ആഫ്രിക്കയിലെ മാസായി ഗോത്രക്കാര്‍

Share the Knowledge

ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ഗോത്രവിഭാഗങ്ങളില്‍ ഒന്നാണ് കിഴക്കന്‍ ആഫ്രിക്കയിലെ മാസായി വര്‍ഗക്കാര്‍. നമ്മള്‍ മലയാളികള്‍ ആദ്യമായി മാസായികളെക്കുറിച്ച് കേള്‍ക്കുന്നത് എസ് കെ പൊറ്റെക്കാടിന്‍റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളിലൂടെയാണ്. കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി എന്നീ പുസ്തകങ്ങളിലൂടെ ‘അരൂഷ’യും ‘മോഷി’യും ‘ദാര്‍ എസ് സലാ’മുമൊക്കെ നമ്മുടെ സ്വന്തം സ്ഥലങ്ങളായപ്പോള്‍, മേരുപര്‍വതത്തിന്‍റെ താഴ്വരകളിലും മാസായിഗ്രാമങ്ങളിലും എസ് കെ യ്ക്കൊപ്പം നമ്മളും അലഞ്ഞു നടന്നു.

മാസായികളെക്കുറിച്ചും മാസായിമാരയെക്കുറിച്ചുമൊക്കെ ഇപ്പോഴും നമ്മള്‍ വായിക്കാറും കേള്‍ക്കാറുമുണ്ട്. ആരാണ് മാസായികള്‍? എന്താണവരുടെ ചരിത്രം? ആഫ്രിക്കയിലെ മറ്റു ഗോത്രവര്‍ഗക്കാരില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന മാസായികളുടെ ജീവിതത്തിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഒന്നെത്തിനോക്കാം.

പൂര്‍വ ആഫ്രിക്കയിലെ തെക്കന്‍ കെനിയയിലും, വടക്കന്‍ ടാന്‍സാനിയയിലും ജീവിച്ചുവരുന്ന പുരാതനഗോത്രവര്‍ഗക്കാരാണ് ‘മാസായി’കള്‍. വ്യതിരിക്തമായ സംസ്കാരം, വിചിത്രമായ വസ്ത്രധാരണശൈലി, അധിവസിക്കുന്ന മേഖലയുടെ പ്രത്യേകത എന്നിവ കൊണ്ട് ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഇവര്‍. നൈൽനദീതടങ്ങളില്‍ വസിച്ചിരുന്ന ഗോത്രവർഗക്കാരുടെ പിന്‍മുറക്കാരില്‍ ഒരു വിഭാഗമാണ്‌ ഇവര്‍ എന്ന് കരുതപ്പെടുന്നു. ഇപ്പോഴും പരമ്പരാഗത ജീവിതശൈലി തുടര്‍ന്നുവരുന്ന ഇവരുടെ ഭാഷ ‘മാ'(Maa) ആണ്.

സ്വതവേ മാസായികള്‍ ഉയരമുള്ളവരാണ്. ആറടിയിലധികം ഉയരം വരുന്ന ഇവരുടെ ചര്‍മ്മത്തിന്‍റെ നിറം കടുംകറുപ്പാണ്. നീണ്ടുമെലിഞ്ഞ മുഖവും മറ്റ് ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരെ പോലെതന്നെ ചുരുണ്ടുപരന്ന കറുത്ത മുടിയുമാണിവര്‍ക്കുള്ളത്. ‘ഷുക’ എന്നറിയപ്പെടുന്ന കഴുത്തുമുതല്‍ മുട്ടിനു താഴെവരെയെത്തുന്ന ചുവന്നപുതപ്പും നീണ്ട ദണ്ഡുമാണ് പുരുഷന്മാരുടെ സാധാരണവേഷം. ചുവപ്പിനോടുള്ള ഇവരുടെ ഇഷ്ടം വളരെ പ്രസിദ്ധമാണല്ലോ.

