Inside Passage

Share the Knowledge

“Nature never did betray the heart that loved her.” – William Wordsworth

അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തു നിന്നും ആരംഭിച്ച്  കാനഡയിലെ ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിലൂടെ അമേരിക്കയുടെ തന്നെ അലാസ്‌കയിൽ ചെന്നവസാനിക്കുന്ന ഒരു ഉൾനാടൻ സമുദ്രപാതയാണ് ഇൻസൈഡ് പാസേജ് .  അലാസ്കയുടെയും  കാനഡയുടെയും പസഫിക് തീരങ്ങളിലെ അനേകം ദ്വീപുകളെ ഇടം വലം വെച്ച് , ഒരു വമ്പൻ നദിയിലൂടെ സഞ്ചരിക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് മുന്നേറുന്ന ഈ തീര-സമുദ്ര പാത ഏതൊരു സഞ്ചാരിയുടെയും മനംകുളിർപ്പിക്കും .  തുറന്ന സമുദ്രത്തിൽ നേരിടേണ്ടി വരുന്ന ഒട്ടുമിക്ക പ്രകൃതിക്ഷോഭങ്ങളിൽ  നിന്നും മറ്റ്  അപകടങ്ങളിൽ  നിന്നും മുക്തമായ , താരതമ്യേന ശാന്തമായ ഈ സീ റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി ഒരു തുറന്ന  മൃഗശാലയായി  നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും ! കടൽപ്പരപ്പിൽ  പ്രത്യക്ഷപ്പെടുന്ന  ഒട്ടുമിക്ക ജീവികളും , ദ്വീപുകളിലെ തീരങ്ങളിൽ മിന്നൽപിണർ  പോലെ ദർശനം  തന്നു പായുന്ന കരടികളും മറ്റു  മൃഗങ്ങളും അവിടെയും  ഇവിടെയുമായി  ചിതറിക്കിടക്കുന്ന  ഗ്രാമങ്ങളിൽ നിന്നും  കൈവീശിക്കാണിക്കുന്ന കൊച്ചുകുട്ടികളും  ചേർന്ന്  സഞ്ചാരിയുടെ ഹൃദയതാളം തെറ്റിക്കുമെന്ന് തീർച്ചയാണ് .

വാഷിംഗ്ടൺ സംസ്ഥാനത്തെ Puget Sound ൽ  നിന്നാണ്  ഈ പാത  ഔദ്യോഗികമായി ആരംഭിക്കുന്നത് . അസാമാന്യ വലിപ്പവും ആഴവുമുള്ള  ഉൾക്കടലുകളെയാണ് ജ്യോഗ്രഫിയിൽ സൗണ്ട്  എന്ന് പറയുന്നത് .  മഞ്ഞുമൂടിയ ഗിരിശൃംഗങ്ങൾക്ക്  കീഴെ മണലിൽ ഉരുണ്ടുമറിയുന്ന ഹാർബർ സീലുകളാണ് ഇവിടുത്തെ മുഖ്യ ആകർഷണം . കില്ലർ വെയിൽ  എന്നറിയപ്പെടുന്ന ഓർകകൾ ബോട്ടുകളെ മുട്ടിയുരുമ്മിപായുന്നത് നമ്മുക്ക്  കൗതുകം ജനിപ്പിക്കും . ഈ ഉൾക്കടലിൽ ചിതറിക്കിടക്കുന്ന  അനേകം ദ്വീപുകളെ  തമ്മിൽ ബന്ധിപ്പിച്ച്  വാഷിംഗ്ടൺ സ്റ്റേറ്റ് ഫെറി സർവീസും  ഉണ്ട് . ജലത്തിലെ nutrients ന്റെ അളവ് കൂടി കൂടി സംജാതമാകുന്ന hypertrophication കാരണം ഇവിടെയുള്ള ജലജീവികളുടെ എണ്ണത്തിൽ ഈയിടെയായി സാരമായ  കുറവ് കാണുന്നതായി ഗവേഷകർ കരുതുന്നു .

