ഡാമിന്റെ (സു)വിശേഷം

Share the Knowledge

Jawa Dam എന്നൊരു അണക്കെട്ടിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവില്ല . ചരിത്രത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ഡാം ആണ് ഇപ്പോഴത്തെ ജോർദാനിൽ ക്രിസ്‌തുവിനും മൂവായിരം വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ജവാ ഡാം . പിന്നെയും മുന്നോട്ട് വന്നാൽ ഈജിപ്തിലെ Sadd Al-Kafara അണക്കെട്ട് ആണ് അടുത്ത് . ഇത് പക്ഷെ പൂർത്തിയാക്കുന്നതിനു മുന്നേ വെള്ളപ്പൊക്കത്തിൽ തകർന്നു പോയിരുന്നു . ഡാം എന്ന വാക്കു തന്നെ നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയത് ആയിരത്തിഒരുന്നൂറുകളിൽ ആണ് . അന്ന് ഡച്ചുകാർ അണകൾ കെട്ടി അതിനു ചുറ്റും നഗരങ്ങൾ പണിത് ഡാമിന് ചേർന്ന പേരും നൽകി . Amsterdam ഇതിനു ഒരു ഉദാഹരണമാണ് . എന്തിനാണ് മനുഷ്യൻ ഡാമുകൾ കെട്ടിതുടങ്ങിയത് ?

The Jawa Dam is the earliest known dam to be constructed. It was located in Jordan, with. The structure believes to be dated back to 3000 BC.

ആദ്യകാലങ്ങളിൽ അത് വെള്ളപ്പൊക്കത്തെ തടയാൻ ആയിരുന്നു . പിന്നീട് ഇങ്ങനെ കെട്ടി നിർത്തിയ ജലം കൃഷി ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും സൗകര്യം പോലെ ഉപയോഗിക്കാം എന്ന് കണ്ടെത്തി . എന്നാൽ സയൻസ് പുരോഗമിച്ചതോടു കൂടി കെട്ടി നിർത്തിയിരിക്കുന്ന ജലശേഖരം അതുല്യമായ പൊട്ടൻഷ്യൽ എനർജിയുടെ സ്രോതസ് ആണെന്ന് നാം തിരിച്ചറിഞ്ഞു . ഈ എൻജിയെ കൂടു തുറന്നു പുറത്തേക്കു ഒഴുക്കിയാൽ അത് കൈനറ്റിക് എനർജി ആയി മാറും എന്നും ആ പോകുന്ന പോക്കിൽ ഒരു ചക്രം വെച്ചുകൊടുത്താൽ അത് കറങ്ങുമെന്നും ആ കറങ്ങുന്ന ചക്രത്തിൽ കുറച്ചു കോയിലുകൾ ചുറ്റി ഒരു കാന്തിക മണ്ഡലത്തിൽ വെച്ചാൽ എനർജിയുടെ പുതുരൂപമായ വൈദ്യതി ഉണ്ടാക്കാം എന്നും നാം മനസ്സിൽ ആക്കി .

Sadd El-Kafara

എന്താണ് ഒരു ഡാം കെട്ടിയാൽ മനുഷ്യന് ഗുണം ? വെറുതെ ഒഴുകി കടലിൽ പോകുന്ന ജലത്തെ നമ്മുടെ ആവശ്യങ്ങൾക്ക് സൗകര്യം പോലെ ഉപയോഗിക്കാം എന്നതാണ് ഡാമിന്റെ ഗുണം . കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്നും വൈദ്യതി ഉണ്ടാക്കാം . അങ്ങിനെ കറണ്ട് നിർമ്മിക്കുമ്പോൾ അന്തരീക്ഷം മലിനപ്പെടുത്തുന്ന വാതകങ്ങളോ വിഷ വസ്തുക്കളോ ഉണ്ടാവുന്നില്ല എന്നത് ജലവൈദ്യുതിയുടെ ഒരു ഗുണമാണ് . മിച്ചം വരുന്ന ജലം അതെ പുഴയിലേക്ക് തന്നെ ഒഴുക്കുകയോ അല്ലെങ്കിൽ വീണ്ടും ഒരു തടയണ കെട്ടി കൃഷിആവശ്യങ്ങൾക്കു ഉപയോഗിക്കുകയോ ആവാം . അതായാത് ഇവിടെ മാലിന്യങ്ങളോ അവശിഷ്ടമോ ഉണ്ടാവുന്നില്ല . ഇത് ഡാമിന്റെ മുൻപിലെ കാര്യം . പിറകിലോ ? വിശാലമായ , ആഴമേറിയ ഒരു തടാകമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത് . വേനൽക്കാലത്തു വറ്റിപ്പോകുമായിരുന്ന പുഴയിൽ ഇപ്പോൾ എപ്പോഴും വെള്ളം ലഭ്യമാണ് . കാട്ടിലെ മൃഗങ്ങൾക്കു ഇനി വേനൽക്കാലത്തു വെള്ളം തേടി നാട്ടിലേക്ക് ഇറങ്ങേണ്ടി വരില്ല . ഡാമിൽ നമ്മുക്ക് മത്സ്യകൃഷിയും മറ്റും നടത്താം . ബോട്ടിങ് ഉൾപ്പടെയുള്ള ടൂറിസം സാധ്യതകൾ വേറെയും ഉണ്ട് . വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഇനി കണികാണാൻ കിട്ടില്ല . എല്ലാം ഡാം നോക്കിക്കോളും .

