കൊമോഡോ ഡ്രാഗൺ

Share the Knowledge

(Komodo dragon-Varanus komodoensis)

വര്‍ഷം 1910. ഇന്തോനേഷ്യ ഡച്ച് കോളനി ആയിരുന്ന കാലം. അവിടെ ലെഫ്റ്റന്റ്റ് ആയിരുന്ന വാൻ സ്റ്റെയ്ൻ വാൻ ഹെൻസ്ബ്രോക്കിനെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു പറ്റം മുതലകള്‍ കരയില്‍ വച്ച് ആക്രമിക്കാന്‍ അടുത്തു എന്നൊരു വാര്‍ത്ത പരന്നു. അതിനെത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത് കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ പല്ലി വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയിലും. കൊമോഡോ ഡ്രാഗണ്‍!!! അങ്ങനെയാണ് പുറംലോകം ഈ ഭീമന്‍പല്ലിയെക്കുറിച്ചു അറിഞ്ഞു തുടങ്ങിയത്.

ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ ആണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവയ്ക്ക് മൂന്നു മീറ്റര്‍ വരെ നീളവും 70കിലോ വരെ ഭാരവും ഉണ്ട് വനങ്ങളില്‍ ജീവിക്കുമ്പോള്‍. മനുഷ്യര്‍ വളര്‍ത്തുന്നവയില്‍ മൂന്നു മീറ്ററില്‍ അധികം നീളവും 160കിലോയില്‍ അധികം ഭാരവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേള്‍വിശക്തി കുറവുള്ള ഇവയ്ക്ക് മുന്നൂറു മീറ്ററോളം കാഴ്ചശക്തി ഉണ്ടെങ്കിലും രാത്രികാഴ്ച്ച കുറവാണ്. മറ്റുള്ള ഇഴജന്തുക്കളെപ്പോലെ ഇവയും നാവ് ഉപയോഗിച്ചും മണം പിടിചെടുത്തും ആണ് കാഴ്ച്ചക്ക് ഉപരിയായി കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. നാല് മുതല്‍ ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ഭക്ഷണത്തിന്‍റെ ഗന്ധം വരെ ഇവയ്ക്ക് തിരിച്ചറിയാനുള്ള കഴിവുണ്ട് കാറ്റ് അനുകൂലമായ സാഹചര്യത്തില്‍.

ശീതരക്തജീവികള്‍ ആയ ഇവ ചൂട് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ആണ് വസിക്കാന്‍ ഇഷ്ട്ടപ്പെടുക. ഇത്രയും ഭീമന്‍ ആണെങ്കിലും ഇവയ്ക്ക് 20 കിലോമീറ്റര്‍ വേഗത്തില്‍ ഓടുവാനും 4 മീറ്ററില്‍ അധികം ചാടുവാനും കഴിവുണ്ട്. മുന്‍കാലുകള്‍ ഉപയോഗിച്ച് ഭൂമിയില്‍ ആഴത്തില്‍ ഉള്ള മാളങ്ങള്‍ ഉണ്ടാക്കി അതിലായിരിക്കും രാത്രി കഴിച്ചുകൂട്ടുക.

