പഴയൊരു പെണ്‍സമരം

Share the Knowledge

നൂറ്റിപ്പത്ത് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ഒരു പെണ്‍സമരത്തിന്റെ കഥ
ഓര്‍മകളുമായി പേച്ചിപ്പാറ അണക്കെട്ട്. ഭൂമിയും വീടും നഷ്ടപ്പെടാന്‍ പോകുന്ന ഭീതിയുടെ ആകുലതയില്‍ സമരത്തിന് ഇറങ്ങിയ കാട്ടുവാസിയായ യുവതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉള്‍ക്കാട്ടില്‍ പണിത കല്ലണ. അതിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഒരു ഗോത്ര സമൂഹം.

കാലം മാറിയപ്പോള്‍ കല്ലണ അണക്കെട്ടായി മാറി. ആ അണക്കെട്ടില്‍ തങ്ങളുടെ സ്വന്തം ഭൂമി നഷ്ടപ്പെടുമെന്ന് മനസിലാക്കി സമരത്തിനിറങ്ങി മരണം വരിച്ച ധീരരക്തസാക്ഷി. സ്വാതന്ത്ര്യത്തിന് മുന്‍പ് നടന്ന മരണം ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ആദിവാസികള്‍- പശ്ചിമഘട്ട വനത്തിലെ അഗസ്ത്യകൂടത്തിന്റെ മറു ചരുവില്‍ പഴയ തിരുവിതാംകൂറിലെ പേച്ചിപ്പാറ എന്ന അണക്കെട്ട് ഒരു പെണ്‍സമരത്തിന്റെ ഓര്‍മകളുമായി പരന്നു കിടക്കുന്നു. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറിയുള്ള അണക്കെട്ടാണ് പേച്ചിപ്പാറ.

ഒരു കാലത്ത് തിരുവിതാംകൂറിലെ നെല്ലറ ആയിരുന്നു ഇന്നത്തെ കന്യാകുമാരി ജില്ലയിലെ നാഞ്ചിനാട്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളാണ് അന്ന് ഇവിടെ അന്നമൂട്ടിയിരുന്നത്. പാണ്ഡ്യദേശം ഭരിച്ചിരുന്ന പാണ്ഡ്യന്‍ മധുരയില്‍ ഡാം പണിതു. അതിന് പിന്നില്‍ അലക്‌സാണ്ടര്‍ മിന്‍ചിന്‍ എന്ന എന്‍ജിനിയര്‍ ആയിരുന്നു. വിവരമറിഞ്ഞ തിരുവിതാംകൂര്‍ രാജാവ് മിന്‍ചിനെ ഇവിടെ എത്തിക്കാന്‍ ദിവാനെ ചുമതലപ്പെടുത്തി. നീണ്ട മൂക്ക് ഉള്ളതിനാലാണ് മൂക്കന്‍ ധ്വര എന്ന് വിളിപ്പേര് മിന്‍ചിന് വന്നത്. പേച്ചിപ്പാറയിലാണ് അണക്കെട്ടിനുള്ള സാധ്യത മിന്‍ചിന്‍ കണ്ടത്. ഇവിടെ അണക്കെട്ട് നിര്‍മിക്കാം എന്ന് രാജാവിനെ അറിയിച്ചു. രാജാവ് സമ്മതം മൂളി.

