സിങ്ങ് ടിയാന്‍

Share the Knowledge

പുരാതന ചൈനീസ് ചരിത്രകാരനായ സിമ ക്വിയാന്‍ രേഖപ്പെടുത്തിയത് പ്രകാരം, ചൈനയില്‍ നടന്ന ആദ്യത്തെ മഹായുദ്ധമാണ് Battle of Banquan.

യാന്‍ ചക്രവര്‍ത്തിയും, ഹുവാങ്ങ്-ദി ചക്രവര്‍ത്തിയും തമ്മില്‍ നടന്ന ഈ യുദ്ധത്തിന്‍റെ അവസാന വിജയം, Yellow Emperor എന്നറിയപ്പെടുന്ന ഹുവാങ്ങ്-ദി ചക്രവര്‍ത്തിക്കായിരുന്നു. ഇതിന് മുന്‍പും, ശേഷവുമായി Yellow Emperor ഉള്‍പ്പെട്ട പല യുദ്ധങ്ങളും നടന്നതായി പറയപ്പെടുന്നുണ്ടെങ്കിലും, മിത്തോളജിയില്‍ പൊതിഞ്ഞ ചൈനീസ് ചരിത്രത്തില്‍ നിന്ന് സത്യം വേര്‍തിരിച്ച് എടുക്കുന്നത്, അത്ര നിസ്സാര കാര്യമല്ല. ചൈനീസ് മിത്തോളജി പ്രകാരം, ഈ യുദ്ധത്തില്‍ നിന്നുയര്‍ന്നു വന്ന് ഒരു ഹീറോയും, ദൈവവും ആയി മാറിയ വ്യക്തിയെ കുറിച്ചാണ് ഈ പോസ്റ്റ്.

ഹുവാങ്ങ്-ദിയോട് പരാജയം ഏറ്റുവാങ്ങിയ യാന്‍ ചക്രവര്‍ത്തി, തന്‍റെ രാജ്യം വിട്ട് ചൈനയുടെ തെക്കന്‍ മലനിരകളിലാണ് അഭയം പ്രാപിച്ചത്. യാന്‍ ചക്രവര്‍ത്തിക്ക് കാവലായി, സദാസമയവും വിശ്വസ്തനായ ഒരു പോരാളിയും കൂടെയുണ്ടായിരുന്നു. ഭീമാകാരനായ അയാളുടെ പേരാണ് സിങ്ങ് ടിയാന്‍. അപ്പോഴേക്കും യാന്‍ ചക്രവര്‍ത്തിയുടെ അടുപ്പക്കാരനായ, Chi You എന്നൊരു ധീരനായ ഗോത്ര നേതാവ്, ഹുവാങ്ങ്-ദി ചക്രവര്‍ത്തിക്കെതിരെ യുദ്ധം തുടങ്ങിയിരുന്നു. അസാമാന്യ കഴിവുകളുള്ള യോദ്ധാവായിരുന്നു ചി യു എങ്കിലും, ഹുവാങ്ങ്-ദിയുടെ ശക്തിക്ക് മുന്നില്‍ അദ്ദേഹത്തിനും സൈന്യത്തിനും പിടിച്ചു നില്‍ക്കാനായില്ല. ഹുവാങ്ങ്-ദി അവരെ നിഷ്ക്കരുണം വധിച്ചു കളഞ്ഞു. ഈ ചി യൂ ആണ് ചൈനാക്കാരുടെ God of War.

ചി യു’വിന്‍റെ മരണവാര്‍ത്ത കേട്ട സിങ്ങ് ടിയാന്‍ ക്രുദ്ധനായി തന്‍റെ കോടാലിയും, പരിചയും എടുത്ത് ഹുവാങ്ങ്-ദിയെ നേരിടാനായി പുറപ്പെട്ടു. ഈ സമയം ചക്രവര്‍ത്തി ഭൂമിയില്‍ ഇല്ലായിരുന്നു. സ്വര്‍ഗ്ഗം കീഴടക്കി ഭരിച്ചിരുന്ന ഹുവാങ്ങ്-ദി ചക്രവര്‍ത്തിയുടെ കൊട്ടാരമുറ്റം വരെ, സിങ്ങ് ടിയാന്‍ ഒറ്റയ്ക്ക് പൊരുതി ചെന്ന് വെല്ലുവിളിച്ചു. ധീരനായ സിങ്ങ് ടിയാന്‍റെ ധൈര്യം കണ്ട ചക്രവര്‍ത്തി ആ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പിന്നീടവിടെ നടന്നത് ഒരു മഹാ പോരാട്ടമായിരുന്നു. തന്‍റെ വാളും ഊരിയെടുത്ത് സിങ്ങ് ടിയാനെ നേരിടാനായി ചാടിയിറങ്ങിയ ചക്രവര്‍ത്തിയുടെ ശക്തിക്ക് മുന്നില്‍, സിങ്ങ് ടിയാന്‍ ഒരു എതിരാളിയേ അല്ലായിരുന്നു. പക്ഷെ സിങ്ങ് ടിയാന്‍റെ പോരാട്ടവീര്യം ചക്രവര്‍ത്തിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു സാധാരണ മനുഷ്യന്‍, സകല പ്രതിസന്ധികളും തരണം ചെയ്ത്, സകല കാവല്‍ക്കാരെയും നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് കടന്നു ചെല്ലുന്നത് തന്നെ അചിന്തനീയമാണ്, അപ്പോള്‍പ്പിന്നെ അതിന്‍റെ ചക്രവര്‍ത്തിയോട് മുട്ടി നില്‍ക്കുന്ന കാര്യം പറയണോ.