ഇത്രയും ഉപകാരങ്ങൾ ചെയ്യുന്ന ഡാം നമ്മുക്ക് ദോഷകരമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ ? ഉണ്ട് എന്നാണ് ചരിത്രം പറയുന്നത് . അതുകൊണ്ടാണ് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ ഡാം പൊളിക്കൽ മേളകൾ നടക്കുന്നത് . എന്താണ് ഡാം ചെയ്യുന്ന കൊള്ളരുതായ്മകൾ ? ഡാമിന്റെ മുകളിൽ കയറി നിന്നിട്ടു മുന്നോട്ടും പിറകോട്ടും നോക്കിയാൽ നമ്മുക്ക് ഇത് മനസ്സിൽ ആവില്ല . അതിന് നാം ഡാം കെട്ടിയ പുഴയുടെ സ്രോതസ്സിൽ നിന്നും അവൾ ലയിച്ചു ചേരുന്ന അഴിമുഖം വരെ ഒന്ന് സഞ്ചരിക്കണം . മിക്ക മഹാനദികളും ഒരു ചെറുനീർച്ചാലിൽ നിന്നുമാണ് തുടങ്ങുന്നത് . അങ്ങിനെ പല നീരൊഴുക്കുകൾ ഒന്നിച്ചു ചേർന്ന് അവൾ ഒരു ചെറുപുഴയായി ഒഴുകാൻ തുടങ്ങുന്നു . വിശാലമായ നിബിഡവനങ്ങളെ ഇടവും വലവും വരിഞ്ഞു മുറുക്കി പുണർന്നുകൊണ്ട് ഒരു കൊച്ചുകുട്ടിയെ പോലെ ചിരിച്ചും കളിച്ചും അവൾ ഒഴുകി തുടങ്ങുന്നു . ജലത്തിലും കരയിലുമായി അനേകായിരം ജീവവർഗ്ഗങ്ങൾക്ക് നിലനിൽപ്പിനായുള്ള സകലതും സമ്മാനിച്ചാണ് ഒരു പുഴ കാട്ടിൽ നിന്നും നാട്ടിലേക്ക് പ്രവേശിക്കുന്നത് .

