ആര്‍ത്തവം

Share the Knowledge

നവദ്വാരങ്ങളില്‍ നിന്ന് പല വിധ സ്രവങ്ങള്‍ പ്രവഹിക്കുന്ന തരത്തില്‍ ആണ് എല്ലാ മനുഷ്യജീവിയും. മൂത്രവും മലവും ശ്ലെഷമ സ്രവങ്ങളും ഒക്കെ പേറുന്ന ഒരു നിസ്സാര ജീവി.ഏറിയാല്‍ ശുദ്ധിയും അശുദ്ധിയും ഒക്കെ വ്യക്തി ശുചിത്വത്തിന്‍റെ കളത്തില്‍ മാത്രം പെടുത്താം അതില്‍ ലിംഗ വത്യാസം ഒന്നും ഇല്ല താനും.അവയവവും ആയി ബന്ധപ്പെട്ടാണേല്‍ ഒരു മൂന്നാഴ്ച പിടിച്ചു വച്ചാല്‍ തനിയെ പ്രവിഹിക്കാവുന്ന സ്രവം ഒക്കെ പുരുഷനും ഉണ്ട്.(സംശയം ഉള്ളവര്‍ നൈറ്റ് എമിഷന്‍ എന്നോ സ്വപ്ന സ്ഖലനം എന്നോ ഒക്കെ ഒന്ന് ഗൂഗിള്‍ ചെയ്തേക്കൂ).

പറഞ്ഞു വന്നത് പലരും പല ആവര്‍ത്തി പറഞ്ഞ കാര്യം തന്നെ ആണ്,ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നില നിന്നു പോവുന്ന പ്രക്രിയയുടെ കണ്ണിയിലെ ഒരു പ്രധാന ജൈവീക പ്രക്രിയ മാത്രമാണ്.ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ സൂചന കൂടിയാണ് അത്,ആര്‍ത്തവം ഇല്ലാതിരിക്കുകയോ,ക്രമക്കേട് ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോ മാത്രമാണ് അത് അസ്വാഭാവികം ആവുന്നത്.

ബൌദ്ധികമായി ഉന്നതിയിലെത്തിയ ജീവി എന്ന നിലയില്‍ ഈ വസ്തുത മനസ്സിലാക്കി പ്രതികരിക്കേണ്ട ഒരു കൌണ്ടര്‍ പാര്‍ട്ട് ആണ് പുരുഷന്‍ എന്ന ജീവി.ആര്‍ത്തവം എന്തോ അശുദ്ധി ആണെന്ന് പ്രസ്താവിക്കുമ്പോ മൃഗങ്ങള്ടെയും താഴെയുള്ള എന്തോ ബൌദ്ധികമായ അവസ്ഥയിലേക്ക് എത്തപ്പെടുക ആണ് ചിലര്‍.

അശുദ്ധിക്കും വിവേചനത്തിനും അപ്പുറം സ്ത്രീകള്‍ പ്രായോഗിക തലത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍.. അതേറെയാണ്.
അതിനെക്കുറിച്ച് അവബോധം ഉണ്ടാവേണ്ടത് സ്ത്രീകള്‍ക്ക് മാത്രമല്ല,സ്ത്രീയോടൊപ്പം സഹവാസം നയിക്കേണ്ടി വരുന്ന പുരുഷനും അറിയേണ്ടതുണ്ട്, മനസ്സിലാക്കേണ്ടതുണ്ട്.

