ആകാശവിസ്മയമായി മാറിയ കറുത്ത പക്ഷികൾ !

Share the Knowledge

350വർഷം മുമ്പ് വേട്ടക്കാരുടെ തോക്കിൻമുനയിൽ പിടഞ്ഞുതീർന്നൊരു പക്ഷിവംശം. ഒരുപാടൊരുപാട് പറന്ന് പല ലോകങ്ങൾ താണ്ടുന്ന ദേശാടകരായിരുന്നു അവർ.

എന്നേക്കുമായി ചിറകറ്റുപോകും മുമ്പ് കനിവുള്ള ചിലർ അവയിൽ നിന്നൊരു കൂട്ടത്തെ കണ്ടെത്തി വളർത്തി. പക്ഷേ, അവർ പിന്നെ ആകാശങ്ങളെ സ്വപ്‌നം കണ്ടില്ല. അവിടെ ഇനിയും വറ്റിത്തീർന്നിട്ടില്ലാത്ത മനുഷ്യനന്മയുടെ നീർക്കണമായി ജൊഹന്നസ് ഫ്രിറ്റ്‌സ് എന്ന മനുഷ്യൻ ഉതിർന്നു വീണു. അവരെ വീണ്ടും പഴയകാലത്തിലേക്ക് പറത്താൻ അദ്ദേഹമൊരു യന്ത്രപ്പക്ഷിയായി. ആ അച്ഛൻപക്ഷിക്കുപിന്നാലെ ആ പക്ഷിവംശം ഉയിർത്തു. അവർ ഒരുമിച്ചു പറന്നു..ഇന്നും പറന്നുകൊണ്ടേയിരിക്കുന്നു

ഏതു നായാട്ടുകാലത്തും ലോകം എത്ര സുന്ദരമാണ് എന്നതിന്റെ അടയാളമായി ഇതാ ആ കഥ… ഒപ്പം നഗരത്തിന് മാത്രമായി ജൊഹന്നസ് ഫ്രിറ്റ്‌സ് പങ്കുവച്ചു ദേശാടനത്തിൻറെ ചരിത്രം തിരുത്തിയെഴുതി
ആകാശവിസ്മയമായി മാറിയ കറുത്ത പക്ഷികൾ ഇപ്പോൾ ലോകമെങ്ങുമുള്ള പക്ഷിസ്നേഹികളുടെ മനസ്സിനെ ഭ്രമിപ്പിക്കുന്നു. കൊക്കിനെപ്പോലുള്ളതാണ്‌ പക്ഷി. നോർത്തേൺ ബാൾഡ്‌ ഐബിസ്‌ (NORTHERN BALD IBIS). യൂറോപ്പിന്റെ സ്വന്തം പക്ഷി. പുത്തൻ തലമുറക്കാർക്ക്‌ നഷ്ടപ്പെട്ടിരുന്ന ദേശാടന സ്വഭാവം പക്ഷികൾ അത്ഭുതകരമായി വീണ്ടെടുത്തു. ഒരു ജന്തു ശാസ്ത്രജ്ഞനും സംഘവും അവയെ ദേശാടനം പഠിപ്പിച്ചതാണ്‌ ലോകശ്രദ്ധയാകർഷിച്ച നേട്ടം. ടീം ലീഡറുടെ ആജ്ഞയനുസരിച്ച്‌ പക്ഷികൾ പറന്നു. ഓസ്‌ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നിന്ന്‌ ഇറ്റലിയിലെ ടസ്കനിയിലെ പുൽമേട്ടിലേക്കും വനങ്ങളിലേക്കും അവർ ദേശാടനത്തിനെത്തി. 2004-ൽ തുടങ്ങിയ ദൗത്യം ഓരോ വർഷവും ആവർത്തിച്ചു. ഇത്തവണ 23-ഓളം പക്ഷികൾക്ക്‌ ടസ്കനിയിൽ പ്രകൃതിസ്നേഹികൾ വരവേല്പ്‌ നൽകി.പക്ഷിക്ക്‌ വർണങ്ങളില്ല. കഷണ്ടിത്തല. നീണ്ട്‌ കൂർത്ത കൊക്ക്‌. കാറ്റിൽ ആടുന്ന ഈർക്കിലി പോലുള്ള മുടി. കഴുകന്റെ ആകൃതി. യൂറോപ്പിൽ ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലായിരുന്നു പ്രധാന ആവാസ കേന്ദ്രങ്ങൾ. പക്ഷെ, 350 വർഷങ്ങൾക്കു മുമ്പ്‌ യൂറോപ്പിൽ പക്ഷിയുടെ വംശം നശിച്ചു.

