The theft of Charlie Chaplin's body

Share the Knowledge
മാര്‍ച്ച്‌ 2, 1978. സ്വിറ്റ്സര്‍ലണ്ടിലെ, ലേക്ക്-ജെനീവയിലുള്ള ഒരു സിമിത്തേരി.
രാവിലെ സിമിത്തേരിയിലേക്ക് എത്തിയ ആളുകളെയും ജീവനക്കാരെയും, വളരെ വിചിത്രമായ ഒരു കാഴ്ച്ചയാണ് അവിടെ വരവേറ്റത്. ഒരു പ്രത്യേക കല്ലറ കുഴിച്ച് തുറന്നിട്ടിരിക്കുന്നു, അതിനകത്തെ മൃതദേഹം, പെട്ടിയടക്കം കാണുന്നുമില്ല. ആ കല്ലറയുടെ ശിലാഫലകത്തില്‍ കൊത്തിവച്ച പേര്‍ ഇപ്രകാരമായിരുന്നു, Charles Chaplin 1889 – 1977. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി, ചാര്‍ളി ചാപ്ലിന്‍റെ വിധവ ഊന ചാപ്ലിന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു, മകന്‍ യുജീനാണ് ഫോണെടുത്തത്. വിവരമറിഞ്ഞ യുജീന്‍, ഓടിച്ചെന്ന് അമ്മയോട് പറഞ്ഞു: ‘അച്ചന്‍റെ കല്ലറ ആരോ തുറന്നിരിക്കുന്നു, ശരീരം കാണുന്നില്ല’.
ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രേവ്‌ റോബറി കേസുകളില്‍ ഒന്നിന്‍റെ തുടക്കമായിരുന്നു അത്. പെട്ടെന്ന് തന്നെ പോലീസ് അന്വേഷണം തുടങ്ങി, ചാപ്ലിന്‍റെ ശവപ്പെട്ടി കുഴിച്ചെടുത്ത ശേഷം കുറച്ചുദൂരം മണ്ണിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയതിന്‍റെ പാടുകളുണ്ട്. അവിടെ നിന്ന് മറ്റൊരു വണ്ടിയിലേക്ക് മാറ്റിയിരിക്കാനാണ് സാധ്യത, ടയര്‍ മാര്‍ക്സും കാണുന്നുണ്ട്. പക്ഷെ അവിടെ തീര്‍ന്നു തെളിവുകളും, സാധ്യതകളും എല്ലാം. എങ്കിലും പോലീസ് തളര്‍ന്നില്ല. ആരാധന മൂത്ത ഫാന്‍സുകാര്‍ ആരെങ്കിലും, ചാപ്ലിന്‍റെ ജന്മനാടായ ഇംഗ്ലണ്ടില്‍ കൊണ്ട് പോയി അടക്കാനായി മൃതദേഹം മോഷ്ടിച്ചതായിരിക്കും എന്നൊരു അഭ്യൂഹം ആദ്യം തൊട്ടേ ഉണ്ടായിരുന്നു. അതിനാല്‍ സ്കോട്ട്ലണ്ട് യാര്‍ഡുമായി അത്ര ചെറുതല്ലാത്ത രീതിയില്‍ പോലീസ് ബന്ധപ്പെട്ട് കൊണ്ടിരുന്നു.
വൈകാതെ ഊന ചാപ്ലിന്‍റെ ഫോണിലേക്ക് മറ്റൊരു കോള്‍ കൂടിയെത്തി. അജ്ഞാതനായ ആ കോളര്‍ പറഞ്ഞു, ചാപ്ലിന്‍റെ മൃതദേഹം തിരികെ ലഭിക്കണമെങ്കില്‍ മൂന്നര ലക്ഷം ബ്രിട്ടീഷ് പൌണ്ട് ഉടനെ കൊടുക്കണം. ഊന പക്ഷെ ഇതിനോട് പ്രതികരിച്ചില്ല. അവരുടെ ആവശ്യം നിരസിക്കുന്നതായി തോന്നിയപ്പോള്‍ കോളുകള്‍ കൂടുതല്‍ ഭീഷണിയുടെ സ്വരത്തിലേക്ക് മാറി, ചാപ്ലിന്‍-ഊന ദമ്പതികളുടെ ഇളയ കുട്ടികളുടെ ജീവന്‍ കൂടി ഈ വിലയിലേക്ക് ചേര്‍ക്കപ്പെട്ടു.