PMS എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Premenstrual syndrome
എന്ന ആര്‍ത്തവ പൂര്‍വ്വ സങ്കീര്‍ണ്ണഅവസ്ഥയെപ്പറ്റി എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ആദ്യ പരാമര്‍ശം ഗൈനക്കോളജി ക്ലാസ്സില്‍ മാഡം ഞങ്ങളെ കുറച്ചു ആണുങ്ങളെ നോക്കി പറഞ്ഞ ഒരു ഡയലോഗ് ആയിരുന്നു “നിങ്ങളൊക്കെ ഇനി അനുഭവിക്കാന്‍ കിടക്കുന്നതല്ലേ ഒള്ളൂ” എന്ന്.
അതായത് രമണാ അവിടേം തിക്താനുഭവം പുരുഷന് ആണെന്ന് വേണേല്‍ വിവക്ഷിച്ചു രക്ഷപ്പെടാം,അതില്‍ അല്പം സത്യം ഇല്ലാതില്ല 😉 വൈവാഹിക ജീവിതത്തില്‍ ഒക്കെ വരുമ്പോ ഈ ഫേസ് ഒരുമിച്ചു “അനുഭവിക്കുക തന്നെ വേണ്ടി വരും”.

തമാശ വിടാം,അനുഭവിക്കേണ്ടത് പ്രാഥമികമായും സ്ത്രീകള്‍ തന്നെ ആണ്,13 വര്‍ഷത്തെ വൈവാഹിക ജീവിതത്തിലുടനീളം ചിന്തിച്ചിട്ടുള്ള കാര്യമാണ് ഈ ഒരു പ്രതിമാസ പീഡ എങ്ങനെ സഹിക്കുന്നു എന്നും പുരുഷനായി ജനിച്ചത്‌ കൊണ്ട് ഹാ എത്ര മനോഹരം ആണീ പ്രിവിലേജ് ഒക്കെ എന്നും.

ഒരു പക്ഷെ ഇത് ഏറ്റവും അലട്ടുന്നത് കരിയര്‍ ഒക്കെ ഉള്ള സ്ത്രീകളെ ആയിരിക്കും,എന്റെ ഭാര്യ ഏകദേശം 24X7 ന്നൊക്കെ പറയാവുന്ന രീതിയില്‍ ജോലിയില്‍ വ്യാപൃത ആയ ആള്‍ ആണ്,ഡോക്ടര്‍ ആണ് ആ നിലയ്ക്ക് മനുഷ്യരും ആയി ഇടപെണ്ടി വരുന്ന ഒരാള്‍.ഇപ്പറഞ്ഞ അവസ്ഥ ഒരു വൈകാരിക ചുഴലി കൊടുങ്കാറ്റാണ്. ആ അവസ്ഥ ഒരു വശത്ത്‌ ,ശാരീരികമായ തളര്‍ച്ച വേദന കൂടാതെ വൈകാരിക പ്രക്ഷുബ്ധത.രോഗികളോടോ ബന്ധുക്കളോടോ ഒക്കെ അലോസരപ്പെട്ടു സംസാരിക്കാന്‍ വയ്യ,ക്ഷീണം അറിയിക്കാന്‍ വയ്യ,പീരിയഡ്സ് ആണെന്ന് എഴുതി ഒട്ടിച്ചു നടക്കാന്‍ വയ്യല്ലോ നമ്മുടെ നാട്ടിലെ “അശുദ്ധി” സംസ്കാരം വേറെ!

പിരി മുറുക്കം പലപ്പോഴും പെയ്തു ഇറങ്ങുന്നത് ഞങ്ങളുടെ ഇടയില്‍ ആയിരിക്കും,ഇടി വെട്ടോട് കൂടിയ മഴ ആയി.

എഴുത്തില്‍ എത്ര ഒക്കെ അനുതാപം പരിഗണന ഒക്കെ പ്രകടിപ്പിച്ചാലും യഥാര്‍ത്ഥ ജീവിതത്തില്‍ വെറും ഒരു മൂരാച്ചി ഭര്‍ത്താവിനു അപ്പുറം ആവാന്‍ എനിക്കും പറ്റിയിട്ടില്ല,ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാവുന്നത് ഭൂരിഭാഗവും ഈ കാലഘട്ടത്തില്‍ ആണ്.

അതിലെ അപാകത മനസ്സിലാക്കിയുള്ള ഒരു കുമ്പസ്സാരം ആണ് ഈ എഴുത്ത് എന്ന് വേണേലും കരുതാം,അനുതാപം സ്നേഹം പരിഗണന ഒക്കെ അര്‍ഹിക്കേണ്ട അവസ്ഥയില്‍ ഉള്ള സഹജീവികളെ അശുദ്ധി എന്ന് കൂടി പറയുന്നതു ക്രൂരത ആണെന്ന് പറയാനും കൂടി ആണ്.

