ദൈവത്തിന്റെ സ്വന്തം നാട്

Share the Knowledge

പുരാതന ഈജിപ്തിലെ ക്ഷേത്രച്ചുവരുകളിലും , സത്രങ്ങളുടെ പടികളിലും ആരൊക്കെയോ വരച്ചിട്ട ഒരു പേര് Ta netjer. എന്നുവെച്ചാൽ “Land of the God”. ആദ്യമൊക്കെ വെറും ഐതിഹ്യം , സങ്കൽപ്പഭൂമി എന്നൊക്കെ ഗവേഷകർ കരുതി എങ്കിലും ക്രിസ്തുവിനും രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് ഫറവോ Sahure, ഈ പറഞ്ഞ ദൈവത്തിന്റെ നാട്ടിലേക്ക് ഒരു പര്യവേഷണ-കച്ചവട സംഘത്തെ അയച്ചു എന്ന രേഖകൂടി ലഭിച്ചതോടു കൂടി ഇങ്ങനെ ഒരു സ്ഥലം ഭൂമിയിൽ ഉണ്ട് എന്ന് ചരിത്രകാരന്മാർ കരുതി തുടങ്ങി . അവിടെ നിന്നുമാണ് ഈജിപ്തുകാർ സ്വർണ്ണവും , ചില പഴങ്ങളും ചില കാട്ടു മൃഗങ്ങളെയും ഇറക്കുമതി ചെയ്തിരുന്നത് . ചില പുരാതന ചിത്രലിപികളിൽ ഈ സ്ഥലതിനെ Pwenet എന്നും Land of Punt എന്നും ആണ് രേഖപ്പെടുത്തിയിരുന്നത് . എന്നാൽ ഇങ്ങനെ ഒരു രാജ്യത്തെ പറ്റി വേറിടത്തും രേഖകൾ ഉണ്ടായിരുന്നില്ല എന്നതിനാൽ സ്ഥലത്തിന്റെ ശരിയായ സ്ഥാനം ഗവേഷകർക്കിടയിൽ ഒരു തർക്ക വിഷയമായി തുടർന്നു .

അങ്ങിനെ ഇരിക്കെ ചിലർ ബൈബിളിലെ ഒരു പേരുമായി ഇതിനുള്ള സാമ്യം ശ്രദ്ധിച്ചു . Phut എന്ന പേരിൽ ബൈബിൾ പറയുന്നത് നോഹയുടെ പുത്രനായ ഹാമിന്റെ വംശത്തിൽ പിറന്നവരെ ആണ് . അവരുടെ സ്ഥലമാകട്ടെ ഈജിപ്ത് സ്ഥിതി ചെയ്യുന്ന ഉത്തരാഫ്രിക്കയും ! . അങ്ങിനെ ചിലർ അത് ഇന്നത്തെ ലിബിയ ആകാൻ സാധ്യത ഉണ്ട് അന്ന് കരുതി . ചില ഗവേഷകർ ദൈവത്തിന്റെ നാട് എന്നുള്ള വിശേഷണം കൂടുതൽ ശ്രദ്ധിച്ചു . ഈജിപ്ഷ്യൻ ദേവനായ റായുടെ വിശുദ്ധ സ്ഥലം കിഴക്കാണ്‌ സ്ഥിതി ചെയ്യുന്നത് . എന്തിന്റെ കിഴക്ക് ? തീർച്ചയായും ഈജിപ്തിന്റെ കിഴക്ക് . അവിടെ എന്താണ് എന്താണുള്ളത് ? എത്യോപ്യ , എറിട്രിയ, സൊമാലിയ  , സൗദിയുടെ തെക്കൻ ഭാഗം അങ്ങിനെ ചില സ്ഥലങ്ങൾ . കപ്പലിൽ പോയ കച്ചവട സംഘങ്ങൾ കിഴക്കോട്ടാണ് യാത്ര തിരിച്ചത് എന്ന രേഖകൾ കൂടി കിട്ടിയതോടെ ചെങ്കടൽ തുടങ്ങുന്ന ഭാഗം തന്നെയാവണം “ദൈവത്തിന്റെ നാട് ” എന്ന് അവസാന തീർപ്പിൽ എത്തി . ഇതിനിടെ ഒരു ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്നും ദൈവത്തിന്റെ നാട്ടിൽ നിന്നും കൊണ്ടുവന്ന ഒരു ബാബൂൺ കുരങ്ങിന്റെ മമ്മി ലഭിച്ചു . അതിനെ പഠന വിധേയമാക്കിയ ഗവേഷകർ ആ കുരങ്ങ് ഒരു എത്യോപ്യൻ/സൊമാലിയ വംശജൻ ആണെന്ന് സ്ഥിരീകരിച്ചതോടു കൂടി ദൈവത്തിന്റെ നാട് ഇന്നത്തെ എത്യോപ്യയുടെ വടക്കും എറിട്രിയയും, സൊമാലിയയും  പിന്നെ തെക്കൻ സൗദിയും ഉൾപ്പെടുന്ന ഒരു വിശാല ഭൂമി ആയിരുന്നു എന്ന് ഉറപ്പിച്ചു .