വേട്ടയായിരുന്നു മുഖ്യ കാരണം. രുചിയുള്ള ഇറച്ചിതേടി യൂറോപ്പിലെങ്ങും വേട്ടക്കാർ പെരുകി. കാലം കഴിഞ്ഞപ്പോൾ അവയുടെ വാസസ്ഥലങ്ങളും നാട്ടുകാർ കൈയേറി. മൊറോക്കോയിലും തുർക്കിയിലും സിറിയയിലും ഈ പക്ഷികൾ ഉണ്ടായിരുന്നു. 1990-ൽ മൊറോക്കോയിൽ നിന്നും ഒരുകൂട്ടം പക്ഷികളെ വിയന്ന യൂണിവേഴ്‌സിറ്റിയിലെ മൃഗശാലയിൽ കൊണ്ടുവന്നു. അവ ക്രമേണ പെരുകി.വിയന്ന യൂണിവേഴ്‌സിറ്റിയിൽ ജന്തുശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന യുവ ശാസ്ത്രജ്ഞനായ ജൊഹന്നസ്‌ ഫ്രിറ്റ്‌സ്‌ ആകസ്മികമായി ഈ പക്ഷികളിൽ ആകൃഷ്ടനായി. പക്ഷിയുെട ഭൂതകാലം അദ്ദേഹത്തിന്‌ അറിയാമായിരുന്നു. ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ രേഖകളുള്ളത്‌ അദ്ദേഹം വായിച്ചു പഠിച്ചിരുന്നു. ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഈ പക്ഷി ഇറ്റലിയിലെ ടസ്കനിയിലേക്ക്‌ ദേശാടനം നടത്തിയിരുന്നതിനുള്ള തെളിവുകൾ ഫ്രിറ്റ്‌സിന്‌ ലഭിച്ചു. നാട്ടിൽ കാലാവസ്ഥ മെച്ചപ്പെടുമ്പോൾ ടസ്കനിയിൽനിന്ന്‌ തിരിച്ചെത്തും