ആണ്‍കുട്ടികളെ ആണ് കൂടുതലും ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്,എന്റെ ഭാര്യയുടെ അവസ്ഥ ഞാന്‍ അറിയുന്നു എങ്കിലും ഉണ്ട് പക്ഷെ എന്റെ അമ്മ ഇത്തരം അവസ്ഥയില്‍ കൂടെ കടന്നു പോന്നത് ഞാന്‍ aware ആയിരുന്നേ ഇല്ല ഒരു പക്ഷെ ഭൂരിഭാഗം ആണ്‍കുട്ടികളും.അത് കൊണ്ട് എന്റെ ആണ്‍കുട്ടികളെ ഞാന്‍ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കുക തന്നെ ചെയ്യും എന്ന് തീരുമാനിച്ചിട്ടുണ്ട്.മൂന്നാം ക്ലാസ്സുകാരന് മനസ്സിലാക്കാവുന്ന രീതിയില്‍ ഇപ്പോഴേ പറഞ്ഞിട്ടുണ്ട് അമ്മയ്ക്ക് ഇടയ്ക്ക് മാസത്തില്‍ ഒരിക്കല്‍ ഹോര്‍മോണല്‍ വ്യതിയാനം കൊണ്ട് ചില പ്രയാസങ്ങള്‍ ക്ഷീണം/ പെട്ടന്ന് ദേഷ്യം വരുന്ന അവസ്ഥ ഒക്കെ വരും അപ്പൊ അമ്മ irritable ആയിരിക്കും നമ്മള്‍ എല്ലാവരും അപ്പോള്‍ അത് അറിഞ്ഞു പെരുമാറണം അങ്ങനെ ഉള്ളപ്പോള്‍ അച്ഛന്‍ പറയാം എന്നൊക്കെ ഇപ്പഴേ പറഞ്ഞിട്ടുണ്ട്,അല്പം കൂടെ വലുതായാല്‍ ഉടനെ പച്ചയ്ക്ക് പച്ച ആയി ആര്‍ത്തവം അതിന്റെ ഫിസിയോളജി ഒക്കെ തുറന്നു സംസാരിക്കണം എന്ന് തന്നാ കരുതുന്നെ..

ഒളിച്ചു വെക്കുംബോഴാണ്‌ അതെന്തോ കൌതുകം ഉണര്‍ത്തുന്ന ദുര്‍ഗ്രാഹ്യമായ ഇച്ചീച്ചി ആയ ഒന്നൊക്കെ ആയി ചിത്രീകരിക്കപ്പെടുന്നത്.
സഹജീവി ആയ സ്ത്രീയെ ഇക്കാര്യങ്ങളില്‍ ഒക്കെ ബഹുമാനിക്കുക/പരിഗണിക്കുക തന്നെ വേണം വന്ദിചില്ലെലും നിന്ദിക്കാന്‍ പാടില്ല കുറഞ്ഞ പക്ഷം എന്നെ പോലെ ചെയ്യുന്നത് തെറ്റാണ് എന്നേലും ബോധ്യം വേണം അല്ലാതെ വലിയ സ്ഥാനത്തു ഒക്കെ ഇരുന്നിട്ട് അശുദ്ധി മാങ്ങത്തൊലി എന്നൊക്കെ വിളിച്ചു പറയുന്ന പോക്രിത്തരം ഇനിയുള്ള തലമുറയിലെ ആണ്‍കുട്ടികള്‍ എങ്കിലും കാണിക്കാന്‍ പാടില്ല.
പുരുഷന്മാരോടാണ് ഇത്രേം പറഞ്ഞത് സ്ത്രീകള്‍ക്ക് വേണ്ടി അല്ല.

BY Dr  Deepu Sadasivan

Image

ഒരു അഭിപ്രായം പറയൂ