മാംസഭുക്കുകള്‍ ആയ ഇവയുടെ പ്രധാനഭക്ഷണം മരണപ്പെട്ട ജീവികളുടെ ചീഞ്ഞ ഇറച്ചിയാണ്. എങ്കിലും ഇവ മറ്റു ചെറുജീവികളെ ആക്രമിച്ചു ഭക്ഷിക്കാറുമുണ്ട്. ആക്രമിക്കുവാനായി മുന്‍കാലുകളും ശക്തിയേറിയ വാലും പല്ലും ഉപയോഗിക്കുന്നു. പല്ലിനു നീളം കുറവ് ആയതിനാല്‍ ഇവ ചെറു ജീവികളെ വിഴുങ്ങുകയാണ് പതിവ്. ആട് മാന്‍ എന്നിവയെ വിഴുങ്ങുവാനായി വായിലേക്ക് ഇരയുടെ ഒരു ഭാഗം ഇട്ട ശേഷം മുകളിലേക്ക് ശരീരവും തലയും ഉയര്‍ത്തി ഇരയെ വായ്ക്ക് ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. ഇവയുടെ ഭക്ഷണ സമയവും ദഹനസമയവും ദൈര്‍ഘ്യമേറിയതാണ്. ഒരു പ്രാവശ്യം ഇവയ്ക്ക് സ്വന്തം ശരീരത്തിന്‍റെ 80 ശതമാനത്തോളം ഭക്ഷണം അകത്താക്കാന്‍ സാധിക്കും. ഭക്ഷണ ശേഷം ഇവ വെയില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ പോയി വിശ്രമിക്കും. ഈ വിശ്രമം ആഴ്ചകളോളം തുടരും. ഉള്ളിലുള്ള ഭക്ഷണം ദഹിച്ച ശേഷം, ദഹിക്കാതെ അവശേഷിക്കുന്ന കൊമ്പ്, പല്ല്, രോമങ്ങള്‍ എന്നിവ കൊമോഡോ വായിലൂടെ ഛര്‍ദ്ദിച്ചു കളയുകയാണ് ചെയ്യാറുള്ളത്. വലിപ്പം കൂടിയ ജീവികളുടെ ശരീരം ഇവ കടിച്ചെടുത്തു കഷണങ്ങള്‍ ആക്കിയ ശേഷം ആണ് ഭക്ഷിക്കുക. സ്വന്തമായി വെള്ളം അകത്തേക്ക് വലിച്ചു കുടിക്കുവാന്‍ പറ്റാത്ത ഇവ വെള്ളം വായിലെടുത്ത ശേഷം വായ മുകളിലേക്ക് ഉയര്‍ത്തിയാണ് കുടിക്കാറുള്ളത്.

മറ്റു ജീവിവര്‍ഗങ്ങളില്‍ ഉള്ളതുപോലെ തന്നെ ഇവയിലും പെണ്‍ കൊമോഡോയ്ക്ക് വേണ്ടി ആണ്‍ കൊമോഡോകള്‍ തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. പരാജയപ്പെടുന്നവ സ്വയം ഓടി രക്ഷപ്പെടുന്നതാണ് അവയ്ക്ക് നല്ലത്. കാരണം കൊമോഡോകള്‍ സ്വജീവി വര്‍ഗത്തെ ആഹാരമാക്കാറുണ്ട്. കൈകാലുകളില്‍ ഇവയ്ക്ക് സ്പര്‍ശന ശക്തി നാവിനെക്കാള്‍ കുറവായതിനാല്‍ ഇണയെ തന്‍റെ നീണ്ട നാവ് ഉപയോഗിച്ചാണ് പരിശോധിക്കുക. പരസ്പരം മുഖമുരസിയും തലോടിയും ചെറുതായി മാന്തിയും നക്കിയും ഇണയെ പരസ്പരം പ്രീതിപ്പെടുത്തി സ്നേഹം പ്രകടിപ്പിക്കാറുണ്ട് ഇവ. മെയ്മാസം മുതല്‍ ഇവ ഇണ ചേരല്‍ തുടരുന്നു. ഏകദേശം സെപ്തംബര്‍ ആകുമ്പോള്‍ മുട്ടയിടാന്‍ സമയമാകും. ഏകദേശം ഇരുപതോളം മുട്ടകള്‍ ഒരു തവണ ഇവ ഇടാറുണ്ട്. ഏഴെട്ടു മാസങ്ങള്‍ക്ക് ശേഷം മഴക്കാലം കഴിഞ്ഞ ശേഷം ഇവയുടെ മുട്ട വിരിയാന്‍ സമയമാകും. മഴക്കാലം കഴിഞ്ഞതിനാല്‍ ധാരാളം ചെറു ജീവികള്‍ കുഞ്ഞുകൊമോഡോകള്‍ക്ക് ആഹാരമായി ലഭിക്കാറുണ്ട് എങ്കിലും കുട്ടികളുടെ അതിജീവനം വളരെ ദുരിതമാണ്. ജനിച്ചു ഏതാനും വര്‍ഷങ്ങള്‍ ഇവ മരങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ആയിരിക്കും താമസിക്കുക. കാരണം ഇവയെ വലിയ കൊമോഡോകളും മറ്റു ജീവികളും ആഹാരമാക്കാറുണ്ട്. ശരീരത്തിന്‍റെ ഭാരം കാരണം വലിയ കൊമോഡോകള്‍ മരങ്ങളിലേക്ക് കയറുക അപ്രാപ്യം ആണ്. ഏകദേശം 5 വര്‍ഷത്തോളം പൂര്‍ണ്ണ വളര്‍ച്ച എത്താന്‍ എടുക്കുന്ന ഇവ 50 വര്‍ഷത്തോളം ജീവിക്കാറുണ്ട്.

