The Return of the Ethiopian Lion !

Share the Knowledge

ഓരോ ദിവസവും എത്രയെത്ര ജീവിവര്‍ഗ്ഗങ്ങളെയാണ്  ഗവേഷകര്‍  കണ്ടെത്തിക്കൊണ്ടിരിക്കുന്നത് ! ഭൂമിയിലെ ഇരുണ്ട കോണുകളില്‍ നാം  അറിയാത്ത എത്രയോ ജീവികള്‍  ഇനിയും  ഉണ്ടാകും ? സമുദ്രത്തിന്‍റെ  അന്തരാളങ്ങളില്‍  നിന്നും , വിയറ്റ്‌നാമിലെ  ഇടതൂര്‍ന്ന  വനങ്ങളില്‍  നിന്നും ,  ഭൂമിയിലെ  ആഴമേറിയ ഗുഹകളില്‍  നിന്നും , ആഫ്രിക്കയിലെ പുല്‍മേടുകളില്‍  നിന്നും , ഹിമാലയത്തിലെ മഞ്ഞുമേടകളില്‍  നിന്നും  .. അങ്ങിനെ  പലയിടത്ത്  നിന്നും പുതിയ  ജീവികളെ  നാം  ദിവസേന എന്ന കണക്കില്‍  പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു .  എന്നാല്‍  ഒരു കാഴ്ചബംഗ്ലാവില്‍  നിന്നും  ഒരു പുതുജീവിവര്‍ഗ്ഗത്തെ  കണ്ടെത്തിയാലോ ?

അത്തരം  വിചിത്രമായ ഒരു കണ്ടെത്തല്‍  കഥയാണ്  എത്യോപ്യന്‍ ലയണ്‍  എന്ന കറുത്ത സടയുള്ള  ആഡിസ് അബാബാ സിംഹത്തിന് പറയാനുള്ളത് . 1914 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ്  റൂസ്‌വെല്‍ട്ടിന്  സമ്മാനമായി  കിട്ടിയ  ഒരു സിംഹത്തെ പഠന വിധേയമാക്കിയ  Edmund Heller, അതൊരു പ്രത്യക വര്‍ഗമാകാന്‍ സാധ്യത  ഉണ്ട്  എന്ന അനുമാനത്തില്‍ Panthera leo roosevelti എന്ന് നാമകരണം  ചെയ്തു . പിന്നീട്  ഈ സിംഹത്തിന്‍റെ  കൂടുതല്‍ വര്‍ഗ്ഗക്കാരെ എത്യോപ്യയില്‍  നിന്നും  കണ്ടെത്തുവാന്‍  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . അപ്പോഴാണ്‌  തലസ്ഥാനമായ ആഡിസ് അബാബയിലെ മൃഗശാലയില്‍ കിടക്കുന്ന സിംഹങ്ങളെപ്പറ്റി  ചിലര്‍  ഓര്‍ത്തത്‌ .  അവയെ പഠന വിധേയമാക്കിയപ്പോള്‍  ഒരു കാര്യം മനസ്സിലായി . ഇവറ്റകള്‍  മറ്റ് ആഫ്രിക്കന്‍  സിംഹങ്ങളില്‍  നിന്നും  തികച്ചും വ്യത്യസ്തരാണ് . ഇവ റൂസ്‌വെല്‍ട്ടിന്  കിട്ടിയ സിംഹത്തിന്‍റെ അതേ വര്‍ഗ്ഗക്കാരും  ആണ് .  പക്ഷെ  ഇവരുടെ ബാക്കി ആളുകള്‍  എവിടെ ? ഏത്  വനത്തില്‍  നിന്നാണ്  ഇവരെ കിട്ടിയത് ?  നേരത്തെ തന്നെ മൃഗശാലയില്‍  ഉണ്ടായിരുന്ന  സിംഹങ്ങളുടെ  പിന്‍ഗാമികള്‍ ആണ്  ഇപ്പോള്‍  ഉള്ളത് .  അപ്പോള്‍ ആദ്യം  എത്തിയ സിംഹങ്ങളെ  കുറിച്ചായി അന്വേഷണം .  ഈ സിംഹങ്ങളെ  സുഡാന്‍  അതിര്‍ത്തിയില്‍  ഉള്ള  എത്യോപ്യന്‍ ഹൈലാണ്ട്സില്‍  നിന്നുമാണ്  ലഭിച്ചത് (1948) എന്ന്  ചിലര്‍  പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍  ചില  അന്വേഷണങ്ങള്‍  നടത്തിയെങ്കിലും  മോശമായ രാഷ്ട്രീയ കാലാവസ്ഥയും  അവിടേക്ക് എത്തിച്ചേരാനുള്ള പ്രയാസവും  കാരണം കൂടുതല്‍  ഗവേഷണങ്ങള്‍  പിന്നീട് നടന്നില്ല .  മൃഗശാലയില്‍  ഉള്ള സിംഹങ്ങളുടെതിനു സമാനമായ ആകാരമുള്ള ചില സിംഹങ്ങളെ  കണ്ടതായി  ചില ആദിവാസി വര്‍ഗ്ഗകാരുടെ റിപ്പോര്‍ട്ടുകള്‍  കിട്ടിയെങ്കിലും  ആര്‍ക്കും സ്ഥിരീകരിക്കാന്‍  കഴിഞ്ഞില്ല . മറ്റു ഭൂവിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു  കിടക്കുന്ന എത്യോപ്യന്‍ മലനിരകളില്‍ വംശവര്‍ധനവ്‌  നടത്താനാവാതെ  ഈ വര്‍ഗ്ഗം  നാമാവിശേഷമായികാണും എന്ന്  പിന്നീട്  അനുമാനിച്ചു . കറുത്ത സടയുള്ളതിനാല്‍ വേട്ടക്കാരുടെ കണ്ണില്‍  എളുപ്പം  പെടും എന്നതും  ഒരു കാരണമായി  കരുതി . അങ്ങിനെ എത്യോപ്യന്‍ സിംഹങ്ങള്‍  വന്യതയില്‍ വംശം അറ്റുപോയതായി ഗവേഷകര്‍ കരുതി . അപ്പോഴും വിരലില്‍ എന്നവുന്നത്ര സിംഹങ്ങള്‍  മൃഗശാലയില്‍ ഉള്ളതായിരുന്നു ആശ്വാസം .