വസ്ത്രധാരണത്തിനേക്കാള്‍ ആഭരണങ്ങളിലാണ് മസായിപെണ്ണുങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം. ചെമ്പ്, ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള വളയങ്ങളും, പല വര്‍ണ്ണത്തിലുള്ള മുത്തുകോര്‍ത്തെടുത്ത മാലകളും ആഭരണമായി കഴുത്തിലും കാതിലും കയ്യിലും അണിഞ്ഞുവരുന്നു. പുരുഷന്മാരും ആഭരണങ്ങള്‍ ധരിക്കാറുണ്ട്. ആഫ്രിക്കയിലെ മറ്റു ഗോത്രവര്‍ഗക്കാരെപ്പോലെ ചെവി തുളയ്ക്കുന്നതും വലിച്ചുനീട്ടുന്നതുമൊക്കെ ഇവരുടെയും പതിവാണ്. തല മൊട്ടയടിക്കുന്നതും താഴെ മുന്‍വരിയിലെ രണ്ട് പല്ലുകള്‍ എടുത്തുമാറ്റുന്നതും തരുണികളുടെ സൗന്ദര്യലക്ഷണമായി കണക്കാക്കി വരുന്നു.

പുരുഷന്മാരും സ്ത്രീകളും ചേലാകര്‍മ്മത്തിനും വിധേയരാകാറുണ്ട്‌. ആണ്‍ പെന്‍ വ്യത്യാസമില്ലാതെ ശൈശവത്തില്‍ തന്നെ കോമ്പല്ലുകള്‍ നീക്കം ചെയ്യുന്നസ്വഭാവം ചില വിഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. സംഘം ചേര്‍ന്നുള്ള സംഗീതത്തോടും നൃത്തത്തോടും പ്രതിപത്തി പുലര്‍ത്തുന്ന ഇവരുടെ ‘അഡുമു’ എന്ന ചാടിക്കൊണ്ടുള്ള നൃത്തങ്ങള്‍ (Jumping Dance) ലോകപ്രശസ്തമാണ്.

ഇപ്പോഴത്തെ ഇവരുടെ ജനസംഖ്യ ഏകദേശം ഒന്‍പതു ലക്ഷത്തോളമാണ്. കന്നുകാലിവളര്‍ത്തലാണ് ഇവരുടെ പ്രധാന ജീവിതമാര്‍ഗം. മാസായികളുടെ വിശ്വാസമനുസരിച്ച്, ലോകത്തുള്ള കന്നുകാലികളെയെല്ലാം ദൈവം തങ്ങള്‍ക്ക് നൽകിയിട്ടുള്ളതാണെന്നാണ്. അതുകൊണ്ടുതന്നെ മറ്റു ഗോത്രങ്ങളിൽ നിന്ന് കന്നുകാലികളെ മോഷ്ടിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം തെറ്റല്ല, മറിച്ച് അവർക്ക് അവകാശപ്പെട്ട മുതല്‍ തിരിച്ചുപിടിക്കുന്നതു മാത്രമാണത്.

എക്കാലവും തങ്ങളുടെ കന്നുകാലികളുമായി തീവ്രവും വിശുദ്ധവുമായ ഒരുതരം ബന്ധം പുലര്‍ത്തിയിരുന്നു അവര്‍. ഒരര്‍ത്ഥത്തില്‍ കന്നുകാലികളെ ആശ്രയിച്ചുള്ള ജീവിതമായിരുന്നു അവരുടേത് എന്നും പറയാം. ഭക്ഷണത്തിനായും പ്രധാനമായും ആശ്രയിച്ചിരുന്നത് അവരുടെ വളര്‍ത്തുമൃഗങ്ങളെത്തന്നെയായിരുന്നു; മാംസവും പാലും ദിവസേന കഴിക്കുന്ന അവര്‍ വിശേഷാവസരങ്ങളില്‍ അവയുടെ ചുടുരക്തവും കഴിച്ചിരുന്നു. കൃഷിക്കാരായി മാറിയ ചുരുക്കം മാസായി വിഭാഗങ്ങളുമുണ്ട്. കാലികളുടെയും മക്കളുടെയും എണ്ണം നോക്കിയാണ് ഒരാളുടെ സമ്പത്ത് അളന്നിരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നില്ലാത്തവര്‍ ദരിദ്രരായും കണക്കാക്കപ്പെട്ടിരുന്നു.

