കുങ്കുമത്തിന്റെ (കുങ്കുമപ്പൂവ്) ന്റെ ചരിത്രം

Share the Knowledge

ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം കുങ്കുമമാണ്. വിലയേറിയ സുഗന്ധവ്യഞ്ജനമായതുകൊണ്ടും,വാണിജ്യ ചരക്കായതുകൊണ്ടും കുങ്കുമത്തിന് വളരെയധികം ചരിത്രപ്രാധാന്യമുണ്ട്. ഏകദേശം 3,500 വർഷങ്ങൾക്കു മുൻപാണ് മനുഷ്യർ കുങ്കുമം കൃഷി ചെയ്യാൻ തുടങ്ങിയത്. കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌. കുങ്കുമത്തിന്റെ തീവിലയ്ക്ക് കാരണം അത് വിളവെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വാണിജ്യ പ്രാധാന്യമുള്ള കുങ്കുമച്ചെടിയുടെ ഏക ഭാഗം അതിന്റെ പൂവിലെ വളരെ ചെറിയ നാരുകളാണ്. ഒരു പൗണ്ട് (0.45 കിലോ)ഉണങ്ങിയ കുങ്കുമം ലഭിക്കണമെങ്കിൽ ഏതാണ്ട് 50,000 കുങ്കുമച്ചെടികൾ വിളവെടുക്കേണ്ടി വരും. ഇത്രയും കുങ്കുമം കൃഷി ചെയ്യണമെങ്കിൽ ഒരു ഫുട്ബോൾ മൈതാനത്തിന്റെ അത്രയും വലിപ്പമുള്ള കൃഷിസ്ഥലം ആവശ്യമാണ്. ഒരു കുങ്കുമച്ചെടി പരിപാലിച്ച് വിളവെടുക്കാൻ ഏകദേശം 40 മണിക്കൂർ കഠിനപരിശ്രമം വേണ്ടിവരും. വിളവെടുപ്പ് ഒന്നോ രണ്ടോ ആഴ്ചകളിലായി ദിനരാത്രം നീണ്ടുനിൽക്കുന്ന പരിപാടി ആണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഉപയോഗ്യമല്ലാതാവും. ഉണക്കുന്നതിനുള്ള പാരമ്പര്യ രീതി ഇപ്രകാരമാണ്. കുങ്കുമം ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പയ്ക്കു മുകളിൽ വയ്ക്കുന്നു എന്നിട്ട് കൽക്കരി അഥവാ മരം ഈ അരിപ്പയ്ക്ക് കീഴെ വച്ച് കത്തിക്കുന്നു. താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ളാസ് കുപ്പികളിൽ അടച്ചുവച്ച് സൂക്ഷിക്കുന്നു.

ഏഷ്യ കീഴടക്കാൻ പുറപ്പെട്ട അലക്സാണ്ടർ രാജാവും പരിവാരങ്ങളും പേർഷ്യയിൽ നിന്നുമാണ് കുങ്കുമം ശേഖരിച്ചിരുന്നത്. ചോറിലും, ചായയിലും അവർ കുങ്കുമം ഉപയോഗിച്ചിരുന്നു. അലക്സാണ്ടർ ചക്രവർത്തി കുളിക്കാൻ ഉപയോഗിച്ചിരുന്ന ചൂടുവെള്ളത്തിൽ കുങ്കുമം ചേർത്തിരുന്നത്രെ. കുങ്കുമം ചേർത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ യുദ്ധങ്ങളിൽ ഉണ്ടായ മുറിവുകൾ പെട്ടെന്ന് ഉണങ്ങും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പലതവണ കുങ്കുമം ഉപയോഗിച്ച ശേഷം ഈ വിശ്വാസം ഇരട്ടിക്കുകയും,തന്റെ കീഴിലുള്ള ജോലിക്കാരും ഇങ്ങനെ ചെയ്യണം എന്നു നിഷ്കർഷിക്കുകയും ചെയ്തു. മാസിഡോണിയയിലേക്ക് തിരിച്ച ശേഷവും ഗ്രീക്ക് പടയാളികൾ ഈ ഉത്തരവ് പാലിച്ചുപോന്നു.