അങ്ങിനെയിരിക്കെ 2006 ല്‍ ഒരു അത്ഭുതം സംഭവിച്ചു .  സുഡാന്‍ -എത്യോപ്യ അതിര്‍ത്തിയിലെ ദുര്‍ഘടമായ Alatash നാഷണല്‍ പാര്‍ക്കില്‍ ഗവേഷണം  നടത്തി വന്നിരുന്ന  Oxford University’s Wildlife Conservation Research Unit (WildCRU) ലെ അന്വേഷകരുടെ ക്യാമറ ട്രാപ്പില്‍  ഒരു കൂട്ടം സിംഹങ്ങള്‍  കുടുങ്ങി ! (https://goo.gl/DDl9yU) . വ്യക്തമായി തിരിച്ചറിയാന്‍ പറ്റിയില്ലെങ്കിലും കണ്ടെത്തിയ  ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍  അവ അപൂര്‍വ്വങ്ങളായ എത്യോപ്യന്‍ സിംഹരാജാക്കന്മാര്‍ തന്നെയെന്ന്  ഗവേഷകര്‍ ഉറപ്പിച്ചു . ക്യാമറയില്‍ കണ്ടെത്തിയ സിംഹങ്ങള്‍ക്ക്  പിറകെ നടത്തിയ അന്വേഷണത്തില്‍  കൂടുതല്‍ സിംഹങ്ങളുടെ കാല്‍പ്പാടുകള്‍ ലഭ്യമായി . ആറു ക്യാമറ ട്രാപുകളില്‍  നിന്നും ഏകദേശം അന്‍പതോളം സിംഹങ്ങള്‍ അലട്ടാഷ് മലനിരകളില്‍  ഒറ്റപ്പെട്ടു  ജീവിക്കുണ്ട് എന്ന് അനുമാനിച്ചു . ഇവയ്ക്കു  പക്ഷെ ആഡിസ് അബാബ മൃഗശാലയിലെ ബന്ധുക്കളെക്കാള്‍ വലിപ്പക്കൂടുതല്‍  ഉണ്ടായിരുന്നു . തലമുറകളോളം മൃഗശാലയിലെ നിയന്ത്രിത ചുറ്റുപാടില്‍ ജീവിച്ചതിനാല്‍ ആവാം അവയ്ക്ക് വലിപ്പം  കുറഞ്ഞത്‌ എന്ന്  അനുമാനിക്കപ്പെട്ടു . പക്ഷെ വന്യതയില്‍ വെച്ചൊരു നല്ല ചിത്രം എന്നത് ഒരു വിദൂരസ്വപ്നമായി അന്വേഷകര്‍ക്ക്  തോന്നി .