ദേശാന്തരഗമനം നടത്തുന്ന ഇടയജീവിതം പിന്തുടര്‍ന്നു വന്നിരുന്നതിനാല്‍ സ്ഥിരമായൊരു താമസസ്ഥലമോ ഉറപ്പുള്ള വീടുകളോ ഇവര്‍ക്കില്ലായിരുന്നു.
ചെറുതും വൃത്താകൃതിയിലുള്ള വീടുകള്‍ മരക്കൊമ്പുകളും മണ്ണും ചാണകവും പുല്ലും കൊണ്ടാണ് നിര്‍മ്മിക്കുന്നത്. വീടുനിര്‍മ്മാണം സ്ത്രീകളുടെ ജോലിയാണെങ്കില്‍ വേലിയും തൊഴുത്തുകളും നിര്‍മ്മിക്കുന്നത് പുരുഷന്മാരാണ്. പ്രകൃതിയും വന്യജീവികളുമായി ഇണങ്ങിക്കഴിയുന്നൊരു ജീവിതശൈലിയായിരുന്നു അവര്‍ തലമുറകളായി പിന്‍തുടര്‍ന്നു പോന്നിരുന്നത്. ഗോത്രമായി ജീവിക്കുന്നതുകൊണ്ട് ഗോത്രത്തലവന്‍റെ ഉത്തരവുകള്‍ എന്തിലും അവസാനവാക്കുമാണ്.

യൂറോപ്യന്മാര്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയതുമൂലം ഭൂരിപക്ഷം മാസായികളും ക്രിസ്ത്യാനികളാണ്. അറബികളുടെ സ്വാധീനത്താല്‍ മുസ്ലീമായ ന്യൂനപക്ഷവുമുണ്ട്. എങ്കില്‍പോലും, തനത് ഗോത്രാചാരങ്ങള്‍ പിന്തുടര്‍ന്നുവരുന്ന സമൂഹമാണ് ഇന്നും മസായികളുടേത്. ഗോത്രദൈവമായ എങ്കായിയാണ് ആരാധനാമൂര്‍ത്തി. എങ്കായിക്ക് രണ്ട് ഭാവങ്ങളുണ്ട് എന്നാണ് വിശ്വാസം: ദുഷ്ടഭാവത്തെ എങ്കായി നരോദ് (കറുത്ത ദൈവം) എന്നും, സൗമ്യഭാവത്തെ എങ്കായി നാന്യോക്കി (ചുവന്ന ദൈവം) എന്നും വിളിക്കുന്നു.

പോരാട്ടവീര്യം രക്തത്തില്‍ കൊണ്ടുനടക്കുന്ന സംസ്കാരമാണ് അവരുടേത്.
അതുകൊണ്ടുതന്നെ പോരാളികള്‍ക്കായിരുന്നു മാസായി വര്‍ഗത്തില്‍ ഏറ്റവും ബഹുമാനവും പരിഗണനയും കിട്ടിയിരുന്നതും. യോദ്ധാക്കളുടെ പ്രധാനകടമ കാലികളെയും മനുഷ്യരെയും, വന്യമൃഗങ്ങളില്‍നിന്നും മറ്റു ഗോത്രക്കാരില്‍നിന്നും സംരക്ഷിക്കുക എന്നതായിരുന്നു. മുടി നീട്ടിവളര്‍ത്താന്‍ അവകാശമുള്ളതും യോദ്ധാക്കള്‍ക്കു മാത്രമാണ്. അടുത്തകാലം വരെ, ഒരു മാസായി ആണ്‍കുട്ടിയ്ക്ക് പോരാളിയായി അംഗീകരിക്കപ്പെടണമെങ്കില്‍ വെറും കുന്തം കൊണ്ട് മാത്രം പോരാടി ഒരു സിംഹത്തെ കൊലപ്പെടുത്തണമായിരുന്നു.

അവരുടെ പ്രധാന ആയുധം കുന്തവും പരിചയുമാണ്. ‘ഓറിങ്ക’ എന്ന ചെറിയ ഗദ പോലുള്ള ആയുധം എറിഞ്ഞുകൊള്ളിക്കാന്‍ മിടുക്കരായിരുന്നു. നൂറു മീറ്റര്‍ ദൂരത്തുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി ഇതെറിഞ്ഞുകൊള്ളിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു. യുദ്ധവീരന്മാരായ മസായികളുടെ പ്രധാനശത്രു അവരുടെ കന്നുകാലികളെ ഇടയ്ക്ക് ആക്രമിക്കാറുള്ള സിംഹങ്ങളാണ്.