ഇവയുടെ മറ്റൊരു പ്രത്യേകത സെക്ഷ്വല്‍ പ്രോഡക്ഷനും അസെക്ഷ്വല്‍ പ്രൊഡക്ഷനും ഇവയിലെ പെണ്‍കൊമോഡോകളാല്‍ സാധിക്കും എന്നതാണ്. ഇണചേരാതെ തന്നെ പെണ്‍കൊമോഡോകള്‍ ഇടുന്ന മുട്ട അടയിരുന്നാല്‍ വിരിയുന്നതാണ് കണ്ടിട്ടുണ്ട്. അങ്ങനെ ഉണ്ടാകുന്ന കുട്ടികള്‍ ആണ്‍കൊമോഡോകള്‍ ആയിരിക്കും എന്നതാണ് ഇതുവരെയുള്ള നിരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

ഇവയുടെ കടിയേറ്റാല്‍ വീര്യം കുറഞ്ഞ രീതിയില്‍ വിഷബാധ ഉണ്ടാകാറുണ്ട് എങ്കിലും വിഷം ശരീരത്തില്‍ പടര്‍ന്നു മരണം സംഭവിക്കാന്‍ ഏകദേശം ഒരാഴ്ച്ചയോളം എടുക്കാറുണ്ട്. ഇവ സാധാരണ ഗതിയില്‍ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും കൊമോഡോ ഡ്രാഗണ്‍ന്‍റെ ആക്രമണത്തില്‍ ഒരു കുട്ടി 2007ല്‍ മരണപ്പെട്ടെത് ആണ് കഴിഞ്ഞ 34വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം.

അഗ്നിപർവ്വത സ്ഫോടനങ്ങള്‍, ഭൂകമ്പം, ആവാസവ്യവസ്ഥയുടെ നാശം, കാട്ടുതീ, ഇരകളിലുണ്ടായ കുറവ്, വിനോദസഞ്ചാരം, വേട്ട മുതലായവയെല്ലാം ഇവ നാശോന്മുഖമാകാൻ കാരണമായി. കൊമോഡോ ഡ്രാഗൺ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ജീവിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഐ.യു.സി.എൻ 1996-ൽ അതിനെ റെഡ് ലിസ്റ്റില്‍ ചേർത്തു. പ്രത്യുത്പാദനശേഷിയുള്ള 300 പെൺ ഡ്രാഗണുകള്‍ ഉള്‍പ്പടെ 4,000 മുതൽ 5,000 വരെ കൊമോഡോ ഡ്രാഗണുകൾ ഭൂമിയില്‍ ഇന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. CITES (The Convention on International Trade in Endangered Species) നിയമം അനുസരിച്ച് ഇതിന്റെ തോലിന്‍റെയും സ്പെസിമനുകളുടേയും വ്യാപാരം നിയമവിരുദ്ധമാണ്.

BY  Majeesh Ponnamma Chacko

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