പുഴ നാട്ടിൽ എത്തിയാലോ ? നാം സകലതിനും പുഴയെതന്നെ ആശ്രയിച്ചിരുന്ന കാലം ഉണ്ടായിരുന്നു . അതുകൊണ്ടാണ് ഭൂമിയിലെ സകല സംസ്കാരങ്ങളും നദീതീരങ്ങളിൽ പിറവിയെടുത്തത് . മനുഷ്യന് ആഹാരത്തിനു വേണ്ട മത്സ്യം , അതുപാകം ചെയ്യുവാനും മറ്റുമുള്ള ജലം , വിദൂര സ്ഥലങ്ങളിലേക്ക് പോകുവാനുള്ള എളുപ്പവഴി, കൃഷി അങ്ങിനെ എന്തിനും നമ്മുക്ക് പുഴ ആവശ്യമായിരുന്നു . ഇതെല്ലാം കഴിഞ്ഞു മനുഷ്യൻ തള്ളുന്ന മാലിന്യങ്ങളും പേറിയാണ് നദിയുടെ പിന്നീടുള്ള പ്രയാണം . മാലിന്യങ്ങൾ ചുമന്ന് മഴക്കാലത്തു കൊണ്ട് കടലിൽ തള്ളാൻ അന്നും ഇന്നും നമ്മുക്ക് നദികളെ ഉണ്ടായിരുന്നുള്ളൂ . അങ്ങിനെ കൊടുത്തും വാങ്ങിയും ആടിത്തകർത്തു ഒഴുകി വന്ന അവൾ അപ്പോഴാണ് ശ്രദ്ധിച്ചത് . തന്റെ മുൻപിൽ കൂറ്റൻ മതിൽ ! പുഴയുടെ കൂടെ കളിച്ചും ചിരിച്ചും നീന്തിവന്ന മീനുകളും കണ്ണുമിഴിച്ചു നോക്കി നിൽപ്പാണ് ആ കൂറ്റൻ മതിലിനെ നോക്കി . അച്ഛനമ്മമാർ പറഞ്ഞത് ഇനിയും കിലോമീറ്ററുകൾ സഞ്ചരിച്ചാലേ തന്റെ കൂട്ടരുടെ അടുത്ത് എത്തുകയുള്ളൂ എന്നാണ് . അവിടെയാണത്രെ അവർ ജനിച്ചത് . തങ്ങളുടെ കുട്ടികളും അവിടെയാണ് ജനിക്കേണ്ടത് . ഇനി എന്ത് ചെയ്യും ? തങ്ങളുടെ ബന്ധുക്കളെ ഇനി ഒരിക്കലും കാണാമെന്നു തോന്നുന്നില്ല . മതിലിനു താഴെ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ കുറെ മീനുകൾ താഴേക്കു ഊളിയിട്ടു . ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം . തണുപ്പ് കൂടി വരുന്നു . പ്രകാശം തീരെയില്ല . പ്രാണവായു കുറഞ്ഞു വരുന്നു . ഇല്ല ഇനി താഴേക്കു മീനുകൾ എന്നല്ല ജീവനുള്ള ഒന്നിനും പോകാൻ പറ്റില്ല . അവർ തിരികെ മുകളിൽ എത്തി . ഒന്നുമില്ല വിശാലമായ ജലപ്പരപ്പ് . തീരങ്ങളിൽ മുൻപ് താമസിച്ചിരുന്ന ആദിവാസികളെയും കാണുന്നില്ല . അവരൊക്കെ ഇവിടം വിട്ടു പോയിക്കഴിഞ്ഞു . മുൻപ് കരയായിരുന്ന സ്ഥലങ്ങളൊക്കെ വെള്ളം കയറി കിടക്കുന്നു ! അവിടെയുണ്ടായിരുന്ന മരങ്ങളുടെ കുറ്റികൾ അവിടെയും ഇവിടെയുമായി തലയുയർത്തി നിൽക്കുന്നു . പുഴ ചുമന്നുകൊണ്ട് വന്ന എക്കലും മാലിന്യങ്ങളും ഇവിടെത്തന്നെ അടിഞ്ഞുകൂടുന്നു . അങ്ങ് താഴെയുള്ള താഴ്വരകൾ വളക്കൂറുള്ളതായതു ഈ എക്കലുകൾ കാരണമാണ് . പുഴയിൽ അതാ ഇതുവരെ കാണാത്ത ചില പുതിയ മീനുകൾ . വളർത്താൻ മനുഷ്യൻ കൊണ്ട് ഇട്ടതാണത്രേ ! അപ്പോൾ തങ്ങളുടെ നാശം അടുത്തു എന്ന് അവർ മനസ്സിലാക്കി . വംശവർദ്ധനവിനു മാർഗമില്ലാതെ ഇനി പലരും ചരിത്രത്തിൽ നിന്നും മായും . എന്നന്നേക്കുമായി .

