അറബിക്കടലിന്റെ കൊച്ചു സുന്ദരി

Share the Knowledge

യാത്രകളില്‍ അപ്രതീക്ഷിതമായാണ് പലപ്പോഴും ചിലരെ കാണുക. അവരുടെ കഥയും ചരിത്രവും അറിയുമ്പോള്‍ ശരിക്കും വിസ്മയിച്ചു പോകും. അങ്ങിനെ കണ്ടു ചരിത്രം കേട്ട് അത്ഭുതം കൂറിയ അറബിക്കടലിന്റെ ഒരു കൊച്ചു സുന്ദരിയെ ആണ് ഞാന്‍ ഇപ്പോള്‍ പരിചയപ്പെടുത്താന്‍ പോകുന്നത്.

ഡല്‍ഹിയിലേക്കുള്ള തീവണ്ടി യാത്രയില്‍ പലപ്പോഴും കണ്ണില്‍ പെടുന്ന ഒരു സ്റ്റേഷന്‍, ഉടുപ്പി (മാംഗ്ളുര്‍ സ്റ്റേഷനില്‍ നിന്നും അറുപതോളം കിലോമീറ്റര്‍ അകലെ). കഴിഞ്ഞ ആഴ്ച ഇറങ്ങി ഒന്ന് കറങ്ങി, കുടുംബ സഹിതം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം (ഉടുപ്പിയില്‍ നിന്നും ഒന്നര മണിക്കൂര്‍ ബസ് യാത്ര), മുരുടെശ്വര്‍ ശിവക്ഷേത്രം (വീണ്ടും രണ്ടു മണിക്കൂര്‍ ബസ് യാത്ര- ബട്ക്കല്‍ സ്റ്റേഷന്‍ അടുത്ത്), ഉടുപ്പി കൃഷ്ണ ക്ഷേത്രം, തീര്‍ഥയാത്ര കഴിഞ്ഞു ബീച്ച് കാണണം എന്ന് കുട്ടികള്‍. ഉടുപ്പിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ മാള്‍പേ ബീച്ച് ഉണ്ടെന്നു ഗൂഗിള്‍ മാപ്. അവിടെ ചെന്നപ്പോള്‍ നല്ലൊരു ബീച്ച്. തെല്ലകലെ കിടക്കുന്ന ഒരു ഫൈബര്‍ ബോട്ടില്‍ കയറണമെന്ന് കുട്ടികള്‍. അന്വേഷിച്ചപ്പോള്‍ അത് തെല്ലു ദുരെ കാണുന്ന ഒരു ദ്വീപിലേക്ക് പോകുന്നതാണ്. മുപ്പതോളം പേര്‍ ആകുമ്പോഴേ പക്ഷേ പോകു. ഒരാള്‍ക്ക് മുന്നൂര് രൂപ. ബുക്ക് ചെയ്ത് കടല്‍ത്തിരകള്‍ക്കൊപ്പം ഓടിക്കളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പത്തിരുപത് പേരായി. ലൈഫ് ജാക്കറ്റ് ഒക്കെ ധരിച്ച് ബോട്ടില്‍ അരമണിക്കുറോളം യാത്ര ചെയ്തപ്പോള്‍ ഒരു കൊച്ചു ദ്വീപിലെത്തി. അര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആകാശത്തേക്ക് തലയുയര്‍ത്തിയ തെങ്ങുകളും മനോഹരമായ കൃഷ്ണശിലകള്‍ തീരത്താകമാനം കാവല്‍ നില്‍ക്കുന്ന, അതിലേക്കു ആര്‍ത്തലച്ചു കയറുന്ന തെളിഞ്ഞ കടല്‍ത്തിരകള്‍, തിര്‍ത്തും വിജനമായ, മലിനീകരണം എത്തിനോക്കാത്ത (ഒരു കൊച്ചു പെട്ടിക്കട പോലും ഇല്ലാത്തതു കൊണ്ടാകാം) ഒരു സുന്ദരി. അതാണ്‌ സെന്റ്‌ മേരി ദ്വീപ്.

അവിടെ ഇറങ്ങിയതും ശ്രദ്ധിച്ചത് വലിയൊരു ബോര്‍ഡ് ആണ്. (അതിന്‍റെ ഫോട്ടോ ഇതോടൊപ്പം ഇടുന്നുണ്ട്). അത് വായിച്ചപ്പോള്‍ ആണ് ആ കൊച്ചു സുന്ദരിക്ക് ഇത്രയേറെ ചരിത്ര കഥകള്‍ പറയാനുണ്ടെന്ന്‍ മനസിലാക്കിയത്.