കൊല്ലവര്‍ഷം 300 ന് ഇടയ്ക്ക് അഗസ്ത്യമലയുടെ അപ്പുറത്ത് കോതയാറിന്‍ തീരത്ത് വാണ കാട്ടുരാജാവാണ് വീരമാര്‍ത്താണ്ഡന്‍. കോത, പറളി, മണിമുത്തി, ചെമ്പരുത്തി എന്നീ നദികളുടെ സംഗമസ്ഥാനത്ത് കോതയാര്‍ ആസ്ഥാനമാക്കിയാണ് കാട്ടു രാജാവ് ഭരിച്ചിരുന്നത്. അന്നത്തെ നാടുവാഴി ആറ്റിങ്ങല്‍ തമ്പുരാന്‍ ആയിരുന്നു. ആറ്റിങ്ങല്‍ തമ്പുരാന്‍ വീരമാര്‍ത്താണ്ഡന് അരയന്‍ പട്ടം നല്‍കുകയും പൊന്നും പൊരുളും കല്‍പ്പിച്ച് നല്‍കുകയും അടിപാണ്ടി, നടുപാണ്ടി, തലപാണ്ടി എന്നീ ദേശങ്ങളിലെ കരവും മറ്റ് അവകാശവും അധികാരവും നല്‍കുകയും ചെയ്തു. അടുത്തുള്ള പാണ്ഡ്യരാജ്യത്തില്‍ നിന്നുള്ള ആക്രമണം തടയാനും ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കാനും വീരമാര്‍ത്താണ്ഡനരയന്‍ ഒരു കോട്ട കെട്ടി ഭരിച്ചിരുന്നു.

മാര്‍ത്താണ്ഡനരയന്റെ മകള്‍ കരുമ്പാണ്ടിക്ക് ആലുന്തരയിലുള്ള കൊച്ചാതിച്ചനോട് പ്രണയം. അവരുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് പാണ് ഡ്യരാജാവിനെയും കൂട്ടരേയും ക്ഷണിച്ചു. എന്നാല്‍ ക്ഷ ണം നിരസിച്ച പാ ണ്ഡ്യരാജാവ് കരുമ്പാണ്ടിയെ തന്റെ കൊട്ടാരത്തില്‍ ദാസ്യപ്പണിക്കാരിയായി വിട്ടുതരണമെന്ന് പറയുകയും ചെയ്തു. ജാതി പറഞ്ഞ് അധിക്ഷേപിച്ച് വിവാഹത്തില്‍ പങ്കെടുക്കാതെ പാണ്ഡ്യരാജാവ് മാറിനിന്നു. കലിമൂത്ത അരയനും കാണിക്കാരും പ്രതികാരം തീര്‍ത്തത് പാണ്ഡ്യരാ ജ്യത്തെ വറുതിയുടെ മുള്‍മുനയില്‍ നിറുത്തിയാണ്.

പാണ്ഡ്യരാജ്യത്ത് വെള്ളം എത്തുന്നത് അഗസ്ത്യമലയില്‍ നിന്നും ഉത്ഭവിക്കുന്ന കോതയാറില്‍ നിന്നാണ്. കാണിക്കാര്‍ ദിവസങ്ങളോളം പണിയെടുത്ത് കോതയാറ്റില്‍ കല്ലുകള്‍ ചേര്‍ത്ത് അണകെട്ടി വെള്ളം തടഞ്ഞു നിറുത്തി. പാണ്ഡ്യരാജ്യത്ത് വെള്ളം എത്താതെയായി. ഇതോടെ അവിടെ ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കി. രാജാവിനു മുന്നില്‍ പരാതികളുടെ പ്രളയമായി. വെള്ളം കിട്ടാതെ കര്‍ഷകര്‍ വലഞ്ഞു. ദാഹജലംകൂടി മുടങ്ങിയതോടെ പാണ്ഡ്യരാജ്യത്ത് കലഹം മൂത്തു. ഒടുവില്‍ രാജാവ് കല്ലണ മാറ്റിത്തരാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇത് ആറ്റിങ്ങല്‍ രാജാവിന്റെ വകയാണെന്നും പാണ്ഡ്യരാജ്യത്തിന് അവകാശമില്ലെന്നും പറഞ്ഞ് അരയന്‍ ഉറച്ചുനിന്നു. അങ്ങ നെ കിഴക്കോട്ട് ഒഴുകിയിരുന്ന നദിയുടെ ഗതി പടിഞ്ഞാറോട്ടു തിരിച്ചു വിട്ട കാണിക്കാരെ തറപറ്റിക്കാന്‍ ഒടുവില്‍ യുദ്ധവുമായി പാണ്ഡ്യരാജ്യം എത്തി.

യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് മനസിലാക്കിയ അരയന്‍ കല്ലണയില്‍ തന്നെ ജീവനൊടുക്കി. കരുമ്പാണ്ടി പാണ്ഡ്യരാജാവിന്റെ അടിമയാകുമെന്ന് കണ്ടതിനാല്‍ മകള്‍ മാടന്‍ ദൈവത്തിന്റെ മുന്നില്‍ ബലി അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ദേശം പാണ്ഡ്യരാജ്യത്തിന്റെ വകയായി മാറി. ഒടുവില്‍ കല്ലണ മാറ്റി വെള്ളം പാണ്ഡ്യരാജ്യത്ത് എത്തിച്ചു. മാര്‍ത്താണ്ടന്‍ വാണ വീരനല്ലൂര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടതായി മുന്‍ ചീഫ് സെക്രട്ടറി സി.പി നായരുടെ പിതാവും അന്നത്തെ വില്ലേജ് അധികാരിയും സാഹിത്യകാരനുമായിരുന്ന എന്‍.പി.ചെല്ലപ്പന്‍നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . കാണിക്കാര്‍ നിര്‍മിച്ച കല്ലണയും അത് വഴി രൂപപ്പെടുകയും ഒടുവില്‍ ഉണങ്ങുകയും ചെയ്ത പാണ്ടിയനരുവിയും ഓര്‍മയായെങ്കിലും കല്ലണയുടെ ചുവട് പിടിച്ചാണ് പേച്ചിപ്പാറയില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അണക്കെട്ട് പണിയാന്‍ തീരുമാനിക്കുന്നത്.

പേച്ചി വരുന്നു

കാട്ടില്‍ അന്ന് അധിപന്മാര്‍ ആദിവാസികളായ കാണിക്കാരാണ്. അവരാണ് ഭരിക്കുന്നത്. കാണിക്കാരെ ഒഴിപ്പിക്കണം. എന്നാലേ അണ വരൂ എന്ന് മനസിലാക്കിയ രാജാവ് അതിനായി നീക്കം നടത്തുന്നതിനിടെയാണ് ആദിവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. തങ്ങളുടെ ഭൂമിയില്‍ അണകെട്ടിയാല്‍ അത് ദൈവകോപം വരുത്തുമെന്നും തങ്ങളുടെ വംശം തന്നെ ഇല്ലാതാകുമെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

മൂപ്പന്‍കാണിയുടെ മകള്‍ പേച്ചിയായിരുന്നു പ്രതിഷേധത്തിന് മുന്നില്‍. പേച്ചി എന്ന 20 കാരിയുടെ നേതൃത്വത്തിലാണ് സമരം രൂപപ്പെട്ടത്. അണക്കെട്ട് വന്നാല്‍ തങ്ങളുടെ ക്യഷിയിടങ്ങള്‍ വെള്ളത്തിലാകുമെന്നും തങ്ങള്‍ അവിടെ നിന്നും ഒഴിയേണ്ടിവരുമെന്നും അവര്‍ ഭയന്നു. ഒരു കാരണവശാലും അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പേച്ചിയുടെ നിലപാട്.

ഇവിടെ എത്തുന്ന വലുതും ചെറുതുമായ നദികളെ മെരുക്കാന്‍ മിന്‍ചിന്‍ തന്റെ വൈദഗധ്യം കാണിച്ചു. എന്നാല്‍ ഓരോ ദിവസവും അണക്കെട്ടിന്റെ ഓരോ ഭാഗവും നശിപ്പിക്കുന്നതായി കണ്ടു. പകല്‍ ജോലി ചെയ്ത് മടങ്ങി രാവിലെ എത്തുമ്പോഴാണ് ആ ഭാഗം തകര്‍ന്നുകിടക്കുന്നതായി കാണുന്നത്. പേച്ചിയുടെ കീഴില്‍ കാണിക്കാരാണ് അത് തകര്‍ക്കുന്നത്. എന്നാല്‍ കാണിക്കാരെ അതില്‍ നിന്നു വിലക്കിയെങ്കിലും നടന്നില്ല. പല ഉപായങ്ങളും പ്രയോഗിച്ചെങ്കിലും എല്ലാം പരാജയത്തില്‍ കലാശിച്ചു.