ആ ഭാഗ്യം  പക്ഷെ പ്രകൃതി നല്‍കിയത് നാഷണല്‍ ജ്യോഗ്രഫിക് പര്യവേഷകനും പ്രസിദ്ധ പക്ഷി നിരീക്ഷകനും ആയ  Çağan Şekercioğlu ന് ആയിരുന്നു (https://goo.gl/rGwQel)  .  എത്യോപ്യയിലെ വിദൂരമായ  Bale Mountains ദേശീയോദ്യാനത്തിലേക്ക്  പോകുകയായിരുന്നു അദ്ദേഹം . ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പക്ഷിവര്‍ഗ്ഗങ്ങളുള്ള Bale മലനിരകളില്‍ പക്ഷി നിരീക്ഷണത്തിനായി രാത്രി യാത്ര തിരിച്ച അദ്ദേഹം ഒരു അലര്‍ച്ച കേട്ടാണ് വാഹനം നിര്‍ത്തിയത് .  രാത്രിയില്‍ കാട് സജീവമാണ് എന്ന മന്ത്രം മനസ്സില്‍  ഉരുവിട്ട , കേഗന്‍ സമയം കളയാതെ  തന്‍റെ ക്യാമറ ചലിപ്പിച്ചു .  പൊടുന്നെ തന്നെ ലോകചരിത്രത്തില്‍ ആദ്യമായി വന്യതയില്‍  ഒരു മൂവി ക്യാമറയുടെ മുന്നില്‍ അതുല്യനായ എത്യോപ്യന്‍ മൃഗരാജന്‍ പ്രത്യക്ഷപ്പെട്ടു !  ആ നിമിഷം അദ്ദേഹം വര്‍ണ്ണിച്ചത് ഇങ്ങനെയാണ് ….

“The scientist part of my brain was super excited, but the regular person part just wanted to get out of there.”

മനുഷ്യവാസം ഉള്ള സ്ഥലത്ത് നിന്നും മൂന്ന് ദിവസം സഞ്ചരിച്ചാല്‍ മാത്രമാണ്  ഈ വീഡിയോ കിട്ടിയ  സ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കുക . അതിനാല്‍ തന്നെ പല എത്യോപ്യന്‍ നാഷണല്‍ പാര്‍ക്കുകളും ഗവേഷകര്‍ മാത്രമാണ് പുറമേ നിന്നും  കണ്ടിട്ടുള്ളത് .  എത്യോപ്യന്‍ സിംഹങ്ങളെ കുറിച്ച്  ഇനിയുമേറെ കാര്യങ്ങള്‍ അറിയേണ്ടതുണ്ട് .

More >>> http://www.ethiopianstories.com/feature-stories/262-the-story-of-ethiopia-and-the-black-lion

അടിക്കുറിപ്പ് :

രണ്ടായിരത്തി അഞ്ചില്‍ എത്യോപ്യയില്‍  ഒരു പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ടു  പോവുകയും സിംഹങ്ങള്‍ കുട്ടിയെ രക്ഷിക്കുകയും , പോലീസ് എത്തുന്നതുവരെ അവളെ സംരക്ഷിക്കുകയും ചെയ്തതായി ചിലരെങ്കിലും വായിച്ചുകാണും (https://goo.gl/KTibrI) .  സംഗതി സത്യമല്ല എന്നാണ്  ഗവേഷകര്‍ പറയുന്നത് . സിംഹങ്ങള്‍ കുട്ടിയെ തിന്നാന്‍  തുടങ്ങുന്നതിനു മുന്നേ പോലീസുകാര്‍ രക്ഷപെടുത്തിയിരിക്കാം എന്നാണ് അനുമാനം . ഇംഗ്ലീഷ്  വാര്‍ത്തയുടെ കൂടെ അതും ഉണ്ടായിരുന്നു എങ്കിലും മലയാളത്തില്‍ വന്നപ്പോള്‍ ആ ഭാഗം നഷ്ടപ്പെട്ടു പോയിരുന്നു . ഇത് നമ്മള്‍ ഇവിടെ വായിച്ച കറുത്ത സടയുള്ള എത്യോപ്യന്‍ സിംഹങ്ങള്‍ ആയിരുന്നില്ല എന്നാണ് ചിലര്‍ കരുതുന്നത്  , അവ കെനിയയില്‍ കാണുന്ന , പുല്‍മേടുകളില്‍ മേയുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത് . എത്യോപ്യയിലെ കെനിയന്‍ അതിര്‍ത്തിയില്‍ അവയും മേഞ്ഞു നടക്കുന്നുണ്ട് .

 

Image

ഒരു അഭിപ്രായം പറയൂ