മെഡിറ്ററേനിയൻ കടൽക്കൊള്ളക്കാർ സ്വർണ്ണത്തേക്കാൾ വിലകല്പിച്ചിരുന്നത് കുങ്കുമത്തെയായിരുന്നു. അതിനാൽ തന്നെ വെനീഷ്യയിലേക്ക് പുറപ്പെട്ടിരുന്ന കുങ്കുമം നിറച്ച കപ്പലുകളായിരുന്നു കൊള്ളയ്ക്കിരയായിരുന്നു. കടൽക്കൊള്ളക്കാരുടെ രൂക്ഷ ആക്രമണം മൂലം ബസിലിയക്കാർ സ്വന്തം നാട്ടിൽ കുങ്കുമക്കൃഷി ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം ഇവിടം കുങ്കുമകൃഷിക്ക് പേരുകേട്ടതായി. കുങ്കുമം മോഷ്ടിക്കപ്പെടാതിരിക്കാൻ പട്ടണത്തിനു ചുറ്റും കാവൽക്കാരേയും നിയോഗിച്ചിരുന്നു.

രാജകീയ വസ്ത്രങ്ങളിൽ ചായം പൂശുന്നതിലും കുങ്കുമം ഉപയോഗിച്ചിരുന്നു. രാജാവിന്റെ വസ്ത്രങ്ങൾ മൂന്നു പ്രാവശ്യം ചായങ്ങളിൽ മുക്കിയെടുത്തിരുന്നത്രെ. ആദ്യം പർപ്പിൾ വർണ്ണത്തിൽ, രണ്ടാമതും മൂന്നാമതും കുങ്കുമത്തിൽ. എന്നാൽ സാധാരണക്കാരുടെ വസ്ത്രങ്ങൾ കുങ്കുമത്തിൽ മുക്കിയെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ളിയോപാട്ര കാൽ കപ്പ് കുങ്കുമം കുളിക്കുന്ന വെള്ളത്തിൽ ചേർത്തിരുന്നു. അതിന്റെ നിറവും, സൗന്ദര്യവർധക ഗുണങ്ങളും കണക്കിലെടുത്തുകൊണ്ടായിരുന്നു ഇത്. പുരുഷന്മാരെ സമീപിക്കുന്നതിനു മുൻപ് കുങ്കുമലേപനം പുരട്ടിയാൽ അത് കൂടുതൽ രതീസുഖം നൽകുമെന്നും അവർ വിശ്വസിച്ചിരുന്നു.

പുരാതന പേർഷ്യയിലെ ദെർബന, ഇഷ്ഫഹാൻ എന്നീ നഗരങ്ങളിൽ ബി. സി. 10 ആം നൂറ്റാണ്ട് മുതൽ തന്നെ കുങ്കുമം കൃഷി ചെയ്തു തുടങ്ങിയിരുന്നു. പഴയ പേർഷ്യൻ വിരികളിൽ സാധാരണ നൂലിനൊപ്പം കുങ്കുമം കൊണ്ടുണ്ടാക്കിയ നൂലുകളും ഇഴ ചേർത്ത് നെയ്തിരിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ദൈവങ്ങൾക്ക് കാണിക്കയായി ഈ വിശിഷ്ട വസ്തു സമർപ്പിക്കപ്പെട്ടിരുന്നു. വിഷാദരോഗത്തിന് ചികിത്സയായി കുങ്കുമനൂലുകൾ രോഗിയുടെ കിടക്കയിൽ നിക്ഷേപിക്കുകയും, ചൂടുചായയിൽ കുങ്കുമം ചേർത്ത് നൽകുകയും ചെയ്തിരുന്നു. പാശ്ചാത്യർ പേർഷ്യൻ കുങ്കുമം ഒരു ലഹരിപദാർഥമാണെന്ന് സംശയിച്ചിരുന്നു. ഇതുകൊണ്ടുതന്നെ പേർഷ്യയിലേക്കു യാത്ര തിരിക്കുന്ന യാത്രികരോട് പേർഷ്യൻ ഭക്ഷണം കഴിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് അന്നത്തെ പടനായകർ യൂറോപ്യൻ പോരാളികൾക്ക് മുന്നറിയിപ്പു നൽകി പോന്നിരുന്നു.