ഏഴരലക്ഷത്തോളം ആളുകൾ  താമസിക്കുന്ന, ഭൂമിയിലെ നാൽപ്പത്തി  മൂന്നാമത്തെ വലിയ ദ്വീപായ വാൻകൂവർ ഐലൻഡ്  ആണ് യാത്രയിലെ പ്രധാന ഇടത്താവളം .  കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഫെറി സർവീസാണ് ഇവിടെ ഗതാഗതം നടത്തുന്നത് .  വിജനവും ഭീമാകാരനും ആയ Princess Royal Island ആണ് അടുത്തതായി സഞ്ചാരികളുടെ  മുന്നിലേക്ക്  എത്തുന്നത് .  തീർത്തും നിശബ്ദത ജനിപ്പിക്കുന്ന ദ്വീപിന്റെ തീരങ്ങൾ നമ്മുടെ മനസ്സിനെ തെല്ലൊന്ന് ശാന്തമാകും .  ഇതിനടുത്തുള്ള പിറ്റ് ഐലൻഡിലെ  Chino Hat എന്ന ഗ്രാമമാണ് ഈ ഭാഗത്തുള്ള ഒരേയൊരു ജനവാസ കേന്ദ്രം . ഇൻസൈഡ്  പാസേജിലെ അലാസ്‌കൻ ഭാഗമാണ് സഞ്ചാരികളെ  കൂടുതൽ  രസിപ്പിക്കുന്നത് . പതിനേഴ് മില്യൺ ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന Tongass National Forest ആണ് ഇവിടുത്തെ  മുഖ്യ ആകർഷണം .  കരടികളും  മാനുകളും സാൽമൺ മീനുകളും നിറഞ്ഞ Prince of Wales ദ്വീപ്  ഈ പാർക്കിനുള്ളിലാണ്  സ്ഥിതിചെയ്യുന്നത് . Prince of Wales flying squirrel എന്ന  പറക്കും അണ്ണാൻ ഭൂമിയിൽ ഈ ദ്വീപിൽ മാത്രമാണ് ജീവിക്കുന്നത് (Despite its name, flying squirrels do not actually fly. They glide using a flap of skin called a patagium). ജലത്തിൽ  നിന്നും കൂണുപോലെ കുത്തനെ ഉയർന്നു നിൽക്കുന്ന New Eddystone Rock ഈ പാർക്കിലെ മറ്റൊരു അത്ഭുതമാണ് .  മില്യൺ കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ട ഈ ബസാൾട്ട്  ശില ആദ്യമായി കണ്ട യൂറോപ്യൻ ജോർജ്  വാൻകൂവർ ആണ് .  Misty Fiords National Monument എന്ന വനമേഖലയിലാണ്  ഇത് സ്ഥിതിചെയ്യുന്നത് .  ചെങ്കുത്തായ ഭൂപ്രകൃതിയാൽ  Yosemite താഴ്വരയോട് സദൃശ്യമാണ്  ഈ മേഖല .  സാഹസിക സഞ്ചാരികളുടെ പറുദീസകൂടിയാണ് ഈ  വനവും  പരിസരവും .  ജലത്തിൽ  ലാൻഡ് ചെയ്യാവുന്ന floatplane ഉപയോഗിച്ചാണ്  ഇവിടെ ആളുകൾ വിദൂര  മേഖലകൾ താണ്ടുന്നത് .  Fortress of the Bear എന്ന് തദ്ദേശവാസികൾ  വിളിക്കുന്ന Admiralty ദ്വീപാണ്  അടുത്തതായി  മുന്നിലേക്ക്  എത്തുന്നത് .  ലോകത്ത്  ഏറ്റവും കൂടുതൽ ബ്രൗൺ  കരടികൾ ( നമ്മുടെ തേൻ കരടിയുടെ വർഗ്ഗം ) ഉള്ള  സ്ഥലമാണ്  ഈ ദ്വീപ് . റഷ്യ , അലാസ്‌ക്ക അമേരിക്കക്കു കൈമാറുമ്പോൾ അലാസ്‌ക്കയുടെ തലസ്ഥാനമായിരുന്ന Sitka  ടൗണും  ഈ യാത്രയിൽ കാണാൻ സാധിക്കും .

ഇങ്ങനെ ഒട്ടനവധി പ്രകൃതിവിസ്മയങ്ങൾ  കണ്ടു സഞ്ചാരികൾ  യാത്ര അവസാനിപ്പിക്കുന്നത്  ബയോസ്ഫിയർ  റിസേർവും ലോക പൈതൃക സ്ഥലവും ആയ Glacier Bay നാഷണൽ പാർക്കിൽ ആയിരിക്കും .  ചെന്നായ്ക്കളും ഗ്രിസ്‌ലി  കരടികളും ആണ് ഇവിടെ സന്ദർശകരെ  വരവേൽക്കുന്നത് .  hiking, camping, mountaineering, kayaking, rafting, fishing,  bird-watching തുടങ്ങി സകലവിധ ആക്റ്റിവിറ്റികളുടെയും  കേന്ദ്രമാണ് ഈ ദേശീയോദ്യാനവും കാടുകളും .

മേൽപ്പറഞ്ഞ  ദ്വീപുകളും സ്ഥലങ്ങളും  ഈ യാത്രയിലെ പത്തു ശതമാനം  കാഴ്ച്ചകൾ  മാത്രമാണ് .  പോസ്റ്റിൽ വിവരിക്കാത്ത  അനേകം ദ്വീപുകളും കാഴ്ച്ചകളും  ഈ യാത്രയിൽ  നമ്മുക്ക് കാണുവാൻ  സാധിക്കും .  ഒട്ടനവധി  കമ്പനികളുടെ  ക്രൂയിസ്  ഷിപ്പുകളും ബോട്ടുകളും ഈ റൂട്ടിൽ സർവീസ്  നടത്തുന്നുണ്ട് . ഈ യാത്രയിൽ  ചില കാഴ്ച്ചകൾ  കമന്റ് ആയി  ചേർക്കുന്നു .  ഈ യാത്രയുടെ ഏറ്റവും നല്ല  വിവരണം ബ്രിട്ടീഷുകാരനായ Jonathan Raban എഴുതിയ Passage to Juneau: A Sea and Its Meanings എന്ന ട്രാവലോഗ്  ആണ് .  പ്രമുഖ  ഓൺലൈൻ സ്റ്റോറുകളിൽ ഇത് ലഭ്യമാണ് .

Image

ഒരു അഭിപ്രായം പറയൂ