Banqiao Dam and Shimantan Reservoir Dam Disaster – China (1975)
Death Toll: 171000

ഭൂമിയിലെ പല മത്സ്യവർഗ്ഗങ്ങളും പുഴയുടെ ഒഴുക്കിനെതിരെയും അനുകൂലമായതും കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രജനനത്തിനായി പോകുന്നത് . നല്ലൊരുഭാഗം മീനുകളും അഴിമുഖത്തു മുട്ടയിടുകളും ജനനശേഷം നദിയുടെ ഉൾഭാഗങ്ങളിലേക്കു ചേക്കേറുകയും ചെയ്യും . കാലാകാലങ്ങളായുള്ള ഇവയുടെ വഴികളിൽ ആണ് നാം ഡാം കെട്ടുന്നത് . വഴി അടയുന്നതോടു കൂടി ഇങ്ങനെയുള്ള മിക്ക മീൻവർഗ്ഗങ്ങളും നാമാവിശേഷമാകും . ഇപ്പോൾ പല ആധുനിക ഡാമുകളോട് ചേർന്ന് മീനുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രവേശിക്കാനുള്ള fish ladder എന്ന നീർച്ചാലുകൾ ഉണ്ടാക്കാറുണ്ട് എങ്കിലും ഇത് തീരെ ഫലപ്രദമല്ല എന്നാണു കണ്ടുവരുന്നത്  എക്കലും മാലിന്യങ്ങളും കെട്ടിനിർത്തുന്ന അണക്കെട്ടുകൾ രോഗസ്രോതസുകൾ  ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . അണക്കെട്ടിന്റെ മുകളിലെ ജലത്തിന്റെ താപനിലയും ഏറ്റവും അടിയിലെ താപനിലയും തമ്മിൽ പതിനെട്ടു ഡിഗ്രിയോളം വ്യത്യാസം ഉണ്ടെന്നാണ് ആസ്‌ത്രേലിയൻ ഗവേഷകർ പറയുന്നത് . അതുകൊണ്ടു തന്നെ ഡാമിലെ ആഴങ്ങളിൽ സാധാരണ മീൻ വർഗ്ഗങ്ങൾ ജീവിക്കില്ല . മാത്രവുമല്ല കീഴെയുള്ള ജലമാണ് തുറന്നു വിടുന്നതെങ്കിൽ കുറഞ്ഞ താപനിലയിലുള്ള ജലം ഡാമിന് താഴെയുള്ള നദിയിലെ മത്സ്യസമ്പത്തിനു കാര്യമായി ദോഷം ചെയ്യും എന്നും അവർ പറയുന്നു . Dam മൂലം രൂപമെടുക്കുന്ന തടാകം സത്യത്തിൽ ദോഷം മാത്രമാണ് ചെയ്യുന്നത് . വ്യാപകമായ കുടിയൊഴുപ്പിക്കൽ മാത്രമല്ല , അത് പ്രദേശത്തെ പ്രകൃതിയെ ഒന്നാകെ മാറ്റിമറിക്കും . കാലാകാലങ്ങളായുള്ള ആനത്താരകൾ അടഞ്ഞുപോകും . കാട് രണ്ടു വ്യത്യസ്ത പരിസ്ഥിതികളായി വേർതിരിയും . ഡാമിന് മുകളിലുള്ള പരിസ്ഥിതിയും അതിനു താഴേക്കുള്ള പുഴയുടെ അവസ്ഥയും തമ്മിൽ ആടും ആനയും പോലെ വ്യത്യസ്തമാണ് എന്നാണു പഠനങ്ങൾ തെളിയിക്കുന്നത് . ഇതൊന്നും പോരാഞ്ഞിട്ട് ഡാം അന്തരീക്ഷമലിനീകരണം ഉണ്ടാക്കും എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം . ഡാമിന്റെ നിമ്മാണവേളകളിലും പിന്നീടും അടിഞ്ഞു കൂടുന്ന ജൈവഅവശിഷ്ടങ്ങളിൽ നിന്നും ഹരിതവാതക പ്രഭാവത്തിനു കാരണക്കാരനായ മീഥേൻ വാതകം ക്രമാതീതമായി പുറംതള്ളുന്നുണ്ട് എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത് . (www.internationalrivers.org/campaigns/reservoir-emissions). ഇതുകൂടാതെ ജലത്തിന്റെ അമിതഭാരം ഭൂമികുലുക്കത്തിനും കാരണമായേക്കാം എന്നും തെളിഞ്ഞിട്ടുണ്ട് . മരങ്ങളുടെയും മത്സ്യസമ്പത്തിന്റെയും നാശം നമ്മളെ ഒരിക്കലും ബാധിക്കില്ല എന്ന് കരുതുന്നത് അബദ്ധം തന്നെയാണ് .

 

 

Image

ഒരു അഭിപ്രായം പറയൂ