A treatise of scurvy’ എന്ന പുസ്തകത്തിൽ വിവരിച്ചു. നാരങ്ങ കഴിച്ചാൽ സ്കർവി മാറ്റാം എന്നത് പക്ഷെ, അന്ന് അധികം അംഗീകരിക്കപ്പെട്ടില്ല. രോഗത്തിന് വിചിത്രമായ ശുദ്ധ-അശുദ്ധികൾ കാരണവും പരിഹാരവും ആയി വിധിക്കപ്പെട്ടിരുന്ന കാലം ആയിരുന്നല്ലോ അത്. എങ്കിലും നാവികലോകം അനുഭവത്തിലൂടെ ഇത് ശരിവെച്ചു. ഭക്ഷണത്തിൽ നാരങ്ങയും ഓറഞ്ചും ചേർത്താൽ സ്കർവിയെ പ്രതിരോധിക്കാം എന്നവർക്കു മനസ്സിലായി. നാവികചരിത്രത്തിലെയും, വൈദ്യചരിത്രത്തിലെയും വഴിത്തിരിവായ ഒരു ‘മഹാത്ഭുതം’ നടന്നത് 1770കളിൽ ആണ്. 1772 തൊട്ടു 1775 വരെ ദക്ഷിണദ്രുവത്തിൽ പര്യടനം നടത്തിയ ക്യാപ്റ്റൻ ജെയിംസ് കുക്കിന് തന്റെ നാവികരിൽ ഒരാളെപ്പോലും സ്കർവി കാരണം നഷ്ടപ്പെടില്ല. മൂന്ന് വർഷം യാത്ര ചെയ്തിട്ടും ഒരു സ്കർവി രോഗി പോലും ഉണ്ടായില്ല എന്നത് ലോകചരിത്രത്തിൽ അത്ഭുതം ആയിരുന്നു. 1780കളോടെ ബ്രിട്ടീഷ് നാവികപ്പടയുടെ അഡ്മിറൽ തല നേതൃത്വം കപ്പലയാത്രക്കിടയിൽ ഭക്ഷണത്തോടൊപ്പം നാരങ്ങ ജ്യൂസും ഓറഞ്ചും നൽകുന്നത് നിർബന്ധമാക്കി. അക്കാലത്തെ ബ്രിട്ടീഷ് നാവികരെ അമേരിക്കക്കാർ കളിയാക്കി വിളിച്ചിരുന്നത് ‘Limeys’ എന്നായിരുന്നു!

നാവികരുടെ ദുസ്വപ്നം ആയിരുന്ന സ്കർവിക്കു നിസ്സാരമായ പ്രതിവിധി കണ്ടെത്തിയെങ്കിലും സ്കർവിയുടെ കാരണമോ, നാരങ്ങ എന്ത് ചെയ്യുന്നു എന്നോ അന്നും അറിയില്ലായിരുന്നു. നാരങ്ങയിലെ ഏതോ ശക്തി/രസം ശരീരത്തിലെ ഏതോ ദോഷത്തെ ശുദ്ധീകരിക്കുന്നു എന്നത് തന്നെ ആയിരുന്നു വിശദീകരണം.

പിന്നെയും നൂറ് വര്ഷങ്ങള്ക്കു ശേഷം 1830കളിൽ ജോൺ എല്ലിയോസ്റ്റേണും 1842ൽ ജോർജ് ബഡ്ഡും ശരീരത്തിന് ആവശ്യമായ ഏതോ ഒരു പ്രത്യേക രാസവസ്തുവിന്റെ അഭാവമാണ് സ്കർവി എന്നും നാരങ്ങയിലൂടെ ആ വസ്തു ശരീരത്തിന് ലഭിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്രം കഥകളിൽ നിന്ന് നിരീക്ഷണ-പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയവീക്ഷണം പിൻപറ്റി തുടങ്ങിയ കാലഘട്ടം ആയിരുന്നു അത്.

പ്രോട്ടീനുകളും, കാർബോഹൈഡ്രേറ്റുകളും,കൊഴുപ്പും കൂടാതെ മറ്റനവധി അവശ്യവസ്തുക്കൾ ചെറിയ തോതിൽ ശരീരത്തിന് ആവശ്യം ആണെന്ന് പിന്നീട് പലരും കണ്ടെത്തി. അനവധി രാസവസ്തുക്കൾ മനുഷ്യ- ജന്തു-സസ്യ ശരീരങ്ങളിൽ നിന്ന് കണ്ടെത്തി.

സ്കർവിയെ പ്രതിരിധിക്കുന്ന വസ്തു വിറ്റാമിൻ സി ആണെന്ന് 1908ൽ Axel Holst, Theodore Frolic എന്നിവർ കണ്ടെത്തി. വിറ്റാമിൻ സി യുടെ രാസഘടന പിന്നീട് 1930കളിൽ കണ്ടെത്തി. മൂന്നു നോബൽ സമ്മാനങ്ങൾക്കു കാരണമായ പരീക്ഷണങ്ങൾ വിറ്റാമിൻ സി യിൽ നടന്നിട്ടുണ്ട്.

BY  Anand S Manjeri

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