ടസ്കനിയായിരുന്നു പ്രധാന താവളം. ലക്ഷക്കണക്കിന്‌ പക്ഷികൾ അവിടെ ദേശാടനത്തിന്‌ എത്തിയിരുന്നു. വിയന്ന മൃഗശാലയുടെ പരിസരത്തുള്ള വനങ്ങളിൽ താമസിച്ചിരുന്ന ഈ പക്ഷി ദേശാടനത്തിന്‌ താത്‌പര്യം കാണിച്ചില്ല. 350 വർഷങ്ങൾക്ക്‌ ശേഷമാണ്‌ അവയ്ക്ക്‌ വീണ്ടും വാസസ്ഥലം വിയന്നയിലും മറ്റും ലഭിച്ചത്‌. അല്പദൂരം പറന്ന്‌ തിരിച്ചെത്തുകയായിരുന്നു പതിവ്‌. ഐബിസ്‌ പക്ഷിയുടെ പിൻതലമുറക്കാരെ ദേശാടകരായി മാറ്റാൻ കഴിയുമോ? അതായിരുന്നു ഫ്രിറ്റ്‌സിന്റെ ചിന്ത. യൂണിവേഴ്‌സിറ്റിയിൽ തന്റെ ഗുരുവായ ഡോ. കുർട്ട്‌ കൊട്രായ്യിലുമായി അദ്ദേഹം കൂടിയാലോചന നടത്തി. വളർത്തച്ഛനും വളർത്തമ്മയ്ക്കും ഈ പക്ഷിയുടെ സ്വഭാവ രൂപവത്‌കരണത്തിൽ നിർണായക പങ്ക്‌ വഹിക്കാൻ കഴിയുമെന്ന്‌ ഗുരു പറഞ്ഞു. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ തള്ളപ്പക്ഷിയിൽ നിന്നും കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിക്കും. തുടർന്ന്‌ വളർത്തച്ഛനോ വളർത്തമ്മയോ കുഞ്ഞിനെ മടിയിലിരുത്തി തീറ്റകൊടുത്ത്‌ ലാളിക്കും. കൂടെ കൊണ്ടുനടക്കും. മൂന്ന്‌ മാസം കൊണ്ട്‌ കുഞ്ഞ്‌ വളരും. തുടർന്ന്‌ വളർത്തുന്നവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കും. അവർ എങ്ങോട്ട്‌ നീങ്ങിയാലും പക്ഷികൾ പുറകെയെത്തും. മാറ്റിനിർത്താൻ കഴിയില്ല. ചട്ടക്കൂട്‌മാത്രമുള്ള ചെറുവിമാനത്തിൽ (MICRO LIGHT) വളർത്തച്ഛൻ ഇരുന്ന്‌ പറന്നാൽ പക്ഷികൾ വിമാനത്തെ അനുഗമിക്കുമെന്ന്‌ ഫ്രിറ്റ്‌സ്‌ കണ്ടെത്തി. 1986ൽ കാനഡക്കാരനായ ഒരു ശില്പി ബിൽ ലിഷ്‌മാൻ ഒന്റാറിയോവിൽനിന്നും വടക്കൻ കരോളിനയിലേക്ക്‌ പക്ഷികളെ പറപ്പിച്ച്‌ ദേശാടനം പരീക്ഷിച്ചിരുന്നു. അതെക്കുറിച്ചുള്ള ഒരു ചിത്രം ഫ്രിറ്റ്‌സിനെ ആഴത്തിൽ സ്വാധീനിച്ചു. ഈ ദേശാടനപദ്ധതി നടപ്പിലാക്കാൻ 2001ൽ വാൾഡ്രാപ്പ്‌ എന്ന സംഘടന രൂപവത്‌കരിച്ചു. വിയന്ന യൂണിവേഴ്‌സിറ്റി സാമ്പത്തികസഹായം നൽകി. ഐബിസ്‌ പക്ഷിയുടെ ജർമൻഭാഷയിലുള്ള പേരാണ്‌ വാൾഡ്രാപ്പ്‌. ഓസ്‌ട്രിയയിൽ ജർമൻഭാഷയ്ക്കാണ്‌ പ്രാമുഖ്യം