എന്തായാലും ഈ സാമ്രാജ്യത്തിന്റെ  പരാമർശങ്ങൾ പഴയ ഈജിപ്ഷ്യൻ എഴുത്തുകളിലും ബൈബിളിലെ ഒന്നോ രണ്ടോ വരികളിലും മാത്രം ഒതുങ്ങുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോഴും നമ്മുക്ക് ലഭ്യമല്ല . പേർഷ്യൻ ചരിത്രകാരനായ Muhammad ibn Jarir al-Tabari യും  ജൂത -റോമൻ എഴുത്തുകാരനായ  ജോസഫസും  Phut  നാടിനെ കുറിച്ച്  പരാമർശിക്കുന്നുണ്ട് .  ഇവരുടെയും ടോളമിയുടെയും പ്ലിനിയുടെയും  അഭിപ്രായത്തിൽ  പക്ഷെ  ഈ സ്ഥലം ലിബിയയിലോ അതല്ലെങ്കിൽ ഇന്നത്തെ മൊറോക്കൊയിലോ  ആണ് .  എന്തായാലും  ദൈവത്തിനെ  നാട് കുറച്ചു കാലം കൂടി ഗവേഷകർക്ക് കീറാമുട്ടി  തന്നെയായിരിക്കും . എന്നാൽ  ഈ നാട്  അപ്പാടെ കടലിൽ  മുങ്ങിപ്പോയി  എന്ന് കരുതുന്നവരും ഉണ്ട് !  Tale of the Shipwrecked Sailor എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു പഴയ ഈജിപ്ഷ്യൻ പര്യവേഷണ – കപ്പൽ യാത്രയുടെ വിവരണത്തിൽ കാണുന്ന വ്യാളിയെ എഴുത്തുകാരനെ വിശേഷിപ്പിച്ചിരിക്കുന്നത് Phut ലെ രാജാവ് എന്നാണ് .

Suddenly I heard a noise as of thunder, which I thought to be that of a wave of the sea. The trees shook, and the earth was moved. I uncovered my face, and I saw that a serpent drew near……his body was as overlaid with gold, and his colour as that of true lazuli….… it was the prince of the land of Punt…

അതായത് ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം ഈ നാട് എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള ഒന്നാണ് .

 

കൂടുതൽ  വായനക്ക്  >>> http://www.ancient.eu/punt/

ചിത്രത്തിൽ  കാണുന്നത് Hatshepsut ന്റെ  കാലത്ത് Phut ലേക്ക്  നടത്തിയ ഒരു യാത്രയുടെ ചിത്രഭാഷ്യം .

Image

ഒരു അഭിപ്രായം പറയൂ