ഊന പ്രതികരിച്ചില്ലെങ്കിലും വെറുതെയും ഇരുന്നില്ല. എല്ലാ വിവരങ്ങളും അപ്പാപ്പോള്‍ പോലീസ് അറിഞ്ഞു കൊണ്ടിരുന്നു, ചാപ്ലിന്‍ കുടുംബത്തിലെ എല്ലാ ഫോണുകളും, അംഗങ്ങളും പോലീസ് നിരീക്ഷണത്തിലുമായി. വൈകാതെ തന്നെ പോലീസിന് സുപ്രദാനമായ ഒരു വിവരം ലഭിച്ചു, ഊനയ്ക്ക് വന്നിട്ടുള്ള കോളുകള്‍ എല്ലാം തന്നെ ആ സ്ഥലത്തിന്‍റെ ചുറ്റുമുള്ള ഇടങ്ങളില്‍ നിന്നാണ്, അതും പല പല ബൂത്തുകളില്‍ നിന്ന്. അങ്ങിനെ ആ പ്രദേശത്തെ ഇരുന്നൂറിലേറെ ബൂത്തുകള്‍, പോലീസ് കൃത്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. എന്നിട്ടും രണ്ട് മാസത്തിലേറെ എടുത്തു, പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍.
ഇതിനിടെ ഈ വിവരം പോലീസിനും, രാജ്യത്തിനും നാണക്കേടായതിനാല്‍ പരമാവധി വാര്‍ത്ത മറച്ചു വയ്ക്കാന്‍ സ്വിസ്സ് അധികാരികള്‍ ശ്രമിച്ചിരുന്നു. പക്ഷെ വളരെപ്പെട്ടെന്ന് തന്നെ ലീക്കായ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ച്, ദിനംപ്രതി ധാരാളം കോളുകളാണ് ഊന ചാപ്ലിന് വന്നുകൊണ്ടിരുന്നത്. വിളിക്കുന്ന എല്ലാവരോടും ഊന, ഈ വിവരങ്ങളൊക്കെ കൃത്യമായി പറയുകയും ചെയ്തിരുന്നു. ചാപ്ലിനെപ്പോലെ തന്നെ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയായിരുന്നു ഊന. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് അത്ര പ്രാധാന്യം അന്ന് ലഭിച്ചിരുന്നില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. ചാപ്ലിന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നെന്നും, അമേരിക്ക റഷ്യയോട് നേരിട്ട് മത്സരിക്കുന്ന സാഹചര്യത്തില്‍, അത്തരം ആളുകള്‍ക്ക് അമേരിക്കയില്‍ വലിയ വാര്‍ത്താ പ്രധാന്യമില്ലാത്തതിനാല്‍ പരമാവധി പത്രങ്ങള്‍ ഒന്നും ഈ വാര്‍ത്ത അര്‍ഹിക്കുന്ന മൂല്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല എന്നുമാണ് ഇവരുടെ വാദം. ഈ ഒരു കാരണം കൊണ്ട് തന്നെ ചാപ്ലിന്‍റെ ലൈംലൈറ്റ് എന്ന സിനിമയുടെ പ്രമോഷനായി, അദ്ദേഹത്തിന് അമേരിക്കയിലേക്കുള്ള റീഎണ്ട്രി നിരസിക്കപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇനി നമ്മുടെ കേസിലേക്ക് തിരികെ എത്താം.