പുരാതന ഗ്രീക്കുകാരും, റോമക്കാരും കുങ്കുമം പൊതുസ്ഥലങ്ങളിൽ വിതറി അവിടം സുഗന്ധപൂരിതമാക്കാറുണ്ടായിരുന്നു. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് തെരുവുകളിൽ പോലും കുങ്കുമം വിതറാറുണ്ടായിരുന്നു. ധനാഢ്യരായിരുന്ന റോമക്കാർ ദിവസേന കുങ്കുമരസത്തിലായിരുന്നു കുളിച്ചിരുന്നത്. കുങ്കുമം വീഞ്ഞിലും, സൗന്ദര്യവർധകവസ്തുക്കളിലും, ദേവതകൾക്ക് കാണിക്കയായും ഉപയോഗിച്ചിരുന്നു.

ബി.സി. 8ആം നൂറ്റാണ്ട് മുതൽ എ.ഡി. 3 ആം നൂറ്റാണ്ട് വരെയുള്ള ക്ളാസിക്കൽ കാലഘട്ടത്തിലാണ് ഗ്രീസിൽ കുങ്കുമം കൂടുതലായും കൃഷിചെയ്യപ്പെട്ടത്. എന്നിരുന്നാലും വെങ്കലയുഗത്തിൽ തന്നെ കുങ്കുമത്തെക്കുറിച്ച് ഗ്രീക്കുകാർക്ക് അറിയാമായിരുന്നു എന്ന് ശിലാരേഖകൾ സൂചിപ്പിക്കുന്നു. മൈനോണിയൻ സംസ്കാരത്തിലെ നോസ്സസ് കൊട്ടാരത്തിൽ കുങ്കുമ വിളവെടുപ്പ് പരാമർശിക്കുന്ന ചിത്രങ്ങൾ ഉണ്ട്. പെൺകുട്ടികളും വാനരന്മാരും കുങ്കുമപ്പൂ പറിക്കുന്ന രംഗമാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ, ഗ്രീക്ക് ദേവത മരുന്നുണ്ടാക്കാൻ വേണ്ടി കുങ്കുമപ്പൂക്കൾ പറിക്കുന്ന ചിത്രവും, സ്ത്രീ കാലിലെ മുറിവുണങ്ങാൻ കുങ്കുമം പുരട്ടുന്നതും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവ 1600 ബി.സി. മുതൽ 1500 ബി.സി വരെയുള്ള കാലഘട്ടത്തിൽ വരയ്ക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. കുങ്കുമം വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിനുള്ള ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത്. കുങ്കുമം ഉപയോഗിച്ചിരുന്ന മൈനോണിയൻ സംസ്കാരം 1645 ബി.സി ക്കും 1500 ബി.സി ക്കും മധ്യേ നടന്ന ഭൂകമ്പത്തിലും, അതിനുശേഷം നടന്ന അഗ്നിപർവതത്തിന്റെ പൊട്ടിത്തെറിയിലും നശിക്കപ്പെട്ടു. ലാവയുടെ കീഴിൽ ഉറഞ്ഞ നിലയിലാണ് ശിലാചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടത്.
ഗ്രീക്ക് നാവികർ സിസിലിയ ദേശത്തേക്ക് കുങ്കുമത്തിനു വേണ്ടി മാത്രം ദീർഘദൂര സമുദ്രയാത്രകൾ നടത്തിയിരുന്നു എന്ന് ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. സിസിലിയയിലാണ് ഏറ്റവും മുന്തിയ കുങ്കുമം ഉല്പാദിപ്പിക്കപ്പെടുന്നതെന്ന് ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു.