അവരുടെ പശുവിനെയോ ആടിനെയോ ആക്രമിക്കുന്ന സിംഹത്തെ, കൊല്ലുന്നതില്‍കുറഞ്ഞൊരു പ്രതികാരം അവര്‍ക്കില്ലായിരുന്നു. സിംഹങ്ങളുമായി പോരാടാന്‍ മറ്റായുധങ്ങള്‍ ഉപയോഗിക്കുന്നത് ഭീരുത്വമായി കണക്കാക്കുന്ന അവര്‍ കുന്തമാണ് അതിനുപയോഗിച്ചിരുന്നത്. എന്നാൽ ഇക്കാലത്ത് സിംഹവേട്ട കെനിയയിലും, ടാൻസാനിയയിലും നിയമവിരുദ്ധമാണ്. സിംഹങ്ങൾ നേരിടുന്ന വംശനാശഭീഷണി മുൻനിർത്തി സിംഹത്തിനെ കൊല്ലുന്നതിനു പകരം കന്നുകാലിയുടെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കൈപ്പറ്റാൻ ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.

മരണാനന്തര ചടങ്ങുകള്‍ നടത്താത്ത ഇവരുടെ മൃതശരീരങ്ങള്‍ ശവംതീനികളായ ജീവികള്‍ക്കു വിട്ടുകൊടുക്കുകയാണ് പതിവ്. ശവംതീനികള്‍ തിരസ്കരിക്കുന്ന ജഡങ്ങള്‍ സമൂഹത്തില്‍ അവമതിപ്പിനു കാരണമാകുന്നതിനാല്‍ മൃതദേഹം ഉപേക്ഷിക്കുന്ന അവസരത്തില്‍, അറുത്ത കാളയുടെ മാംസവും രക്തവും കൊണ്ട് പൊതിയുന്ന പതിവുണ്ട്. മൃതദേഹം കുഴിച്ചിടുന്നത് മണ്ണിനെ മലിനമാക്കും എന്നതിനാല്‍ കുഴിയില്‍ അടക്കം ചെയ്യുന്നത് ഗോത്രമുഖ്യന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

അവരുടെ തന്നെ വാമൊഴി ചരിത്രം പ്രകാരം, തുര്‍ക്കാന തടാകത്തിനും വടക്ക്, വടക്കുകിഴക്കന്‍ കെനിയയിലെ നൈൽനദീതടങ്ങളിലായിരുന്നു മാസായികളുടെ ഉത്ഭവം. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ദക്ഷിണദിശയിലേയ്ക്ക് പലായനം ചെയ്ത അവര്‍ 17, 18 നൂറ്റാണ്ടുകളില്‍ മദ്ധ്യടാന്‍സാനിയയിലെ വിസ്തൃതമായ പുല്‍മേടുകളില്‍ എത്തിച്ചേര്‍ന്നു. സഞ്ചാരത്തിനിടയില്‍, എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ അധിവസിക്കുന്നവരെ ആക്രമിക്കുകയും കന്നുകാലികളെ കവര്‍ന്നെടുത്ത് സ്വന്തമാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മാസായി അധിനിവേശത്തോടെ ആ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ഗോത്രവംശജര്‍ സ്വയം ഒഴിഞ്ഞുപോയി എന്നാണ് കരുതപ്പെടുന്നത്.

മാസായി സ്വാധീനപ്രദേശങ്ങള്‍ ഏറ്റവും വ്യാപ്തിയിലെത്തിയത് പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടിയായിരുന്നു. ഇന്നത്തെ കെനിയയുടെയും ടാന്‍സാനിയയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും അവര്‍ ചെന്നെത്തി. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗങ്ങളും പീഠഭൂമികളും മാസായികള്‍ കയ്യടക്കി. മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവരുടെ കന്നുകാലികളെ സ്വന്തമാക്കുവാനായി അവര്‍ ടാന്‍സാനിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ വരെ ചെന്നെത്തുകയുണ്ടായി.

മാ ഭാഷയില്‍ ‘മാസായി എമുറ്റായി’ (ഉന്മൂലനാശം എന്നര്‍ത്ഥം) എന്നറിയപ്പെട്ട പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവിലെ കൊടും വരള്‍ച്ച മാസായികളെ അക്ഷരാര്‍ത്ഥത്തില്‍തന്നെ തുടച്ചുനീക്കി. 1883 മുതല്‍ 1902 വരെ നീണ്ടുനിന്ന 19 വര്‍ഷത്തെ വരള്‍ച്ചയ്ക്കൊപ്പം പടര്‍ന്നുപിടിച്ച വസൂരി നിരവധി പേരുടെ മരണത്തിനിടയാക്കിയപ്പോള്‍, റിന്‍ഡെര്‍പെസ്റ്റ് എന്ന ഭീകരമായ കന്നുകാലിരോഗം കാലികളുടെ കൂട്ടനാശത്തിന് കാരണമായി. മൂന്നില്‍ രണ്ട് മാസായികളും രോഗങ്ങളും പട്ടിണിയും മൂലം മരിച്ചുവീണപ്പോള്‍, വടക്കുകിഴക്കന്‍ ടാങ്ഗനിക്കയിലെ 90% കന്നുകാലികളും, വന്യമൃഗങ്ങളുടെ പകുതിയോളവും ചത്തൊടുങ്ങി എന്നാണ് കണക്കുകള്‍ പറയുന്നത്.