അവസാനം പേച്ചിയെ കൊല്ലാന്‍ തീരുമാനിക്കുന്നു. അമ്പും വില്ലും മാത്രം ആയുധമാക്കിയ പേച്ചിയെ മിന്‍ചിന്‍ പട്ടാപ്പകല്‍ വെടിവച്ച് കൊന്നു. മരിക്കുന്നതിനു മുന്‍പ് പേച്ചി ഇങ്ങനെ ആക്രോശിച്ചത്രെ. ‘ എന്നെ വെടിവച്ചിട്ട താനും ഇവിടെ തന്നെ മരിക്കും. തന്റെ ശരീരം അണക്കെട്ടിന്റെ മുകളിലും എന്റേത് അതിനു താഴെയുമായിരിക്കും.– അങ്ങനെ തന്നെ സംഭവിച്ചു. പേച്ചിയെ അണക്കെട്ടിനു താഴെ സംസ്കരിച്ചു. 1913 ല്‍ മരിച്ച മിന്‍ചിനെ അണക്കെട്ടിന് മുകളിലും സംസ്കരിച്ചു.

1897 സെപ്റ്റംബറിലാണ് അണക്കെട്ടിന് ശില പാകുന്നത്. പല പ്രതിസന്ധികളേയും അതിജീവിച്ച് കലങ്ങിവരുന്ന മലവെള്ളത്തെ അണയായി കെട്ടി 1905 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പേച്ചിയെ വെടിവച്ച് കൊന്ന കുറ്റസമ്മതം ആയിരിക്കാം കോതയാറിന്‍ തീരത്ത് പണിത അണക്കെട്ടിന് പേച്ചിപ്പാറ അണക്കെട്ട് എന്ന പേര് നല്‍കിയത് മിന്‍ചിന്‍ തന്നെ. ആ സ്ഥലം പേച്ചിയുടെ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അണക്കെട്ടിന് വയസ് 110 ആയി. അണക്കെട്ടിനു പുറത്ത് പേച്ചി; അകത്ത് മിന്‍ചിന്‍.

മിന്‍ചിന്റെ വെടിയേറ്റ് മരിച്ച പേച്ചിയെ സംസ്കരിച്ചത് ഡാമിന്റെ താഴെയാണ്. അവര്‍ ഇന്ന് കാണിക്കാരുടെ കുലദൈവമായി വാഴുന്നു. ഇവര്‍ക്കായി കാണിക്കാര്‍ അമ്പലം പണിയുകയും വിവിധ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇവിടെ നിത്യപൂജകള്‍ നടക്കുന്നു. നിരവധി പേരാണ് ഇവിടെ എത്തുന്നത്. അതേ സമയം മിന്‍ചിന്റെ ശവകുടീരം അണക്കെട്ടിന് മുകളിലാണ്. ദൈവത്തിന്റെ കൈകള്‍ ഇവിടെ നിത്യതയിലാകുന്നു എന്ന് ശവകുടീരത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.

മിന്‍ചിനും പേച്ചിയും ഇന്നും മരിക്കാത്ത സ്മരണകളായി നില്‍ക്കുന്നു. പേച്ചി അന്നത്തെ ഒരു രക്തസാക്ഷിയാണ്. തങ്ങളുടെ കുടിയും കുടിലും ഒക്കെ വെള്ളം വിഴുങ്ങിയെങ്കിലും അവിടെ നിന്നു വീണ്ടും ഉള്‍ക്കാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു ഇവര്‍ക്ക്. അതും ഒരു നൊമ്പരമായി കാണിക്കാരും നാട്ടുകാരും ഇന്നും ഓര്‍ക്കുന്നു.

BY  Beena Antony

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