സ്വര്‍ഗ്ഗത്തില്‍ തുടങ്ങിയ യുദ്ധം ഭൂമിയിലേക്ക് മിന്നല്‍പ്പിണറുകള്‍ പറത്തി, ആകാശം കാര്‍മേഘങ്ങള്‍ വന്ന് മൂടി, പക്ഷെ മഴയായി പെയ്തത് തീപ്പൊരികളാണെന്ന് മാത്രം. വൈകാതെ സിങ്ങ് ടിയാനും, ചക്രവര്‍ത്തിയും യുദ്ധം ചെയ്ത് ഭൂമിയിലെ ചാങ്ങ്-യാങ്ങ്‌ പര്‍വതത്തിലേക്ക് എത്തി. വെറുമൊരു മനുഷ്യനായത് കൊണ്ട് യുദ്ധം പെട്ടെന്ന് തീരുമെന്ന് കരുതിയിരുന്ന ചക്രവര്‍ത്തിക്ക് തെറ്റി, തന്‍റെ നിശ്ചയധാര്‍ട്യത്തെ ശക്തിയാക്കി മാറ്റിയ സിങ്ങ് ടിയാന്, ഇപ്പോഴൊരു ദൈവത്തിന്‍റെ തേജസ്സാണ്. ഒരു വിധവും തന്‍റെ ശത്രുവിനെ തോല്‍പ്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി, സിങ്ങ് ടിയാന്‍റെ ശ്രദ്ധ മാറ്റാന്‍ അറ്റകൈയ്ക്ക് ഒരു തന്ത്രം പ്രയോഗിച്ചു, അത് ഫലിക്കുകയും ചെയ്തു. ഒരു നിമിഷത്തേക്ക് ചക്രവര്‍ത്തിയില്‍ നിന്ന് സിങ്ങ് ടിയാന്‍റെ ശ്രദ്ധ മാറിയപ്പോള്‍, ആ ഒരു നിമിഷം മതിയായിരുന്നു, ചക്രവര്‍ത്തിക്ക് ആ തല വെട്ടിയെടുക്കാന്‍. ചക്രവര്‍ത്തി തന്‍റെ വാല്‍ ചുഴറ്റിയ ശക്തിയില്‍, സിങ്ങ് ടിയാന്‍റെ തല, വലിയൊരു ശബ്ദത്തോടെ പര്‍വ്വതത്തിന്‍റെ ചുവട്ടിലേക്ക് ഉരുണ്ടുപോയി.

പക്ഷെ എന്നിട്ടും സിങ്ങ് ടിയാന്‍ വീണില്ല. തലയില്ലാത്ത ആ ദേഹം, തന്‍റെ തല വീണ്ടെടുക്കാനായി പര്‍വതത്തിന്‍റെ കീഴെ പോയി തിരച്ചില്‍ ആരംഭിച്ചു. ഇത് കണ്ട് ക്രുദ്ധനായ ചക്രവര്‍ത്തി, തന്‍റെ വാള് കൊണ്ട് പര്‍വതം പിളര്‍ക്കുകയും, മന്ത്രശക്തി കൊണ്ട് സിങ്ങ് ടിയാന്‍റെ തല അതിനകത്താക്കി പര്‍വ്വതത്തെ പഴയപോലെ ആക്കുകയും ചെയ്തു. പര്‍വ്വതത്തെ പഴയപടി ആക്കിയ ശേഷം ചക്രവര്‍ത്തി, സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി.

വളരെ നേരത്തെ തിരച്ചിലിന് ശേഷമാണ് സിങ്ങ് ടിയാന് ചക്രവര്‍ത്തിയുടെ ചതി മനസിലായത്. അപ്പോഴും തോറ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഉടന്‍ തന്നെ സിങ്ങ് ടിയാന്‍റെ ശരീരത്തില്‍ ഒരു മുഖം പ്രത്യക്ഷപ്പെട്ടു. ഇരു മാറിടങ്ങളും കണ്ണുകളായും, പൊക്കിള്‍ വായ്‌ ആയും മാറി, സിങ്ങ് ടിയാന്‍ വീണ്ടും യുദ്ധത്തിന് സന്നദ്ധനായി. തുടര്‍ന്നും അവര്‍ തമ്മില്‍ യുദ്ധം നടന്നു എന്നും, സിങ്ങ് ടിയാന് പിന്നീട് ചക്രവര്‍ത്തിയെ നേരിടാനായില്ലാ എന്നും കഥകളുണ്ട്.

എന്തായാലും ധൈര്യത്തിന്‍റെയും, നിശ്ചയധാര്‍ട്യത്തിന്‍റെയും പ്രതീകമാണ് ചൈനാക്കാര്‍ക്ക് സിങ്ങ് ടിയാന്‍. ഇവ രണ്ടും മുറുകെ പിടിച്ചാല്‍, ഒരു സാധാരണ മനുഷ്യന്, എത്ര വലിയവരോട് വേണമെങ്കിലും പൊരുതി പിടിച്ചുനില്‍ക്കാം എന്നതിന്‍റെ തെളിവാണ് സിങ്ങ് ടിയാന്‍റെ കഥ.
blog link: https://goo.gl/5XmtNH

By :  Gautam Bodhi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