പേർഷ്യൻ ചരിത്രകാരന്മാരാണ് ഇന്ത്യയിലെ കുങ്കുമത്തിന്റെ ചരിത്രം ലിഖിതങ്ങളാക്കി സൂക്ഷിച്ചുവച്ചിരുന്നത്. പേർഷ്യക്കാരുടെ കുങ്കുമത്തോടുള്ള വൻ ആസക്തി മൂലം പേർഷ്യൻ ചക്രവർത്തിമാർ ഇന്ത്യയിലേക്ക് കുങ്കുമകൃഷി വ്യാപിപ്പിക്കുകയായിരുന്നു. മുന്തിയ ഇനം കുങ്കുമമാണ് ഇന്ത്യയിലെ പൂന്തോട്ടങ്ങളിലും മറ്റും ഇവർ നട്ടുപിടിപ്പിച്ചിരുന്നത്. മറ്റൊരു സംഘം ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പേർഷ്യക്കാർ കശ്മീർ കീഴടക്കിയപ്പോളാണ് ഇന്ത്യയിൽ ആദ്യമായി കുങ്കുമകൃഷി തുടങ്ങിയത്. രണ്ടിലേതായാലും 500 ബി.സി ക്കും മുൻപുതന്നെ ഭാരതത്തിൽ കുങ്കുമം കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ് അനുമാനം. പട്ടിന്റെ വഴി (silk route) മുതലായ വ്യാപാര പാതകൾ നിർമ്മിക്കപ്പെട്ടതോടെ ഫൊണീഷ്യർ കാശ്മീരിൽ നിന്നും കയറ്റുമതി ചെയ്ത കുങ്കുമത്തെ കൂടുതലായും ആശ്രയിക്കാൻ തുടങ്ങി. അറബ് വംശജരായ കച്ചവടക്കാരായിരുന്നു കുങ്കുമം വ്യാപാരം ചെയ്തിരുന്നത്.

കാശ്മീരി പുരാവൃത്തങ്ങൾ അനുസരിച്ച് സൂഫി പ്രചാരകരായ ഖ്വാജാ മസൂദ് വാലി, ഹസ്രത്ത് ഷേക്ക് ശരീഫുദ്ദീൻ എന്നിവരാണ് കുങ്കുമം ഇന്ത്യയിലേക്കു കൊണ്ടുവന്നത്. ഇന്ത്യയിലെത്തിയ ഇവർക്ക് രോഗം പിടിപെടുകയും,അവർ അവിടുത്തെ ആദിവാസിമൂപ്പന്റെ അടുക്കൽ ചികിത്സ തേടുകയും ചെയ്തു. രോഗം ഭേദമാക്കിയതിനുള്ള പ്രതിഫലമായി കുങ്കുമത്തിന്റെ കിഴങ്ങുകളാണ് സൂഫി സന്യാസിമാർ മൂപ്പനു നൽകിയത്. ശിശിരകാലത്തെ കുങ്കുമവിളവെടുപ്പിന് ഈ സന്യാസിമാരോട് കർഷകർ പ്രാർഥിക്കാറുണ്ട്. ഇവർക്കായി നിർമ്മിക്കപ്പെട്ട സ്വർണ്ണസ്തൂപവും, കുടീരവും കുങ്കുമക്കച്ചവടക്കാർ താമസിക്കുന്ന പമ്പോർ ഗ്രാമത്തിലുണ്ട്. കാശ്മീരി കവിയും ഗവേഷകനുമായ മുഹമ്മദ് യൂസഫ് താങിന്റെ അഭിപ്രായത്തിൽ, ഏതാണ്ട് 20 നൂറ്റാണ്ടുകൾക്കു മുൻപുതന്നെ കാശ്മീരിൽ കുങ്കുമകൃഷി നിലവിലുണ്ടായിരുന്നു. കാശ്മീരി ഹിന്ദുക്കളുടെ തന്ത്രപുരാണത്തിൽ കുങ്കുമത്തെപ്പറ്റിയുള്ള പരാമർശമാണ് ഈ വാദത്തിന് തെളിവായി താങ് ഉയർത്തിക്കാട്ടുന്നത്. ഇന്ത്യയിലാദ്യമായി കുങ്കുമം കൃഷിചെയ്യപ്പെട്ടത് കാശ്മീരിലാണ് എന്നതിന് ചരിത്രകാരന്മാർ തമ്മിൽ തർക്കമൊന്നുമില്ല. ഗൗതമബുദ്ധന്റെ മരണശേഷം ബുദ്ധഭിക്ഷുക്കൾ കുങ്കുമവർണം തങ്ങളുടെ ഔദ്യോഗിക പതാകയുടെയും, വസ്ത്രത്തിന്റെയും നിറമായി അംഗീകരിച്ചു.

