Erbil കോട്ട - എണ്ണായിരം വർഷങ്ങളായി മനുഷ്യൻ താമസിക്കുന്ന സ്ഥലം

Share the Knowledge

ഡമാസ്‌ക്കസിനും  ജെറീക്കോയ്ക്കും   ഒപ്പം  , പ്രാചീന  മനുഷ്യവാസകേന്ദ്രമായി  കരുതപ്പെടുന്ന  ഒരു സ്ഥലമാണ്  എർബിൽ (Iraq).  നിരപ്പിൽ നിന്നും  ഏകദേശം  മുപ്പത്തിയഞ്ചു  മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു  മൺകൂനയാണ്  (Tell) എർബിൽ  കോട്ട എന്ന്  ഇപ്പോൾ  അറിയപ്പെടുന്ന  സ്ഥലം .  ചിത്രത്തിൽ  കാണുന്നതുപോലെയുള്ള , ഓവൽ  ആകൃതിയിൽ ഉള്ള ഈ  കുന്ന് ,  ഇത്തരത്തിൽ  ആരും ഉണ്ടാക്കിയെടുത്ത് അല്ല .  നൂറ്റാണ്ടുകളോളം   മനുഷ്യൻ  താമസിക്കുകയും  നിർമ്മാണപ്രവർത്തനങ്ങൾ  നടത്തുകയും  ചെയ്ത് ചെയ്ത്   ഇത്തരത്തിൽ  രൂപപ്പെട്ട്  വന്നതാണ് .  ക്രിസ്തുവിനും രണ്ടായിരത്തി  അഞ്ഞൂറ്  വർഷങ്ങൾക്ക്  മുൻപേ നിർമ്മിക്കപ്പെട്ടു  എന്ന് കരുതപ്പെടുന്ന  എബ്‌ലാ  ലിഖിതങ്ങളിൽ (Syria) ആണ്  ഈ നഗരത്തിന്റെ  പേര്  ആദ്യമായി  പരാമർശിച്ചു  കാണുന്നത് .  സുമേറിയൻ  ക്യൂനിഫോ൦  ലിപികളിൽ  എഴുതപ്പെട്ട ഈ രേഖകളിൽ  നഗരത്തെ Irbilum എന്നാണു  പരാമർശിച്ചിരിക്കുന്നത് .  അന്ന്  മെസപ്പെട്ടോമിയയിലെ  ഏറ്റവും വലിയ  കച്ചവട കേന്ദ്രമായിരുന്നു  ഈ നഗരം .  പിന്നീട്  അനേകം മനുഷ്യ സംസ്കാരങ്ങളും  , ആക്രമണങ്ങളും ഈ നഗരത്തെ  തൊട്ടുതഴുകിപോയി .  ഒരു കാലത്തു  ക്രിസ്ത്യാനികളുടെയും  ജൂതരുടെയും  മുഖ്യ ആവാസ കേന്ദ്രമായിരുന്നു ഇത് . 1952 വരെയും  ഇതിനു മുകളിൽ  ഒരു ജൂത ദേവാലയം  ഉണ്ടായിരുന്നു .
ഇന്ന്  ഈ കോട്ട  പരിരക്ഷിക്കുവാൻ  പെടാപ്പാടു പെടുകയാണ്  പലരും . അതിനായി  ഇതിൽ താമസിച്ചിരുന്ന  ഒരു കുടുംബം  ഒഴിച്ച് ബാക്കിയുള്ളവരെ  എല്ലാം  ഇവിടെ നിന്നും  കുടിയിറക്കി .  മനുഷ്യൻ സ്ഥിരമായി  അധിവസിച്ചുകൊണ്ടിരിക്കുന്ന  സ്ഥലം  എന്ന  പേര്  കളയാതിരിക്കാനാണ്  ഒരു കുടുംബത്തെ  അവിടെ  നിലനിർത്തിയത് .  ബാക്കി  തകർന്നു പോയതൊക്കെ  കേടുപാടുകൾ  തീർത്തു  നിലനിർത്തുവാനാണ്  അധികൃതരുടെ  നീക്കം .  പക്ഷെ   ഇന്നത്തെ സ്ഥിതിയിൽ ഇത് എത്രനാൾ  നിലനിൽക്കും  എന്ന് പലർക്കും  ആശങ്കയുണ്ട് .

Image

ഒരു അഭിപ്രായം പറയൂ