ആധുനിക ആഫ്രിക്കയിലും മാസായികളുടെ മുന്നോട്ടുപോക്ക് ഒട്ടും സുഖകരമായിരുന്നില്ല. ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യന്‍മാരും ഇവിടെയെത്തുന്ന കാലത്ത് ഫലഫൂയിഷ്ടമായ പ്രദേശങ്ങള്‍ മുഴുവന്‍ മാസായികളുടെ കൈവശമായിരുന്നു. ബ്രിട്ടീഷ് ആക്രമണങ്ങളെ ചെറുത്തുനിന്നെങ്കിലും, വെള്ളക്കാരുടെ ആധുനികയുദ്ധോപകരണങ്ങള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കും മുന്നില്‍ അവരുടെ കുന്തമുനകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാനം, ജനതയുടെയും കന്നുകാലികളുടെയും ജീവന്‍ രക്ഷിക്കുവാനായി സ്വന്തമായ ഭൂമിയില്‍ ഭൂരിഭാഗവും വിട്ടുകൊടുക്കാന്‍ അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത് കിഴക്കന്‍ ആഫ്രിക്കയില്‍ വെള്ളക്കാര്‍ സ്വന്തമാക്കിയ ഭൂമിയുടെ മുക്കാല്‍ ഭാഗവും മസായികളുടേതായിരുന്നു.

1904ല്‍ ഒപ്പുവച്ച ആദ്യത്തെ കരാര്‍ പ്രകാരം തങ്ങളുടെ കൈവശമുണ്ടായിരുന്ന കണ്ണായ ഭൂപ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളക്കാര്‍ക്ക് കൈമാറി. എഴുവര്‍ഷങ്ങള്‍ക്ക് ശേഷം, മാസായികളുടെ ഒരു ചെറിയ കൂട്ടം ഒപ്പുവച്ച 1911ലെ വിവാദപൂര്‍ണ്ണമായ കരാറിനെ തുടര്‍ന്ന് കെനിയയിലെ ഏറ്റവും ഫലഫൂയിഷ്ടമായ ‘ലൈകിപിയ’ പ്രവിശ്യയും ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. അതില്‍ ഒപ്പുവച്ചവര്‍ മുഴുവന്‍ ഗോത്രത്തെയും പ്രതിനിധീകരിച്ചവര്‍ അല്ലായിരുന്നു എന്ന് മാത്രമല്ല, കരാറിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് നിരക്ഷരരായ അവര്‍ അജ്ഞ്ഞരുമായിരുന്നു. എന്തൊക്കെയായാലും, അവരുടെ സ്വന്തമായിരുന്ന മൂന്നില്‍ രണ്ടു ഭൂമിയും വെള്ളക്കാര്‍ക്കടിയറവച്ച് ഊഷരഭൂമികളിലേയ്ക്ക് പിന്‍വാങ്ങാനായിരുന്നു അവരുടെ വിധി.

ബ്രിട്ടീഷ് പ്രാദേശികഭരണകൂടം മസായിദേശം വിഭജിച്ച് ആ ഭൂമി വെള്ളക്കാരായ കര്‍ഷകര്‍ക്ക് പതിച്ചുനല്‍കി. കൃഷിയിടങ്ങളും മേച്ചില്‍പ്പുറങ്ങളും ഒരുക്കാനായി മസായികളെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിച്ചുമാറ്റി. ബാക്കി പ്രദേശങ്ങള്‍ വന്യമൃഗസംരക്ഷണത്തിനായുള്ള പാര്‍ക്കുകളും ദേശീയോദ്യാനങ്ങളും നായാട്ടുമേഖലകളുമായി മാറിയതോടെ കെനിയയിലെ മസായികള്‍ക്ക് കേവലം രണ്ടുജില്ലകളിലേയ്ക്ക് ഒതുങ്ങേണ്ടി വന്നു; ടാങ്ഗനിക്കയിലെ ഫലഫൂയിഷ്ടമായ പ്രദേശങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുകയാണുണ്ടായത്. (അന്നത്തെ ടാങ്ഗനിക്കയും, ദ്വീപായ സാന്‍സിബാറും ചേര്‍ന്ന് 1961ല്‍ രൂപം കൊണ്ടതാണ് ഇന്നത്തെ ടാന്‍സാനിയ)