ഇന്ത്യയിൽ കുങ്കുമം നെയ്ച്ചോറിനും ബിരിയാണിക്കും നിറം നൽകാൻ ഉപയോഗിക്കുന്നു. പക്കി എന്നു പേരുള്ള ഹൈദരാബാദി ബിരിയാണിയിൽ കുങ്കുമം ഒരു അവിഭാജ്യ ഘടകമാണ്. പാലിൽ കുങ്കുമം ചേർത്ത് കുടിക്കുന്ന പതിവും ഉണ്ട്. സാധാരണഗതിയിൽ പാചകക്കാർ കുങ്കുമം ഭക്ഷണത്തിൽ ചേർക്കുന്നതിനു മുൻപേ പത്തു മുതൽ പതിനഞ്ചു മിനുട്ടോളം വെള്ളത്തിലോ പാലിലോ വീഞ്ഞിലോ കുതിർത്തുവയ്ക്കുന്നു. കുങ്കുമത്തിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ലയിച്ചുചേരാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ കുങ്കുമപ്പൊടിയാണ് ചേർക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഇതിനുശേഷം കുതിർത്താൻ ഉപയോഗിച്ചിരുന്ന വെള്ളം തിളച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിലേക്ക് ചേർക്കുന്നു. നന്നായി ഇളക്കുന്നതിലൂടെ കുങ്കുമസത്ത് പാചകം ചെയ്യുന്ന ഭക്ഷണത്തിലൊന്നടങ്കം നല്ലപോലെ വ്യാപിക്കുകയും ചെയ്യുന്നു.

ആധുനികകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യശക്തികളുടെ പ്രയത്നഫലമായി കുങ്കുമം അഫ്ഗാനിസ്താനിലും അവതരിപ്പിക്കപ്പെട്ടു. നിയമവിരുദ്ധമായി കറുപ്പ് (opium) കൃഷി ചെയ്തിരുന്ന അഫ്ഗാൻ കൃഷിക്കാർ ഒപ്പിയം കൃഷി ഉപേക്ഷിച്ച് കുങ്കുമം കൃഷി ചെയ്തു തുടങ്ങി. അഫ്ഗാനിലെ തെളിഞ്ഞ, അർദ്ധ മരുവൽകൃതമായ മണ്ണ് കുങ്കുമകൃഷിക്ക് അനുയോജ്യമായതിനാൽ നല്ല വിളവു ലഭിക്കുന്നു. ഇതിനാൽ അഫ്ഗാനിൽ നഷ്ടത്തിലായിരുന്ന കൃഷി കുങ്കുമത്തിന്റെ വരവോടെ വലിയ ലാഭം ഉണ്ടാക്കി.

പടിഞ്ഞാറ് മെഡിറ്ററേനിയൻ മുതൽ കിഴക്ക് കശ്മീർ വരെ വ്യാപിച്ചു കിടക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് കുങ്കുമം കൃഷി ചെയ്യാൻ അഭികാമ്യം. ഏഷ്യയും യൂറോപ്പുമാണ് പ്രധാന നിർമ്മാതാക്കൾ. വർഷാവർഷം 300 ടൺ കുങ്കുമം (കുങ്കുമനാരും, കുങ്കുമപ്പൊടിയും) വിപണിയിൽ എത്തുന്നു. ഇതിൽ 50 ടണ്ണും ഉയർന്ന നിലവാരമുള്ള കൂപ്പ് എന്നു പേരുള്ള കുങ്കുമമാണ്. ഇറാൻ, സ്പെയിൻ, ഇന്ത്യ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്

ശിശിരത്തിൽ പുഷ്പ്പിക്കുന്ന സസ്യമാണ് കുങ്കുമം. വന്യമായി വളരുന്ന ചെടിയല്ലാത്തതുകൊണ്ട്, പരിപാലനം ആവശ്യമാണ്. ദീർഘകാലം ആയുസുള്ള ഈ സസ്യത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉല്പാദിപ്പിക്കാനായേക്കും. ഓരോ കിഴങ്ങും ഉരുണ്ടതും, ഏകദേശം 4.5 സെ.മീ. വ്യാസമുള്ളതും ആയിരിക്കും. അതിൽ നിന്നും നീണ്ട നാരുകൾ പുറത്തു വരുന്നതായും കാണാം.

വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ഏകദേശം 4 സെ.മീ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു. ഈ ചെടി വളർച്ച പൂർത്തിയാകുന്നതോടെ ഏകദേശം 30 സെ.മീ നീളം വയ്ക്കുന്നു. ഓരോ മുകുളവും കടും ചുവപ്പു നിറമുള്ള പരാഗണസ്ഥലത്തിലാണ് അവസാനിക്കുന്നത്. നാരുപോലുള്ള പരാഗണസ്ഥലത്തിന് 30 മി.മി നീളം ഉണ്ടാകും. നീളം കൂടുന്നതിനനുസരിച്ച് കുങ്കുമത്തിന്റെ ഗുണനിലവാരവും കൂടുന്നു.

കുങ്കുമത്തിന്റെ നിലവാരവും കമ്പോളത്തിലെ വിറ്റുവരവും നിരീക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മായം ചേർക്കൽ വ്യാപകമാണ്. നിലവാരം കുറഞ്ഞ കുങ്കുമത്തിലാണ് മായം ചേർക്കൽ കൂടുതലായും നടക്കുന്നത്. സാധാരണയായി ബീറ്റ്, മാതളത്തിന്റെ നാര്, ചുവപ്പു നിറമുള്ള പട്ടുനൂൽ, കുങ്കുമപ്പൂവിന്റെതന്നെ കേസരങ്ങൾ എന്നിവയാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത്. ചിലപ്പോൾ തേനിലോ, എണ്ണയിലോ കുങ്കുമം മുക്കിവച്ച് കൃത്രിമമായി ഭാരം കൂട്ടുകയും ചെയ്യാറുണ്ട്. കുങ്കുമപ്പൊടിയിലാകട്ടെ, മഞ്ഞൾ, മഞ്ഞ ക്യാപ്സിക്കം എന്നിവയുടെ പൊടി മായമായി ചേർക്കുന്നു. ഗുണനിലവാരമുള്ള കാശ്മീരി കുങ്കുമത്തോടൊപ്പം വിലകുറഞ്ഞ ഇറാനിയൻ കുങ്കുമം ചേർത്ത്, കാശ്മീരി കുങ്കുമം എന്ന പേരിൽ വിൽക്കപ്പെടുന്നുമുണ്ട്.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് നല്ല വെളുത്ത കളര്‍ ആയിര്കും എന്നാനു വിശ്വാസം . അതേ പോലെ കുങ്കുമപ്പൂവ് കഴിക്കുന്നത് കാഴ്ചശക്തിയെ നിലനിര്‍ത്താനും അന്ധതയെ അകറ്റിനിര്‍ത്താനും നല്ലതാണത്രെ. കുങ്കുമത്തിന് വിഷാദരോഗത്തെ ചെറുക്കാനും കഴിവുണ്ടെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.
വരണ്ടിരിക്കുന്ന ഈ നാര്‌ പാചക വിഭവങ്ങളില്‍ സീസണിംഗിനായും നിറം നല്‍കുന്നതിനായും ഉപയോഗിക്കുന്നു.
സൗന്ദര്യവും ഓജസ്സും വര്‍ദ്ധിക്കാന്‍ കുങ്കുമപ്പൂവ്‌ നല്ലതാണെന്നാണ്‌ പരക്കേയുളള വിശ്വാസം. കുങ്കുമപ്പൂവ് പാലില്‍ കലര്‍ത്തി കഴിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനു നല്ല നിറവും ആരോഗ്യവും ഉണ്ടാവും എന്നൊരു വിശ്വാസവും നിലവിലുണ്ട്‌. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നിറവും ആരോഗ്യവും ആ കുഞ്ഞിന്റെ മാതാവിന്റെയും പിതാവിന്റെയും ശരീര ആരോഗ്യ ഘടനയെ ആശ്രയിച്ചു കൊണ്ടാണ്. രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. മാത്രമല്ല ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് പത്തു ഗ്രാം വരെ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നവരില്‍ ഗര്‍ഭചിദ്രങ്ങള്‍ സംഭവിക്കാനും നവജാത ശിശുവിന് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കുവാനും സാധ്യത ഉണ്ടെന്ന്‌ ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് വരെ ആരോഗ്യ മേഖലയില്‍ നടന്ന ഒരു പഠനങ്ങളിലും കുങ്കുമപ്പൂവ് കൊണ്ട് എന്തെങ്കിലും പ്രത്യേക ഗുണം ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും
ഉണ്ടാവും എന്ന് കണ്ടെത്തിയിട്ടില്ല.

 

By : Vijay Kumar

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