മാർപാപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു !

Share the Knowledge

സംഗതി സത്യമാണ്

പതിനാറാം നൂറ്റാണ്ടിന്‍റെ പ്രാരംഭഘട്ടത്തിൽ കൊച്ചിയിൽ നിന്നുമാണ് ആ സഹ്യപുത്രന്‍റെ പ്രയാണം ആരംഭിക്കുന്നത്, കൊച്ചിരാജാവ് പോർച്ചുഗീസ് രാജാവിന് സമ്മാനമായി നൽകിയതാന്നെന്നും, പോർച്ചുഗീസ് രാജാവിന്‍റെ കൽപ്പനയനുസരിച്ച്‌ ഇന്ത്യയുടെ വൈസ്റോയിയായ അൽ‌ഫോൻസോ അൽബുക്കർക്ക് ലിസ്ബണിലെക്ക് കൂടെ കൊണ്ടുപോയതാണെന്നും മറ്റും അവ്യക്തമായ ഒരു ചരിത്രാഖ്യാനത്തിലൂടെ തുടങ്ങുന്നു ഇവന്‍റെ കഥ.

ഇന്ത്യയിൽ നിന്നും ലിസ്ബണിലെക്കും അവിടെനിന്നും ഇറ്റലിയിലേക്കും അങ്ങനെ തന്‍റെ നാലാം വയസ്സിൽ അതായത്, ക്രി . വർഷം 1514 ലെ ഒരു ശൈത്യകാലത്താണ് ആ ഗജപാദങ്ങൾ റോമിന്‍റെ തെരുവീഥികളിലൂടെ നടന്ന് നീങ്ങുന്നത്. ലിയോ പത്താമൻ മാർപ്പാപ്പയുടെ സ്ഥാനാരോഹണാനന്തരം പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന്‍റെ വക സമ്മാനമായാണ് ഈ ഗജരാജകുമാരൻ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് വന്നുചേരുന്നത്. ഒരു ഗംഭീര എഴുനുള്ളത് തന്നെയായിരുന്നു അവന്‍റെ റോമിലേക്കുള്ള വരവ്, പോപ്പിന്‍റെ മുന്നിൽ വണങ്ങുകയും, മൂന്നുപ്രാവശ്യം ചിഹ്നം വിളിച്ച ശേഷം, തൊട്ടടുത്ത ടാങ്കിൽ നിന്നും വെള്ളമെടുത്തു വളരെ ഉയരത്തിൽ ജലശീകരം തെളിച്ചു. ഇതിൽ മാർപ്പാപ്പ സന്തുഷ്ടനാകുകയും, അവനെ തന്‍റെ പ്രിയപ്പെട്ട വളർത്തുമൃഗമാക്കി മാറ്റുകയും ചെയ്തു. ഇറ്റാലിയൻ ഭാഷയിൽ അനോണെ എന്നാണ് അവൻ അറിയപ്പെട്ടത് ഒരുപക്ഷെ ആന എന്ന മലയാള പദത്തിന്റെ വകഭേദമാകാം ഈ പേര്.

റോമാക്കാർക്കു അവൻ ഒരു അത്ഭുതം തന്നെ ആയിരുന്നു, കാരണം റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് വളരെ കാലങ്ങൾക്കു ശേഷം ഇറ്റലിയിലെക്ക് വന്ന ആദ്യത്തെ ആനയും ഇവനായിരുന്നു എന്നത് തന്നെയായിരുന്നു. അതിലുപരി ഒരു വെള്ളാന ആയിരുന്നു അവനെന്നു പറയപ്പെടുന്നു. അവനെ ഒരു നോക്ക് കാണാനെത്തിയവർ അനേകായിരങ്ങളായിരുന്നു. പോപ്പിന്‍റെ ഘോഷയാത്രകൾക്കും മറ്റും അനോണെ ഒരു അവിഭാജ്യഘടകമായിമാറി, വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമേ ഈ ഗജരാജകുമാരൻ ജീവിച്ചുരുന്നതെങ്കിലും ഒരു വളർത്തു മൃഗം എന്നതിലുപരി, പോർച്ചുഗീസ് അധിനിവേശ-രാഷ്ട്രീയവികാസത്തിനും, പ്രൊട്ടസ്റ്റന്റ് പരിഷ്ക്കരണ ശാക്തീകരണത്തിനും ആക്കം കൂട്ടാൻ ഒരു കാരണവുമായി മാറാൻ ഇവന് കഴിഞ്ഞു.

മലബന്ധം നിമിത്തം ക്ഷയിച്ചു പോയ അനോണെക്ക് നൽകിയ വിരേചനൗഷധത്തിൽ സ്വർണം ചേർന്നിരുന്നു ഫലത്തിൽ അത് വിഷഗുണം നിറഞ്ഞതായിരുന്നു. അങ്ങനെ മരുന്നിലെ വിഷം തീണ്ടി
ആ കരി ചരിഞ്ഞു. ക്രി, വ 1516 ജൂൺ 8 ആം തീയതി ആ സഹ്യപുത്രൻ തന്‍റെ രണ്ടു വർഷത്തെ റോമാ ജീവിതവും ഇഹലോക ജീവിതവും വെടിഞ്ഞു. തന്‍റെ പ്രിയ മൃഗത്തിന്‍റെ വേർപാടിൽ മാർപ്പാപ്പ അതീവ ദുഃഖിതനായി, അവനെ വളർത്തിയ ആനത്തോട്ടിയിൽ തന്നെ അടക്കം ചെയ്യണം എന്ന് പോപ്പ് തീരുമാനം കൈക്കൊണ്ടു.

വർഷങ്ങൾക്കിപ്പുറം വത്തിക്കാനിൽ 1962 ൽ ബെൽവേഡറെ കോർട്ട്യാർഡിൽ വികസനത്തിനായി കുഴിയെടുക്കുമ്പോൾ ആണ് പതിനാറാം നൂറ്റാണ്ടിലെ ഒരാനയുടെ അസ്ഥിപഞ്ജരം വെളിച്ചം കണ്ടത്, എന്നാൽ കുറെ കാലങ്ങൾ ആരും തന്നെ ഈ ആനയെ കുറിച്ച് അന്വേഷിച്ചില്ല എന്നാൽ എൺപതുകളിൽ സിൽവിയോ ബെദിനി എന്ന ചിത്രകാരനാണ് ആ സംഭവത്തെ കുറിച്ച് പഠിച്ചതും “ദി പോപ്പ്സ് എലിഫെൻറ്റ്” എന്ന പുസ്തകം പുറത്തിറക്കിയതും.

പൊതുവെ ആന പ്രേമികൾ ആയ നമ്മൾ മലയാളികൾ ഒരിക്കലെങ്കിലും സ്മരിക്കണം ഈ കടൽ കടന്ന് പോയ സഹ്യസൂതനെ

തൗഫീക്ക് സക്കരിയ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