എണ്‍പത്തെട്ടു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ ഭാഗം ആയിരുന്ന മഡഗാസ്കര്‍ ദ്വീപുകള്‍ (ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍) ഒരു അഗ്നിപര്‍വ്വത ഭുചലന പ്രക്രിയയില്‍ തെന്നി മാറിയപ്പോള്‍ ബാക്കിനിന്ന ചെറിയ ഒരു തുണ്ട് ആണത്രേ പ്രസ്തുത ദ്വീപ്‌. അവിടെ കാണുന്ന ആ കൃഷ്ണശിലകള്‍ (basaltic rock അഥവാ അഗ്നിപര്‍വ്വത ലാവയില്‍ നിന്നുണ്ടായ അടുക്കു പാറകള്‍) അത്തരത്തില്‍ വിന്യസിച്ചു കാണുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലം ആയതു കൊണ്ട് രണ്ടായിരത്തി ഒന്ന്‍ മുതല്‍ അത് നാഷണല്‍ ജിയോഗ്രഫിക്കല്‍ ഇന്ത്യ സൊസൈറ്റി സംരക്ഷിത മേഖല ആയി പ്രഖ്യാപിച്ചതാണ്. മാത്രമല്ല, വളരെ അപുര്‍വമായ പലതരം ഷെല്‍ ജീവികളും ഈ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രം കാണുന്നവയത്രേ.

ഈ ജിയോളജിക്കല്‍ ചരിത്രത്തെക്കാള്‍ വിസ്മയിച്ചത് എന്‍റെ ഉള്ളിലെ നാലാം ക്ലാസിലെ കുട്ടി ആയിരുന്നു. 1498 may 20 നു കാപ്പാട് (കോഴിക്കോട്) കടപ്പുറത്ത് കപ്പല്‍ ഇറങ്ങിയ വാസ്കോഡ ഗാമ അവിടെ എത്തുന്നതിനു മുന്‍പ് ഈ ദ്വീപില്‍ ഇറങ്ങിയിരുന്നു എന്ന്. ഗാമ അന്ന് ഇവിടെ മാതാ മേരിയുടെ കുരിശു സ്ഥാപിച്ചതില്‍ നിന്നാണത്രേ ഈ ദ്വീപിന് സെന്റ്‌ മേരി ഐലാന്ഡ് എന്ന് പേരു കിട്ടിയത്. ഞങ്ങള്‍ കേവലം ഇരുപത്തഞ്ച് മിനുറ്റ് ബോട്ട് യാത്ര ചെയ്ത് എത്തിയ ഈ കൊച്ചു ദ്വീപില്‍ ഗാമ എത്തിയത് എങ്ങിനെ എന്ന് ഞാന്‍ ആലോചിച്ചു നോക്കി. അക്കാലത്തെ കുറിച്ച് വായിച്ചതൊക്കെയും മനസിലേക്ക് വന്നു.

1497 july 8 നു ലിസ്ബണ്‍ തുറമുഖത്തു നിന്നും നാലു പായക്കപ്പലുകളില്‍ നൂറ്റിഎഴുപത് പേരുമായി പുറപ്പെട്ട ഗാമ ഗുഡ് ഹോപ്‌ മുനന്പ് ചുറ്റി മൊസാംബിക്കില്‍ (ആഫിക്ക) എത്തി. അവിടെ കച്ചവട സാധ്യതകള്‍ തള്ളിക്കളഞ്ഞപ്പോള്‍ മൊസാംബിക്ക് ഉപേക്ഷിച്ച് കടല്‍ കടന്നു ഇന്ത്യയെ ലക്ഷ്യമാക്കി യാത്ര ചെയ്തു (പോകുന്ന പോക്കില്‍ മൊസാംബിക്കിലേക്ക് കടുത്ത ഫയറിംഗ് നടത്തിയിരുന്നു). അങ്ങിനെ കടല്‍ കടന്നു ആദ്യമായി യുറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു കപ്പല്‍ പാത കണ്ടുപിടിച്ച ഗാമയുടെ കാപ്പാട് കടപ്പുറത്തെ കാലുകുത്തല്‍ പിന്നിട് നൂറ്റാണ്ടുകള്‍ നീണ്ട വിദേശ ആധിപത്യത്തിനു വഴിവെച്ചു എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിക്കുന്നു. അന്ന് മാസങ്ങള്‍ക്ക് ശേഷം കാപ്പാട് എത്തിയത് വെറും രണ്ടു കപ്പലുകളില്‍ അമ്പത് പേര്‍ മാത്രം ആയിരുന്നു. അതായത് രണ്ടു കപ്പലുകളും നൂറ്റിഇരുപത് പേരും ആ യാത്രയുടെ ഇരകളായി എന്ന്.