ആദ്യത്തെ വളർത്തച്ഛൻ അദ്ദേഹം തന്നെയായി. പക്ഷിക്കുഞ്ഞുങ്ങളെ ലാളിച്ചുവളർത്തി. മൈക്രോ ലൈറ്റ്‌ വിമാനം പറപ്പിക്കാൻ പഠിച്ചു. ആറരലക്ഷം രൂപയായിരുന്നു വില. പക്ഷികളെ ദേശാടനം പഠിപ്പിക്കാൻ തീവ്രശ്രമം ആരംഭിച്ചു. ഊണും ഉറക്കവുമില്ലാതെ. വിയന്നയിൽനിന്നും ടസ്കനിയിലേക്കുള്ള ദൂരം 860 കിലോമീറ്ററാണ്‌. ഘട്ടംഘട്ടമായി പറക്കണം. ആൽപ്‌സ്‌ പർവതനിരകളും അഡ്രിയാറ്റിക്ക്‌ സമുദ്രവും മലനിരകളും നഗരങ്ങളും വയലുകളും വനവും കടന്ന്‌വേണം ടസ്കനിയിലെത്താൻ. രാത്രിയും പകലും ക്യാമ്പ്‌ചെയ്യാൻ സ്ഥലങ്ങൾ വേണം. നിരവധി വ്യക്തികളും സന്നദ്ധസംഘടനകളും ഫ്രിറ്റ്‌സുമായി സഹകരിക്കാൻ തയ്യാറായി. 2002 ൽ ആദ്യപരീക്ഷണം പരാജയപ്പെട്ടു. വിമാനത്തിന്‌ പിന്നിലായി പക്ഷികൾ പറന്നില്ല. വളർത്തച്ഛൻ വിമാനത്തിലുള്ളത്‌ പക്ഷികൾ ഗൗനിച്ചില്ല. 2003 ൽ അല്പദൂരം കഴിഞ്ഞപ്പോൾ പക്ഷികൾ തിരിച്ചെത്തി. പ്രേരണ ചെലുത്തിയിട്ടും പറന്നില്ല. പക്ഷികൾ പാറപോലെ അനങ്ങാതെനിന്നു.ഫ്രിറ്റ്‌സ്‌ തോൽക്കാൻ തയ്യാറായില്ല. വെറും മൂന്നുമാസം മാത്രം പ്രായമുള്ള പക്ഷികൾ ഇത്രദൂരം പറക്കുമോ? ഗുരു പറഞ്ഞു: ‘‘പറക്കും. ഘട്ടംഘട്ടമായിട്ടല്ലേ? ശ്രമിച്ചുനോക്കൂ. പരിശീലനം നടക്കട്ടെ. നിരാശ പ്പെടരുത്‌.’’ 2004ൽ പരിശീലനം തകൃതിയായി നടന്നു. ആഗസ്ത്‌ 17ന്‌ വിയന്നയിൽനിന്ന്‌ പറക്കൽതുടങ്ങി. 37 ദിവസത്തിനുള്ളിൽ പതിനാല്‌ ഘട്ടങ്ങൾ പിന്നിട്ടു. 860 കിലോമീറ്റർ പിന്നിട്ടു. വിമാനത്തിന്‌പിന്നിലും വശത്തുമായി അവ പറന്നു. ഒടുവിൽ ടസ്കനിയിലെത്തി. ദേശാടനം അങ്ങനെ യാഥാർഥ്യമായി. ചരിത്രത്തിൽ അതിന്‌ മഹത്തായ സ്ഥാനംകിട്ടി. ദിവസവും ശരാശരി 60 കിലോമീറ്റർ പക്ഷികൾ പറന്നു. പത്ത്‌ പക്ഷികളുമായി തുടങ്ങിയെങ്കിലും മൂന്നെണ്ണം വഴിയിൽവീണു. ബാക്കി ഏഴെണ്ണം എത്തി. അങ്ങനെ ആദ്യത്തെ ദേശാടനപാഠം വിജയിച്ചു. ടസ്കനിയിൽ പക്ഷികളെ കാണാൻ പ്രകൃതിസ്നേഹികൾ എത്തി