തത്ഫലമായി രൂപപ്പെട്ടതാണ് കെനിയയിലെ മസായിമാര, നൈറോബി, അംബോസെലി, സാംബുരു മുതലായ ദേശീയോദ്യാനങ്ങളും, ടാന്‍സാനിയയിലെ ങ്ഗോരങ്ഗോരോ സംരക്ഷിതപ്രദേശം, സെരങ്ഗേറ്റി ദേശീയോദ്യാനം മുതലായവയും. ഇന്ന് മാസായികളുടെ ജീവിതം കെനിയയിലെ മസായിമാര, ടാന്‍സാനിയയിലെ സെരങ്ഗേറ്റി താഴ്വര എന്നിവിടങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. എങ്കില്‍പോലും വിവിധ കാലഘട്ടങ്ങളിലെ വിദേശ ആക്രമണങ്ങളെ ചെറുക്കാനും, അറബ്-സ്വാഹിലി-യൂറോപ്യന്‍ കച്ചവടക്കാരുടെ അടിമകളായി മാറുന്നതിനെ പ്രതിരോധിക്കാനും ഒരു പരിധിവരെ അവര്‍ക്ക് കഴിഞ്ഞിരുന്നു.

പാശ്ചാത്യസംസ്കാരം, വിദ്യാഭ്യാസം, പരിഷ്കാരങ്ങള്‍ എന്നിവ മാസായി സംസ്കാരത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ജീവിതശൈലിയും സംസ്കാരവും സംരക്ഷിക്കാന്‍ അവര്‍ക്ക് കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. താരതമ്യേന പുരോഗമനപരമായ ജീവിതശൈലിയിലേയ്ക്ക് അവരെ മാറ്റാന്‍ വേണ്ടിയുള്ള കെനിയന്‍- ടാന്‍സാനിയന്‍ ഗവണ്മെന്റുകളുടെ ശ്രമങ്ങളില്‍ പ്രതിഷേധിച്ച അവര്‍ ആവശ്യപ്പെട്ടത് അവിടത്തെ ദേശീയോദ്യാനങ്ങളില്‍ കാലി മേയ്ക്കുന്നതിനുള്ള അവകാശമായിരുന്നു; അതായിരുന്നു അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ ഒരേയൊരവകാശവും.

തങ്ങളുടെ സംസ്കാരവും ജീവിതരീതികളും വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു ജീവിക്കുന്ന നിരവധി മാസായികളും ഇപ്പോഴുണ്ട്. ചുരുക്കം ചിലര്‍ ജോലികളും വ്യാപാരവും മറ്റും ചെയ്തുവരുന്നു.

കെനിയയിലെ മറ്റു ഗോത്രവര്‍ഗക്കാര്‍ നവീനയുഗത്തിനനുസൃതമായി ‘പുരോഗമി’ച്ചപ്പോള്‍ ഭൂരിപക്ഷം മാസായികളും അവരുടെ പരമ്പരാഗതമായ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കുകയാണ് ചെയ്തത്. കാരണം, അവരുടെ രക്തത്തിലുള്ളതും തലമുറകളായി അവര്‍ പഠിച്ചതും അതായിരുന്നു. ഇതു സംബന്ധിച്ച് വാമൊഴിയായി പകര്‍ന്നുവരുന്ന മാസായികളുടെ വിശ്വാസം ഇതാണ്: “ഒരു വീട് തകര്‍ക്കാന്‍ ഒരു ദിവസം കൊണ്ട് കഴിയും; പക്ഷെ പുതുതൊന്ന് നിര്‍മ്മിക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. എന്നാല്‍ ജീവിതരീതികള്‍ കൈവിട്ടാല്‍ പുതുതൊന്ന് രൂപപ്പെടുത്താന്‍ എടുക്കുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായിരിക്കും.”

BY :  Sajeesh Joy

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