മേയ് മാസം ഏതാണ്ട് പകുതിയാകാറായി. ഒരു കോള്‍ വിളിക്കാനായി റോഡിലെ ബൂത്തിലേക്ക് എത്തിയ  റോമന്‍ വാര്‍ഡാസ് എന്ന മെക്കാനിക്ക് പെട്ടെന്നാണ് ആ കാഴ്ച്ച കണ്ടത്, താന്‍ സ്ഥിരമായി വിളിക്കുന്ന ബൂത്തിനടുത്തായി ഒരു പോലീസ് കാര്‍. വാര്‍ഡാസ് പതുക്കെ നടന്ന്‍ മറ്റൊരു ബൂത്തിലേക്ക് എത്തി, അവിടെയും പോലീസ്. അപ്പോഴേക്കും പോലീസും വാര്‍ഡാസിനെ കണ്ടിരുന്നു, തിരികെ നടക്കാന്‍ തുടങ്ങിയ വാര്‍ഡാസിനെ, ഉടന്‍ തന്നെ പോലീസ് കയ്യാമം വച്ച് കൊണ്ട് പോയി. വൈകാതെ മറ്റൊരു മെക്കാനിക്കായ ഗനേവും പോലീസിന്‍റെ പിടിയിലായി. രണ്ട് പേരും പോലീസിനെയും കൊണ്ട് പോയത്, സിമിത്തേരിയില്‍ നിന്ന് വെറും പത്തൊമ്പത് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഒരു ചോളപ്പാടത്തേക്കാണ്. പിറ്റേന്ന് രാവിലെ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ഇതായിരുന്നു, മാസങ്ങള്‍ക്ക് ശേഷം ലോകത്തിന്‍റെ പ്രിയതാരത്തിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അതും പോലീസിന്‍റെ മൂക്കിന്‍റെ അടിയിലുള്ള ഒരു ചോളപ്പാടത്ത് വച്ച്.
രാഷ്ട്രീയ അഭയാര്‍ഥികളായി സ്വിറ്റ്സര്‍ലണ്ടില്‍ എത്തിയവരായിരുന്നു വാര്‍ഡാസും, ഗനേവും. മെക്കാനിക്കുകളായി ജോലി നോക്കിയിരുന്ന ഇരുവരും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ആകെ കഷ്ടതയിലായിരുന്നു. അങ്ങിനെയിരിക്കെയാണ് ഒരു ഇറ്റാലിയന്‍ പത്രത്തിലെ, സമാനമായ വാര്‍ത്ത കണ്ട വാര്‍ഡാസിന്‍റെ തലയില്‍ ഈ ആശയം ഉദിക്കുന്നത്. ഉടന്‍ തന്നെ അയാള്‍ എല്ലാം തനിച്ച് പ്ലാന്‍ ചെയ്തു, ഒരു സഹായത്തിന് മാത്രമാണ് സുഹൃത്തായ ഗനേവിനെ കൂടെ കൂട്ടിയത്. ഗ്രേവ്‌ റോബറിയും, പണം പിടുങ്ങാനുള്ള ശ്രമവുമാണ് അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍. എല്ലാത്തിന്‍റെയും mastermind ആയ വാര്‍ഡാസിന് നാല് വര്‍ഷവും, കൂട്ട്പ്രതി മാത്രമായ ഗനേവിന് നിസ്സാര ശിക്ഷയുമാണു ലഭിച്ചത്. തന്‍റെ മക്കളെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പരാതിയില്ലെന്ന് ഊന പറഞ്ഞതിനാല്‍, അത് ചാര്‍ജ് ചെയ്തില്ല.
ഈ രണ്ട് പേരുടെയും കുടുംബാംഗങ്ങള്‍, ഊനയോട് മാപ്പ് ചോദിച്ചു കൊണ്ട് പിന്നീട് കത്തയച്ചിരുന്നു. ‘എല്ലാം പൊറുത്തിരിക്കുന്നു’ എന്ന മറുപടിയാണ് ഊന ഇവര്‍ക്കൊക്കെ നല്‍കിയത്. ‘ചാര്‍ളി ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്, പിന്നെ എന്‍റെ ഹൃദയത്തിലും. മറ്റെവിടെയുമില്ല’. ഇതാണ് ചാര്‍ളിയെ അന്വേഷിക്കുന്നവരോടൊക്കെ ഊന പറഞ്ഞിരുന്നത്.
അതേ സ്ഥലത്ത് തന്നെയാണ് ചാര്‍ളി ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നത്. പക്ഷെ പഴയപോലെയല്ല, പെട്ടിയ്ക്ക് മേലെയായി കോണ്‍ക്രീറ്റിന്‍റെ ഒരു കനത്ത പാളികൂടി ചേര്‍ത്തിട്ടുണ്ട് എന്ന് മാത്രം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ച ഊനയെയും ചാര്‍ളിയുടെ അടുത്ത് തന്നെയാണ് അടക്കിയിരിക്കുന്നത്.
2014ല്‍ ഇറങ്ങിയ The Price of Fame എന്ന ഫ്രഞ്ച് സിനിമ ഈ കഥയെ ആസ്പദമാക്കി ഉള്ളതാണ്
From http://kingofkochi.blogspot.in/
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