തുടർന്നുള്ള വർഷങ്ങളിലും ദേശാടനം വിജയിച്ചു. ദേശാടനപ്പക്ഷികൾ ആറുമാസം കഴിഞ്ഞ്‌ തിരിച്ച്‌ നാട്ടിലേക്ക്‌ പറക്കണം. എന്നാൽമാത്രമേ ദേശാടനം സഫലമാകൂ. 2011ലാണ്‌ ആദ്യത്തെ പക്ഷി തിരിച്ചെത്തിയത്‌. 2012 മുതൽ 15 വരെ ഒരുവിഭാഗം പക്ഷികൾ തിരിച്ച്‌ ടസ്കനിയിലെത്തി ദേശാടനം പൂർത്തിയാക്കി. പക്ഷികളെ അടയാളപ്പെടുത്തിയിരുന്നതിനാൽ അവയെ തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ദേശാടനം പൂർണ വിജയത്തിലേക്ക്‌ നീങ്ങിയെന്നും ഫ്രിറ്റ്‌സ്‌ പത്രങ്ങളോട് പറഞ്ഞു. ചിത്രങ്ങൾ അദ്ദേഹം ഇ-മെയിലിലൂടെ നൽകുകയും ചെയ്തു. ഇത്തവണ ആഗസ്ത്‌ 19നാണ്‌ രണ്ട്‌ ചെറുവിമാനങ്ങളിലായി വളർത്തച്ഛനും വളർത്തമ്മമാരായി രണ്ട്‌ വിദ്യാർഥിനികളും വിയന്നയിൽനിന്ന്‌ പുറപ്പെട്ടത്‌. ഇത്തവണ ദൂരം ഏതാണ്ട്‌ 1000 കിലോമീറ്ററായിരുന്നു. ദിവസേന ശരാശരി 52 കിലോമീറ്റർ ദൂരം പിന്നിട്ടു. വിയന്ന യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനികളായ ആനിയും വാൾട്ടുമായിരുന്നു വളർത്തമ്മമാർ. ഇത്തവണ രണ്ട്‌ കഴുകന്മാർ പറക്കലിനിടെ പക്ഷികളെ ആക്രമിച്ചു. 25 പക്ഷികളുമായിട്ടാണ്‌ യാത്രതുടങ്ങിയത്‌. രണ്ടെണ്ണം പരിക്കേറ്റതിനാൽ തുടർന്ന്‌ പറന്നില്ല. ടസ്കനിയിൽ 23 പക്ഷികളെ എത്തിക്കാൻകഴിഞ്ഞു. യാത്രയ്ക്ക്‌ 24 ദിവസങ്ങൾ വേണ്ടിവന്നു. ആറ്‌ ഘട്ടങ്ങൾ. ഇനിയുള്ള വർഷങ്ങളിലും ദേശാടനപരീക്ഷണങ്ങൾ ഫ്രിറ്റ്‌സ്‌ നടത്തും. ‘‘എന്റെ ഗുരു കൊട്രായ്യലിനോടാണ്‌ തന്റെ കടപ്പാട്‌.’’ അദ്ദേഹം എളിമയോടെ പറഞ്ഞു

എല്ലാ പക്ഷികൾക്കും ജിപിഎസ്‌ (ഗ്ലോബൽ പൊസിഷനിങ്‌ സിസ്റ്റം) സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്‌. അതിനാൽ അവയെ അനായാസമായി നിരീക്ഷിക്കാം. എത്ര ഉയരത്തിൽ പറക്കുന്നു, കാലാവസ്ഥ എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻകഴിയും. അടുത്ത ദേശാടനത്തിന്‌ തയ്യാറെടുക്കാൻ വിലപ്പെട്ട വിവരങ്ങൾ ജിപിഎസിൽ നിന്നും കിട്ടും. ‘‘ഇനി ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പക്ഷികൾ ദേശാടനത്തിന്‌ സ്വയം സജ്ജമാകും,’’ ഫ്രിറ്റ്‌സ്‌ ശുഭാപ്തിയോെട പറഞ്ഞു. ഓരോവർഷവും ഒന്നരലക്ഷം യൂറോയാണ്‌ ദേശാടനപദ്ധതിയുടെ ചെലവ്‌. യൂറോപ്യൻ കമ്മിഷന്റെ സാമ്പത്തികസഹായം ലഭിക്കുന്നുണ്ട്‌.

By : സജീദ് കെ ചൂനാട്

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