കച്ചവട ഉടമ്പടി ലക്ഷ്യമാക്കി കാപ്പാട് ഇറങ്ങിയ ആ പോര്‍ച്ചുഗിസ് സംഘത്തെ കോഴിക്കോട് രാജാവ് സാമൂതിരി ചെണ്ട കൊട്ടി വരവേറ്റെങ്കിലും സമ്മാനങ്ങളില്‍ സംപ്രീതനാകാതെ ഉടമ്പടിക്കു സന്നദ്ധനായില്ല. അതോടെ ഗാമ സാമൂതിരിയുമായി സംഘട്ടനത്തിലായി. പിന്നെ മടങ്ങിയത് കുടുതല്‍ കപ്പലുകളുമായി വന്നു സാമൂതിരിയെ ആക്രമിച്ച് കീഴടക്കാനായിരുന്നു. (മണ്സുണ്‍ കാറ്റിന്‍റെ പ്രവാഹമാണ് ഈ കപ്പല്‍ പാതയുടെ ഇന്ധനം.) ഇവിടത്തെ മുസ്ലിം കച്ചവടക്കാര്‍ ഗാമയുടെ കടുത്ത ശത്രൂക്കള്‍ ആയിരുന്നു. അതിനാല്‍ മനസില്ലാ മനസോടെ ഉടമ്പടിക്ക് തയ്യാറായ ഗാമയുടെ ആദ്യത്തെ വ്യവസ്ഥ സാമൂതിരി മുസ്ലിങ്ങളെ നാട് കടത്തണം എന്നായിരുന്നു. അതിനു സാമൂതിരി തയ്യാറായില്ല. അങ്ങിനെ കടല്‍തീരത്ത് തമ്പടിച്ച ഗാമയുടെ കപ്പല്‍ സൈന്യം അതിലെ കടന്നു പോകുന്ന നിരവധി തോണികളും മറ്റും കൊള്ളയടിച്ചു. അതിലെ ജീവനക്കാരെ നിഷ്കരുണം (കൈകളും കാലുകളും വെട്ടി കടലില്‍ എറിയുക എന്നീ വിധത്തില്‍ ചിത്രവധമാണ് അയാള്‍ നടപ്പിലാക്കിയിരുന്നത്) വധിച്ചു. കോഴിക്കോട് നിന്ന്‍ ഹജിനു പോകുകയായിരുന്ന ഒരു കപ്പല്‍ പിടിച്ചടക്കി അതിലെ അഞ്ഞുറിലധികം പേരെ വധിച്ചു. (അതിലെ അന്‍പതോളം വരുന്ന സ്ത്രീകള്‍ തങ്ങളുടെ സ്വര്‍ണ്ണവും പണവും എല്ലാം ഗാമയുടെ കാല്‍ക്കല്‍ ഇട്ടു അവര്‍ യാചിച്ചത് സ്വന്തം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമായിരുന്നു. പക്ഷേ ഗാമ അവരെയും വധിച്ചു.) ഇതിനിടയില്‍ കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും അയാള്‍ കച്ചവടം നടത്തുകയും ചെയ്തിരുന്നു. പണ്ടു വായിച്ചതൊക്കെ ഒരു നിമിഷം കൊണ്ട് മനസിലൂടെ പാഞ്ഞു പോയി.

ഇത്രയധികം ചരിത്രം ഉറങ്ങുന്ന ആ ദ്വീപില്‍ കറങ്ങാന്‍ ബോട്ടുകാര്‍ അനുവദിച്ചു നല്‍കിയ ഒരു മണിക്കൂര്‍ തീര്‍ത്തും കുറവായിരുന്നു. എങ്കിലും അരമണിക്കൂര്‍ കടലില്‍ കളിക്കാനും അരമണിക്കൂര്‍ ദീപിനെ ഒന്ന് വലം വെക്കാനും ഉപയോഗിച്ച് കൊണ്ട് തിരിച്ചു കയറുമ്പോള്‍ ശരിക്കും തോന്നി, ഇവിടേയ്ക്ക് വന്നില്ലെങ്കില്‍ അത് ഒരു നഷ്ടമാകുമായിരുന്നു.

(ഇതിലെ ഇന്‍ഫോര്‍മേഷന്‍ പലതും ഗുഗിളിന് കടപ്പെട്ടിരിക്കുന്നു. ഫോട്ടോകള്‍ സ്വന്തം. ആരെങ്കിലും ഇതു വായിച്ച് അവിടെ പോകാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ എടുത്ത് ആ ദ്വീപിനെ മലിനീകരിക്കാന്‍ ശ്രമിക്കാത്തതിന് ഇപ്പോഴേ എന്‍റെ നന്ദി. ഈ കടല്‍ വളരെ പ്രക്ഷുബ്ധമായത് കൊണ്ട് ചില കാലങ്ങളില്‍ ഇവിടെ ബോട്ട് യാത്ര ഉണ്ടാകാറില്ല. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ വേലിയേറ്റസമയമായതുകൊണ്ട് ബോട്ട് വല്ലാതെ ഉലയുകയും പലരും നിലത്തു വീഴുകയും ചെയ്തു. മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണം.)


By   Jithendra Kumar
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